ടി20 പരമ്പരക്ക് ശേഷം പാകിസ്ഥാനിൽ ടെസ്റ്റ് കളിക്കുന്നത് തീരുമാനിക്കുമെന്ന് ബംഗ്ലാദേശ്

പാകിസ്ഥാനെതിരെ കളിക്കുന്ന ടി20 പരമ്പരക്ക് ശേഷം ടെസ്റ്റ് പരമ്പര കളിക്കുന്നത് തീരുമാനിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. നേരത്തെ ജനുവരിയിൽ പാകിസ്ഥാനിൽ വെച്ച് മൂന്ന് ടി20 മത്സരങ്ങളും 2 ടെസ്റ്റ് മത്സരങ്ങളും കളിക്കാനായിരുന്നു ബംഗ്ലാദേശ് പദ്ധതിയിട്ടിരുന്നത്. എന്നാൽ പുതിയ തീരുമാന പ്രകാരം ടി20 പരമ്പരക്ക് ശേഷം ടെസ്റ്റ് പരമ്പര പാകിസ്ഥാനിൽ വെച്ച് കളിക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ക്രിക്കറ്റ്  ബോർഡ് പ്രഖ്യാപിക്കുകയായിരുന്നു.

പാകിസ്ഥാൻ തങ്ങളുടെ രാജ്യത്തേക്ക് ക്രിക്കറ്റിനെ പൂർണ്ണമായും മടക്കികൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും എന്നാൽ ബംഗ്ലാദേശിന് താരങ്ങളുടെയും ടീം മാനേജ്‌മന്റ് അംഗങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിക്കണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. അത് കൊണ്ട് തന്നെ ടി20 പരമ്പര കളിച്ച് അവിടെത്തെ കാര്യങ്ങൾ വിലയിരുത്തിയതിന് ശേഷം ടെസ്റ്റ് പരമ്പരയെ കുറിച്ച് ചിന്തിക്കാമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ശ്രീലങ്ക പാകിസ്ഥാനിൽ പര്യടനം നടത്തിയത്. 10 വർഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഒരു പ്രമുഖ ടീം പാകിസ്ഥാനിൽ പര്യടനം നടത്തിയത്.

രഞ്ജി ട്രോഫിയിൽ ഡൽഹിക്ക് വേണ്ടി ഇഷാന്ത് ശർമ്മയും ശിഖർ ധവാനും കളിക്കും

ഹൈദെരാബാദിനെതിരെയുള്ള ഡൽഹിയുടെ രഞ്ജി ട്രോഫി മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങളായ ഇഷാന്ത് ശർമ്മയും ശിഖർ ധവാനും കളിക്കും. ഡിസംബർ 25നാണ് ഡൽഹിയുടെ ഹൈദെരാബാദിനെതിരായ രഞ്ജി ട്രോഫി മത്സരം. സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ പരിക്കേറ്റ ശിഖർ ധവാൻ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ഇടം പിടിച്ചിരുന്നില്ല.

തുടർന്ന് പരിക്ക് മാറിയ ശിഖർ ധവാനെ ശ്രീലങ്കക്കെതിരെയും ഓസ്ട്രേലിയകെതിരെയുമുള്ള പാരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ  ഉൾപ്പെടുത്തിയിരുന്നു. അതെ സമയം ഇഷാന്ത് ശർമ്മയുടെ ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി താരം ഡൽഹിക്ക് വേണ്ടി രഞ്ജി മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ന്യൂസിലാൻഡിനെതിരെ നടക്കുന്ന പരമ്പരയിൽ ടീമിൽ ഇടം നേടുകയെന്ന ലക്ഷ്യവുമായാണ് ഇഷാന്ത് ശർമ്മ രഞ്ജി ട്രോഫിയിൽ കളിയ്ക്കാൻ ഇറങ്ങുന്നത്.

ന്യൂസിലാൻഡ് പരമ്പരക്കുള്ള ഇന്ത്യൻ എ ടീമിൽ ഇടംപിടിച്ച് പ്രിത്വി ഷാ

ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യൻ എ ടീമിന്റെ പരമ്പരക്കുള്ള  ടീമിൽ ഇടം പിടിച്ച് യുവ ബാറ്റ്സ്മാൻ പ്രിത്വി ഷാ. നിരോധിത മരുന്ന് കഴിച്ചതിന്റെ പേരിൽ 8 മാസത്തെ വിലക്ക് കഴിഞ്ഞതിന് ശേഷമാണ് പ്രിത്വി ഷാ ഇന്ത്യൻ എ ടീമിൽ ഇടം പിടിച്ചത്. വിലക്ക് കഴിഞ്ഞ് മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫിയിൽ കളിക്കാനിറങ്ങിയ പ്രിത്വി ഷാ ബറോഡാകെതിരെ ഡബിൾ സെഞ്ചുറി നേടിയിരുന്നു. ഇതാണ് താരത്തിന് ഇന്ത്യൻ എ ടീമിലേക്കുള്ള വഴി തുറന്നുകൊടുത്തത്.

കഴിഞ്ഞ വർഷം വെസ്റ്റിൻഡീസിനെതിരെ അരങ്ങേറ്റം നടത്തിയ പ്രിത്വി ഷാ അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടിയിരുന്നു.  ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിൽ റിസർവ് ഓപ്പണറായി പ്രിത്വി ഷാ ഇടം പിടിക്കാനും സാധ്യതയുണ്ട്. പ്രിത്വി ഷായെ കൂടാതെ ഇന്ത്യൻ ടെസ്റ്റ് ടീം താരങ്ങളായ രവിചന്ദ്ര അശ്വിൻ, അജിങ്കെ രഹാനെ, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ് എന്നിവർക്കും ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്.  ഫെബ്രുവരി 21ന്ന്യൂസിലാൻഡിനെതിരെ തുടങ്ങുന്ന ടെസ്റ്റ് പരമ്പരക്ക് മുൻപ് താരങ്ങൾക്ക് വേണ്ടത്ര പരിശീലനം ലഭിക്കണമെന്നത് മുൻപിൽ കണ്ടുകൊണ്ടാണ് ഇന്ത്യൻ ടെസ്റ്റ് ടീം താരങ്ങൾക്ക് ഇന്ത്യ എ ടീമിൽ അവസരം നൽകിയത്.

ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ഹനുമ വിഹാരിയും 50 ഓവർ മത്സരങ്ങളിൽ ശുഭ്മൻ ഗില്ലുമാണ് ഇന്ത്യയെ നയിക്കുക.

India A squad for two tour matches and three one-day games: Prithvi Shaw, Mayank Agarwal, Ruturaj Gaikwad, Shubman Gill (Captain), Suryakumar Yadav, Sanju Samson, Ishan Kishan (wicket-keeper), Hardik Pandya, Krunal Pandya, Axar Patel, Rahul Chahar, Sandeep Warrier, Ishan Porel, Khaleel Ahmed, Mohd. Siraj

India A squad for 1st four-day game: Prithvi Shaw, Mayank Agarwal, Priyank Panchal, Abhimanyu Easwaran, Shubman Gill, Hanuma Vihari (Captain), KS Bharat (wicket-keeper), Shivam Dube, Shahbaz Nadeem, Rahul Chahar, Sandeep Warrier, Avesh Khan, Mohd. Siraj, Ishan Porel, Ishan Kishan

India A squad for 2nd four-day game: Prithvi Shaw, Mayank Agarwal, Shubman Gill, Cheteshwar Pujara, Ajinkya Rahane, Wriddhiman Saha (wicket-keeper), Hanuma Vihari (Captain), KS Bharat (wicket-keeper), Shivam Dube, R Ashwin, Shahbaz Nadeem, Sandeep Warrier, Avesh Khan, Mohd. Siraj, Ishan Porel

പാകിസ്ഥാനെക്കാൾ സുരക്ഷ ഭീഷണി നിലവിൽ ഇന്ത്യയിലാണെന്ന് പി.സി.ബി മേധാവി

നിലവിൽ പാകിസ്ഥാനിൽ നിലനിൽക്കുന്നതിനേക്കാൾ സുരക്ഷാ ഭീഷണി ഇന്ത്യയിൽ ഉണ്ടെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി ഇഹ്‌സാൻ മാനി. 10 വർഷത്തിന് ശേഷം പാകിസ്താനിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് തിരിച്ചുവന്നതിന് പിന്നാലെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് മേധാവിയുടെ പ്രതികരണം.

പാകിസ്ഥാൻ സുരക്ഷിതമാണെന്ന് തങ്ങൾ തെളിയിച്ചെന്നും ആരെങ്കിലും പാകിസ്ഥാനിലേക്ക് വരുന്നില്ലെങ്കിൽ പാകിസ്ഥാൻ സുരക്ഷിതമല്ലെന്ന് അവർ തെളിയിക്കണമെന്നും പി.സി.ബി മേധാവി പറഞ്ഞു. നിലവിൽ ഇന്ത്യയാണ് പാകിസ്ഥാനെക്കാൾ സുരക്ഷാ ഭീഷണിയുള്ള സ്ഥലമെന്നും ഇഹ്‌സാൻ മാനി പറഞ്ഞു. ശ്രീലങ്കക്കെതിരായ പരമ്പര പാകിസ്ഥാനിൽ ക്രിക്കറ്റിന്റെ പുനരുജ്ജീവനത്തിനുള്ള ഒരു വഴിത്തിരിവാണെന്നും പി.സി.ബി മേധാവി കൂട്ടിച്ചേർത്തു.

2009ൽ ശ്രീലങ്കൻ ടീമിനെതിരെ നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷം പാകിസ്ഥാനിലേക്ക് പ്രമുഖ ടീമുകൾ ഒന്നും പര്യടനം നടത്തിയിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസമാണ് ശ്രീലങ്ക 10 വർഷത്തിന് ശേഷം ആദ്യമായി പാകിസ്ഥാനിൽ പര്യടനം നടത്തിയത്. പരമ്പരയിൽ രണ്ടാമത്തെ മത്സരം 263 റൺസിന് ജയിച്ച് പാകിസ്ഥാൻ 1-0ന് പരമ്പര സ്വന്തമാക്കിയിരുന്നു.

അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫാസ്റ്റ് ബൗളറായി നസീം ഷാ

ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫാസ്റ്റ് ബൗളറായി പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ നസീം ഷാ. ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലാണ്  നസീം ഷാ ഈ നേട്ടം സ്വന്തമാക്കിയത്. മറ്റൊരു പാകിസ്ഥാൻ താരമായ മുഹമ്മദ് ആമിറിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

ഈ നേട്ടം സ്വന്തമാക്കുമ്പോൾ മുഹമ്മദ് ആമിറിന്റെ പ്രായം 17 വർഷവും 257 ദിവസവുമായിരുന്നു. 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുമ്പോൾ നസീം ഷായുടെ പ്രായം 16 വർഷവും 307 ദിവസവുമായിരുന്നു. 31 റൺസ് വഴങ്ങിയാണ് നസീം ഷാ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ താരത്തിന് വിക്കറ്റ് ഒന്നും സ്വന്തമാക്കാനായിരുന്നില്ല. മത്സരത്തിൽ ശ്രീലങ്കയെ 263 റൺസിന് തോൽപ്പിച്ച് മത്സരവും പരമ്പരയും പാകിസ്ഥാൻ സ്വന്തമാക്കിയിരുന്നു.

ഇന്ത്യ കൊലമാസ്സ്! , ത്രില്ലറിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് പരമ്പര സ്വന്തം

ത്രില്ലറിൽ വെസ്റ്റിൻഡീസിനെ മറികടന്ന് ജയം 4 വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ. വെസ്റ്റിൻഡീസ് മുൻപിൽ വെച്ച 316 എന്ന കൂറ്റൻ ലക്‌ഷ്യം 8 പന്ത് ബാക്കി നിൽക്കെ മറികടന്നാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-1ന് സ്വന്തമാക്കാനും ഇന്ത്യക്കായി.

ഒരു ഘട്ടത്തിൽ മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിലായിരുന്നു. എന്നാൽ തുടർച്ചയായി നാല് വിക്കറ്റുകൾ നഷ്ടപ്പെടുകയും തുടർന്ന് പൊരുതി നോക്കിയ വിരാട് കോഹ്‌ലിയും പുറത്തായതോടെ ഇന്ത്യ തോൽവി നോക്കി കണ്ടിരുന്നു. എന്നാൽ അവസാന ഓവറുകളിൽ പൊരുതി നിന്ന ജഡേജയും ശർദൂൽ താക്കൂറും ഇന്ത്യക്ക് ജയം നേടികൊടുക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി കെ.എൽ രാഹുലും രോഹിത് ശർമ്മയും മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന് രോഹിത് ശർമ്മ പുറത്തായെങ്കിലും വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് ഇന്ത്യ അനായാസം വിജയത്തിലേക്ക് എത്തുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഇന്ത്യക്ക് തുടർച്ചയായി 4 വിക്കറ്റുകൾ നഷ്ടമായത്. തുടർന്ന് ജഡേജയെ കൂട്ടുപിടിച്ച് വിരാട് കോഹ്‌ലി ഇന്ത്യൻ സ്കോർ ഉയർത്തിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റനും പുറത്തായതോടെ ഇന്ത്യ തോൽവിയെ നോക്കി കാണുകയായിരുന്നു. തുടർന്നാണ് ജഡേജയും ശർദൂൽ താക്കൂറും ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്. ജഡേജ 31 പന്തിൽ 39 റൺസും ശർദൂൽ താക്കൂർ 6 പന്തിൽ 17 റൺസുമെടുത്താണ് ഇന്ത്യയുടെ ജയം ഉറപ്പിച്ചത്.

ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ വിരാട് കോഹ്‌ലി 85 റൺസും കെ.എൽ രാഹുൽ 77 റൺസും രോഹിത് ശർമ്മ 63 റൺസുമെടുത്ത് പുറത്തായി. നേരത്തെ ആദ്യ ഇന്നിങ്സിൽ പൊള്ളാർഡിന്റെയും നിക്കോളാസ് പൂരന്റെയും മികവിൽ വെസ്റ്റിൻഡീസ് 5 വിക്കറ്റ് നഷ്ടത്തിൽ 315 റൺസ് എടുത്തിരുന്നു.

സീസൺ അവസാനം വരെ ഹൻസി ഫ്ലിക്ക് ബയേൺ മ്യൂണിക്കിൽ തുടരും

ബയേൺ മ്യൂണിക്കിന്റെ താത്കാലിക പരിശീലകൻ ഹൻസി ഫ്ലിക്ക് ഈ സീസൺ അവസാനം വരെ ബയേൺ മ്യൂണിക്കിൽ തുടരും. ക്ലബ് തന്നെയാണ് സീസൺ അവസാനം വരെ ബയേൺ മ്യൂണിക്കിൽ തുടരുമെന്ന് പ്രഖ്യാപിച്ചത്. താരം അടുത്ത സീസണിൽ ക്ലബ്ബിന്റെ സ്ഥിര പരിശീലകനാവാനുള്ള സാധ്യതയും ക്ലബ് മുന്നോട്ട് വെക്കുന്നുണ്ട്.

ഈ കഴിഞ്ഞ നവംബറിൽ മോശം പ്രകടനത്തെ തുടർന്നാണ് പരിശീലക സ്ഥാനത്ത് നിന്ന് കോവാക്കിനെ ബയേൺ മ്യൂണിക് പുറത്താക്കിയത്. തുടർന്ന് ഹൻസി ഫ്ലിക്കിന് കീഴിൽ 10 മത്സരങ്ങൾ ജയിച്ച ബയേൺ മ്യൂണിക് ജയിച്ചതോടെയാണ് ഫ്ലികിനെ ഈ സീസൺ അവസാനം വരെ പരിശീലകനാക്കാൻ ബയേൺ മ്യൂണിക് തീരുമാനിച്ചത്.

2014ൽ ജർമ്മനി ലോകകപ്പ് കിരീടം നേടിയപ്പോൾ സഹ പരിശീലകനായി ഹൻസി ഫ്ലിക് ഉണ്ടായിരുന്നു. നിലവിൽ ബുണ്ടസ്ലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ലെയിപ്സിഗിനെക്കാൾ നാല് പോയിന്റ് പിറകിലാണ് ബയേൺ മ്യൂണിക്.

നിക്കോളസ് പൂരന്റെയും പൊളാർഡിന്റെയും വെടിക്കെട്ട്, വെസ്റ്റിൻഡീസിന് മികച്ച സ്കോർ

നിർണ്ണായകമായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്കെതിരെ വെസ്റ്റിൻഡീസിന് മികച്ച സ്കോർ. 5 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിൻഡീസ് 315  റൺസാണ് നേടിയത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.  വെസ്റ്റിൻഡീസ് നിരയിൽ ബാറ്റ്സ്മാൻമാർ എല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവസാന ഓവറുകളിൽ അടിച്ചു കളിച്ച നിക്കോളാസ് പൂരന്റെയും പൊള്ളാർഡിന്റെയും പ്രകടനമാണ് മികച്ച സ്കോറിലേക്ക് വെസ്റ്റിൻഡീസിനെ എത്തിച്ചത്.

പൂരൻ 64 പന്തിൽ 89 റൺസും പൊള്ളാർഡ് 51 പന്തിൽ 74 റൺസുമായി പുറത്താവാതെ നിന്നു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 135 റൺസാണ് വെസ്റ്റിൻഡീസിന് വേണ്ടി കൂട്ടിച്ചേർത്തത്. വെസ്റ്റിൻഡീസിന് വേണ്ടി ഷൈ ഹോപ് 42 റൺസും റോസ് ചേസ് 38 റൺസും ഹെയ്റ്റ്മർ 37 റൺസും നേടി. ഇന്ത്യൻ നിരയിൽ ഏകദിനത്തിൽ അരങ്ങേറ്റം നടത്തിയ നവദീപ് സെയ്നി 2 വിക്കറ്റ് വീഴ്ത്തി.

ജനുവരിയിൽ താരങ്ങളെ വേണ്ടെന്ന് ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിഞ്ഞോ

തനിക്ക് ജനുവരിയിൽ ടോട്ടൻഹാമിലേക്ക് പുതിയ താരങ്ങളെ വേണ്ടെന്ന് പരിശീലകൻ ജോസെ മൗറിഞ്ഞോ. ചെൽസിക്കെതിരായ നിർണ്ണായക മത്സരത്തിന് മുൻപ് സംസാരിക്കുകയായിരുന്നു മൗറിഞ്ഞോ. തനിക്ക് ടോട്ടൻഹാമിൽ നിന്ന് എന്താണോ പ്രതീക്ഷിച്ചത് അത് തന്നെയാണ് ലഭിച്ചതെന്നും മൗറിഞ്ഞോ പറഞ്ഞു.

താൻ ക്ലബ്ബിൽ ചേരുമ്പോൾ തന്നെ എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തിയിരുന്നെന്നും അത്കൊണ്ട് ഇപ്പോൾ എല്ലാ കാര്യങ്ങളൂം താൻ അറിയുന്നുണ്ടെന്നും മൗറിഞ്ഞോ പറഞ്ഞു.  തനിക്ക് ജനുവരിയിൽ 300 മില്യൺ ചിലവഴിക്കാൻ താല്പര്യം ഇല്ലെന്നും ജനുവരിയിൽ തനിക്ക് താരങ്ങളെ ഒന്നും വേണ്ടെന്നും മൗറിഞ്ഞോ പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് 12 പോയിന്റ് പിറകിൽ നിന്ന് 3 പോയിന്റ് പിറകിൽ എത്തിയ ടോട്ടൻഹാം ഇന്നത്തെ മത്സരം ജയിച്ചാൽ നാലാം സ്ഥാനത്തുള്ള ചെൽസിയുടെ പോയിന്റിന് തുല്യമാകും.

ഇന്ത്യൻ ബൗളിംഗ് നിര ലോകോത്തരമെന്ന് ഡെയ്ൽ സ്റ്റെയ്ൻ

ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിര ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണെന്ന് സൗത്ത് ആഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ. സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ട്വിറ്ററിലൂടെ ആരാധകരുമായി സംസാരിക്കവേയാണ് താരം ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിരയെ പ്രകീർത്തിച്ച് രംഗത്തെത്തിയത്.

ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ് എന്നിവർ അടങ്ങിയ ഇന്ത്യൻ ബൗളിംഗ് നിര അടുത്തകാലത്തായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.  അതെ സമയം നിലവിൽ ഉള്ള ബൗളർമാരിൽ തനിക്ക് ഏറ്റവും പ്രിയം ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിനോടാണെന്നും സ്റ്റെയ്ൻ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഡെയ്ൽ സ്റ്റെയ്നിനെ സ്വന്തമാക്കിയിരുന്നു. അടിസ്ഥാന വിലയായ രണ്ട് കോടി മുടക്കിയാണ് താരത്തെ ബാംഗ്ലൂർ സ്വന്തമാക്കിയത്.

മാനസിക സമ്മർദ്ദം; ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത് മുൻ രാജസ്ഥാൻ റോയൽസ് താരം

മാനസിക സമ്മർദ്ദത്തെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത് മുൻ രാജസ്ഥാൻ റോയൽസ് താരം ആര്യമാൻ ബിർള. ഈ കഴിഞ്ഞ സീസൺ വരെ രാജസ്ഥാൻ  റോയൽസിന്റെ താരമായ ആര്യമാൻ ബിർളയെ രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്തിരുന്നു.

22കാരനായ ആര്യമാൻ ബിർള ക്രിക്കറ്റിൽ നിന്ന് തത്കാലം വിട്ടുനിൽകുകയാണെന്നും ശക്തമായി ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നും സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി മംഗലം ബിർളയുടെ മകനാണ് ആര്യമാൻ ബിർള.

മധ്യപ്രദേശിന്‌ വേണ്ടി 2017ൽ അരങ്ങേറ്റം നടത്തിയ താരം 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ അവർക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2018ൽ രാജസ്ഥാൻ റോയൽസിൽ ആര്യമാൻ ബിർള എത്തിയെങ്കിലും രണ്ട് സീസണിലും ഒരു മത്സരം പോലും കളിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

ബുംറയും പാണ്ഡ്യയും ഉടൻ ഇന്ത്യൻ ടീമിൽ മടങ്ങിയെത്തുമെന്ന് ജയവർദ്ധനെ

മുംബൈ ഇന്ത്യൻസ് താരങ്ങളായ ജസ്പ്രീത് ബുംറയും ഹർദിക് പാണ്ഡ്യയും ഉടൻ തന്നെ പരിക്ക് മാറി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന് മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേള ജയവർദ്ധനെ. ഇരു താരങ്ങളും പരിക്കിൽ നിന്ന് മോചിതരായി ജനുവരിയിൽ നടക്കുന്ന ശ്രീലങ്കൻ പാരമ്ബരയിലോ അല്ലെങ്കിൽ തുടർന്ന് നടക്കുന്ന ഓസ്ട്രേലിയക്കെതിരായ പരമ്പരയിലോ ടീമിൽ തിരിച്ചെത്തുമെന്ന് ജയവർദ്ധനെ വ്യക്തമാക്കി.

പരിക്കിനെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന ജസ്പ്രീത് ബുംറ കഴിഞ്ഞ ദിവസം ഇന്ത്യൻ ടീമിനൊപ്പം നെറ്റ്സിൽ ബൗൾ ചെയ്തിരുന്നു. താരം മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിലോ ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരയിലോ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്നും മുംബൈ ഇന്ത്യൻസ് പരിശീലകൻ പറഞ്ഞു. എന്നാൽ താരങ്ങളുടെ മടങ്ങി വരവിൽ അവസാന വാക്ക് മെഡിക്കൽ സ്റ്റാഫിന്റെതാവുമെന്നും ജയവർദ്ധനെ പറഞ്ഞു.

Exit mobile version