രണ്ടാം ഇന്നിങ്സിലും ഖവാജക്ക് സെഞ്ച്വറി, തോൽവി ഒഴിവാക്കാൻ ഇംഗ്ലണ്ട് പൊരുതുന്നു

ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസത്തെ കളി അവസാനിക്കുമ്പോൾ തോൽവി ഒഴിവാക്കാൻ ഇംഗ്ലണ്ട് പൊരുതുന്നു. രണ്ടാം ഇന്നിങ്സിൽ 388 റൺസ് എന്ന കൂറ്റൻ ലക്‌ഷ്യം മുൻപിൽ കണ്ട് ഇറങ്ങിയ ഇംഗ്ലണ്ട് കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 30 റൺസ് എന്ന നിലയിലാണ്. 8 റൺസുമായി ഹസീബ് ഹമീദും 22 റൺസുമായി സാക് ക്രൗളിയുമാണ് ക്രീസിൽ ഉള്ളത്.

നേരത്തെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 294ൽ അവസാനിപ്പിച്ച ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി പ്രകടനം പുറത്തെടുത്ത ഉസ്മാൻ ഖവാജയുടെ പ്രകടനമാണ് ഓസ്‌ട്രേലിയൻ സ്കോർ ഉയർത്തിയത്. 101 റൺസ് എടുത്താണ് രണ്ടാം ഇന്നിങ്സിലും ഖവാജ സെഞ്ച്വറി നേടിയത്. നേരത്തെ ആദ്യ ഇന്നിങ്സിലും ഖവാജ 137 റൺസ് എടുത്തിരുന്നു. 74 റൺസ് എടുത്ത കാമറൂൺ ഗ്രീൻ ഖവാജക്ക് മികച്ച പിന്തുണയും നൽകി. ഇംഗ്ലണ്ടിന് വേണ്ടി ജാക്ക് ലീച് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്ക് വുഡ് 2 വിക്കറ്റ് വീഴ്ത്തി.