മരണ പോരാട്ടങ്ങൾക്ക് കളമൊരുങ്ങി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം

അടുത്ത കൊല്ലത്തെ ചാമ്പ്യൻസ് ലീഗ് സീസണിലേക്കുള്ള ഗ്രൂപ്പുകളായി. ബാഴ്‌സലോണക്കും മാഞ്ചസ്റ്റർ യൂണൈറ്റഡിനും ലിവർപൂളിനും ശക്തമായ ഗ്രൂപ്പുകൾ മറികടന്ന് വേണം ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് അധികം ശക്തമല്ലാത്ത ഗ്രൂപ്പ് ആണ് ലഭിച്ചത്.  ഗ്രൂപ്പ് ജിയിൽ റയൽ മാഡ്രിഡ്, റോമാ, സി.എസ്.കെ.എ മോസ്കൊ, വിക്ടോറിയ പ്ലാസെൻ എന്നി ടീമുകൾ മാറ്റുരക്കും.

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ലിവർപൂളും മരണ ഗ്രൂപ്പിലാണ്. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി, ഇറ്റാലിയൻ ടീമായ നാപോളി, റെഡ് സ്റ്റാർ ബെൽഗ്രേഡ് എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ലിവർപൂൾ. യുണൈറ്റഡും യുവന്റസും വലൻസിയയും യങ് ബോയ്സും ചേർന്ന ഗ്രൂപ്പ് എച്ചിലും മികച്ച പോരാട്ടങ്ങൾ നടക്കും. ഈ ഗ്രൂപ്പിൽ യുവന്റസും മാഞ്ചസ്റ്റർ യുണൈറ്റഡും ഒരുമിച്ച് വന്നപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അത് യൂണൈറ്റഡിലേക്കുള്ള തിരിച്ചുവരവായി. ഇതിനു മുൻപ് രണ്ടു തവണ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നേരിട്ട സമയത്ത് രണ്ടു മത്സരത്തിലും ഗോൾ നേടിയിരുന്നു.

അതെ സമയം സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണക്ക് ഇംഗ്ലണ്ടിൽ നിന്നുള്ള ടോട്ടൻഹാമിന്റെ പരീക്ഷണം ഈ സീസണിൽ നേരിടേണ്ടി വരും. ബാഴ്‌സലോ, ടോട്ടൻഹാം, പി.എസ്.വി, ഇന്റർ മിലൻ എന്നിവരടങ്ങുന്ന ശക്തമായാ ഗ്രൂപ്പാണ് ഗ്രൂപ്പ് ബി.  ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനും ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കും താരതമ്യേന എളുപ്പമുള്ള മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഉള്ളത്.

അത്ലറ്റികോ മാഡ്രിഡും ഡോർട്മുണ്ടും മൊണാകോയും ക്ലബ് ബ്രാഗ്ഗും ഉൾപ്പെട്ട ഗ്രൂപ്പ് എയും ശക്തമാണ്.

ചാമ്പ്യൻസ് ലീഗ് അവാർഡിൽ റയൽ മാഡ്രിഡ് ആധിപത്യം

കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലെ മികച്ച താരങ്ങൾക്കുള്ള അവാർഡുകൾ വാരികൂട്ടി റയൽ മാഡ്രിഡ്.  മികച്ച ഗോൾ കീപ്പർ, മികച്ച പ്രതിരോധ താരം, മികച്ച മിഡ്‌ഫീൽഡർ, മികച്ച ഫോർവേഡ് എന്നി അവാർഡുകളാണ് റയൽ മാഡ്രിഡ് താരങ്ങൾ വാരികൂട്ടിയത്. അവാർഡ് പട്ടികയിൽ എല്ലാ അവാർഡുകളും റയൽ മാഡ്രിഡ് താരങ്ങൾക്കാണ്.

ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോള കീപ്പറായി റയൽ മാഡ്രിഡ് ഗോൾ കീപ്പർ കെയ്‌ലർ നവാസ് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് കിരീടം നേടുമ്പോൾ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്.

റയൽ മാഡ്രിഡ് പ്രതിരോധ താരം സെർജിയോ റാമോസാണ് മികച്ച പ്രതിരോധ താരം. റയൽ മാഡ്രിഡിന്റെ ക്യാപ്റ്റൻ കൂടിയായ റാമോസ് മികച്ച പ്രകടനമാണ് കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സീസണിൽ പുറത്തെടുത്തത്. മികച്ച മിഡ്ഫീൽഡറും റയൽ മാഡ്രിഡിന്റെ ലുക്കാ മോഡ്രിച്ചാണ്. മോഡ്രിച്ചിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് റയൽ മാഡ്രിഡ് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്.

മികച്ച ഫോർവേഡിനുള്ള പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടി. റയൽ മാഡ്രിഡ് ചാമ്പ്യന്മാരായ സീസണിൽ ടീമിനെ മുന്നിൽ നിന്ന് നയിച്ചതാണ് താരത്തിനെ അവാർഡിന് അർഹനാക്കിയത്.

 

5 ലോകകപ്പ് താരങ്ങളില്ലാതെ ഇംഗ്ലണ്ട് ടീം

സ്പെയിനിനും സ്വിറ്റ്‌സര്‍ലാന്‍ഡിനും എതിരെ നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ്. റഷ്യൻ ലോകകപ്പിൽ ഇംഗ്ലണ്ട് നേടിയിരുന്ന അഞ്ച് താരങ്ങൾ ഇല്ലാതെയാണ് സൗത്ത്ഗേറ്റ് ടീം പ്രഖ്യാപിച്ചത്. ടീമിൽ ഇടം കണ്ടെത്താൻ കഴിയാത്തവരിൽ പ്രമുഖൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആഷ്‌ലി യങ് ആണ്.

അതെ സമയം ലോകകപ്പിനുള്ള ടീമിൽ ഇടം നേടാതെ പോയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലുക്ക് ഷോ ടീമിൽ ഇടം നേടിയിട്ടുണ്ട്. ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് ടീമിൽ നിന്ന് വിരമിച്ച ഗാരി കാഹിൽ, ജാമി വാർഡി എന്നിവർക്ക് പുറമെ പരിക്കേറ്റ ബേൺലി ഗോൾ കീപ്പർ നിക്ക് പോപ്പ്, ഫിൽ ജോൺസ് എന്നിവരാണ് ടീമിൽ ഇല്ലാത്തത്.

ലിവർപൂൾ താരങ്ങളായ ആദം ലാലാന, ജോ ഗോമസ്, ബേൺലി പ്രതിരോധ താരം ജെയിംസ് ടർകോസ്‌കി, സൗത്താംപ്ടൺ ഗോൾ കീപ്പർ അലക്സ് മകാർത്തി എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്.

Goalkeepers: Jack Butland, Alex McCarthy, Jordan Pickford

Defenders: Trent Alexander-Arnold, Joe Gomez, Harry Maguire, Danny Rose, Luke Shaw, John Stones, James Tarkowski, Kieran Trippier, Kyle Walker

Midfielders: Fabian Delph, Dele Alli, Eric Dier, Jordan Henderson, Adam Lallana, Jesse Lingard, Ruben Loftus-Cheek, Raheem Sterling

Forwards: Harry Kane, Marcus Rashford, Danny Welbeck

റൊണാൾഡോ റയലിൽ വരുത്തിയ ശൂന്യത ബെയ്ലിന് നികത്താനാവുമെന്ന് ഗിഗ്‌സ്

റൊണാൾഡോയുടെ യുവന്റസിലേക്കുള്ള ട്രാൻസ്ഫറോടെ റയൽ മാഡ്രിഡ് ആക്രമണ നിരയിൽ വന്ന ശൂന്യത ബെയ്ലിന് നികത്താനാവുമെന്ന് വെയിൽസ്‌ പരിശീലകനും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ ഗിഗ്‌സ്. 29കാരനായ ബെയ്ലിന് റൊണാൾഡോയുടെ അഭാവത്തിൽ റയലിന്റെ മുന്നോട്ട് നയിക്കാൻ സാധിക്കുമെന്നും ഗിഗ്‌സ് കൂട്ടിച്ചേർത്തു.

ഗാരെത് ബെയ്ൽ മികച്ച അനുഭവ സമ്പത്തുള്ള താരമാണെന്നും റയൽ മാഡ്രിഡിൽ വർഷങ്ങളായി തുടരുന്ന താരമായത്കൊണ്ട് റൊണാൾഡോയുടെ അഭാവം നികത്താൻ കഴിയുമെന്നും ഗിഗ്‌സ് പറഞ്ഞു. വലിയ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് ശീലമുള്ള ബെയ്ലിന് ഈ വർഷം റയൽ മാഡ്രിഡിന്റെ പ്രധാന താരമായി മാറാൻ കഴിയുമെന്നും ഗിഗ്‌സ് കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ തായ്‌ലൻഡിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങൾ തായ്‌ലൻഡിൽ നടക്കും. 21 ദിവസത്തോളം കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലൻഡിൽ പരിശീലനത്തിൽ ഏർപ്പെടും. സെപ്റ്റംബർ 1 മുതൽ 21 വരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തായ്‌ലൻഡ് പര്യടനം. കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലൻഡിൽ 5 പരിശീലന മത്സരങ്ങൾ കളിക്കും.

കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഘട്ട പരിശീലന മത്സരങ്ങൾ ആണ് ഇത്. നേരത്തെ കൊച്ചിയിൽ ലാ ലീഗ ടീമടക്കം പങ്കെടുത്ത പ്രീ സീസൺ ടൂർണമെന്റ് നടത്തിയിരുന്നു. 2016ലും പ്രീ സീസണ് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലൻഡിൽ പോയിരുന്നു. അന്ന് 3 മത്സരങ്ങൾ തായ്‌ലൻഡിൽ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടെണ്ണം ജയിക്കുകയും ഒരെണ്ണം സമനിലയിൽ അവസാനിക്കുകയും ചെയ്തിരുന്നു.

മുൻ ഫുൾഹാം താരം ക്ലിന്റ് ഡെംപ്സി വിരമിച്ചു

മുൻ ടോട്ടൻഹാമിന്റെയും ഫുൾഹാമിന്റെയും ഫോർവേഡ് ആയിരുന്ന അമേരിക്കൻ താരം ക്ലിന്റ് ഡെംപ്സി സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ചു. ദേശീയ ടീമിൽ നിന്നും ക്ലബ് ഫുട്ബോളിൽ നിന്നും താരം വിരമിക്കും.  തന്റെ 35മത്തെ വയസ്സിലാണ് തന്റെ 15 വർഷം നീണ്ട ഫുട്ബോൾ ജീവിതത്തിനു ഡെംപ്സി അവസാനം കുറിച്ചത്. മേജർ സോക്കർ ലീഗിൽ സീയാറ്റിൽ സൗണ്ടേഴ്സിന്റെ താരമായിരുന്നു ഡെംപ്സി.

പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ അമേരിക്കക്കാരൻ എന്ന റെക്കോർഡും ഡെംപ്സിയുടെ പേരിലാണ്. 57 ഗോളുകളാണ് ഡെംപ്സി പ്രീമിയർ ലീഗിൽ അടിച്ചത്. അമേരിക്കക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയവർടെ പട്ടികയിൽ ലങ്ടൺ ഡൊണോവനൊപ്പം ഒന്നാം സ്ഥാനത് ആണ് ഡെംപ്സി. ഇരുവരും 57 ഗോൾ വീതമാണ് അമേരിക്കക്ക് വേണ്ടി നേടിയത്.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകളെ ഇന്നറിയാം

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് നിർണയത്തിനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. മൊണാകോയിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. നാല് പോട്ടുകൾ ആക്കിയാണ് ടീമുകളെ തിരിച്ചിരിക്കുന്നത്. ഇതിൽ നിന്നാണ് ഓരോ ഗ്രൂപിലേക്കും ടീമിനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക.

32 ടീമുകളാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് അടക്കം പ്രമുഖ ടീമുകൾ എല്ലാം പോട്ട് 1ലാണ്. യൂറോപ്പിലെ മികച്ച ആറ് ലീഗുകളിലെ ചാമ്പ്യന്മാരും കഴിഞ്ഞ തവണത്തെ യൂറോപ്പ ലീഗ് വിജയികളായ അത്ലറ്റികോ മാഡ്രിഡുമാണ് പോട്ട് 1ലെ ബാക്കി ടീമുകൾ.

ഇത് പ്രകാരം സ്പെയിനിൽ നിന്നുള്ള മൂന്ന് ടീമുകൾ പോട്ട് 1ൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ ജേതാക്കളായ റയൽ മാഡ്രിഡ്, യൂറോപ്പ ലീഗ് ജേതാക്കളായ അത്ലറ്റികോ മാഡ്രിഡ്, ലാ ലീഗ ജേതാക്കളായ ബാഴ്‌സലോണ എന്നിവരാണ് പോട്ട് 1ൽ ഇടം പിടിച്ച സ്പാനിഷ് ടീമുകൾ. കഴിഞ്ഞ 5 സീസണിലെ യൂറോപ്യൻ ക്ലബ് ടൂർണമെന്റുകളിൽ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ബാക്കി 3 പോട്ടുകളിലെ ടീമുകളെ നിർണയിച്ചിരിക്കുന്നത്‌. പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി പോട്ട് 1ലും ടോട്ടൻഹാമും മാഞ്ചസ്റ്റർ യുണൈറ്റഡും പോട്ട് 2ലും ലിവർപൂൾ പോട്ട് 3ലുമാണ്.

സെപ്റ്റംബർ 18,19 തിയ്യതികളിലാണ് ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നടക്കുക. അവസാന ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഡിസംബർ 11,12 തിയ്യതികളിൽ നടക്കും. ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം അത്ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ വണ്ട മെട്രൊപോളിറ്റണോയിൽ വെച് ജൂൺ 1ന് നടക്കും. ഗ്രൂപ്പ് ഘട്ടത്തിൽ പോയിന്റ് നിലയിൽ ആദ്യ 2 സ്ഥാനത്ത് എത്തുന്ന 16 ടീമുകൾ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും.

ഈ ചടങ്ങിൽ തന്നെയാണ് യൂറോപ്പിലെ മികച്ച താരത്തെ കണ്ടെത്താനുള്ള അവാർഡും പ്രഖ്യാപിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലുക്കാ മോഡ്രിച്ചും മുഹമ്മദ് സലയുമാണ് അവാർഡിനായി രംഗത്തുള്ളത്.

 

 

എ.എഫ്.സി കപ്പിൽ നിന്ന് ബെംഗളൂരു എഫ് സി പുറത്ത്

എ.എഫ്.സി കപ്പ് ഇന്റർസോൺ സെമി ഫൈനലിൽ ബെംഗളൂരു എഫ് സിക്ക് തോൽവി. രണ്ടാം പാദ സെമി ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ബെംഗളൂരു എഫ് സിയെ തുർക്മെനിസ്ഥാൻ ക്ലബായ അൾട്ടിൻ അസീർ പരാജയപ്പെടുത്തിയത്.  ആദ്യ പാദം 2-3ന് പരാജയപ്പെട്ട ബെംഗളൂരു എഫ് സി ഫൈനലിൽ എത്താൻ 2-0 ജയം ആവശ്യമായിരുന്നു. എന്നാൽ  ഒരു പാദങ്ങളിലുമായി 5-2ന്റെ കനത്ത തോൽവിയാണു ബെംഗളൂരു എഫ് സി ഏറ്റുവാങ്ങിയത്.

മത്സരത്തിൽ ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതെ ബെംഗളൂരു എഫ് സി പിടിച്ചു നിന്നെങ്കിലും രണ്ടാം പകുതിയിൽ രണ്ടു ഗോൾ നേടി അൾട്ടിൻ അസീർ വിജയമുറപ്പിക്കുകയായിരുന്നു. അൾട്ടിൻ അസീറിനു വേണ്ടി അൾറ്റിമിററ്റ് അണ്ണാദുര്യേവും വഹിത് ഒരസ്ക്കദേവുമാണ് ഗോളുകൾ നേടിയത്.

ലാ ലീഗ ക്ലബ് സ്വന്തമാക്കാനൊരുങ്ങി റൊണാൾഡോ

ലാ ലീഗ ക്ലബ് വാങ്ങാനൊരുങ്ങി ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ. ഈ തവണ ലാ ലീഗയിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ട റയൽ വയ്യഡോലിഡ് എന്ന ക്ലബ്ബാണ് റൊണാൾഡോ വാങ്ങാൻ പോവുന്നത് എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റൊണാൾഡോ ക്ലബ്ബിന്റെ ഭൂരിപക്ഷ ഓഹരികളും വാങ്ങുമെന്നും ക്ലബ്ബിന്റെ പ്രസിഡന്റ് ആയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

30 മില്യൺ യൂറോ നൽകിയാണ് റൊണാൾഡോ ക്ലബ്ബിന്റെ ഓഹരികൾ വാങ്ങുന്നത്. നേരത്തെ മെക്സിക്കൻ വ്യവസായിയുമായി ക്ലബ് വിൽക്കാൻ ധാരണ ആയിരുന്നെകിലും അവസാനം നിമിഷം അത് മുടങ്ങി പോവുകയായിരുന്നു. ക്ലബ്ബിന്റെ വിൽപന പൂർത്തിയാവാൻ ഏകദേശം മൂന്ന് ആഴ്ചയോളം എടുക്കമെന്നാണ് കരുതപ്പെടുന്നത്.

നാല് ലോകകപ്പിന്റെ അനുഭവ സമ്പത്തുമായി മുൻ പ്രീമിയർ ലീഗ് താരം ജംഷഡ്‌പൂർ എഫ് സിയിൽ

മുൻ എവർട്ടൺ താരവും ഓസ്‌ട്രേലിയക്ക് വേണ്ടി റഷ്യൻ ലോകകപ്പിൽ ബൂട്ട് കെട്ടിയ ടിം കാഹിൽ ഈ സീസണിൽ ജംഷഡ്‌പൂർ എഫ് സിക്കായി പന്ത് തട്ടും. നാല് ലോകകപ്പിന്റെ അനുഭവ സമ്പത്തുമായാണ് കാഹിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തുന്നത്. കഴിഞ്ഞ തവണ ഐ.എസ്.എല്ലിൽ അഞ്ചാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ച ജംഷഡ്‌പൂർ ഇത്തവണ മികച്ച പ്രതീക്ഷയോടെയാണ് കളിക്കാനിറങ്ങുന്നത്. പ്രീ സീസൺ മത്സരങ്ങളുടെ ഭാഗമായി ജംഷഡ്‌പൂർ ഇപ്പോൾ സ്പെയിനിലാണ്.

പ്രീമിയർ ലീഗിൽ എട്ട് വർഷത്തോളം എവർട്ടണ് വേണ്ടി കളിച്ച താരമാണ് കാഹിൽ. എവർട്ടൺ വിട്ടതിനു ശേഷം അമേരിക്കയിലെ മേജർ സോക്കർ ലീഗിലും ചൈനീസ് ലീഗിലും സ്വന്തം നാട്ടിലെ എ ലീഗിലും കളിച്ച താരം കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് ചാംപ്യൻഷിപ് ക്ലബായ മിൽവാളിന്റെ താരമായിരുന്നു.

ഓസ്ട്രലിയൻ ടീമിന് വേണ്ടി ഏറ്റവും ഗോൾ നേടിയ താരമായ കാഹിൽ നാല് ലോകകപ്പുകളിൽ ഓസ്ട്രേലിയയെ പ്രധിനിധികരിച്ച് കളിച്ചിട്ടുണ്ട്. ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ താരമായ കാഹിൽ മൂന്ന് ലോകകപ്പുകളിൽ ഗോളും നേടിയിട്ടുണ്ട്. റഷ്യയിൽ നടന്ന ലോകകപ്പിന് ശേഷം കാഹിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിടവാങ്ങിയിരുന്നു.

 

 

റോമാ താരത്തെ ടീമിലെത്തിച്ച് മാഴ്സെ

റോമാ താരം കെവിൻ സ്ട്രൂട്ട്മാനെ ടീമിലെത്തിച്ച് ഫ്രഞ്ച് ക്ലബ് മാഴ്സെ. 23 മില്യൺ പൗണ്ടിനാണ് താരം റോമാ വിട്ട് മാഴ്സെയിൽ എത്തിയത്. 2013ലാണ് താരം പി.എസ്.വി ഐന്തോവനിൽ നിന്ന് റോമയിൽ എത്തുന്നത്. റോമക്കായി 130 മത്സരങ്ങൾ കളിച്ച താരം അവർക്ക് വേണ്ടി 13 ഗോളുകളൂം നേടിയിട്ടുണ്ട്.

5 വർഷത്തെ കരാറിലാണ് സ്ട്രൂട്ട്മാൻ  മാഴ്സെയിൽ എത്തുന്നത്. ഹാവിയർ പാസ്റ്റോറേയുടെയും സ്റ്റീവൻ എൻസോൻസിയുടെയും റോമയിലേക്കുള്ള വരവാണ് താരത്തെ ടീം വിടാൻ പ്രേരിപ്പിച്ചത്. നെതർലാൻഡിന് വേണ്ടി 40 മത്സരങ്ങൾ കളിച്ച സ്ട്രൂട്ട്മാൻ 3 ഗോളുകളും നേടിയിട്ടുണ്ട്.

യുവേഫയുടെ മികച്ച ഗോൾ റൊണാൾഡോയുടേത്‌ തന്നെ

ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തന്റെ ഇപ്പോഴത്തെ ക്ലബായ യുവന്റസിന് എതിരെ റൊണാൾഡോ നേടിയ ഓവർ ഹെഡ് കിക്ക്‌ ഗോൾ യുവേഫയുടെ സീസണിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുത്തു. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ മത്സരത്തിലായിരുന്നു ഈ ഗോൾ പിറന്നത്. ബാക്കിയുള്ള 10 മത്സരാർത്ഥികൾക്ക് ലഭിച്ച മൊത്തം വോട്ടിനേക്കാൾ കൂടുതൽ വോട്ട്  നേടിയാണ് റൊണാൾഡോ വിജയിയായത്. അന്ന് യുവന്റസിനെതിരെയുള്ള ഗോളിന് യുവന്റസ് ആരാധകർ വരെ എഴുന്നേറ്റു നിന്ന് കൈ അടിച്ചിരുന്നു.

മൊത്തം 346915 വോട്ടുകൾ രേഖപെടുത്തിയതിൽ നിന്നും 197496 വോട്ടുകൾ നേടിയാണ് റൊണാൾഡോ വിജയിയായത്. മഴ്സെ താരം ദിമിത്രി പയേറ്റിന്റെ ഗോളാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. യുവേഫ യൂറോപ്പ ലീഗിൽ ആർ.ബി ലെയ്പ്സിഗിനെതിരെയായിരുന്നു പയേറ്റിന്റെ ഗോൾ. 35 558 വോട്ടുകളാണ് പയേറ്റിന് ലഭിച്ചത്. മുൻ വർഷങ്ങളിൽ മൻസുകിച്ചും ലിയോണൽ മെസ്സിയുമാണ് മികച്ച ഗോളിനുള്ള അവാർഡ് നേടിയത്.

Exit mobile version