കൊൽക്കത്തക്കെതിരെ വിമർശനവുമായി ഗൗതം ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ അടുത്ത സീസണിലേക്കുള്ള ലേലം അവസാനിച്ചതിന് പിന്നാലെ തന്റെ മുൻ ടീമായ കൊൽക്കത്തക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ രംഗത്ത്. കൊൽക്കത്ത മികച്ച താരങ്ങളെ സ്വന്തമാക്കിയെങ്കിലും എന്തെങ്കിലും ഒരു മികച്ച താരത്തിന് പരിക്കേറ്റാൽ പകരം കളിപ്പിക്കാൻ കൊൽക്കത്ത ആരെയും സ്വന്തമാക്കിയില്ലെന്ന് ഗംഭീർ വിമർശിച്ചു. കൊൽക്കത്ത താരങ്ങളായ ആന്ദ്രേ റസ്സൽ, ഓയിൻ മോർഗൻ, സുനിൽ നരേൻ എന്നിവർക്ക് പകരക്കാരില്ലെന്നും ഗംഭീർ പറഞ്ഞു. മിച്ചൽ മാർഷിനെ പോലെയോ മർകസ് സ്റ്റോയിനിസിനെ പോലെയോ ഒരു താരത്തെ കൊൽക്കത്ത സ്വന്തമാക്കണമായിരുന്നെന്നും ഗംഭീർ പറഞ്ഞു.

അതെ സമയം ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാട്ട് കമ്മിൻസിനെ സ്വന്തമാക്കിയത് നല്ലതാണെന്നും മികച്ച വേഗതയിലും സിങ്ങിലും പന്ത് എറിയുന്നത്കൊണ്ട് തുടക്കത്തിൽ വിക്കറ്റുകൾ കണ്ടെത്താൻ കമ്മിൻസിന് കഴിയുമെന്നും ഗംഭീർ പറഞ്ഞു.  താരം എല്ലാ മത്സരവും കളിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വലിയ തുക നൽകി താരത്തെ സ്വന്തമാക്കിയത്കൊണ്ട് തന്നെ താരം ഒറ്റക്ക് 3-4 മത്സരങ്ങൾ ഒറ്റക്ക് ജയിപ്പിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഗംഭീർ പറഞ്ഞു.

ഓൾഡ് ഈസ് ഗോൾഡ്, 48കാരൻ പ്രവീൺ തംബെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ

ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ ഉണ്ടായിരുന്ന ഏറ്റവും പ്രായം കൂടിയ താരമായ പ്രവീൺ തംബെയെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്.  അടിസ്ഥാന വിലയായ 20 ലക്ഷം മുടക്കിയാണ് കൊൽക്കത്ത 48കാരനായ പ്രവീൺ തംബെയെ സ്വന്തമാക്കിയത്. ഒരുപാട് യുവതാരങ്ങൾ ലേലത്തിൽ ആരും വാങ്ങാതെ പോയ സമയത്താണ് 48കാരനായ പ്രവീൺ തംബെയെ കൊൽക്കത്ത സ്വന്തമാക്കിയത്.

നേരത്തെ രാജസ്ഥാൻ റോയൽസിന് വേണ്ടിയും ഗുജറാത്ത് ലയൺസിന് വേണ്ടിയും കളിച്ച താരമാണ് പ്രവീൺ തംബെ. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച ഏറ്റവും പ്രായം കൂടിയ താരം കൂടിയാണ് പ്രവീൺ തംബെ. 2013ൽ തന്റെ 41മത്തെ വയസ്സിലാണ് പ്രവീൺ തംബെ ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം നടത്തിയത്. അന്ന് ഡൽഹി ഡെയർഡെവിൾസിനെതിരെ കളിച്ചുകൊണ്ടാണ് പ്രവീൺ തംബെ അരങ്ങേറ്റം നടത്തിയത്.

ഡെയ്ൽ സ്‌റ്റെയ്‌നിന്റെ രക്ഷക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്‌റ്റെയ്‌നിന്റെ രക്ഷക്കെത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഇന്ന് നടന്ന ലേലത്തിൽ ആദ്യ രണ്ടു റൗണ്ടുകളിൽ താരത്തെ ആരും സ്വന്തമാക്കിയിരുന്നില്ല. തുടർന്ന് അടിസ്ഥാന വിലയായ 2 കോടി നൽകി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരത്തെ സ്വന്തമാക്കുകയായിരുന്നു. ഐ.പി.എല്ലിൽ മൊത്തം 92 മത്സരങ്ങൾ കളിച്ച സ്റ്റെയ്ൻ 96 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

ഡെയ്ൽ സ്‌റ്റെയ്‌നിന്റെ ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ് കൂടിയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. കഴിഞ്ഞ സീസണിൽ താരത്തിനെ ലേലത്തിൽ ആരും സ്വന്തമാക്കിയിരുന്നില്ല. തുടർന്ന് പരിക്കേറ്റ നാഥാൻ കൗൾട്ടർ നൈലിന് പകരം താരത്തെ ബാംഗ്ലൂർ സ്വന്തമാക്കിയെങ്കിലും പരിക്കിനെ തുടർന്ന് രണ്ട് മത്സരങ്ങൾക്ക് ശേഷം താരം ടീം വിട്ടിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് 4 വിക്കറ്റ് വീഴ്ത്തി മികച്ച ഫോമിൽ ഇരിക്കെയാണ് താരത്തിന് പരിക്കേറ്റ് പുറത്തുപോയത്. തുടർന്ന് ലോകകപ്പിൽ നിന്നും പരിക്ക് മൂലം താരം പുറത്തുപോയിരുന്നു.

 

ദീപക് ഹൂഡ പഞ്ചാബിലേക്ക്, വരുൺ ചക്രവർത്തി കൊൽക്കത്തയിലേക്ക്

കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന ദീപക് ഹൂഡയെ  സ്വന്തമാക്കി കിങ്‌സ് ഇലവൻ പഞ്ചാബ്. 50 ലക്ഷം രൂപ മുടക്കിയാണ് താരത്തെ കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത്. 40 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ സ്വന്തമാക്കാൻ 45 ലക്ഷം രൂപ പറഞ്ഞ് ഡൽഹി സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും 50 ലക്ഷം രൂപക്ക് താരം പഞ്ചാബിൽ എത്തുകയായിരുന്നു.

കഴിഞ്ഞ സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ താരമായിരുന്ന വരുൺ ചക്രവർത്തിയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് സ്വന്തമാക്കിയത്. അടിസ്ഥാന വില 40 ലക്ഷമുണ്ടായിരുന്ന താരത്തെ 4 കോടി മുടക്കിയാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. താരത്തെ സ്വന്തമാക്കാൻ റോയൽ ചല്ലഞ്ചേഴ്‌സ് ബാംഗ്ലൂർ ശക്തമായ ശ്രമം നടത്തിയെങ്കിലും 4 കോടി കൊടുത്ത് കൊൽക്കത്ത താരത്തെ സ്വന്തമാക്കുകയായിരുന്നു.

വാൽഷിനെയും സഹീർ ഖാനെയും ആഡം സാമ്പയെയും വാങ്ങാൻ ആരുമില്ല

ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ ഹെയ്ഡൻ വാൽഷ്, അഫ്ഗാനിസ്ഥാൻ ഫാസ്റ്റ് ബൗളർ സഹീർ ഖാൻ, ഓസ്‌ട്രേലിയൻ ബൗളർ ആഡം സാമ്പ, ന്യൂസിലാൻഡ് ബൗളർ ഇഷ് സോധി എന്നിവർക്ക് ആവശ്യക്കാരില്ല.

ആഡം സാമ്പക്ക് ഒരു കോടിയും ഇഷ് സോധിക്ക് 75 ലക്ഷവും സഹീർ ഖാനും വാൽഷിനും 50 ലക്ഷം രൂപയുമായിരുന്നു അടിസ്ഥാന വില. കരീബിയൻ പ്രീമിയർ ലീഗിൽ ഒരുപാട് ആവശ്യക്കാർ ഉണ്ടായിരുന്ന വാൽഷിനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആരും സ്വന്തമാക്കിയിട്ടില്ല. കഴിഞ്ഞ വർഷം രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു ഇഷ് സോധി. റൈസിങ് പൂനെ സൂപ്പർ ജയന്റിന് വേണ്ടി കളിച്ച താരമാണ് ആദം സാമ്പ.

ഐ.പി.എൽ ലേലത്തിൽ വാങ്ങാനാളില്ലാതെ വിക്കറ്റ് കീപ്പർമാർ

ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ വാങ്ങാനാളില്ലാതെ വിക്കറ്റ് കീപ്പർ ബാറ്റസ്മാൻമാർ. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരായ ബംഗ്ലാദേശ് താരം മുഷ്‌ഫിഖുർ റഹീം, സൗത്ത് ആഫ്രിക്കൻ താരം ഹെയിൻറിച്ച് ക്ലാസ്സൻ, ഇന്ത്യൻ താരം നമാൻ ഓജ, ശ്രീലങ്കൻ താരം കുശാൽ പെരേര, വെസ്റ്റിൻഡീസ് താരം ഷൈ ഹോപ്പ് എന്നീ വിക്കറ്റ് കീപ്പർമാരെ ലേലത്തിൽ ആരും സ്വന്തമാക്കിയില്ല.

ഹെയിൻറിച്ച് ക്ലാസ്സൻ കഴിഞ്ഞ തവണ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു.  അവർക്ക് വേണ്ടി കഴിഞ്ഞ സീസണിൽ 3 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. എല്ലാ താരങ്ങൾക്കും 50 ലക്ഷം വീതമായിരുന്നു അടിസ്ഥാന വില.

 

സാം കറനെ പൊന്നും വിലകൊടുത്ത് വാങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്

ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കറനെ പൊന്നും വില കൊടുത്ത് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ഡൽഹി ക്യാപിറ്റൽസ് താരത്തിന് വേണ്ടി ശ്രമം നടത്തിയെങ്കിലും താരത്തെ വിട്ടുകൊടുക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് തയ്യാറാവാതിരുന്നതോടെ ഇംഗ്ലീഷ് താരം ചെന്നൈയുടെ തട്ടകത്തിൽ എത്തുകയായിരുന്നു.

അടിസ്ഥാന വിലയായ ഒരു കോടിയിൽ നിന്ന് ലേലം വിളി തുടങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് അഞ്ചര കോടി രൂപയോളം മുടക്കിയാണ് താരത്തെ ടീമിൽ എത്തിച്ചത്. 5.25 കോടി രൂപ വരെ ഡൽഹി ക്യാപിറ്റൽസ് ലേലം വിളിച്ചുനോക്കിയെങ്കിലും അവസാനം താരം ചെന്നൈ സൂപ്പർ കിങ്സിൽ തന്നെ എത്തുകയായിരുന്നു. കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ താരമായിരുന്നു കറന്‍.  അവർക്ക് വേണ്ടി 9 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്.

യൂസഫ് പത്താനെ ആർക്കും വേണ്ട

വെടിക്കെട്ട് ബാറ്റ്സ്മാൻ യൂസഫ് പത്താനെ അടുത്ത സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള ലേലത്തിൽ ആർക്കും വേണ്ട. താരത്തിന് ഒരു കോടി രൂപയായിരുന്നു അടിസ്ഥാന വിലയിട്ടിരുന്നത്. കഴിഞ്ഞ തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു യൂസഫ് പത്താൻ.

എന്നാൽ അവർക്ക് വേണ്ടി തന്റെ പതിവ് ഫോം കണ്ടെത്താൻ താരത്തിനായിരുന്നില്ല.  കഴിഞ്ഞ സീസണിൽ 10 മത്സരങ്ങൾ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിച്ച പത്താൻ വെറും 45 റൺസ് മാത്രമായിരുന്നു എടുത്തത്.

പുജാരക്കും ഹനുമ വിഹാരിക്കും ആവശ്യക്കാരില്ല

ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ ടെസ്റ്റ് സ്പെഷലിസ്റ്റുകളായ ചേതേശ്വർ പുജാരക്കും ഹനുമ വിഹാരിക്കും ആദ്യ ഘട്ടത്തിൽ ആവശ്യക്കാരില്ല. ഇരുവരുടെയും അടിസ്ഥാന വിലയായ 50 ലക്ഷം മുടക്കാൻ ഒരു ടീമും തയ്യാറായിരുന്നില്ല.

2014ന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ ചേതേശ്വർ പൂജാര കളിച്ചിട്ടില്ല. കഴിഞ്ഞ വർഷം സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന ഹനുമ വിഹാരി രണ്ട് മത്സരങ്ങൾ മാത്രമാണ് കഴിഞ്ഞ തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചത്.

400 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച് വിരാട് കോഹ്‌ലി

400 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുകയെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് ഇറങ്ങിയതോടെയാണ് ഈ നേട്ടം വിരാട് കോഹ്‌ലി സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന 44മത്തെ താരമാണ് വിരാട് കോഹ്‌ലി.

ഇന്നത്തെ മത്സരം വിരാട് കോഹ്‌ലിയുടെ 241മത്തെ ഏകദിന മത്സരമായിരുന്നു. വിരാട് കോഹ്‌ലി 84 ടെസ്റ്റ് മത്സരങ്ങളും 75 ടി20 മത്സരങ്ങളും ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഇന്ത്യക്കാരുടെ പട്ടികയിൽ വിരാട് കോഹ്‌ലി എട്ടാം സ്ഥാനത്താണ്. 664 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ താരം.

രാഹുലിനും രോഹിത് ശർമ്മക്കും സെഞ്ചുറി, റിഷഭ് പന്തിന്റെ വെടിക്കെട്ട്, ഇന്ത്യക്ക് കൂറ്റൻ സ്കോർ

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 387 റൺസാണ് എടുത്തത്. ഇന്ത്യൻ ഓപ്പണർമാരായ കെ.എൽ രാഹുലിന്റെയും രോഹിത് ശർമ്മയുടെയും സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം നടത്തിയ റിഷഭ് പന്തും ശ്രേയസ് അയ്യരും ഇന്ത്യയുടെ സ്കോർ വേഗത്തിൽ ഉയർത്തുകയും ചെയ്തു.

കെ.എൽ രാഹുൽ 102 റൺസ് എടുത്ത് പുറത്തായപ്പോൾ രോഹിത് ശർമ്മ  159 റൺസ് എടുത്താണ് പുറത്തായത്. ഇരുവരും ചേർന്ന് ഇന്ത്യക്ക് ആദ്യ വിക്കറ്റിൽ തന്നെ 227 റൺസാണ് കൂട്ടിച്ചേർത്തത്. തുടർന്ന് വന്ന വിരാട് കോഹ്‌ലി ആദ്യ പന്തിൽ തന്നെ പുറത്തായെങ്കിലും ശ്രേയസ് അയ്യരും റിഷഭ് പന്തും ചേർന്ന് ഇന്ത്യൻ സ്കോർ ഉയർത്തുകയായിരുന്നു. 47മത്തെ ഓവറിൽ പന്ത് എറിഞ്ഞ റോസ്റ്റൻ ചേസിന്റെ ഓവറിൽ ഇന്ത്യ 31 റൺസാണ് അടിച്ചു കൂട്ടിയത്.

റിഷഭ് പന്ത് 16 പന്തിൽ 39 റൺസ് എടുത്തപ്പോൾ ശ്രേയസ് അയ്യർ 32 പന്തിൽ 53 റൺസ് എടുത്തും പുറത്തായി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ വെറും 25 പന്തിൽ നിന്നാണ് 73 റൺസ് കൂട്ടിച്ചേർത്തത്. ആദ്യ ഏകദിന മത്സരത്തിൽ വെസ്റ്റിൻഡീസിനോട് പരാജയപ്പെട്ട ഇന്ത്യക്ക് ഇന്നത്തെ മത്സരം വളരെ നിർണായകമാണ്.

ലോകകപ്പിന് ഇന്ത്യയുടെ ആസൂത്രണം പാളിയെന്ന് യുവരാജ് സിങ്

ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ഇന്ത്യയുടെ ആസൂത്രണം പാളിയതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ലോകകപ്പിന് വേണ്ടി ടീം തിരഞ്ഞെടുക്കുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്‌മന്റ് വരുത്തിയ പിഴവാണ് ഇന്ത്യയുടെ സെമി ഫൈനൽ തോൽവിക്ക് കാരണമെന്നും യുവരാജ് സിങ് പറഞ്ഞു.

ലോകകപ്പിനുള്ള ടീമിൽ നിന്ന് അമ്പാടി റായ്ഡുവിനെ ഒഴിവാക്കിയതും വിജയ് ശങ്കറിനെ ഉൾപെടുത്തിയതും തുടർന്ന് പരിക്കിനെ തുടർന്ന് വിജയ് ശങ്കറിന് പകരക്കാരനായി റിഷഭ് പന്തിനെ ഉൾപ്പെടുത്തിയതിനെയും മുൻ ഇന്ത്യൻ താരം യുവരാജ് സിങ് വിമർശിച്ചു. അമ്പാടി റായ്ഡുവിന് ടീമിൽ ഇടം നൽകാത്തത് തന്നെ നിരാശപെടുത്തിയെന്നും യുവരാജ് പറഞ്ഞു. പരിചയ സമ്പത്ത് കുറഞ്ഞ താരങ്ങളെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്‌മന്റ് നാലാം സ്ഥാനത്തേക്ക് കണ്ടെത്തിയതെന്നും റിഷഭ് പന്തിനും വിജയ് ശങ്കറിനും വെറും 5 മത്സരങ്ങളുടെ പരിചയസമ്പത്ത് മാത്രമാണ് ഉണ്ടായിരുന്നതെന്നും യുവരാജ് സിങ് പറഞ്ഞു.

സെമി ഫൈനലിലെ നിർണ്ണായക മത്സരത്തിൽ ദിനേശ് കാർത്തികിനെ കളിപ്പിച്ചതും ധോണിയെ ഏഴാമനായി ഇറക്കിയതിനെയും യുവരാജ് സിങ് വിമർശിച്ചു. നിർണ്ണായക മത്സരത്തിൽ ഇങ്ങനെ ഒരു തീരുമാനം ശരിയായില്ലെന്നും യുവരാജ് സിങ് പറഞ്ഞു.

Exit mobile version