ടി20യിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരങ്ങളായി വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും

2019ലെ ഇന്ത്യയുടെ അവസാന ടി20 മത്സരവും കഴിഞ്ഞപ്പോൾ ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരങ്ങളായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും. ഇരു താരങ്ങളും നിലവിൽ ടി20യിൽ 2633 റൺസാണ് എടുത്തത്. ഇന്നലെ മത്സരം തുടങ്ങുമ്പോൾ രോഹിത് ശർമ്മയെക്കാൾ ഒരു റൺസ് അധികമായിരുന്നു വിരാട് കോഹ്‌ലിക്ക് ഉണ്ടായിരുന്നത്. എന്നാൽ വെസ്റ്റിൻഡീസിനെതിരായ ടി20യിൽ രോഹിത് ശർമ്മ 71 റൺസും വിരാട് കോഹ്‌ലി 70 റൺസും എടുത്തതോടെയാണ് ടി20 റൺ പട്ടികയിൽ ഇരു താരങ്ങളും ഒരേ സ്‌കോറിൽ എത്തിയത്.

75 മത്സരങ്ങളിൽ നിന്ന് 52.66 ആവറേജോടെയാണ് വിരാട് കോഹ്‌ലി 2633 റൺസ് നേടിയത്. അതെ സമയം 104 മത്സരങ്ങളിൽ നിന്ന് 32.10 ആവറേജോടെയാണ് രോഹിത് ശർമ്മ 2633 റൺസ് സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ റൺസ് എടുത്തവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് ന്യൂസിലാൻഡ് താരം മാർട്ടിൻ ഗുപ്റ്റിൽ ആണ്. 2436 റൺസാണ് ടി20യിൽ മാർട്ടിൻ ഗുപ്റ്റിലിന്റെ സമ്പാദ്യം. നിർണ്ണായക മത്സരത്തിൽ രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും കെ.എൽ രാഹുലിന്റെയും മികവിൽ ഇന്ത്യ 67 റൺസിന് വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് 2-1ന് പരമ്പര സ്വന്തമാക്കിയിരുന്നു.

ലോകകപ്പ് കിരീടം നേടാൻ ഇന്ത്യ ഫീൽഡിങ് മെച്ചപ്പെടുത്തണമെന്ന് സുനിൽ ഗാവസ്‌കർ

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 കിരീടം ഇന്ത്യ നേടണമെങ്കിൽ ഇന്ത്യയുടെ ഫീൽഡിങ് ഇനിയും മെച്ചപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഫീൽഡിങ് ഒരു പ്രധാന ഘടകമാണെന്നും ഫീൽഡിങ്ങിൽ റൺസ് സേവ് ചെയ്യുമ്പോൾ എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ കഴിയുമെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു.

അതെ സമയം ആദ്യം ബാറ്റ് ചെയ്ത് എതിർ ടീമിനെ പ്രതിരോധിക്കുന്നതിൽ ഇന്ത്യ മാത്രമല്ല മറ്റു ടീമുകളും മികച്ചതല്ലെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു. ഇന്ത്യക്കെതിരായ ആദ്യ ടി20യിൽ 200ന് മുകളിൽ വെസ്റ്റിൻഡീസ് നേടിയിട്ടും പരാജയപ്പെട്ടത് സുനിൽ ഗാവസ്‌കർ ഓർമിപ്പിച്ചു. രണ്ടാമത് ബൗൾ ചെയ്യുമ്പോൾ മഞ്ഞ് കാരണം ബൗൾ ചെയ്യാനും ഫീൽഡ് ചെയ്യാനുമുള്ള ബുദ്ധിമുട്ടും സുനിൽ ഗാവസ്‌കർ എടുത്തുപറഞ്ഞു.

വെസ്റ്റിൻഡീസിനെതിരായ ആദ്യ രണ്ട് ടി20യിൽ മോശം ഫീൽഡിങ്ങിന്റെ പേരിൽ ഇന്ത്യൻ താരങ്ങൾ വിമർശനങ്ങൾക്ക് വിധേയരായിരുന്നു. മത്സരം ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്നെ ഇന്ത്യയുടെ മോശം ഫീൽഡിങ്ങിനെ വിമർശിച്ചിരുന്നു. മോശം ഫീൽഡിങ് ആണെങ്കിൽ എത്ര റൺസ് എടുത്തിട്ടും കാര്യമില്ലെന്നാണ് വിരാട് കോഹ്‌ലി പറഞ്ഞത്.

ഡൽഹിയെ എറിഞ്ഞു വീഴ്ത്തി കേരളം, കൂറ്റൻ ലീഡും സ്വന്തം

ഡൽഹിക്കെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് കൂറ്റൻ ലീഡ്. ഡൽഹിയെ 142 റൺസിന് കേരള ബൗളർമാർ ഓൾ ഔട്ട് ആക്കിയ കേരളം ആദ്യ ഇന്നിങ്സിൽ 383റൺസിന്റെ ലീഡ് സ്വന്തമാക്കുകയായിരുന്നു. ഡൽഹിയെ ഫോളോ ഓൺ ചെയ്യിച്ച് വിജയം സ്വന്തമാക്കാനാണ് കേരളത്തിന്റെ ശ്രമം. ഡൽഹി നിരയിൽ 25 റൺസ് വീതം എടുത്ത നവദീപ് സെയ്നിയും നിതീഷ് റാണയുമാണ് ടോപ് സ്കോറർമാർ.

കേരളത്തിന് വേണ്ടി 6 വിക്കറ്റ് നേടിയ ജലജ് സക്‌സേനയുടെ പ്രകടനമാണ് ഡൽഹിയെ ചെറിയ സ്‌കോറിൽ ഒതുക്കുന്നതിന് സഹായിച്ചത്. കേരളത്തിന് വേണ്ടി സിജോമോൻ ജോസഫ് രണ്ട് വിക്കറ്റും സന്ദീപ് വാര്യരും മോനിഷും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിങ്സിൽ കേരളം 9 വിക്കറ്റ് നഷ്ടത്തിൽ 525 റൺസ് എടുത്തിരുന്നു.

ബംഗ്ലാദേശിനെ പിങ്ക് ബോൾ ടെസ്റ്റിന് ക്ഷണിച്ച് പാകിസ്ഥാൻ

ഐ.സി.സി ലോക ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ബംഗ്ളദേശിനെ പിങ്ക് ബോൾ ടെസ്റ്റിന് ക്ഷണിച്ച് പാകിസ്ഥാൻ. നേരത്തെ തന്നെ ജനുവരിയിൽ പാകിസ്ഥാനിൽ വെച്ച് രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കളിക്കാൻ ബംഗ്ളദേശ് തീരുമാനിച്ചിരുന്നു. ഇതിലെ ഒരു മത്സരം ഡേ നൈറ്റ് മത്സരമായി കളിക്കാനാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ശ്രമം.

പരമ്പര നടത്തുന്നതിന് വേണ്ടി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡിനെ സമീപിച്ചിട്ടുണ്ടെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ വാസിം ഖാൻ പറഞ്ഞു. ഡേ നൈറ്റ് ടെസ്റ്റ് കളിക്കുന്നതിന് വേണ്ടി ബംഗ്ളദേശ് തങ്ങളുടെ ഗവണ്മെന്റിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണ്. ഒരു ആഴ്ചക്കുള്ളിൽ ഇതിൽ ഒരു തീരുമാനം ഉണ്ടാവുമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്.

പാകിസ്ഥാൻ ഇതുവരെ ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല. അതെ സമയം കഴിഞ്ഞ മാസം ഇന്ത്യക്കെതിരെയുള്ള പരമ്പരയിൽ ബംഗ്ലാദേശ് കൊൽക്കത്തയിൽ വെച്ച് ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിച്ചിരുന്നു.

ദി ഹൺഡ്രഡ് ഫൈനൽ ലോർഡ്‌സിൽ വെച്ച് നടക്കും

ഇംഗ്ലണ്ടിൽ അടുത്ത വർഷം ആരംഭിക്കുന്ന പ്രഥമ ദി ഹൺഡ്രഡ് ടൂർണമെന്റിന്റെ ഫൈനൽ ലോർഡ്‌സിൽ വെച്ച് നടക്കുമെന്ന് ഇംഗ്ലണ്ട് & വെയിൽസ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. പരുഷന്മാരുടെ ഫൈനൽ ആണ് ലോർഡ്‌സിൽ വെച്ച് നടക്കുക. ഓഗസ്റ്റ് 15നാണ് ഫൈനൽ പോരാട്ടം. അതെ സമയം വനിതകളുടെ ദി ഹൺഡ്രഡ് ഫൈനൽ സസക്സിലെ ഹോവിൽ വെച്ച് നടക്കും. വനിതകളുടെ ഫൈനൽ ഓഗസ്റ്റ് 14നാണ് നടക്കുക.

അടുത്ത വർഷം ജൂലൈ 17ന് നടക്കുന്ന ഓവൽ ഇൻവിസിബിൾസ് – വെൽഷ് ഫയർ പോരാട്ടത്തോടെ ദി ഹൺഡ്രഡ് ടൂർണമെന്റിന് തുടക്കമാവും. 8 വേദികളിലായാണ് ദി ഹൺഡ്രഡ് പോരാട്ടം നടക്കുക. വനിതകളുടെ മത്സരം ജൂലൈ 22നാണ് തുടങ്ങുക.

സഞ്ജു സാംസണ് നിരാശ, മായങ്ക് അഗർവാൾ ശിഖർ ധവാന് പകരക്കാരനാവും

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ നിന്ന് പരിക്ക് മൂലം പുറത്തുപോയ ശിഖർ ധവാന് പകരം മായങ്ക് അഗർവാൾ കളിക്കുമെന്ന് റിപ്പോർട്ടുകൾ. ഇതോടെ ടി20 പരമ്പരയിൽ ശിഖർ ധവാന് പകരക്കാരനായി അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണ് ഇതോടെ ഏകദിന ടീമിൽ അവസരം ലഭിക്കാനുള്ള സാധ്യത കുറഞ്ഞു. വെസ്റ്റിൻഡീസിനെതിരെ ഇതുവരെ നടന്ന രണ്ട് ടി20 മത്സരങ്ങളിലും സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നില്ല.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഓപണർ എന്ന നിലയിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് മായങ്ക് അഗർവാളിന് ഏകദിനത്തിൽ അവസരം ലഭിക്കാൻ കാരണം. സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ മഹാരാഷ്ട്രക്കെതിരെ കളിക്കുമ്പോഴാണ് ശിഖർ ധവാന്റെ കാൽ മുട്ടിന് പരിക്കേറ്റത്. താരത്തിന്റെ പരിക്ക് പെട്ടെന്ന് മാറുമെന്ന് കരുതിയെങ്കിലും ഏകദിന പരമ്പരക്ക് താരം ഉണ്ടാവില്ലെന്ന് അറിയിക്കുകയായിരുന്നു.  ഡിസംബർ 15ന് തുടങ്ങുന്ന ഏകദിന പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ വെസ്റ്റിൻഡീസിനെതിരെ കളിക്കുന്നത്.

ബാഴ്‌സലോണയോട് തോറ്റ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്

നിർണ്ണായക മത്സരത്തിൽ ബാഴ്‌സലോണയോട് തൊറ്റ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്റർ മിലാൻ ബാഴ്‌സലോണയോട് തോറ്റ് പുറത്തായത്. മത്സരത്തിൽ മൂന്ന് തവണ ഇന്റർ മിലാൻ ഗോൾ നേടിയെങ്കിലും മൂന്ന് തവണയും ഓഫ് സൈഡ് ആയത് അവർക്ക് തിരിച്ചടിയായി.

രണ്ടാം നിര ടീമുമായി ഇറങ്ങിയ ബാഴ്‌സലോണയാണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. ഇരുപത്തിമൂന്നാം മിനുറ്റിൽ കാൾസ് പെരസ് ആണ് ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ലുകാകുവിലൂടെ ഇന്റർ മിലാൻ മത്സരത്തിൽ സമനില പിടിച്ചു. എന്നാൽ പകരക്കാരനായി ഇറങ്ങിയ യുവ താരം അൻസു ഫാത്തിയുടെ ഗോളിൽ ബാഴ്‌സലോണ ജയം ഉറപ്പിക്കുകയായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്ലാവിയ പ്രാഗിനെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗിന്റെ അടുത്ത റൗണ്ടിൽ എത്തി. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ്

അവസാന ടി20യിൽ വെസ്റ്റിൻഡീസ് നിരയിൽ ഫാബിയൻ അലൻ ഇല്ല

ഇന്ത്യക്കെതിരായ നിർണ്ണായകമായ മൂന്നാം ടി20യിൽ ഓൾ റൗണ്ടർ ഫാബിയൻ അലൻ കളിക്കില്ല. പരിശീലകൻ ഫിൽ സിമ്മൺസ് ആണ് താരം കളിക്കില്ലെന്ന് വ്യക്തമാക്കിയത്. പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാൻ താരത്തിന് കഴിയാതിരുന്നതോടെയാണ് താരത്തിന് മുംബൈയിൽ  നടക്കുന്ന അവസാന ടി20യിൽ പങ്കെടുക്കാൻ കഴിയാതെ പോയത്.

നേരത്തെ ഇന്ത്യയുമായുള്ള ആദ്യ രണ്ട് ടി20 യിലും ഫാബിയൻ അലൻ കളിച്ചിരുന്നില്ല. ലക്‌നൗവിൽ അഫ്ഗാനിസ്ഥാനെതിരെ കളിക്കുന്നതിനിടെയാണ് ഫാബിയൻ അലന് പരിക്കേറ്റത്. തുടർന്ന് ഇന്ത്യയുമായുള്ള മത്സരങ്ങൾക്ക് മുൻപ് തന്നെ പരിക്ക് മാറുമെന്ന് കരുതിയാണ് വെസ്റ്റിൻഡീസ് താരത്തെ ടീമിൽ എത്തിച്ചത്. എന്നാൽ താരത്തിന് ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയാതെ പോയതോടെ താരത്തിന് ഇന്ത്യയുമായുള്ള ടി20 പരമ്പരയിലെ എല്ലാ മത്സരങ്ങളും നഷ്ട്ടപെടുകയായിരുന്നു.

നാളെയാണ് മുംബൈയിൽ വെച്ച് ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള അവസാന ടി20 മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പര 1-1ന് സമനിലയിലാണ്.

ന്യൂസിലാൻഡ് പരമ്പരയിലേക്ക് താൻ തിരിച്ചെത്തുമെന്ന് ഹർദിക് ഹർദിക് പാണ്ഡ്യ

പരിക്കിനെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യ താൻ ഉടൻ തന്നെ കളത്തിലേക്ക് തിരിച്ചുവരുമെന്ന് അറിയിച്ചു. ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിനിടക്ക് താൻ പരിക്ക് മാറി ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് താരം അറിയിച്ചു. ജനുവരി അവസാന വാരത്തിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള പരമ്പര തുടങ്ങുന്നത്.

ന്യൂസിലാൻഡ് പരമ്പരക്ക് ശേഷം ഐ.പി.എല്ലിലും തുടർന്ന് ഇന്ത്യക്ക് വേണ്ടി ടി20 ലോകകപ്പിലും കളിക്കാനാണ് തന്റെ ശ്രമമെന്നും പാണ്ഡ്യാ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരെ ടി20 പരമ്പരയിലാണ് പാണ്ഡ്യാ ഇന്ത്യക്ക് വേണ്ടി അവസാനമായി കളിച്ചത്. തുടർന്നാണ് താരം കുറെ കാലമായി പിന്തുടരുന്ന പുറം വേദനക്ക് ഇംഗ്ലണ്ടിൽ വെച്ച് സർജറിക്ക് വിധേയനായത്. സർജറിക്ക് ശേഷം കാര്യങ്ങൾ എല്ലാം നന്നായി പോകുന്നുവെന്ന് പറഞ്ഞ പാണ്ഡ്യാ സർജറി ഒഴിവാക്കാൻ ഒരുപാട് ശ്രമം നടത്തിയിരുന്നതായും പറഞ്ഞു.

ഐ.പി.എല്ലിന് ശേഷം ഇന്ത്യൻ ടീമിൽ കളിക്കുമോ എന്നത് ധോണി സ്വയം തീരുമാനിക്കുമെന്ന് രവി ശാസ്ത്രി

2020ലെ ഐ.പി.എല്ലിന് ശേഷം ഇന്ത്യൻ ടീമിൽ കളിക്കണമെന്നോ വേണ്ടയോ എന്നത് ധോണി സ്വയം തീരുമാനിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. ധോണി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ആണെന്നും അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിന് താൻ യോഗ്യനാണെന്ന് ധോണിക്ക് ഐ.പി.എല്ലിന് ശേഷം തോന്നിയാൽ താരം ഇന്ത്യൻ ടീമിൽ ഉണ്ടാവുമെന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

ക്രിക്കറ്റിൽ നിന്ന് ഒരു വിശ്രമം ആവശ്യമായത്കൊണ്ടാണ് ധോണി ഇന്ത്യൻ ടീമിൽ നിന്ന് ലോകകപ്പിന് ശേഷം വിട്ടുനിന്നതെന്നും രവി ശാസ്ത്രി പറഞ്ഞു. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ സെമി ഫൈനലിൽ തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ധോണി ഇതുവരെ ക്രിക്കറ്റിൽ തിരിച്ചെത്തിയിട്ടില്ല. ധോണിയുടെ വിരമിക്കലിനെ പറ്റി ഒരുപാട് ഊഹാപോഹങ്ങൾ ഉണ്ടെങ്കിലും താരം ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്ന് തന്നെയാണ് രവി ശാസ്ത്രി നൽകുന്ന സൂചനകൾ.

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ നിന്നും ശിഖർ ധവാൻ പുറത്ത്

ടി20 പരമ്പരക്ക് ശേഷം നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ നിന്നും ഇന്ത്യൻ ഓപണർ ശിഖർ ധവാൻ പുറത്തെന്ന് സൂചനകൾ. പരിക്ക് മാറി പൂർണമായും ഫിറ്റ് ആവാൻ താരത്തിന് ഇനിയും സമയം വേണം എന്നതാണ് താരത്തിന് തിരിച്ചടിയായത്. കാൽ മുട്ടിനേറ്റ പരിക്കാണ് താരത്തെ പരമ്പരയിൽ നിന്ന് പുറത്താക്കിയത്. സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ മഹാരാഷ്ട്രക്കെതിരെ കളിക്കുമ്പോഴാണ് ശിഖർ ധവാന് പരിക്കേറ്റത്.

നേരത്തെ ടി20 പരമ്പരക്കും ഏകദിന പരമ്പരക്കുമുള്ള ടീമിൽ ധവാനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പരിക്കേറ്റതോടെ താരത്തിന് പകരമായി കേരള താരം സഞ്ജു സാംസണ് അവസരം ലഭിക്കുകയായിരുന്നു. ഡിസംബർ 15ന് തുടങ്ങുന്ന ഏകദിന പരമ്പരക്ക് മുൻപ് താരത്തിന് പകരക്കാരനെ ബി.സി.സി.ഐ പ്രഖ്യാപിക്കും. ടി20യിൽ ശിഖർ ധവാന് പകരം ടീമിൽ ഇടം നേടിയ സഞ്ജു സാംസൺ ധവാന്റെ പകരക്കാരനാവാൻ സാധ്യതയുണ്ട്. സഞ്ജു സാംസണെ കൂടാതെ ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ എന്നിവരും ശിഖർ ധവാന്റെ പകരക്കാരാവാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിലുണ്ട്.

ചെൽസി നിരയിൽ റുഡിഗർ തിരിച്ചെത്തി, ടോമോറി പുറത്ത്

ചാമ്പ്യൻസ് ലീഗിന്റെ നിർണ്ണായക മത്സരത്തിൽ ലില്ലെയെ നേരിടാൻ ചെൽസി നിരയിൽ പരിക്ക് മാറി റുഡിഗർ തിരിച്ചെത്തും. പ്രതിരോധ നിരയെ കുറിച്ച് പഴി കേൾക്കുന്ന ചെൽസിക്ക് താരത്തിന്റെ തിരിച്ചുവരവ് ആശ്വാസമാണ്. അതെ സമയം താരം ആദ്യ ഇലവനിൽ ഉണ്ടാവുമെന്ന് ഉറപ്പില്ല. ചാമ്പ്യൻസ് ലീഗിൽ അടുത്ത റൗണ്ട് ഉറപ്പിക്കാൻ നാളെ ലില്ലെക്കെതിരെയുള്ള മത്സരം നിർണ്ണായകമാണ്.

കഴിഞ്ഞ സെപ്റ്റംബറിലേറ്റ പരിക്കിന് ശേഷം റുഡിഗർ ചെൽസിക്ക് വേണ്ടി കളിച്ചിരുന്നില്ല. അതെ സമയം മറ്റൊരു പ്രതിരോധ താരം ഫികയോ ടോമോറി ലില്ലെക്കെതിരെ ഉണ്ടാവില്ലെന്ന് പരിശീലകൻ ഫ്രാങ്ക് ലമ്പാർഡ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഏവർട്ടണെതീരെ ടോമോറി പകരക്കാരുടെ ബെഞ്ചിലായിരുന്നു. കഴിഞ്ഞ ദിവസം എവർട്ടണെതിരെ നടന്ന മത്സരത്തിൽ ചെൽസി 3-1ന് തോറ്റിരുന്നു.

Exit mobile version