മനീഷ കല്യാൺ: പഴങ്കഥകൾക്കും പുകഴ്ത്തുപാട്ടുകൾക്കും മീതെ

…..2021 നവംബർ 26. ഇന്ത്യയിൽ കുറച്ചുപേർ പതിവില്ലാതെ രാവിലെ ആറുമണിക്ക് എണീറ്റു. ഫുട്ബോളിലെ ലോകശക്തികളായ ബ്രസീലിനോട് ഇന്ത്യൻ വനിതാ ടീം ഏറ്റുമുട്ടുന്നു എന്നതാണ് വിശേഷം. ഞങ്ങൾ അഞ്ചാറ് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ മാത്രമുള്ള ഒരു വാട്സ്ആപ് ഗ്രൂപ്പിലെ അംഗങ്ങളും ആ ആറുമണിക്കാരിൽ പെടും. ബ്രസീലിലെ മനാസുവിലെ അരീന ഡെ ആമസോണിയയിൽ, ഇന്ത്യൻ സമയം രാവിലെ 6.30 ന് പന്തുരുണ്ടുതുടങ്ങി. ആദ്യമിനിറ്റിൽ തന്നെ ഡെബീഞ്ഞയിലൂടെ കാനറികൾ ഇന്ത്യൻ വലയിൽ പന്തെത്തിച്ചു. വാട്‌സ്ആപ് ഗ്രൂപ്പിൽ ഒരു മെമ്പറുടെ മെസേജ്: “ഇപ്പോഴേ തുടങ്ങി. ഇനി എത്രയെണ്ണം കിട്ടുമോ ആവോ”. സംശയം ന്യായമായിരുന്നു. പന്ത് ബ്രസീലിന്റെ കാലുകളിലാണ്. അവരുടെ ഇതിഹാസതാരം ഫോർമിഗയുടെ വിരമിക്കൽ മത്സരം കൂടിയാണിത്. മാർത്ത വിയേര കളിക്കാൻ ഇറങ്ങിയില്ലെങ്കിലും, ഫിഫ റാങ്കിങ്ങിൽ ഏഴാമത് നിൽക്കുന്ന കാനറിക്കിളികൾക്ക് ഇന്ത്യ ഒരു വിഷയമേയല്ല…..
Img 20220713 164243

പതിമൂന്ന് വയസ്സ് വരെ സ്‌കൂളിലെ അത്‌ലറ്റിക്‌സ് താരമായിരുന്നു മനീഷ കല്യാൺ. കോച്ചിന്റെ നിർദേശമനുസരിച്ചാണ് അവൾ ഫുട്ബോളിൽ ഒരുകൈ പരീക്ഷിക്കുന്നത്. ടീമിനം ആയത് കൊണ്ടുതന്നെ ഫുട്ബോൾ മനീഷയ്ക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. പഞ്ചാബിലെ ഹോഷിയാർപൂരിലെ സ്‌കൂളിൽ വെച്ച് പതിമൂന്നുകാരിയായ കുട്ടി കാലിൽ പന്തുചേർക്കുമ്പോൾ, നാന്ദി കുറിക്കുന്നത് അഭിമാനകരമായ ഒരു ചരിത്രത്തിനാണ് എന്ന് അന്നാരും ചിന്തിച്ചുകാണില്ല.

തമിഴ്‌നാട്ടിലെ സേതു മധുരൈ എഫ്‌സിയുടെ യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന മനീഷ, പതിനഞ്ചാം വയസ്സിൽ ദേശീയ അണ്ടർ 17 ടീമിൽ ഇടംപിടിച്ചു. 2018 ലെ അണ്ടർ 17 ബ്രിക്‌സ് ടൂർണമെന്റിൽ ചൈനക്കെതിരെ ഗോളടിച്ച് തന്റെ വഴി ഫുട്ബോൾ തന്നെയാണെന്ന് മനീഷ അടിവരയിട്ടു. ശേഷം അണ്ടർ 19 ടീമിലേക്ക് പ്രമോഷൻ നേടിയ താരം അവിടെയും മിന്നുംനേട്ടങ്ങൾ കൈപ്പിടിയിലാക്കി. എഎഫ്സി അണ്ടർ 19 ചാമ്പ്യൻഷിപ്പിന്റെ യോഗ്യത റൗണ്ടിൽ ഇന്ത്യ തായ്ലന്റിനെതിരെ ജയം നേടിയപ്പോൾ, ഗ്രെയ്‌സ് നേടിയ വിജയഗോളിന് പിറകിലെ ക്രോസ് മനീഷയുടേതായിരുന്നു. അതേ ടൂർണമെന്റിൽ പാകിസ്താനെതിരെ ഇന്ത്യ 18-0 ന്റെ കൂറ്റൻ ജയം നേടിയപ്പോൾ മനീഷയുടെ പേരിൽ ഹാട്രിക് നേട്ടവും പിറന്നു.

ഇന്ത്യൻ വനിതാലീഗിന്റെ കന്നി സീസണിൽ സേതു എഫ്‌സിക്കായി മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടുമ്പോൾ മനീഷയ്ക്ക് പ്രായം പതിനാറ് മാത്രം. ആ പ്രകടനമികവിൽ താരം തള്ളിത്തുറന്നത് വനിതാലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സിയുടെ മുന്നേറ്റനിരയിലേക്കുള്ള വാതിലും. തൊട്ടടുത്ത സീസണിൽ ഗോകുലത്തിനായി ആറ് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ മനീഷ കണ്ടെത്തി, ഒപ്പം ബാലദേവിയെ പോലുള്ള അതികായർ അണിനിരക്കുന്ന ദേശീയ സീനിയർ ടീമിലേക്കുള്ള ഇടവും. ആ സീസണിൽ വിമൻസ്‌ ലീഗിലെ എമർജിങ് പ്ലെയറും മറ്റാരുമായിരുന്നില്ല. അങ്ങനെ തന്റെ പതിനേഴാം വയസ്സിൽ, ദേശീയ സീനിയർ ടീമിന്റെ നീലക്കുപ്പായത്തിൽ ഹോങ്കോങ്ങിനെതിരെ മനീഷ അവതരിച്ചു.

2021ൽ ആദ്യമായി ഒരു ഇന്ത്യൻ ക്ലബ്-ഗോകുലം കേരള എഫ്‌സി എഎഫ്സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചു. അമ്മാൻ (ജോർദാൻ), ഷാർദാരി സിർജാൻ (ഇറാൻ) എന്നീ ടീമുകളോട് തോൽവിയറിഞ്ഞ മലബാറിയൻസിന് അവസാന മത്സരത്തിൽ ഉസ്ബെക് ക്ലബ് എഫ്‌സി ബുന്യോദ്കർ ആയിരുന്നു എതിരാളികൾ. മത്സരത്തിന്റെ 62ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച മനീഷ, ഗോകുലത്തിനൊപ്പം ചരിത്രത്തിലേക്ക് നടന്നുകയറി. എഎഫ്സി ക്ലബ് ചാമ്പ്യൻഷിപ്പിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ താരം. മത്സരം 3-1 ന് ഗോകുലം വനിതകൾ ജയിച്ചതും അഭിമാനചരിതമായി.

ദേശീയ സീനിയർ ടീമിനായി 17 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ മനീഷ നേടിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഇന്ത്യൻ വിമൻസ് ലീഗിൽ 11 മത്സരങ്ങളിൽ നിന്ന് താരം നേടിയത് 14 ഗോളുകൾ! ഇരുപതാം വയസ്സിൽ അറ്റാക്കിങ് മിഡ്ഫീൽഡർ/ഫോർവേഡ് റോളിൽ കത്തിനിൽക്കുന്ന ഈ പഞ്ചാബുകാരി ഇനി യൂറോപ്പിലാണ് പന്തുതട്ടുക; സൈപ്രസ് ചാമ്പ്യൻസ് ആയ അപ്പോളോൺ ലേഡീസ് ക്ലബിൽ. ഈ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ക്ലബാണ് ഇവരെന്നു കൂടി അറിയുമ്പോഴാണ് മനീഷ വെട്ടിപ്പിടിച്ച ഉയരം ശരിക്കും മനസ്സിലാവുക! ബാലദേവിയോ ബെംബെം ദേവിയോ എത്തിയിട്ടില്ലാത്ത ഉയരം. ഛേത്രിയോ വിജയനോ ബൂട്ടിയയോ ഇന്ത്യക്കാരായ മറ്റാരെങ്കിലുമോ സ്വപ്നം കണ്ടിട്ടില്ലാത്ത ഔന്നത്യം! ഒരു ഇതിഹാസതുല്യയാവാനുള്ള നേട്ടങ്ങളൊക്കെയും ഈ ചെറുപ്രായത്തിനിടയിൽ തന്നെ മനീഷ നേടിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യ ഉത്പാദിപ്പിച്ച എക്കാലത്തെയും മികച്ച ഫുട്ബോൾ പ്രതിഭകളിലൊരാൾ എന്ന് നിസ്സംശയം പറയാം. എതിർ ടീം താരങ്ങൾ പോയിട്ട്, ക്യാമറക്ക് പോലും പിടികൊടുക്കാതെ, വശങ്ങളിലൂടെ റോക്കറ്റ് എൻജിനെ അനുസ്മരിപ്പിക്കുംവിധം സ്വയം ജ്വലിപ്പിച്ചുകൊണ്ട് മുന്നേറുന്ന മനീഷയ്ക്ക് മുന്നിലിനിയും അനന്തസാധ്യതകളുണ്ട്; പ്രായത്തിന്റെ ആനുകൂല്യവും.

…..മത്സരം എട്ടാം മിനിറ്റിലേക്ക് കടന്നിരിക്കുന്നു. സ്‌കോർ ബ്രസീൽ 1-0 ഇന്ത്യ. ഇരമ്പിയാർത്തുവരുന്ന ബ്രസീലിയൻ ആക്രമണനിര. ഇന്ത്യൻ ബോക്‌സ് ലക്ഷ്യമാക്കിവന്ന ക്രോസ് ഗോൾകീപ്പർ അദിതി ചൗഹാൻ കുത്തിയകറ്റി. ബോൾ പിടിച്ചെടുത്ത് യുംനം കമലദേവി ഒരു പ്രത്യാക്രമണത്തിന് തുടക്കമിട്ടു. മുന്നിലേക്ക് നൽകിയ പന്ത് പ്യാരി സാക്സ തലകൊണ്ട് ഇടതുവിങ്ങിലേക്ക് മറിച്ചുനൽകി. പന്ത് സ്വീകരിച്ച് മനീഷ മിന്നൽവേഗത്തിൽ ബോക്‌സ് ലക്ഷ്യമാക്കി കുതിച്ചു. താരനിബിഡമായ ബ്രസീലിയൻ പ്രതിരോധത്തെയും ഗോൾകീപ്പറെയും കാവൽക്കാരാക്കി മനീഷ തൊടുത്തുവിട്ട പന്ത് ഗോൾപോസ്റ്റിന്റെ വലത്തേമൂലയിലേക്ക് ഉരുണ്ടുകയറി. ആമസോണിയ അവിശ്വസനീയതയാൽ മൗനം പുതച്ചപ്പോൾ ഇന്ത്യയുടെ പെൺകടുവകൾ മൈതാനത്ത് നിർവൃതിയുടെ നൃത്തം വച്ചു. ബ്രസീലിനെതിരിൽ നമ്മൾ സമനിലഗോൾ നേടിയിരിക്കുന്നു! അതിനുശേഷം ബ്രസീൽ ഒരു ഗോൾ കൂടെ നേടി ഹാഫ് ടൈമിൽ 2-1 ന് പിരിഞ്ഞു, മത്സരം പൂർത്തിയാവുമ്പോൾ സ്കോർ 6-1. ഇതൊന്നും മനീഷ നേടിയ ഗോളിന്റെ മാറ്റ് കുറക്കുന്നില്ല. ഫിഫ വിമൺസ്‌ റാങ്കിങ്ങിൽ ഏഴാമത് ഉള്ള ബ്രസീലിനെതിരെ ഒരു ഇരുപതുകാരി ഇന്ത്യക്കാരി നേടിയ ഗോൾ നക്ഷത്രശോഭയോടെ മത്സരഫലത്തിനും മീതെ തിളങ്ങിനിൽക്കുന്നു. ഇന്ത്യക്കെതിരെ എങ്ങനെ ആറ് ഗോളുകൾ നേടി എന്ന് എന്തായാലും ബ്രസീലിൽ ചർച്ച വരാൻ സാധ്യതയില്ല. എങ്ങനെ ഇന്ത്യ ഒരു ഗോൾ മടക്കി എന്ന് തന്നെയാവും അവരുടെ സമസ്യ; അതിന്റെ ഉത്തരമാണ് മനീഷ കല്യാൺ.

ലോക ക്ലബ് ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ പന്ത് തട്ടാനൊരുങ്ങുന്ന ഇന്ത്യൻ ഫുട്ബോളിന്റെ മാണിക്യക്കല്ലിന് ഹൃദയാഭിവാദനം!

ഹൃദയപൂർവ്വം അൻവർ അലി

ഇന്ത്യൻ ഫുട്ബോളിന് പുതിയ ദിശാബോധം നൽകിയ ടൂർണമെന്റായിരുന്നു 2017ലെ അണ്ടർ 17 ലോകകപ്പ്. രാജ്യം മുഴുവൻ ഫുട്ബോളിലേക്ക് ശ്രദ്ധ ചുരുക്കിയ മറ്റൊരു വേളയില്ലെന്ന് തന്നെ പറയാം. ജീക്സൺ സിംഗിന്റെ ചരിത്രപ്രാധാന്യമുള്ള ഗോളിന് പുറമെ ഒരുപിടി പ്രതീക്ഷയുണർത്തുന്ന താരങ്ങളെ കണ്ടെത്താനും ടൂർണമെന്റിനായി. അസംഖ്യം ഷോട്ടുകൾ തടുത്തിട്ട ധീരജ് സിങ്, മലയാളി താരം രാഹുൽ കെ പി തുടങ്ങിയ കുറച്ചു താരങ്ങൾ ആരാധകരുടെ മനസ്സിൽ കൂടുകെട്ടി. ഇന്ത്യയുടെ മൂന്ന് മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇടംപിടിച്ച ഉയരക്കാരനായ പ്രതിരോധ താരത്തെയും പലരും അന്നേ ശ്രദ്ധിച്ചു. അൻവർ അലിയെന്നായിരുന്നു ആ പഞ്ചാബി പയ്യന്റെ പേര്. ഏറെക്കുറെ തീരുമാനമായിക്കഴിഞ്ഞിരുന്ന ഇന്ത്യയുടെ ലോകകപ്പ് അന്തിമ സ്ക്വാഡിലേക്ക്, മിനേർവ പഞ്ചാബ് എഫ്‌സിയുടെ പ്രതിഷേധം നിമിത്തമായി ഇടംപിടിച്ച പ്രതിഭ.


കോമൾ തട്ടാൽ ഒഴികെ മറ്റു മിക്ക താരങ്ങളെയും പോലെ ഇന്ത്യൻ ആരോസായിരുന്നു ലോകകപ്പിന് ശേഷം അൻവറിന്റെയും തട്ടകം. ഒരു ഡവലപ്മെന്റൽ ടീം ആയിട്ടുകൂടി, പരിചയ സമ്പന്നരും വിദേശികളും അടങ്ങുന്ന ഐലീഗ് ടീമുകളോട് ആരോസ് മികച്ച പ്രകടനം കാഴ്ച വെച്ചു. ആരോസിലെ പ്രകടനത്തിൽ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം അൻവറിൽ സംപ്രീതരായി. ഇന്ത്യയുടെ ഭാവിയിലേക്കുള്ള വലിയ നിക്ഷേപങ്ങളിലൊന്നായി അൻവറിനെ അവരെല്ലാം നോക്കിക്കണ്ടു. ആരോസിൽ കളിച്ച രണ്ടു സീസണുകളിൽ അൻവറില്ലാത്ത ഇലവൻ അവർക്കില്ലെന്ന് തന്നെ പറയാം.
കൊട്ടിഫ് ടൂർണമെന്റിനായി സ്പെയിനിലേക്ക് പറന്ന ഇന്ത്യയുടെ അണ്ടർ 20 സംഘത്തിൽ അൻവറും ഉണ്ടായിരുന്നു. അർജന്റീനക്കെതിരായ മത്സരത്തിൽ ഇന്ത്യ 2-1 ന്റെ ചരിത്ര വിജയം സ്വന്തമാക്കിയപ്പോൾ, മനോഹരമായ ഫ്രീകിക്കിൽ നിന്നും വിജയഗോൾ നേടിയതും ഈ പ്രതിരോധനിരക്കാരൻ തന്നെ. തുടർന്ന് ദേശീയ സീനിയർ ടീമിന്റെ ക്യാമ്പുകളിലേക്ക് താരത്തിന് വിളിയെത്തി.

തൊട്ടടുത്ത സീസണിൽ ഇന്ത്യൻ ഫുട്ബോളിലെ നിറപ്പകിട്ടുള്ള കളിത്തട്ടകമായ ഐ എസ് എല്ലിലേക്ക് അൻവർ അലിയെത്തി. മുംബൈ സിറ്റി എഫ്‌സിയാണ് താരത്തെ സ്വന്തമാക്കിയത്. അവിടം മുതലാണ് കളി മാറിത്തുടങ്ങുന്നത്. പ്രശോഭിതമായ ഭാവി അൻവറിൽ കണ്ടവരാരും തന്നെ അവനു മുകളിൽ വട്ടമിടുന്ന കരിമേഘങ്ങളെ ശ്രദ്ധിച്ചിരുന്നില്ല. മുംബൈ ക്യാമ്പിൽ നിന്നാണ് അൻവറിന്റെ ഹൃദയരോഗം തിരിച്ചറിയുന്നത്. ഉടൻ തുടർപരിശോധനയ്ക്കും ചികിത്സകൾക്കുമായി താരം ഫ്രാൻസിലേക്ക് തിരിച്ചു. എപിക്കൽ ഹൈപ്പർ കാർഡിയോ മയോപതി എന്ന അസുഖം സ്ഥിരീകരിച്ചു കൊണ്ടാണ് അൻവർ ഇന്ത്യയിൽ തിരിച്ചെത്തുന്നത്. ഇതു കാരണമായി, ഫുട്ബോൾ കളിച്ചാൽ താരത്തിന്റെ ജീവൻ അപകടത്തിലാവുമെന്ന് ഡോക്ടർമാർ വിധിയെഴുതി. അതിന്റെ തുടർച്ചയായി പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് അൻവറിന് എ ഐ എഫ് എഫ് വിലക്കേർപ്പെടുത്തി. താരം വിരമിച്ചേക്കും എന്ന വാർത്ത മാധ്യമങ്ങളിലൂടെ പുറത്തേക്കു വന്നുതുടങ്ങി. രാജ്യത്തിന്റെ ഭാവിതാരമായി വാഴ്ത്തപ്പെട്ടയാൾ പത്തൊമ്പതാം വയസ്സിൽ കളി നിർത്തേണ്ടി വന്നതോർത്ത് ഫുട്ബോൾ പ്രേമികൾ കഠിന ദുഃഖത്തിലമർന്നു. എന്നാൽ കീഴടങ്ങാൻ അൻവറിന് മനസ്സില്ലായിരുന്നു.
‘എനിക്ക് കളിക്കണം’ എന്ന് മാത്രമായിരുന്നു അൻവറിന്റെ ആവശ്യം. അതിന്റെ പേരിൽ കളിക്കളത്തിൽ പിടഞ്ഞു വീണാലും ക്ലബ് ഉൾപ്പടെ ആരും ഉത്തരവാദിത്തമേൽക്കേണ്ടതില്ല എന്ന് അർഥശങ്കക്കിടയില്ലാത്തവിധം അൻവർ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ ലൈവ് വീഡിയോ ആയും എഴുത്തുകളായും താരം ഈ ആവശ്യം ഉന്നയിച്ച് കൊണ്ടേയിരുന്നു. പ്രൊഫഷണൽ ഫുട്ബോൾ കളിക്കാൻ അനുവദിച്ചില്ലെങ്കിൽ, മെഡിക്കൽ സംവിധാനങ്ങൾ താരതമ്യേന വളരെ കുറവുള്ള പ്രാദേശിക ഫുട്ബോൾ കളിക്കേണ്ടി വരും, അതുവഴി എന്റെ ജീവൻ കൂടുതൽ അപകടത്തിലാവുകയേ ഉള്ളൂ എന്ന് അവൻ അസോസിയേഷനോട് ഉണർത്തി. കളിക്കാൻ വേണ്ടി വൈദ്യോപദേശം തേടാനും നിയമപോരാട്ടം നടത്താനും അൻവർ മുന്നിട്ടിറങ്ങി. പിന്നീട് നടന്ന മെഡിക്കൽ ടെസ്റ്റ് അനുകൂലമായതിനെ തുടർന്ന്, എ ഐ എഫ് എഫ് അന്തിമ തീരുമാനം എടുക്കുന്നത് വരെ താരത്തിന് കളിക്കാം എന്ന് ഡൽഹി ഹൈക്കോടതി വിധിച്ചു. തുടർന്ന് മുഹമ്മദൻ സ്പോർട്ടിങ് അൻവറിനെ സൈൻ ചെയ്‌തെങ്കിലും, എ ഐ എഫ് എഫിന്റെ എതിർപ്പ് കാരണം കരാർ റദ്ദാക്കപ്പെട്ടു.

അൻവറിനെ സൈൻ ചെയ്യാനുള്ള മുഹമ്മദൻസിന്റെ അവസരത്തിന് മാത്രമായിരുന്നു ഫൈനൽ വിസിൽ മുഴങ്ങിയത്; അൻവർ ഗെയിം അവസാനിപ്പിച്ചിരുന്നില്ല. പുതുതായി രൂപീകരിക്കപ്പെട്ട ഹിമാചൽ ക്ലബ് ടെക്ട്രോ സ്വദേശ് എഫ്‌സി അൻവറിനെ സ്വന്തമാക്കി. അങ്ങനെ കാത്തിരിപ്പിനൊടുവിൽ അൻവർ വീണ്ടും കളത്തിലിറങ്ങി. ശേഷം ഡൽഹി എഫ്‌സിയിൽ ഐലീഗ് രണ്ടാം ഡിവിഷൻ കളിച്ച അൻവർ, കളം വിടുമ്പോൾ ഏഴ് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ സ്വന്തം പേരിലാക്കിയിരുന്നു. അങ്ങനെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സോഷ്യൽ മീഡിയ പേജുകളിൽ, നീണ്ട ഇടവേളയ്ക്ക് ശേഷം അൻവറിന്റെ മുഖം പ്രത്യക്ഷപ്പെട്ടു. ഐലീഗ് ക്വാളിഫയേഴ്സിലെ ടോപ് സ്‌കോറർ ആ പ്രതിരോധ ഭടനായിരുന്നു.

അങ്ങേയറ്റം സന്തോഷത്തോടെയാണ് അൻവറിന്റെ വിലക്ക് നീക്കിയ വാർത്ത ഇന്ത്യൻ ഫുട്ബോൾ ലോകം ശ്രവിക്കുന്നത്. ഇക്കഴിഞ്ഞ സീസണിലെ ട്രാൻസ്ഫർ വിൻഡോയിൽ ഡൽഹി എഫ്‌സിയിൽ നിന്നും താരത്തെ എഫ്‌സി ഗോവ ലോണിൽ സ്വന്തമാക്കി. ഐ എസ് എൽ അരങ്ങേറ്റത്തിൽ തന്നെ ഹീറോ ഓഫ് ദി മാച്ച് അവാർഡ് നേടിക്കൊണ്ടാണ് അൻവർ വരവറിയിച്ചത്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്‌ചവെച്ച താരത്തെ ദേശീയ സീനിയർ ക്യാമ്പിലേക്ക് വിളിക്കാതിരിക്കാൻ ഇഗോർ സ്റ്റിമാചിന് കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. അങ്ങനെ ഇക്കഴിഞ്ഞ മാർച്ചിൽ ബഹ്റൈനെതിരായ സൗഹൃദ മത്സരത്തിൽ പഞ്ചാബിന്റെ പോരാളി നീലക്കുപ്പായത്തിൽ അവതരിച്ചു. തുടർന്ന് ഇതുവരെ നടന്ന അഞ്ചു മത്സരങ്ങളിലും ഇന്ത്യയുടെ ആദ്യ ഇലവനിൽ ഇടംപിടിക്കാൻ അൻവറിനായി.
ജൂൺ 17ന് നടന്ന എ എഫ് സി ഏഷ്യൻ കപ്പ് യോഗ്യത മത്സരം ഇന്ത്യയ്ക്ക് നിർണായകമായിരുന്നു. യോഗ്യതയ്ക്ക് പുറമെ, ജയിച്ചാൽ ഗ്രൂപ്പിൽ ഒന്നാമതെത്താനുള്ള അവസരം കൂടി ഇന്ത്യയ്ക്കുണ്ടായിരുന്നു. ഗ്രൂപ്പിലെ താരതമ്യേന കരുത്തരായ ഹോങ്കോങ്ങിനെതിരായ ആ മത്സരത്തിൽ ഇന്ത്യ രണ്ടാം മിനിറ്റിൽ ലീഡെടുത്തപ്പോൾ, ഗോൾ നേടി പുഞ്ചിരിച്ചു കൊണ്ടോടുന്ന താരത്തിന്റെ നെഞ്ചിലെഴുതിയ നമ്പർ 19 ആയിരുന്നു. അൻവർ! ഇനിമേലിൽ കളിക്കരുതെന്ന് ഉപദേശിച്ചവരോട് മധുരതരമായ മറുപടി.

അൻവർ അലിയുടെ ഉദയത്തിലും ഉയിർത്തെഴുന്നേൽപ്പിലും നിർണായകമായ പേരുകളാണ് രഞ്ജിത്ത് ബജാജും മിനേർവ പഞ്ചാബ് എഫ്‌സിയും. അണ്ടർ 17 ലോകകപ്പ് ടീമിന്റെ പരിശീലകൻ ലൂയി നോർട്ടൻ ഡി മാറ്റോസ് അൻവറിനെ കണ്ടെത്തുന്നത് മിനേർവയുമായുള്ള ഇന്ത്യൻ ജൂനിയർ ടീമിന്റെ മത്സരത്തിൽ നിന്നാണ്. ആ മത്സരത്തിന് വഴിയൊരുക്കിയത് മിനേർവയുടെ , നാഷണൽ ടീം സെലക്ഷനെതിരായ പ്രതിഷേധവും. അസുഖം സ്ഥിരീകരിച്ചത് മുതൽ എല്ലാ അർത്ഥത്തിലുമുള്ള പിന്തുണ നൽകിയതും രഞ്ജിത്തും മിനേർവയും തന്നെ. അവരുടെ തന്നെ കീഴിലുള്ള ക്ലബുകളായ ടെക്ട്രോയിലും ഡൽഹി എഫ്‌സിയിലും കളിച്ചാണ് അൻവർ കളത്തിലേക്ക് തിരിച്ചെത്തുന്നത്. നിയമപോരാട്ടത്തിനും മുന്നിൽ നിന്നത് രഞ്ജിത്ത് ബജാജായിരുന്നു.

ഇന്ന് ഫേസ്‌ബുക്കിൽ സന്തോഷകരമായ ഒരു കാഴ്ച കണ്ടു. അൻവർ അലിക്ക് മിനേർവയിൽ സ്വീകരണമൊരുക്കിയിരിക്കുന്നു. തങ്ങളുടെ അഭിമാനപുത്രനെ എടുത്തുയർത്തുന്ന രഞ്ജിത്ത് ബജാജ്, അൻവറിന് സ്നേഹാശ്ലേഷം നൽകുന്ന ഹെന്ന സിങ്, ഓട്ടോഗ്രാഫിനും സെൽഫിക്കും തിരക്ക് കൂട്ടുന്ന മിനേർവ അക്കാദമിയിലെ കുട്ടികൾ… അൻവറിന്റെ മുഖത്തെ പുഞ്ചിരി തിരിച്ചെത്തിയിരിക്കുന്നു.

പന്തിനോടുള്ള പ്രണയത്താൽ ബന്ധിച്ച ഹൃദയവുമായാണ് അൻവർ ജീവിക്കുന്നത്. ഇപ്പറഞ്ഞതൊന്നും കൂടാതെയുള്ള ഒരുദാഹരണം കൂടിയുണ്ടതിന്, വർഷങ്ങൾക്ക് മുൻപ്. മിനേർവയുടെ അണ്ടർ 15 ടീമിലാണപ്പോൾ നമ്മുടെ കഥാനായകൻ. അവർക്ക് മുംബൈയിൽ വെച്ച് മത്സരമുണ്ട്. അതിന്റെ പിറ്റേദിവസം അൻവറിന്റെ മൂത്ത പെങ്ങളുടെ വിവാഹവും. വിടില്ലെന്ന് പിതാവ് പറഞ്ഞെങ്കിലും മിനേർവ അവനെ സ്ക്വാഡിലുൾപ്പെടുത്തി. വീട്ടുപടിക്കലെത്തിയ ക്ലബിന്റെ കാറിൽക്കയറി അൻവർ മുംബൈയിലേക്ക് പറന്നു. പിറ്റേന്ന്-അതായത് കല്യാണദിവസം അതിരാവിലെ ആറുമണിക്ക് അൻവറിനെ മിനേർവ വീട്ടിൽക്കൊണ്ടുവിട്ടു.

പന്തുതട്ടുമ്പോഴാണവൻ ജീവിക്കുന്നതു തന്നെ. അവൻ കളിക്കട്ടെ; അവൻ ജീവിക്കട്ടെ.

അവസാന അവസരം; ഇന്ത്യയ്ക്കും സ്റ്റിമാചിനും

ക്രൊയേഷ്യക്കായി ലോകകപ്പ് കളിച്ച താരം, ലൂക്ക മോഡ്രിച്ച് അടക്കമുള്ള അതികായരടങ്ങുന്ന ക്രൊയേഷ്യൻ ടീമിനെ പരിശീലിപ്പിച്ചയാൾ തുടങ്ങിയ അത്യാകർഷകമായ ഖ്യാതികളോടെയാണ് ഇഗോർ സ്റ്റിമാച് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അമരത്തേക്കെത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് അസോസിയേഷനും ആരാധകരും സ്റ്റിമാചിനെ വരവേറ്റത്. സ്റ്റിമാചിന്റെ വാക്ചാതുരിയാണ് അദ്ദേഹത്തിൽ ആകൃഷ്ടരാവാൻ കാരണമെന്ന് എ ഐ എഫ് എഫ് പ്രസിഡണ്ടും ജന.സെക്രട്ടറിയും ടെക്നിക്കൽ ഡയറക്ടറും പറഞ്ഞിരുന്നു. അതേ വാക്സാമർഥ്യമാണ് പിന്നീട് പത്രസമ്മേളനങ്ങളിലും അദ്ദേഹം പ്രകടിപ്പിച്ചത്. ആരാധകർക്ക് പ്രിയങ്കരരായ മിക്ക താരങ്ങളും കൂട്ടത്തോടെ സ്റ്റിമാചിന്റെ സ്ക്വാഡിലിടം പിടിച്ചു. മുൻപരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈനിൽ വ്യത്യസ്തമായ ഈ നീക്കം ഫുട്ബോൾ പ്രേമികളെ പുളകം കൊള്ളിച്ചു. അങ്ങനെ മധുവിധുവിന് ശേഷം ഇഗോർ സ്റ്റിമാചും ഇന്ത്യൻ ഫുട്ബോളും തായ്ലൻഡിലെ കിങ്‌സ് കപ്പ് വേദിയിൽ, കാര്യത്തിലേക്ക് കാലെടുത്തു വച്ചു.

കിങ്‌സ് കപ്പ്
ശക്തരായ കുറസാവോയ്ക്കെതിരെ 3-1 ന്റെ പരാജയമായിരുന്നു സ്റ്റിമാചിനു കീഴിൽ ഇന്ത്യയുടെ ആദ്യ മത്സരഫലം. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ തായ്ലൻഡിനെ 1-0 ന് തോൽപിച്ചു സ്റ്റിമാച് ആശ്വാസം കണ്ടെത്തി. ഇതേ തായ്ലൻഡിനെ മാസങ്ങൾക്ക് മുൻപ് ഏഷ്യൻ കപ്പിൽ ഇന്ത്യ 4-1 ന് തകർത്തിരുന്നു എന്ന വസ്തുത കൂടെ പരിഗണിക്കുമ്പോൾ കാര്യമായ സന്തോഷത്തിന് വകയില്ലെന്ന് പറയേണ്ടി വരും.

ഇന്റർകോണ്ടിനെന്റൽ കപ്പ്

ഇന്ത്യയുടെ സംഘാടനത്തിൽ നടക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ രണ്ടാം പതിപ്പിൽ ജയമില്ലാതെയാണ് ആതിഥേയർ കളംവിട്ടത്. താജിക്കിസ്ഥാനും നോർത്ത് കൊറിയയും ഇന്ത്യയ്ക്ക് വൻപരാജയങ്ങൾ (2-4, 2-5) സമ്മാനിച്ചപ്പോൾ സിറിയയോട് സമനിലയായിരുന്നു ഫലം. ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ ആദ്യപതിപ്പിൽ ഇന്ത്യയായിരുന്നു ജേതാക്കൾ.

ലോകകപ്പ്-ഏഷ്യൻ കപ്പ് യോഗ്യത

ഇഗോർ സ്റ്റിമാചിന്റെ ലിറ്റ്മസ് ടെസ്റ്റായിരുന്നു ഫിഫ ലോകകപ്പ് 2022-എ എഫ് സി ഏഷ്യൻ കപ്പ് 2023 സംയുക്ത യോഗ്യത മത്സരങ്ങൾ. ഒമാനെതിരെ ആദ്യമത്സരത്തിൽ 1-2 ന് തോറ്റെങ്കിലും, ലോകകപ്പ് ആതിഥേയരും ഏഷ്യൻ കപ്പ് ചാമ്പ്യന്മാരുമായ ഖത്തറിനെ സമനിലയിൽ പൂട്ടിയത് ആരവങ്ങളുയർത്തി. എന്നാൽ തുടർന്നുള്ള മത്സരഫലങ്ങൾ നിരാശാജനകമായിരുന്നു. ദുർബലരായ ബംഗ്ലാദേശിനോടും അഫ്ഗാനോടും സമനില, ഒമാനോടും ഖത്വറിനോടും തോൽവി. ഒടുക്കം ബംഗ്ലാദേശിനോട് ഒരു ഗോളിന് ജയിച്ചെങ്കിലും അഫ്‌ഗാനോട് വീണ്ടും സമനില വഴങ്ങി. ഏഷ്യൻ കപ്പ് യോഗ്യതയ്ക്കായി ഇന്ത്യ ഇനി മൂന്നാം റൗണ്ട് കളിക്കേണ്ടതുണ്ട്.

25 മത്സരങ്ങളിൽ നിന്നായി 6 ജയങ്ങൾ മാത്രമാണ് ഇഗോറിന് കീഴിൽ ഇന്ത്യയുടെ സമ്പാദ്യം. 9 സമനിലകളും 10 തോൽവികളും ഏറ്റുവാങ്ങി. അവസാനം നടന്ന സൗഹൃദ മത്സരങ്ങളിൽ ബലാറൂസും ജോർദാനും ഒട്ടും സൗഹൃദം കാണിച്ചില്ല. ഇരുവരോടും കൂടി വാങ്ങിയത് അഞ്ചുഗോളുകൾ, ഒരെണ്ണം പോലും തിരിച്ചടിക്കാൻ നീലക്കടുവകൾക്ക് കഴിഞ്ഞില്ല. ഏഷ്യൻ കപ്പ് സന്നാഹമത്സര ഫലങ്ങളും ദയനീയമായിരുന്നു. ബംഗാളിനോട് സമനില വഴങ്ങിയപ്പോൾ എ ടി കെ മോഹൻ ബഗാനോട് 1-2 ന്റെ തോൽവി. ഐലീഗ്-സന്തോഷ് ട്രോഫി ഓൾ സ്റ്റാർസിനോട് 2-0 ന് ജയം നേടിയത് തെല്ലും ആശ്വാസം നൽകുന്നില്ല.

ഇനി നടക്കുന്ന യോഗ്യത മത്സരങ്ങളിൽ കംബോഡിയ, അഫ്ഗാൻ, ഹോങ്കോങ് എന്നിവരാണ് എതിരാളികൾ. ദുർബലരായ എതിരാളികളെ തോൽപിച്ച് യോഗ്യത നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനായാസമാവേണ്ടതാണ്, അനിവാര്യവുമാണ്. 24 ടീമുകൾ മാറ്റുരക്കുന്ന ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിൽ അതില്പരം നാണക്കേട് മറ്റൊന്നില്ല. തലയുയർത്താൻ ഇന്ത്യയ്ക്കും, പരിശീലക സ്ഥാനം തെറിക്കാതിരിക്കാൻ സ്റ്റിമാചിനും ജയിച്ചേ തീരൂ.

Exit mobile version