ബംഗ്ലാദേശ് ബൗളർ അബു ജയേദിന് ഐ.സി.സിയുടെ ശാസന. പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ അസ്ഹർ അലിയുടെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയുള്ള ആഘോഷത്തിനാണ് ഐ.സി.സി. ജയേദിനെ ശാസിച്ചത്. കൂടാതെ താരത്തിന് ഒരു ഡിമെരിറ്റ് പോയിന്റും ഐ.സി.സി നൽകിയിട്ടുണ്ട്.
പാകിസ്ഥാൻ ഇന്നിങ്സിന്റെ 24 മത്തെ ഓവറിൽ അസ്ഹർ അലിയെ പുറത്താക്കിയതിന് പിന്നാലെ അസ്ഹർ അലിയുടെ അടുത്ത് പോയി ആക്രമണാത്മകമായി ആഘോഷിച്ചതാണ് താരത്തിന് വിനയായത്. എതിരാളിയെ വാക്കുകൊണ്ടോ പ്രവർത്തി കൊണ്ടോ ആംഗ്യം കൊണ്ടോ പ്രകോപിപ്പിക്കാൻ ശ്രമിച്ചു എന്ന കുറ്റമാണ് താരത്തിനെതിരെയുള്ളത്.
മത്സരം നിയന്ത്രിച്ച അമ്പയർമാരായ നിഗെൽ ലോങ്ങ്, ക്രിസ് ഗഫാനി, തിട അമ്പയർ മറൈസ് ഇറാസ്മസ്, ഷൊഹൈബ് റാസ എന്നിവരാണ് താരത്തിന്റെ ആഘോഷം അതിരുകടന്നെന്ന് ഐ.സി.സിയെ അറിയിച്ചത്. മാച്ച് റഫറി റിച്ചി റിച്ചാർഡ്സൺ നൽകിയ ശിക്ഷ വിധി അബു ജയേദ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മത്സരത്തിൽ പാകിസ്ഥാൻ ഒരു ഇന്നിങ്സിനും 44 റൺസിനും ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു.