Picsart 22 12 04 16 15 37 910

സുനിൽ ഛേത്രി: ആരവങ്ങൾക്കുടയവൻ

സുനിൽ ഛേത്രി: ആരവങ്ങൾക്കുടയവൻ

ചരിത്രം എവിടെയും നിശ്ചലമാകുന്നില്ല. അത് ഒഴുകിക്കൊണ്ടേയിരിക്കും. ഒഴുക്കിനെ അതിജീവിക്കുന്ന, നിത്യതയിൽ വസിക്കുന്ന കുറേ പാറക്കല്ലുകളെ നമുക്ക് ചരിത്രത്തിൽ കാണാം. കാലം അവരെ തേച്ചു മിനുക്കുകയേ ഉള്ളൂ. കല്ലുകൾ വെള്ളാരങ്കല്ലുകളായി മാറുന്നത് പോലെ… വീഞ്ഞ് പഴകുമ്പോൾ വീര്യമേറുന്നത് പോലെ…

ഇന്ത്യൻ ഫുട്ബോളിൽ ഏറെ കഥകൾ നടന്നു. ഒളിമ്പിക്‌സ്, ഏഷ്യൻ ഗെയിംസ്, ലോകകപ്പിലേക്കുള്ള ക്ഷണം… അതേപോലെ വ്യക്തികളും. സയ്യിദ് റഹീം നബി, നെവിൽ, വിജയൻ, ബൂട്ടിയ, ഛേത്രി…
ഛേത്രി! ആ നാമത്തിൽ കാലം പോലും കുരുങ്ങിക്കിടന്നേക്കും. ഒരുനിമിഷം രോമാഞ്ചം പൂണ്ട് ഒഴുകാൻ മറന്നേക്കും. അന്താരാഷ്ട്ര ഫുട്ബാളിലെ ഏറ്റവും വലിയ ഗോൾ സ്‌കോറേഴ്‌സിലൊരാൾ എന്ന അസൂയാവഹമായ നേട്ടം ഒരിന്ത്യക്കാരന്റെ കയ്യിലാണെന്ന വസ്തുത കാലങ്ങളെ അതിജയിക്കുമെന്നത് തീർച്ചയും മൂർച്ചയുമുള്ള സത്യമാണ്.

അയാൾക്ക് കളി പഠിക്കാൻ ബാഴ്സയുടെ ലാമാസിയ കളിമുറ്റമുണ്ടായിരുന്നില്ല. വളർത്താൻ യൂറോപ്പിന്റെ ദ്രോണാചാര്യന്മാരുണ്ടായിരുന്നില്ല. അരങ്ങൊരുക്കാൻ മുച്ചൂടും മുടിഞ്ഞ aiff അല്ലാതെ മറ്റൊരു ലാവണമുണ്ടായിരുന്നില്ല. എന്നിട്ടുമയാൾ തൊടുത്ത ബാണങ്ങൾ വൈജയന്തിയായി വലകളെ ഭേദിച്ചു. കാലത്തോടയാൾ സദാ പുഞ്ചിരിച്ചു. യുദ്ധക്കളത്തിൽ ഒറ്റക്കൊരു ഭീമസേനനായി. ആരും മുന്നിൽ നിൽക്കാനില്ലാത്തപ്പോൾ ഭാരം ചുമലിലേറ്റിയ ആഞ്ജനേയനായി. മടുപ്പില്ലാത്ത കടലിനെപ്പോലെ, സദാ വലക്കണ്ണികളിൽ മുത്തമിടുന്ന ഗോളുകൾക്ക് പിന്നിലെ പതിനൊന്നാം കുപ്പായക്കാരനായി.

അയാളാർക്കും സമനല്ല. റൊണാൾഡോയോ മെസ്സിയോ ഛേത്രിയല്ല എന്നതുപോലെ, ഛേത്രി അവരുമല്ല. ഛേത്രി ഛേത്രിയാണ്. അയാൾക്ക് മാത്രം വരക്കാനാവുന്ന അഴകാർന്ന ചരിത്രം കോറിയിട്ട കലാകാരൻ. കഷ്ടപ്പാടിന്റെ പരാതിക്കെട്ടഴിക്കാതെ ഒറ്റക്കൊരു സാമ്രാജ്യം പണിതുയർത്തിയ അതികായൻ. ഉണക്കപ്പുല്ലിലും, കുത്തഴിഞ്ഞ ഫെഡറേഷന് കീഴിലും, പരിമിതികളേറെയുള്ള ക്ലബുകളിലും പന്തുതട്ടി യൂറോപ്പിലും അമേരിക്കയിലും പാദമുദ്ര പതിപ്പിച്ച ഒറ്റയാൻ. ആരവങ്ങൾ കേട്ടല്ല അയാൾ ഗോളുകൾ വർഷിച്ചത്. സദാ തീ തുപ്പുന്ന പാദങ്ങളുടെ ഉടമയെ തേടിയെത്തുകയായിരുന്നു ആരവങ്ങൾ.

വീണ്ടുമൊരു ലോകകപ്പ് കാലം മുന്നിലെത്തുമ്പോൾ, ഛേത്രിയുടെ കട്ടൗട്ടുകളും പ്രതീക്ഷയെ പേറുന്ന വാചകങ്ങളും കാണുമ്പോൾ ചുണ്ടുകോട്ടുന്നവരുണ്ട്. അവരോട് പറയാനുള്ളത് ഛേത്രിയെ കുറിച്ച് ഈ ലോകകപ്പ് കാലത്ത് ഫിഫ ഒരു ഡോക്യൂമെന്ററി പുറത്തിറക്കി എന്നതാണ്. അയാളൊരിക്കൽ പോലും പന്തുതട്ടിയിട്ടില്ലാത്ത ലോകവേദിക്ക് പോലും അയാളെ അവഗണിക്കാൻ കഴിയുന്നില്ലെന്നതാണ്.

കിക്കുകളുടെ അസാധ്യതയിലോ പേരെടുത്ത പെരുമകളിലോ അല്ല അയാളെ വിലയിരുത്തേണ്ടത്. അയാൾ എവിടുന്ന് കേറിവന്നു എന്നത് നോക്കിയാണ്. അന്താരാഷ്ട്ര ഗോൾ സ്കോറിങ്ങിന്റെ നെറുകയിൽ പാദമൂന്നുമ്പോൾ ഛേത്രിയുടെ കാലുകൾ നിറയെ, കാലങ്ങളായി ചവിട്ടിക്കേറി വന്ന ചരൽക്കല്ലുകളുടെ വടുക്കളാണ്. ആ കാലുകളിൽ ഉണങ്ങിത്തീരാത്ത മുറിവുകൾക്കെല്ലാം, ഒരു ഇന്ത്യൻ ഫുട്ബോളറുടെ അവിശ്വസനീയമായ കഥകൾ പറയാനുണ്ട്.ആ കഥകളറിയുന്നവർ അയാളെ വാഴ്ത്തും, അപദാനങ്ങൾ പാടും, കട്ടൗട്ടുകൾ ആകാശമുയരെ ഉയർത്തും. അയാളുടെ വിലാസം ഇന്ത്യയാണെന്നതിലുപരി, ഇന്ത്യയുടെ വിലാസമാണയാൾ.

ആവനാഴിയൊഴിയാത്ത അമരക്കാരനേ, അരുണനും തിങ്കളുമായവനേ, ആരവങ്ങൾക്കുടയവനേ, അനുപമതാരകമേ… ഞങ്ങളെ ഇനിയുമിനിയും അലംകൃത മുഹൂർത്തങ്ങളാൽ വിരുന്നൂട്ടിയാലും.

Exit mobile version