“ബുംറയുടെതിനേക്കാൾ മികച്ച യോർക്കറുകൾ ഇല്ല” – വാനോളം പുകഴ്ത്തലുമായി വസീം അക്രം

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി ഇതിഹാസ ഫാസ്റ്റ് ബൗളർ വസിം അക്രം. ലോകത്ത് ഇപ്പോൾ ഏറ്റവും മികച്ച യോർക്കറുകൾ എറിയുന്നത് ബുംറയാണെന്നാണ് വസിം അക്രം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ ഇന്ത്യയെ മികച്ച വിജയത്തിലേക്ക് നയിക്കുന്നതിൽ ബുംറയുടെ പങ്കിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അക്രം.

ഇന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കളിക്കുന്നവരിൽ ജസ്പ്രീത് ബുംറയാണ് ഏറ്റവും മികച്ചതും ഏറ്റവും ഫലപ്രദമായതുമായ യോർക്കറുകൾ എറിയുന്നത് എന്നാണു വസീം അക്രം പറയുന്നത്. മറ്റു ഫാസ്റ്റ് ബൗളർമാരിൽ നിന്നും വളരെ വ്യത്യസ്തമായ ബൗളിംഗ് ആക്ഷനാണ് ബുംറക്കുള്ളത്, അത് കൊണ്ട് തന്നെ അത് ഫലപ്രദമായി ഉപയോഗിക്കാൻ ബുംറക്ക് കഴിയുന്നുണ്ട്. അവസാന ഓവറുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബുംറ വരുന്ന ലോകകപ്പിൽ ഇന്ത്യയുടെ മുന്നേറ്റത്തിൽ നിർണായകമായ പങ്കു വഹിക്കും എന്നും വസീം അക്രം പറയുന്നു.

ടോപ് ഫോറിലേക്ക് കണ്ണും നട്ട് ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന നാലിൽ ഇടം പിടിക്കാനുള്ള പോരാട്ടം കനക്കുന്നു. ഇന്നലെ ചെൽസിക്ക് മേൽ ആഴ്‌സണലും ബ്രൈറ്റനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡും വിജയം നേടിയതോടെയാണ് പോരാട്ടം കനക്കുന്നത്. നിലവിൽ 46 പോയിന്റുമായി ചെൽസി ആണ് നാലാം സ്ഥാനത്തുള്ളത്, എന്നാൽ 43 പോയിന്റ് വീതമായി ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും തൊട്ടുപിന്നാലെയുണ്ട്.

ചെൽസിയുടെ മോശം ഫോമാണ് ആഴ്‌സണലിനും യുണൈറ്റഡിനും തുണയായത്. ഒലെ യുണൈറ്റഡിന്റെ മാനേജരായി ചുമതലയേറ്റെടുക്കുമ്പോൾ ടോപ് ഫോറിന് 11 പോയിന്റ് പിറകിൽ ആയിരുന്നു യുണൈറ്റഡ്. എന്നാൽ തുടർച്ചയായ ആറു വിജയങ്ങളോടെ ടോപ് ഫോറിന് മൂന്നു പോയിന്റ് പുറകിൽ എത്താനായി യുണൈറ്റഡിന്. താരതമ്യേന എളുപ്പമായ ഫിക്‌സചർ ആണ് യുണൈറ്റഡിന് മുന്നിൽ ഉള്ളത്, എന്നാൽ ആഴ്‌സണലിനും ചെൽസിക്കും കാര്യങ്ങൾ കടുപ്പമാണ്. ലീഗിൽ 15 മത്സരങ്ങൾ കൂടെ അവശേഷിക്കുന്നുണ്ട്, അപ്പോഴേക്കും പോയിന്റ് പട്ടിക മാറി മറിയും എന്ന് ഉറപ്പാണ്.

ഓഹ് ഒലെ.. യുണൈറ്റഡിൽ റെക്കോർഡ് നേട്ടം കൈവരിച്ചു സോൾഷ്യർ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇതുപോലൊരു റെക്കോർഡ് ഇതിനു മുൻപില്ല. ഇന്ന് ബ്രൈട്ടനെതിരെ വിജയം നേടിയതോടെയാണ് ഒരു അപൂർവ നേട്ടത്തിന് ഒലെ ഗണ്ണാർ സോൾഷ്യാർ അർഹനായത്. മാനേജരായി ചുമതലയേറ്റടുത്ത ശേഷം ആദ്യത്തെ ആറു ലീഗ് മത്സരങ്ങളും വിജയിക്കുന്ന ആദ്യത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ആയിരിക്കുകയാണ് ഒലെ. സാക്ഷാൽ മാറ്റ് ബസ്ബിയുടെ അഞ്ച് മത്സരങ്ങൾ എന്ന റെക്കോർഡ് ആണ് ഇന്ന് ഒലെ തിരുത്തിയത്. പോഗ്ബയും റാഷ്‌ഫോർഡും നേടിയ ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം കണ്ടത്.

കാർഡിഫ് സിറ്റിക്കെതിരെ അഞ്ചു ഗോളടിച്ചു തുടങ്ങിയ ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം പിന്നീട് ഹദേഴ്‌സ്‌ഫീൽഡ്, ബേൺമൗത്, ന്യൂകാസിൽ, ടോട്ടൻഹാം എന്നീ ടീമുകളെയും പരാജയപ്പെടുത്തിയിരുന്നു.

എവർട്ടനെ കീഴടക്കി സൗത്താംപ്ടന് തുടർച്ചയായ രണ്ടാം ജയം

പ്രീമിയർ ലീഗിൽ സൗത്താംപ്ടൻറെ രക്ഷാപ്രവർത്തനം വിജയകരമായി തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ എവർട്ടനെ ആധികാരികമായി തന്നെ തോൽപ്പിച്ചാണ് സൗത്താംപ്ടൺ പ്രീമിയർ ലീഗിലെ തങ്ങളുടെ തുടർച്ചയായ രണ്ടാമത്തെ വിജയം കണ്ടെത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗത്താംപ്ടൺ വിജയം കണ്ടത്. രണ്ടു മത്സരങ്ങൾക്ക് മുൻപ് ശക്തരായ ചെൽസിയെ സമനിലയിൽ കുരുക്കിയസ് സൈന്റ്സ് കഴിന മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 50ആം മിനിറ്റിൽ ജെയിംസ് പ്രൗസെയിലൂടെ അകൗണ്ട് തുറന്ന സൗത്താംപ്ടന് വേണ്ടി ഓൺ ഗോളിലൂടെ എവർട്ടൻ രണ്ടാം ഗോളും നേടി. ലൂക്കാസ് ഡിനെ ആണ് സ്വന്തം വലയിലേക്ക് തന്നെ ഗോൾ അടിച്ചത്. തുടർന്ന് ഗോളുകൾ തിരിച്ചടിക്കാൻ വേണ്ടി എവർട്ടൻ ശ്രമിച്ചു എങ്കിലും 91ആം മിനിറ്റിൽ സിഗുഡ്സൺ നേടിയ ഒരു ഗോൾ മാത്രം കൊണ്ട് എവർട്ടനു തൃപ്തിപ്പെടേണ്ടി വന്നു. വിജയത്തോടെ സൗത്താംപ്ടൺ ലീഗ് ടേബിളിൽ പതിനഞ്ചാം സ്ഥാനത്തെത്തി.

ബസ്‌ബിക്കും മൗറീൻഹൊക്കും ഓപ്പമെത്തി ഒലെ

ഇന്നലെ ബേൺമൗത്തിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച വിജയം നേടിയതോടെ ഒലെ ഗണ്ണാർ സോൾഷ്യാർ ഒരു മികച്ച റെക്കോർഡും സ്വന്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആദ്യത്തെ മൂന്ന് ലീഗ് മത്സരങ്ങളും വിജയിക്കുന്ന മൂന്നാമത്തെ മാത്രം മാനേജർ ആയിരിക്കുകയാണ് ഒലെ. ആദ്യ മൽസരത്തിൽ കാർഡിഫിനെയും രണ്ടാം മത്സരത്തിൽ ഹഡെഴ്‌സ് ഫീല്ഡിനെയും മികച്ച മർജിനിൽ പരാജയപ്പെടുത്താൻ ഒലേക്ക് കഴിഞ്ഞിരുന്നു.

ഇതിനു മുൻപ് വിഖ്യാത പരിശീലകൻ മാറ്റ് ബബ്‌സിക്കും ജോസേ മൗറീൻഹൊക്കും മാത്രമാണ് ഇങ്ങനെ ഒരു നേട്ടം കൈവരിക്കാൻ സാധിച്ചിരുന്നത്. ബസ്ബി 1945ലും ജോസേ മൗറീൻഹോ 2016ലുമാണ് ഈ നേട്ടം കൈവരിച്ചത്.

ഡാൻസിങ് പോഗ്ബ!!! ഒലെയുടെ കീഴിൽ യുണൈറ്റഡ് കുതിപ്പ് തുടരുന്നു

ഒലെ ഗണ്ണാർ സോൾഷ്യാറിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയക്കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ബേൺമൗത്തിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഒലെക്ക് കീഴിൽ യുണൈറ്റഡിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. ഇരട്ട ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത പോഗ്ബയുടെ പ്രകടനമാണ് യുണൈറ്റഡിന്റെ വിജയത്തിൽ നിർണായകമായത്.

അഞ്ചാം മിനിറ്റിൽ തന്നെ യുണൈറ്റഡ് അക്കൗണ്ട് തുറന്നിരുന്നു. റാഷ്ഫോഡ്‌ നടത്തിയ മികച്ചൊരു നീക്കം പോഗ്ബയുടെ ടാപ്പ്ഇനിലൂടെ വലയിൽ എത്തി. തുടർന്ന് പോഗ്ബ തന്നെ 33ആം മിനിറ്റിൽ ലീഡ് രണ്ടായി ഉയർത്തി. ഹെരേര നൽകിയ ക്രോസിന് ചാടി ഉയർന്നു ഹെഡ് ചെയ്ത പോഗ്ബ ഗോൾ നേടി. താമസിയാതെ ആദ്യ പകുതിയിൽ തന്നെ യുണൈറ്റഡ് മൂന്നാം ഗോളും നേടി. മർഷ്യലിന്റെ മനോഹരമായ ഒരു പാസിൽ കാൽ വെച്ചു റാഷ്ഫോഡ്‌ ലീഡ് മൂന്നാക്കി ഉയർത്തി. എന്നാൽ ആദ്യ പകുതിയിൽ കളി തീരാൻ ഒരു മിനിറ്റ് നാഥൻ അകെയിലൂടെ ബേൺമൗത് ഒരു ഗോൾ മടക്കി. ആദ്യ പകുതിയിൽ 3-1 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിലും അക്രമിച്ചു കളിച്ച യുണൈറ്റഡ് 72ആം മിനിറ്റിൽ നാലാം ഗോൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കി. 70ആം മിനിറ്റിൽ റാഷ്ഫോഡിന് പകരം ഇറങ്ങിയ ലുക്കാകു ആണ് ഗോൾ നേടിയത്. പോഗ്ബയുടെ പാസിൽ നിന്നുമാണ് ഗോൾ പിറന്നത്. എന്നാൽ മികച്ച വിജയത്തിന് ഇടയിലും 79ആം മിനിറ്റിൽ എറിക് ഭായി റെഡ് കാർഡ് കണ്ടു പുറത്തായത് യുണൈറ്റഡിന് തിരിച്ചടിയായി. വിജയത്തോടെ യുണൈറ്റഡ് ആഴ്സണലിന് 3 പോയിന്റ് പുറകിൽ എത്തി. യുണൈറ്റഡിന് 35ഉം ആഴ്സണലിന് 38ഉം പോയിന്റ് ആണുള്ളത്.

ആഴ്‌സണലിനെ തകർത്ത് ലിവർപൂൾ, അടിച്ചു കൂട്ടിയത് അഞ്ചു ഗോളുകൾ!

പ്രീമിയർ ലീഗിൽ പരാജയം അറിയാതെയുള്ള ലിവർപൂളിന്റെ കുതിപ്പ് തുടരുന്നു. ഇന്ന് ആൻഫീല്ഡില് നടന്ന കരുത്തരുടെ പോരാട്ടത്തിൽ ആഴ്സണലിനെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം അഞ്ചു ഗോളുകൾക്ക് മുക്കി ലിവർപൂൾ വിജയ കുതിപ്പ് തുടർന്നത്. റോബർട്ടോ ഫിർമിനോ നേടിയ ഹാട്രിക് ഗോളുകളാണ് ലിവർപൂളിന്റെ വിജയത്തിൽ നിർണായകമായത്.

11ആം മിനിറ്റിൽ ലിവർപൂൾ പ്രതിരോധത്തിലെ പിഴവ് മുതലെടുത്തു ഐൻസ്ലിയിലൂടെ ആഴ്സണൽ മുന്നിൽ എത്തി. എന്നാൽ 14ആം മിനിറ്റിലും 16ആം മിനിറ്റിലും മനോഹരമായ ഗോളുകളിലൂടെ ഫിർമിനോ ലിവർപൂളിനെ മടക്കി കൊണ്ടുവന്നു. 32ആം മിനിറ്റിൽ ആഴ്സണൽ പ്രതിരോധത്തിലെ പിഴവിൽ നിന്നും സലായുടെ പാസിൽ മാനെ ലിവർപൂളിന്റെ മൂന്നാം ഗോളും നേടി. 45ആം മിനിറ്റിൽ സലായെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി സലാ തന്നെ ലീഡ് 4-1 എന്നാക്കി.

മറ്റൊരു പെനാൽറ്റിയിലൂടെ തന്നെയാണ് ലിവർപൂൾ അഞ്ചാം ഗോളും നേടിയത്. ലോവറിനെ പെനാൽറ്റി ബോക്‌സിൽ വീഴ്ത്തിപ്പോൾ ലഭിച്ച സ്പോട് കിക്ക് ഫിർമിനോ ഗോളാക്കി മാറ്റി തന്റെ ഹാട്രിക്കും ലിവർപൂളിന്റെ ഗോൾ പട്ടികയും തികച്ചു. ലിവർപൂൾ കുപ്പായത്തിലേ തന്റെ ആദ്യ ഹാട്രിക് ആണ് ഫിർമിനോ നേടിയത്. വിജയത്തോടെ ലിവർപൂളിന് 9 പോയിന്റ് ലീഡ് ആയി.

പോഗ്ബൂം!! ബോക്സിങ് ഡേയിൽ യുണൈറ്റഡിന് തകർപ്പൻ വിജയം

സോൾഷ്യാറിന് കീഴിൽ ഓൾഡ് ട്രാഫോഡിൽ ആദ്യ മത്സരം കളിക്കാൻ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ബോക്സിങ് ഡേ പോരാട്ടത്തിൽ ഹഡേഴ്‌സ് ഫീൽഡിനെ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. പോഗ്ബ ഇരട്ട ഗോളുകൾ നേടി തിളങ്ങിയപ്പോൾ മാറ്റിച് ആയിരുന്നു മറ്റൊരു ഗോൾ നേടിയത്.

കഴിഞ്ഞ മത്സരത്തിന്റെ ബാക്കിയെന്നോണം ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയത്. പന്ത് കൈവശം വെച്ചു കളിച്ച യുണൈറ്റഡ് ഹഡേഴ്‌സ് ഫീല്ഡിനെതിരെ വ്യക്തമായ ആധിപത്യം ആയിരുന്നു പുലർത്തിയത്. അതിനിടയിൽ ലീഡ് നേടാനുള്ള മികച്ച ഒരു അവസരം ഹഡേഴ്‌സ് ഫീൽഡ് താരം കോംഗോളോ നഷ്ടപ്പെടുത്തി. 29ആം മിനിറ്റിൽ ആണ് യുണൈറ്റഡ് ലീഡ് നേടിയത്, കോർണറിൽ നിന്നും ലിൻഡലോഫ്‌ ഹെഡ് ചെയ്ത പന്ത് മാറ്റിച് ഒഴിഞ്ഞ പോസ്റ്റിലേക്ക് അടിച്ചു കയറ്റി. ആദ്യ പകുതിയിൽ സ്‌കോർ 1-0

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചു കളിച്ച ഹഡേഴ്‌സ് ഫീൽഡ് ഗോളിന് തൊട്ടടുത്തെത്തി എങ്കിലും ഡേവിഡ് ഡിഹെയ ഒന്നാന്തരം ഒരു സേവിലൂടെ യുണൈറ്റഡിന്റെ രക്ഷക്കെത്തി. തുടർന്നായിരുന്നു പോഗ്ബയുടെ ഇരട്ട ഗോളുകൾ പിറന്നത്. മാറ്റയും രാഷ്ഫോർഡും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ പോഗ്ബയുടെ ഗോൾ. താമസിയാതെ ബോക്സിനു വെളിയിൽ വെച്ചു നേടിയ മറ്റൊരു ഗോളിലൂടെ പോഗ്ബ യുണൈറ്റഡ് വിജയം ഉറപ്പിച്ചു. 88ആം മിനിറ്റിൽ യോർഗൻസൺ ആണ് ഹഡേഴ്‌സ് ഫീൽഡിന്റെ ആശ്വാസ ഗോൾ നേടിയത്.

ഫെർഗിക്ക് ശേഷം ആദ്യമായി അഞ്ചടിച്ച് യുണൈറ്റഡ്; സോൾഷ്യറിന് മിന്നും തുടക്കം

അലക്‌സ് ഫെർഗൂസൺ കാലഘട്ടത്തിന് ശേഷം പ്രീമിയർ ലീഗിൽ ആദ്യമായി അഞ്ചു ഗോളടിച്ചു മാഞ്ചസ്റ്റർ യുണൈറ്റഡ്. കാർഡിഫിനെ ഗോൾ മഴയിൽ മുക്കി തകർപ്പൻ തുടക്കമാണ് ഒലെ ഗണ്ണാർ സോൾഷ്യറിന് യുണൈറ്റഡിൽ ലഭിച്ചിരിക്കുന്നത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആയിരുന്നു യുണൈറ്റഡിന്റെ വിജയം. മർകസ് റാഷ്ഫോർഡ്, ഹെരേര, മാർഷ്യൽ, ലിംഗാർഡ് എന്നിവർ ആണ് യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്.

മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ഒരു ഫ്രീകിക്കിലൂടെ റാഷ്ഫോർഡ് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചു. 29ആം മിനിറ്റിൽ ഹെരേര ബോക്സിനു പുറത്തു വെച്ചു എടുത്ത ഒരു ഷോട്ടിൽ യുണൈറ്റഡ് രണ്ടാം ഗോളും കണ്ടെത്തി. എന്നാൽ 38ആം മിനിറ്റിൽ റാഷ്ഫോർഡ് ബോക്‌സിൽ വെച്ചു പന്ത് കൈ കൊണ്ട് തൊട്ടതിനാൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി കമരസ കാർഡിഫിനെ മത്സരത്തിലേക്ക് മടക്കി കൊണ്ടുവന്നു. പക്ഷെ രണ്ടു മിനിറ്റിനകം ഒന്നാന്തരം ഒരു ടീം ഗോളിലൂടെ മാർഷ്യൽ യുണൈറ്റഡിന്റെ ലീഡ് ഉയർത്തി. സ്‌കോർ 1-3.

രണ്ടാം പകുതിയിൽ 57ആം മിനിറ്റിൽ തന്നെ വീഴ്ത്തിയത്തിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ലിംഗാർഡ് ഗോൾ നില ഉയർത്തി. 90ആം മിനിറ്റിൽ പോഗ്ബയുടെ പാസിൽ നിന്നും ലിംഗാർഡ് തന്റെ രണ്ടാം ഗോളും നേടിയതോടെ യുണൈറ്റഡ് ഗോൾ പട്ടിക തികച്ചു. സ്‌കോർ 1-5. ജോസേ മൗറീൻഹോയേ പുറത്താക്കിയ ശേഷമുള്ള ആദ്യ മൽസരത്തിൽ തന്നെ മികച്ച വിജയം നേടാൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കും.

ക്രിസ്റ്റൽ പാലസിനു മുന്നിൽ മാൻ സിറ്റി തകർന്നു

പ്രീമിയർ ലീഗിൽ ഈ സീസണിലെ ഏറ്റവും വലിയ അട്ടിമറി. എത്തിഹാദിൽ നടന്ന മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ ക്രിസ്റ്റൽ പാലസ് അട്ടിമറിക്കുകയായിരുന്നു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മൂന്നുഗോളുകൾ സിറ്റിയുടെ വലയിൽ നിറച്ചാണ് പാലസ് വിജയം കണ്ടത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു പാലസിന്റെ വിജയം. സിറ്റി പരാജയപ്പെട്ടതോടെ ലിവർപൂളിന് നാലു പോയിന്റിന്റെ ലീഡ് ആയി.

27ആം മിനിറ്റിൽ ഗുണ്ടോഗനിലൂടെ സിറ്റി ലീഡ് എടുത്തു. എന്നാൽ ജെഫറിയിലൂടെ പാലസ് സമനില പിടിച്ചു. തുടർന്ന് 35ആം മിനിറ്റിൽ സീസണിലെ തന്നെ ഏറ്റവും മികച്ച ഒരു ഗോളിലൂടെ ടൗൻസെന്റ് പാലസിന് ലീഡ് നേടി കൊടുത്തു. ഒന്നാന്തരം ഒരു വോളി പോസ്റ്റിലേക്ക് കയറുകയായിരുന്നു. ആദ്യ പകുതിയിൽ 1-2 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിൽ കെയ്ൽ വാക്കർ ബോക്‌സിൽ നടത്തിയ ഫൗളിന് റഫറി പെനാൽറ്റി വിധിച്ചതോടെ കാര്യങ്ങൾ സിറ്റിയുടെ കൈവിട്ടു. 51ആം മിനിറ്റിൽ മിലിവോഹോവിച് പെനാൽറ്റി ഗോളാക്കി ലീഡ് രണ്ടാക്കി ഉയർത്തി. 85ആം മിനിറ്റിൽ കെഡിബി ഒരു ഗോൾ മടക്കി എങ്കിലും പാലസിന്റെ വിജയത്തെ തടുക്കാൻ അത് മതിയാവുമായിരുന്നില്ല.

കഴിഞ്ഞ സീസണിൽ ഡർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയപ്പെട്ട ശേഷം ആദ്യമായാണ് സിറ്റി ഹോം ഗ്രൗണ്ടിൽ പരാജയപ്പെടുന്നത്.

ആരോസിന് മുന്നിൽ ഗോകുലം വീണു

ഇന്ത്യൻ ആരോസിനെ നിസാരവൽകരിച്ചു കണ്ട ഗോകുലം കേരളയ്ക്ക് പണി കിട്ടി. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യൻ ആരോസ് ഗോകുലം കേരളയെ പരാജയപ്പെടുത്തി. ലീഗിൽ അവസാന സ്ഥാനത്തായിരുന്ന ഇന്ത്യൻ ആരോസിനെതിരെ നിരവധി മാറ്റങ്ങളുമായി ആണ് ഗോകുലം ഇറങ്ങിയത്, എന്നാൽ പൊരുതി കളിച്ച ആരോസ് വിജയം സ്വന്തമാക്കുകയായിരുന്നു. ലീഗിലെ ആരോസിന്റെ രണ്ടാമത്തെ മാത്രം വിജയമണിത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 66ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ അമർജിത് സിങ് ആണ് ആരോസിന്റെ വിജയ ഗോൾ നേടിയത്. വിജയത്തോടെ ആരോസ് 9ആം സ്ഥാനത്തെക്ക് മുന്നേറി. ആരോസിന് 7 പോയിന്റും ഗോകുലം കേരളയ്ക്ക് 10 പോയിന്റുമാണ് ഉള്ളത്. 9 മത്സരങ്ങൾ പിന്നിട്ടപ്പോൾ എട്ടാം സ്ഥാനത്താണ് ഗോകുലം കേരള എഫ്സി ഇപ്പോൾ.

മൈകിന് ജേഴ്‌സി സമ്മാനിച്ച് മൊഹമ്മദ് സലാ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വിഡിയോ ആയിരുന്നു അന്ധനായ ഒരു ഫുട്ബാൾ ആരാധകൻ മൊഹമ്മദ് സലാ നേടിയ ഗോൾ ആഘോഷിക്കുന്നത്. ജന്മനാ അന്ധനായ മൈക് കേർണിയാണ് വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകരുടെ മനസിൽ ഇടം നേടിയത്. മൈക്കിനെ ലിവർപൂൾ പരിശീലനം കാണാൻ മെൽവുഡിലേക്ക് ക്ഷണിക്കുകയും പ്രിയ താരങ്ങളെ നേരിൽ കാണാൻ ഉള്ള അവസരം നൽകുകയും ചെയ്തിരിക്കുകയാണ് ലിവർപൂൾ.

ഇന്ന് ക്ലബിൽ എത്തിയ മൈക്കിനും സുഹൃത്തിനും സലായുമായി കുശലാന്വേഷണം നടത്തുവാനും സലാ തന്റെ ഒരു ജേഴ്‌സി സമ്മാനിക്കുകയും ചെയ്തിരുന്നു. ക്ലോപ്പിനെയും മറ്റു താരങ്ങളെയും സന്ദർശിച്ച മൈക് എല്ലാവരിൽ നിന്നും ഓട്ടോഗ്രാഫും വാങ്ങിയാണ് തിരിച്ചു പോയത്

Exit mobile version