വെടികെട്ടുമായി അക്സർ പട്ടേൽ, കൂറ്റൻ ലീഡ് നേടിയ ഇന്ത്യ ഡിക്ലയർ ചെയ്തു

ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ ലീഡ് നേടിയ ഇന്ത്യ ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എടുത്തതിനു ശേഷമാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. ഡിക്ലയർ ചെയ്യുമ്പോൾ 26 പന്തിൽ നിന്ന് 41 റൺസ് എടുത്ത് അക്‌സർ പട്ടേൽ പുറത്താവാതെ നിന്നു.

മത്സരത്തിൽ 539 റൺസിന്റെ കൂറ്റൻ ലീഡ് സ്വന്തമാക്കിയതിന് ശേഷമാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. ടെസ്റ്റ് മത്സരം രണ്ട് ദിവസം ഇനിയും ശേഷിക്കെ ന്യൂസിലാൻഡ് തോൽവി ഒഴിവാക്കാൻ അത്ഭുതങ്ങൾ കാണിക്കേണ്ടി വരും. ഇന്ത്യക്ക് വേണ്ടി മായങ്ക് അഗർവാൾ(62), ചേതേശ്വർ പൂജാര (47), ശുഭ്മൻ ഗിൽ (47), വിരാട് കോഹ്‌ലി(36) എന്നിവർ മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്.

ന്യൂസിലാൻഡിനു വേണ്ടി ഒന്നാം ഇന്നിങ്സിൽ 10 വിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേൽ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് കൂടി വീഴ്ത്തി. കൂടാതെ രചിൻ രവീന്ദ്ര 3 വിക്കറ്റും വീഴ്ത്തി.

മായങ്ക് അഗർവാളിന് അർദ്ധ സെഞ്ച്വറി, 400 കടന്ന് ഇന്ത്യൻ ലീഡ്

ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യക്ക് കൂറ്റൻ ലീഡ്. രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 142 എന്ന നിലയിലാണ്. 17 റൺസുമായി ശുഭ്മൻ ഗില്ലും 11 റൺസുമായി ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ ഉള്ളത്. നിലവിൽ ഇന്ത്യക്ക് 405 റൺസിന്റെ ലീഡ് ആണ് ഉള്ളത്.

62 റൺസ് എടുത്ത മായങ്ക് അഗർവാളും 47 റൺസ് എടുത്ത ചേതേശ്വർ പൂജാരയും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 107 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരു താരങ്ങളും അജാസ് പട്ടേലിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. ഇന്നത്തെ ദിവസം അവസാനിക്കുന്നതിന് മുൻപ് മികച്ച ലീഡ് ഉണ്ടാക്കി ന്യൂസിലാൻഡിനെ ബാറ്റിങ്ങിന് അയക്കാനാവും ഇന്ത്യയുടെ ശ്രമം.

മറുപടി ഇല്ലാതെ ന്യൂസിലാൻഡ്, വമ്പൻ ലീഡുമായി ഇന്ത്യ

ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. ന്യൂസിലാൻഡിനെ ആദ്യ ഇന്നിങ്സിൽ വെറും 62 റൺസിന് പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 69 റൺസ് എടുത്തിട്ടുണ്ട്. 38 റൺസുമായി മായങ്ക് അഗർവാളും 29 റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ ഉള്ളത്. ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ ശുഭ്മൻ ഗില്ലിന് പകരമായാണ് ചേതേശ്വർ പൂജാര ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യാൻ ഇറങ്ങിയത്.

നിലവിൽ ഇന്ത്യക്ക് 332 റൺസിന്റെ ലീഡ് ആണ് ഉള്ളത്. ഇന്ത്യൻ ആധിപത്യം കണ്ട മത്സരത്തിൽ ന്യൂസിലാൻഡിനു അനുകൂലമായ ഒരു ഫലം ലഭിക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കേണ്ടി വരും. പത്ത് വിക്കറ്റ് വീഴ്ത്തി ചരിത്രം രചിച്ച അജാസ് പട്ടേലിന്റെ പ്രകടനം മാത്രമാണ് ഈ ടെസ്റ്റിൽ ന്യൂസിലാൻഡിന് ആശ്വസിക്കാൻ വകയായി ഉള്ളത്.

ബാഴ്‌സലോണയിൽ ചേരുന്നതിന് അടുത്ത് എത്തിയിരുന്നതായി ഡി മരിയ

ബാഴ്‌സലോണയിൽ ചേരുന്നതിന് അടുത്ത് താൻ എത്തിയിരുന്നതായി വെളിപ്പെടുത്തി പി.എസ്.ജിയുടെ അർജന്റീന താരം ഏഞ്ചൽ ഡി മരിയ. പി.എസ്.ജിയിൽ തന്റെ കരാർ അവസാനിക്കാൻ ഇരുന്ന സമയത്താണ് ബാഴ്‌സലോണയിൽ എത്തുന്നതിന് അടുത്ത് എത്തിയതായി ഡി മരിയ വെളിപ്പെടുത്തിയത്. എന്നാൽ ഡി മരിയ പി.എസ്.ജിയിൽ കരാർ പുതുക്കുകയായിരുന്നു.

മെസ്സിയുടെ കൂടെ കളിക്കാൻ വേണ്ടി മാത്രമാണ് താൻ ബാഴ്‌സലോണയിൽ എത്താൻ ശ്രമിച്ചതെന്നും എന്നാൽ മെസ്സി ബാഴ്‌സലോണ വിട്ടപ്പോൾ തനിക്ക് സന്തോഷമായെന്നും ഡി മരിയ പറഞ്ഞു. മെസ്സി പി.എസ്.ജിയിൽ എത്തിയത് തനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്നും മെസ്സിയുടെ കൂടെ കളിക്കുകയെന്നത് എപ്പോഴും തന്റെ സ്വപ്നമായിരുന്നെന്നും ഡി മരിയ പറഞ്ഞു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലാണ് ബാഴ്‌സലോണ വിട്ട് മെസ്സി പി.എസ്.ജിയിൽ എത്തിയത്.

ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തും, ടി20 പരമ്പര മാറ്റിവെച്ചു

പുതിയ കോവിഡ് വകബേധത്തെ തുടർന്ന് അനിശ്ചിതത്തിലായിരുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം നേരത്തെ തീരുമാനിച്ച പ്രകാരം നടക്കുമെന്ന് അറിയിച്ച് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. എന്നാൽ നേരത്തെ പരമ്പരയിൽ ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്ന ടി20 പരമ്പര മറ്റൊരു അവസരത്തിൽ നടക്കുമെന്നും ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത് പ്രകാരം മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും നേരത്തെ തീരുമാനിച്ച പ്രകാരം തന്നെ നടക്കും. നേരത്തെ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയിരുന്ന ഇന്ത്യൻ എ ടീം ദക്ഷിണാഫ്രിക്കയിൽ തന്നെ തുടർന്നിരുന്നു. അതെ സമയം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയിരുന്ന നെതർലൻഡ്സ് ടീം പരമ്പര പകുതിവെച്ച് ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചിരുന്നു.

വീണ്ടും ഗോൾ മഴ പെയ്യിച്ച് ഈസ്റ്റ് ബംഗാൾ – ഒഡിഷ മത്സരം, അവസാനം ജയം ഒഡിഷക്കൊപ്പം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോൾ മഴ പെയ്യിച്ച മത്സരത്തിൽ ഒഡിഷ എഫ്.സിക്ക് ജയം. ഈസ്റ്റ് ബംഗാളിനെയാണ് ഒഡിഷ എഫ്.സി നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപിച്ചത്. കഴിഞ്ഞ വർഷം ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും ഗോൾ മഴയായിരുന്നു ഫലം. മത്സരത്തിന്റെ തുടക്കത്തിൽ ഈസ്റ്റ് ബംഗാൾ ആണ്‌ ആദ്യം ഗോൾ നേടിയത്. സിഡോൾ ആണ് ഈസ്റ്റ് ബംഗാളിന് വേണ്ടി ഗോൾ നേടിയത്. എന്നാൽ അധികം വൈകാതെ ഒഡിഷ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. മത്സരത്തിന്റെ 33,40 മിനിറ്റുകളിൽ ഗോൾ നേടിയ ഹെക്ടർ റാമിറസ് ഒഡീഷയെ മത്സരത്തിൽ മുൻപിലെത്തിക്കുകയായിരുന്നു. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ഹാവിയർ ഹെർണാഡസിലൂടെ ഒഡിഷ സ്കോർ 3-1 ആക്കുകയും ചെയ്തു.

രണ്ടാം പകുതിയിലും ഗോളടി തുടർന്ന ഒഡിഷ മത്സരത്തിന്റെ 71മത്തെ മിനുറ്റിൽ അരിദായിലൂടെ നാലാമത്തെ ഗോൾ നേടിയതോടെ മത്സരം അവസാനിച്ചെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ തോംഗോസിംഗ് ഹാകിപ്പിലൂടെ ഈസ്റ്റ് ബംഗാൾ ഗോൾ മടക്കി സ്കോർ 4-2 ആക്കി. എന്നാൽ മത്സരത്തിൽ ഗോളടി നിർത്തില്ലെന്ന് ഉറപ്പിച്ച ഒഡിഷ എഫ്.സി വീണ്ടും ഈസ്റ്റ് ബംഗാൾ ഗോൾ വല കുലുക്കിയതോടെ സ്കോർ 5-2 ആയി. ഇത്തവണ ഇസാക് റാൾട്ടെയാണ്‌ ഒഡിഷക്ക് വേണ്ടി ഗോൾ നേടിയത്. തുടർന്ന് മിനിറ്റുകളുടെ വിത്യസത്തിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി 2 ഗോളുകൾ തിരിച്ചടിച്ച് ചുക്വു മത്സരത്തിന്റെ സ്കോർ 5-4 ആക്കിയെങ്കിലും അരിദായുടെ രണ്ടാമത്തെ ഗോളോടെ ഒഡിഷ 6-4ന് മത്സരത്തിൽ ജയം ഉറപ്പിക്കുകയായിരുന്നു.

ആഴ്‌സണലിനെതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡിനെ കാരിക്ക് പരിശീലിപ്പിക്കും

വ്യാഴാഴ്ച നടക്കുന്ന ആഴ്‌സണലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ താത്കാലിക പരിശീലകനായ കാരിക്ക് തന്നെ പരിശീലിപ്പിക്കും. മാഞ്ചസ്റ്റർ യൂണൈറ്റഡിൻന്റെ താത്കാലിക പരിശീലകനായി നിയമിക്കപ്പെട്ട റാൾഫ് റാൻഗ്‌നിക്കിന് വർക്ക് പെർമിറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് കാരിക്ക് തന്നെ ആഴ്‌സണലിനെതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാവുമെന്ന് ഉറപ്പായത്.

ഞായറഴ്ച നടക്കുന്ന ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിലാവും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി റാൻഗ്‌നിന്റെ ആദ്യ മത്സരം. നേരത്തെ ചെൽസിക്കെതിരെയും വില്ലറയലിനെതിരെയും കാരിക്ക് തന്നെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ. വില്ലറയലിനെതിരെ ജയം സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ സമനിലയിൽ തളക്കുകയും ചെയ്തിരുന്നു.

ദക്ഷിണാഫ്രിക്കൻ പരമ്പര ഇതുവരെ ഉപേക്ഷിച്ചിട്ടില്ലെന്ന് ബി.സി.സി.ഐ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പരമ്പര ഇതുവരെ ഉപേക്ഷിച്ചിട്ടില്ലെന്ന് അറിയിച്ച് ബി.സി.സി.ഐ. ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകബേധം കണ്ടതിനെ തുടർന്നാണ് പരമ്പര അനിശ്ചിതത്തിലായത്. എന്നാൽ ഇതുവരെ പരമ്പര ഉപേക്ഷിച്ചിട്ടില്ലെന്നും എന്നാൽ താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും ബി.സി.സി.ഐ ട്രെഷറർ അരുൺ ധുമാൽ വ്യക്തമാക്കി.

നിലവിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡുമായി ബി.സി.സി.ഐ നിരന്തരം ബന്ധപെടുന്നുണ്ടെന്നും എന്നാൽ പരമ്പരയുടെ കാര്യത്തിൽ ഇന്ത്യൻ ഗവണ്മെന്റിന്റെ തീരുമാനം ആണ് അന്തിമമെന്നും അരുൺ ധുമാൽ പറഞ്ഞു. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്താനാണ് ഇന്ത്യയുടെ പദ്ധതി. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ 3 ടെസ്റ്റ് മത്സരങ്ങളും 3 ഏകദിന മത്സരങ്ങളും 4 ടി20 മത്സരങ്ങളുമാണ് കളിക്കുക. ഡിസംബർ 17ന് ആരംഭിക്കുന്ന പരമ്പര ജനുവരി 26ന് അവസാനിക്കും.

“മെസ്സി ബാലൺ ഡി ഓർ പുരസ്‌കാരം അർഹിക്കുന്നില്ല, മെസ്സിയെക്കാൾ മികച്ചവൻ റൊണാൾഡോ”

പി.എസ്.ജി സൂപ്പർ താരം ലിയോണൽ മെസ്സി ബാലൺ ഡി ഓർ പുരസ്‌കാരം അർഹിക്കുന്നില്ലെന്ന് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ടോണി ക്രൂസ്. ഇത്തവണ മെസ്സിയെക്കാൾ മികച്ച പ്രകടനം റൊണാൾഡോ നടത്തിയിട്ടുണ്ടെന്നും ക്രൂസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മെസ്സി തന്റെ ഏഴാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത്.

കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച താരമാണ് റൊണാൾഡോയും മെസ്സിയും എന്നും എന്നാൽ ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്‌കാരം അർഹിക്കുന്നത് റയൽ മാഡ്രിഡ് താരം കരീം ബെൻസേമ ആണെന്നും ക്രൂസ് പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉള്ളതുകൊണ്ട് മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ ഇപ്പോഴും നിൽക്കുന്നതെന്നും പ്രകടനം നോക്കുമ്പോൾ മെസ്സിയെക്കാൾ മികച്ച പ്രകടനം റൊണാൾഡോ പുറത്തെടുത്തിട്ടുണ്ടെന്നും ക്രൂസ് പറഞ്ഞു. ലോകഫുട്ബോൾ കണ്ട ഏറ്റവും മികച്ച അഞ്ച് താരങ്ങളിൽ ഒരാളാണ് മെസ്സിയെന്നും എന്നാൽ ഈ വർഷത്തെ മികച്ച താരം മെസ്സിയല്ലെന്നും ക്രൂസ് പറഞ്ഞു.

മികച്ച പിച്ച് ഒരുക്കിയ ഗ്രൗണ്ട് സ്റ്റാഫിന് വലിയ തുക നൽകി രാഹുൽ ദ്രാവിഡ്

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഒന്നാം ടെസ്റ്റ് നടന്ന കാൺപൂരിലെ ഗ്രൗണ്ട് സ്റ്റാഫിന് വലിയ തുക നൽകി രാഹുൽ ദ്രാവിഡ്. 35000 രൂപയാണ് രാഹുൽ ദ്രാവിഡ് മികച്ച പിച്ച് ഒരുക്കിയതിന് പാരിതോഷികമായി നൽകിയത്. കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫായ ശിവ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീമിനാണ് രാഹുൽ ദ്രാവിഡ് പണം നൽകിയത്.

ആവേശകരമായ ആദ്യ ടെസ്റ്റിന്റെ അവസാന ദിവസം മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. അവസാന ദിവസം ഒരു ടെസ്റ്റിന്റെ മുഴുവൻ ആവേശവും കണ്ട മത്സരത്തിൽ ന്യൂസിലാൻഡ് വാലറ്റം ഇന്ത്യക്ക് ജയം നിഷേധിക്കുകയായിരുന്നു. അവസാന ദിവസം 284 റൺസ് വിജയലക്ഷ്യം വെച്ച് ഇറങ്ങി ന്യൂസിലാൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 165 എന്ന നിലയിൽ മത്സരം അവസാനിപ്പിക്കുകയിരുന്നു.

ന്യൂസിലാൻഡിന്റെ രാക്ഷനായി രവീന്ദ്ര, ഇന്ത്യ – ന്യൂസിലാൻഡ് ടെസ്റ്റ് സമനിലയിൽ

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ആവേശകരമായ മത്സരത്തിൽ ഇന്ത്യക്ക് മുൻപിൽ വന്മതിലായി നിന്ന അരങ്ങേറ്റക്കാരൻ രചിൻ രവീന്ദ്രയാണ് ന്യൂസിലാൻഡിനു സമനില നേടിക്കൊടുത്തത്. അവസാന വിക്കറ്റിൽ 52 പന്തുകൾ നേരിട്ടാണ് രചിൻ രവീന്ദ്ര – അജാസ് പട്ടേൽ സഖ്യമാണ് ഇന്ത്യയുടെ ജയം തടഞ്ഞത്. 284 റൺസ് ലക്‌ഷ്യംവെച്ച് ഇറങ്ങിയ ന്യൂസിലാൻഡ് മത്സരം അവസാനിക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് എടുത്തത്.

ന്യൂസിലാൻഡ് നിരയിൽ അർദ്ധ സെഞ്ച്വറി നേടിയ ടോം ലതാം മാത്രമാണ് പിടിച്ചു നിന്നത്. വില്യം സോമർവില്ലെ 36 റൺസും കെയ്ൻ വില്യംസൺ 24 റൺസ് എടുത്തും പുറത്തായി. 91 പന്തിൽ 18 റൺസ് എടുത്ത് പുറത്താവാതെ നിന്ന രചിൻ രവീന്ദ്രയും 23 പന്തിൽ പുറത്താവാതെ 2 റൺസ് എടുത്ത അജാസ് പട്ടേലുമാണ് ന്യൂസിലാൻഡിനു സമനില നേടിക്കൊടുത്തത്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ 4 വിക്കറ്റും അശ്വിൻ 3 വിക്കറ്റും വീഴ്ത്തി.

ഫിഫ ക്ലബ് ലോകകപ്പ് തിയ്യതികളായി

ഫിഫ ക്ലബ് ലോകകപ്പിനുള്ള തിയ്യതികൾ പ്രഖ്യാപിച്ച് ഫിഫ. യുണൈറ്റഡ് അറബ് എമിറേറ്റിസിൽ നടക്കുന്ന ക്ലബ് ലോകകപ്പ് ഫെബ്രുവരി 3 മുതൽ 12 വരെയാണ് നടക്കുക. ഓരോ കോൺഫെഡറേഷന്റെയും കോണ്ടിനെന്റൽ കപ്പിലെ വിജയികളാവും ടൂർണമെന്റിൽ പങ്കെടുക്കുക. കൂടാതെ ആതിഥേയരായ യു.എ.ഇയിലെ ലീഗ് ചാമ്പ്യന്മാരായ അൽ ജസീറയും ടൂർണമെന്റിൽ മത്സരിക്കും. 8 മത്സരങ്ങളാവും ഫിഫ ക്ലബ് ലോകകപ്പിൽ ഉണ്ടാവുക.

ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി, എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ അൽ ഹിലാൽ,CAF ചാമ്പ്യൻസ് ലീഗ് ജേതാക്കളായ അൽ അഹ്‍ലി, CONCACAF ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മോന്റെററി, OFC പ്രതിനിധികളായ ഓക്‌ലാൻഡ് സിറ്റി, CONMEBOL കോപ്പ ലിബെർട്ടഡോറസ് ജേതാക്കളായ പൽമെയ്‌റസ്, ആതിഥേയരായ യു.എ.ഇയിലെ പ്രൊ ലീഗ് ജേതാക്കളായ അൽ ജസീറ എന്നിവരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ.

യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയും CONMEBOL ജേതാക്കളായ പൽമെയ്‌റസും നേരിട്ട് സെമി ഫൈനൽ യോഗ്യത നേടും.

Exit mobile version