ബാഡ്മിന്റണിൽ വിപ്ലവകരമായ മാറ്റം; 2027 മുതൽ 15 പോയിന്റ് സ്കോറിംഗ് രീതി നിലവിൽ വരും

ബാഡ്മിന്റൺ ലോക ഫെഡറേഷൻ (BWF) നിലവിലുള്ള 21 പോയിന്റ് സ്കോറിംഗ് രീതിക്ക് പകരം 15 പോയിന്റ് സ്കോറിംഗ് രീതി (3×15) അംഗീകരിച്ചു. 2027 ജനുവരി 4 മുതലാണ് ഈ പുതിയ നിയമം അന്താരാഷ്ട്ര തലത്തിൽ നിലവിൽ വരിക. പുതിയ നിയമപ്രകാരം മത്സരങ്ങൾ മൂന്ന് സെറ്റുകളായി തുടരുമെങ്കിലും ഓരോ സെറ്റും 21-ന് പകരം 15 പോയിന്റിൽ അവസാനിക്കും. സ്കോർ 14-14 എന്ന നിലയിലായാൽ, വിജയിക്കാൻ ഏതെങ്കിലും ഒരു താരം രണ്ട് പോയിന്റിന്റെ ലീഡ് സ്വന്തമാക്കേണ്ടി വരും. നിലവിലുള്ള അഡ്വാന്റേജ് നിയമം തന്നെയാണിവിടെയും പിന്തുടരുന്നത്.
ഡെന്മാർക്കിലെ ഹോർസെൻസിൽ നടന്ന ബി.ഡബ്ല്യു.എഫ് വാർഷിക പൊതുയോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം എടുത്തത്. 2025-ൽ നടന്ന ജൂനിയർ ചാമ്പ്യൻഷിപ്പുകളിലും മറ്റ് ദേശീയ ടൂർണമെന്റുകളിലും ഈ രീതി പരീക്ഷിച്ച് വിജയിച്ചതിന് ശേഷമാണ് മാറ്റം ഔദ്യോഗികമാക്കിയത്. കളിക്കാരുടെ ശാരീരിക അധ്വാനം കുറയ്ക്കാനും പരിക്കുകൾ ഒഴിവാക്കാനും മത്സരങ്ങൾ കൂടുതൽ ആവേശകരമാക്കാനും ഈ മാറ്റം സഹായിക്കുമെന്ന് ബി.ഡബ്ല്യു.എഫ് കൗൺസിൽ വിലയിരുത്തി. പുതിയ തലമുറയെ ബാഡ്മിന്റണിലേക്ക് കൂടുതൽ ആകർഷിക്കാൻ മത്സരങ്ങളുടെ ദൈർഘ്യം കുറയ്ക്കുന്നത് ഉപകരിക്കുമെന്ന് ബി.ഡബ്ല്യു.എഫ് പ്രസിഡന്റ് ഖുൻയിങ് പട്ടാമ ലീസ്വഡ്‌ട്രാകുൽ വ്യക്തമാക്കി.
മത്സരങ്ങൾ വേഗത്തിൽ അവസാനിക്കുന്നതിലൂടെ കാണികൾക്ക് കൂടുതൽ വിനോദം നൽകാനാണ് ബാഡ്മിന്റൺ അധികൃതർ ലക്ഷ്യമിടുന്നത്. നിലവിൽ 2026-ലെ തോമസ് ആന്റ് യൂബർ കപ്പ് പോരാട്ടങ്ങൾക്കായി തയ്യാറെടുക്കുന്ന താരങ്ങൾക്ക് 2027 മുതൽ ഈ പുതിയ ശൈലിയിലേക്ക് മാറേണ്ടി വരും.