ബ്രസീലിയൻ ക്ലബ്ബിനൊപ്പമുള്ള കരാർ റദ്ദാക്കി, ലണ്ടൻ ലക്ഷ്യമാക്കി ഡിയഗോ കോസ്റ്റ

മുൻ ചെൽസി താരവും നിലവിൽ ബ്രസീലിയൻ ക്ലബ്ബ് അത്ലറ്റികോ മിനെറോയുടെ താരവുമായ ഡിയഗോ കോസ്റ്റ ക്ലബ്ബ്മായുള്ള കരാർ റദ്ദാക്കി. താരം പ്രീമിയർ ലീഗിലേക്ക് മടങ്ങി എത്തുന്നു എന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നതാണ് ഇത്. താരം ഈ മാസം തന്നെ ലണ്ടൻ ക്ലബ്ബ് ആഴ്സണലുമായി കരാർ ഒപ്പിട്ടേക്കും എന്നാണ് സൂചനകൾ.

അത്ലറ്റിക്കോയുമായി കരാർ റദ്ദാക്കിയാണ് കോസ്റ്റ സീസൺ തുടക്കത്തിൽ ബ്രസീലിലേക്ക് വണ്ടി കയറിയത്. 2022 ഡിസംബർ വരെ കരാർ നിലനിൽക്കെയാണ് താരം ബ്രസീൽ വിടാൻ തീരുമാനിച്ചത്. നേരത്തെ അത്ലറ്റികോ മാഡ്രിഡ്, ചെൽസി ടീമുകൾക്ക് വേണ്ടിയും കളിച്ച കോസ്റ്റ കളിക്കളത്തിലെ പോരുകളുടെ പേരിൽ കുപ്രസിദ്ധനാണ്. പക്ഷെ മികച്ച ഗോൾ സ്കോററായ താരം ഏതൊരു ടീമിന്റെയും ആക്രമണം നയിക്കാൻ കെൽപ്പുള്ള, അത് തെളിയിച്ച താരവുമാണ്.

ന്യൂകാസിൽ ഇനി വേറെ ലെവൽ, സൗദി ഉടമസ്ഥത ഔദ്യോഗികം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ന്യൂകാസിൽ യുണൈറ്റഡിനെ സൗദി ഉടമകൾ സ്വന്തമാക്കി. ഇതു സംബന്ധിച്ചുള്ള അനുമതി നൽകിയ വിവരം പ്രീമിയർ ലീഗ് ഔദ്യോഗികമായി സ്ഥിതീകാരിച്ചു. സൗദി രാജകുമാരൻ പിന്തുണക്കുന്ന പബ്ലിക് ഇന്വെസ്റ്റമെന്റ് ഫണ്ട് ഓഫ് സൗദി അറേബ്യ ആകും ഇനി ക്ലബ്ബിന്റെ ഉടമകൾ. 300 മില്യൺ പൗണ്ടോളം നിലവിലെ ഉടമ മൈക്ക് ആഷ്‌ലിക്ക് നൽകിയാണ് അവർ ക്ലബ്ബിനെ സ്വന്തമാക്കിയത്.

ഏറെ നാളായി ചർച്ചകൾ നടക്കുകയും നിയമ നടപടികളിൽ പെടുകയും ചെയ്ത കരാറാണ് ഇന്നത്തോടെ ഔദ്യോഗികമായത്. ഇതോടെ ക്ലബ്ബിലേക്ക് വൻ ട്രാൻസ്ഫറുകൾ അടക്കം വരും നാളുകളിൽ നടക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻ നിര ക്ലബ്ബ്കളുടെ നിരയിലേക്ക് മടങ്ങി എത്തുക എന്നത് തന്നെയാകും ഇനി ന്യൂകാസിലിന്റെ ലക്ഷ്യം.

ഡാനിയേൽ ജെയിംസ് യുണൈറ്റഡ് വിട്ടു, ഇനി ലീഡ്സിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡാനിയേൽ ജെയിംസ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. പ്രീമിയർ ലീഗ് ക്ലബ്ബ് ലീഡ്സ് യൂണൈറ്റഡിലേക്ക് ആണ് താരം മാറുന്നത്. 28 മില്യൺ പൗണ്ടോളം നൽകിയാണ് ബിയേൽസയുടെ ടീം താരത്തെ സ്വന്തമാക്കിയത്.

ക്രിസ്റ്റിയാനോ റൊണാൾഡോ, സാഞ്ചോ എന്നിവരുടെ വരവോടെയാണ് താരത്തിന് യുണൈറ്റഡിൽ അവസരം ഉണ്ടാകില്ല എന്ന് ഉറപ്പായത്. 23 വയസുകാരനായ താരം 2019 ലാണ് ഓൾഡ് ട്രാഫോഡിൽ എത്തുന്നത്. പക്ഷെ യുണൈറ്റഡിൽ കാര്യമായ പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. വെയിൽസ് ദേശീയ ടീം അംഗമാണ് ജെയിംസ്.

വില്ലിയൻ ആഴ്സണലുമായുള്ള കരാർ റദ്ദാക്കും, ബ്രസീലിലേക്ക് മടങ്ങും

ആഴ്സണലിന്റെ ബ്രസീലിയൻ വിങ്ങർ വില്ലിയൻ ക്ലബ്ബ്മായുള്ള കരാർ റദ്ദാക്കും. ഇതോടെ ഫ്രീ ഏജന്റ് ആകുന്ന താരം ജന്മനാടായ ബ്രസീലിലെ കൊറിന്ത്യൻസ് ക്ലബ്ബ്മായി കരാർ ഒപ്പിടും. താരത്തിന് 2023 വരെ അവർ കരാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

തന്റെ ചെൽസി കരാർ അവസാനിച്ചതോടെയാണ് വില്ലിയൻ കഴിഞ്ഞ വർഷം ആഴ്സണലിൽ ചേർന്നത്. ഫ്രീ ട്രാൻസ്ഫർ ആയിരുന്നെകിലും വൻ തുക ശമ്പളമായി ആഴ്സണൽ വില്ലിയന് നൽകിയിരുന്നു. പക്ഷെ താരം പ്രകടനത്തിൽ തീർത്തും നിറം മങ്ങിയതോടെ ആഴ്സണലിന് ബാധ്യതയായി. ഇതോടെ ടീമിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് താരം ലണ്ടൻ വിടാൻ തീരുമാനിച്ചത്.

ആർടെറ്റ സൃഷ്ടിക്കുന്ന പുതിയ റെക്കോർഡുകൾ, നാണക്കേടിൽ മാത്രമൊതുങ്ങുന്ന നേട്ടങ്ങൾ

മിക്കേൽ ആർട്ടറ്റയെ നിയമിക്കുമ്പോൾ ആഴ്സണൽ ബോർഡും ആരാധകരും പ്രതീക്ഷിച്ചതിന് നേർ വിപരീതമാണ് ഇപ്പോൾ ലണ്ടൻ ക്ലബ്ബിൽ കാര്യങ്ങൾ നടക്കുന്നത്. ആഴ്സണൽ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയയിലൂടെയാണ് കടന്ന് പോകുന്നത്. ഇന്ന് സിറ്റിയോട് എതിരില്ലാത്ത 5 ഗോളുകൾക്ക് തോൽവി വഴങ്ങിയതോടെ മറ്റൊരു നാണക്കേട് കൂടെ ആർട്ടറ്റ ആഴ്സണലിന് സമ്മാനിച്ചു. ക്ലബ്ബിന്റെ 135 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അവർ ആദ്യത്തെ 3 കളികളിൽ ഗോൾ ഒന്നും നേടാതെ തോൽവി വഴങ്ങുന്നത്.

ഇംഗ്ലീഷ് ഫുട്‌ബോളിന്റെ എല്ലാ ഡിവിഷനിലെ കൂടെ 3 കളികൾ കളിച്ചിട്ട് ഗോൾ നേടാത്ത 2 ടീമുകൾ ആണ് ഉള്ളത്. ഒരു ടീം ആഴ്സണൽ, രണ്ടാമത്തെ ടീം മൂന്നാം ഡിവിഷനിൽ കളിക്കുന്ന ശ്രുസ്ബെറി ടൌൺ !!.
മാഞ്ചസ്റ്റർ സിറ്റിയെ പോലൊരു ടീമിനോട് തോൽക്കുന്നത് അത്ര വലിയ മോശം കാര്യം ഒന്നും അല്ലെങ്കിലും തോൽവി വഴങ്ങിയ വിധമാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ഒരു പക്ഷെ ആഴ്സണൽ ബോർഡിനെയും ഇത് ചൊടിപ്പിക്കും. കേവലം 18 ശതമാനം ബോൾ പോസഷൻ മാത്രമാണ് ആഴ്സണലിന് കളിയിൽ നിലനിർത്താൻ സാധിച്ചത്, സിറ്റി ഗോളിലേക്ക് ഒരു ഷോട്ട് പോലും പായിച്ചില്ല, ആകെ ഷോട്ട് 1 !. വഴങ്ങിയതോ 25 ഷോട്ട്, അതിൽ 10 ഷോട്ട് ഓണ് ടാർഗറ്റിൽ.

വിയേരയും, ബേർഗ്കാമ്പും, ആഡംസും, കിയോണും, ഹെൻറിയും അരങ്ങുവാണ കാലത്തെ പോരാട്ടവീര്യം ഒന്നും കടുത്ത ആഴ്സണൽ ആരാധകർ പോലും പ്രതീക്ഷിക്കുന്നില്ല എങ്കിലും ഇന്ന് കളിച്ച കളിയേക്കാൾ എത്രയോ മികച്ച കളി കളിക്കാൻ കെൽപ്പുള്ള കളിക്കാർ തന്നെയാണ് ഇപ്പോഴും ക്ലബ്ബിൽ ഉള്ളത്. കളിക്കാരിലേക്ക് വീറും വാശിയും നിറക്കാൻ മറന്ന ആർട്ടറ്റക്ക് ആഴ്സണൽ ബോർഡ് ഇനിയും ഒരു അവസരം നൽകുകയാണെങ്കിൽ ആരാധകരേക്കാൾ ഞെട്ടുക ആർട്ടറ്റ തന്നെയാകും.

കളിക്കാരെ വാങ്ങുന്നതിലും ,അപ്രസക്തരായ കളിക്കാർക്ക് പുതിയ കരാർ നൽകുന്നതിലും അടക്കം ആഴ്സണൽ ബോർഡിന്റെ പിഴവുകൾ ഏറെ ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിലും ശ്രമിച്ചു എന്ന് പറയാൻ പോലുമാകാതെ ആഴ്സണൽ ഗ്രൗണ്ടിൽ തളർന്ന് വീഴുമ്പോൾ വാൾ ആർട്ടറ്റക്ക് നേരെ തന്നെയാണ് അവസാനം എത്തുന്നത്.

ക്ളോപ്പിന്റെ തട്ടകത്തിലേക്ക് ഇന്ന് ടൂഷലിന്റെ പടയെത്തുന്നു, പ്രീമിയർ ലീഗിൽ ഇന്ന് ആവേശ പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആവേശ പോരാട്ടത്തിൽ ലിവർപൂളും ചെൽസിയും നേർക്കുനേർ. ആദ്യത്തെ 2 മത്സരങ്ങളും ജയിച്ച ഇരു ടീമുകളും ഇന്ന് ജയിച്ചു കിരീട പോരാട്ടത്തിൽ തങ്ങളുടെ കരുത്ത് പ്രകടിപികനാവും ശ്രമിക്കുക. ഇന്ന് ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് ലിവർപൂളിന്റെ തട്ടകത്തിൽ കിക്കോഫ്.

തന്ത്രങ്ങൾക്ക് പേരുകേട്ട, കഴിവ് തെളിയിച്ച 2 ജർമ്മൻ പരിശീലകരുടെ പോരാട്ടം കൂടിയാകും ഇന്നത്തേത്. കരുത്ത് ഏറെയുള്ള പ്രതിരോധവും ലിവർപൂളിന്റെ അതിശക്തമായ പ്രതിരോധവും തമ്മിലാകും ഇന്നത്തെ പോരാട്ടം. പക്ഷെ ലുകാകുവിന്റെ വരവോടെ ചെൽസിയുടെ ആക്രമണവും ശക്തമാണ്. ചെൽസി നിരയിൽ കാര്യമായ മാറ്റങ്ങൾ വരാൻ സാധ്യത ഇല്ല എങ്കിലും ലുക്കാകുവിന് ഒപ്പം വെർണർ ആക്രമണ നിരയിൽ എത്താൻ സാധ്യത ഉണ്ട്. ലിവർപൂൾ നിരയിൽ ഫാബിഞ്ഞോ കളിക്കാൻ സാധ്യത ഇല്ല.

 

ആദ്യ ജയം തേടി ആഴ്സണൽ ഇന്ന് മാഞ്ചസ്റ്ററിൽ, കരുത്ത് കാട്ടാൻ ഒരുങ്ങി സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആഴ്സണലിന് വീണ്ടും വമ്പന്മാരുടെ വെല്ലുവിളി. അതി ശക്തരായ മാഞ്ചസ്റ്റർ സിറ്റിയാണ് ഇന്ന് ലണ്ടൻ ക്ലബ്ബിന്റെ എതിരാളികൾ. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 5 മണിക്ക് സിറ്റിയുടെ മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിൽ ആണ് കളി അരങ്ങേറുക.

ലീഗിൽ ആദ്യത്തെ 2 കളിയും തോറ്റ ആഴ്സണലിന് ഇന്നത്തേത് നിർണായക പോരാട്ടമാണ്. ഇന്നും തോറ്റാൽ അത് പരിശീലകൻ ആർട്ടറ്റക്ക് വൻ സമ്മർദ്ദം ആകും നൽകുക. മറുവശത്ത് സിറ്റി നോർവിച്ചിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്ത ആവേശവുമായാണ് എത്തുന്നത്. സിറ്റി നിരയിൽ കെവിൻ ഡു ബ്രെയ്ൻ, ഫോടൻ എന്നിവർ ഇന്നും കളിക്കാൻ സാധ്യത ഇല്ല. ആഴ്സണൽ നിരയിൽ ബകായോ സാക കളിച്ചേക്കും. ലീഗ് കപ്പ് മത്സരത്തിന് ഇടയിൽ താരത്തിന് ഏറ്റ പരിക്ക് അത്ര സാരമുള്ളതല്ല.

ചുവപ്പൻ ജേഴ്സിയിലേക്ക് വീണ്ടും, ഇന്റർനെറ്റ് ഇളക്കിമറിച്ചു റൊണാൾഡോ കരുത്ത്

ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ആരാധക ശക്തി പ്രകടമാക്കിയ മറ്റൊരു ദിവസം കൂടുയായി ഇന്നത്തെ താരത്തിന്റെ അനൗണ്സ്മെന്റ്. റൊണാൾഡോയെ തിരികെ ടീമിൽ എത്തിക്കാൻ കരാറായ വിവരം മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ട്വിറ്റെർ അകൗണ്ട് വഴി പ്രഖ്യാപിച്ചതോടെയാണ് ഇന്റർനെറ്റ് ഇളക്കി മറിച്ച ശക്തിയായി റൊണാൾഡോ മാറിയത്.

യുണൈറ്റഡിന്റെ പ്രഖ്യാപന ട്വീറ്റ് ഏതാനും മണിക്കൂറുകൾ കൊണ്ട് 1 മില്യൺ ലൈക്കും, ആറര ലക്ഷത്തോളം റീട്വീറ്റുകളുമാണ് വന്നത്. ഇതിനിടെ യുണൈറ്റഡിന്റെ വെബ്‌സൈറ്റ് ഏതാനും സമയം നിലകുകയും ചെയ്തു. ഫുട്‌ബോൾ ലോകത്ത് ഇത്രയധികം സ്വാധീനമുള്ള റൊണാൾഡോയുടെ പുതിയ കരിയർ നീക്കത്തോട് യുണൈറ്റഡ് ആരാധകർക്ക് പുറമെ മറ്റുള്ളവരും ആവേശത്തോടെയാണ് കണ്ടത് എന്നതിന് വലിയ തെളിവായി ഇത്. ഇനി റൊണാൾഡോയുടെ മടങ്ങി വരവിൽ ആദ്യത്തെ ഓൾഡ്ട്രാഫോഡ് മത്സരത്തിൽ ആരാധകർ എന്തൊക്കെയാവും കരുതി വച്ചിരിക്കുക എന്നതാണ് ലോകം ഉറ്റു നോക്കുന്നത്.

സിസോക്കോ ഇനി സ്പർസിലില്ല, വാട്ട്ഫോർഡുമായി കരാർ ഒപ്പിട്ടു

സ്പർസിന്റെ ഫ്രഞ്ച് മധ്യനിര താരം മൂസ സിസോക്കോ ക്ലബ്ബ് വിട്ടു. താരം പ്രീമിയർ ലീഗ് ക്ലബ്ബായ വാട്ട്ഫോഡിൽ ചേർന്ന വിവരം സ്പർസ് പ്രഖ്യാപിച്ചു. 2016 ൽ ന്യൂകാസിലിൽ നിന്നാണ് താരം സ്പർസിൽ എത്തിയത്. ക്ലബ്ബിനായി ഇതുവരെ 202 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

സിസോകോയിലൂടെ അനുഭവസമ്പത്തുള്ള മിഡ്ഫീൽഡ് താരത്തെയാണ് വാട്ട്ഫോഡിന് ലഭിക്കുന്നത്. ഫ്രാൻസിനായി 70 മത്സരങ്ങൾ കളിച്ച താരം 259 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഞായാറാഴ്ച സ്പർസിന് എതിരെ തന്നെയുള്ള കളിക്ക് സിസോകോക്ക് വാട്ട്ഫോഡിനായി കളിക്കാനാകും.

എല്ലാം ഔദ്യോഗികം, റൊണാൾഡോ യൂണൈറ്റഡിലേക്ക് മടങ്ങിയെത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയെ തിരികെ ഓൾഡ് ട്രാഫോഡിൽ എത്തിച്ചു. താരത്തിന്റെ കൈമാറ്റത്തിനായി യുവന്റസും മാഞ്ചസ്റ്റർ യൂണൈറ്റഡും തമ്മിൽ കരാറിൽ എത്തി. യുണൈറ്റഡിന്റെ കരാർ വ്യവസ്ഥകൾ റൊണാൾഡോ അംഗീകരിച്ചതോടെയാണ് താരത്തിന്റെ മടക്കം യാഥാർഥ്യമായത്. താരത്തിന്റെ മെഡിക്കൽ വൈകാതെ പൂർത്തിയാക്കും.

 

സിറ്റിയിലേക്ക് പോകും എന്ന് ഇന്നലെ ഉറപ്പിച്ച ശേഷമാണ് റൊണാൾഡോയുടെ ട്രാൻസ്ഫറിൽ അപ്രതീക്ഷിത മാറ്റങ്ങൾ വന്നത്. യുണൈറ്റഡിന്റെ ഓഫർ വന്നതോടെ സിറ്റി ചർച്ചകളിൽ നിന്ന് പിന്മാറി. ഏറെ വൈകാതെ യുണൈറ്റഡ് കാര്യങ്ങൾ വേഗത്തിലാക്കി ട്രാൻസ്ഫർ പ്രഖാപിക്കുകയായിരുന്നു. യുണൈറ്റഡിൽ മുൻപ് കളിച്ചപ്പോൾ താരം 292 മത്സരങ്ങളിൽ നിന്ന് 118 ഗോളുകൾ നേടിയിട്ടുണ്ട്.

റൊണാൾഡോ സിറ്റിയിലേക്കില്ല, സിറ്റി ചർച്ചകളിൽ നിന്ന് പിന്മാറി

മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ക്രിസ്റ്റിയാനോ റൊണാൾഡോ വരില്ല. താരത്തെ ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഗാർഡിയോളയുടെ ടീം ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ. താരത്തെ എത്തിഹാദ് സ്റ്റേഡിയത്തിൽ എത്തിക്കാനുള്ള സാധ്യതകൾ സിറ്റി തേടിയെങ്കിലും ഡീൽ പൂർത്തിയായിരുന്നില്ല.

റൊണാൾഡോയുടെ ഏജന്റ് മെന്ടസുമായി സിറ്റി ചർച്ചകൾ നടത്തിയിരുന്നു. ഇതിനിടെ താരം തന്റെ യുവന്റസ് സഹ താരങ്ങളോട് യാത്ര പറഞ്ഞു ഇറ്റലിയിൽ നിന്ന് മടങ്ങുകയും ചെയ്തു. സിറ്റി പിന്മാറിയതോടെ റൊണാൾഡോയെ ഓൾഡ്ട്രാഫോഡിൽ എത്തിക്കാൻ ഉള്ള ശ്രമങ്ങൾക്ക് യുണൈറ്റഡ് വേഗത കൂട്ടിയേക്കും. യൂണൈറ്റഡ് മാനേജ്മെന്റ് റൊണാൾഡോയുടെ മടങ്ങി വരവിന് അനുകൂലമായാണ് പ്രതികരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

റൊണാൾഡോക്കായി മാഞ്ചസ്റ്റർ ക്ലബ്ബ്കളുടെ ട്രാൻസ്ഫർ ഡർബി, ആകാംക്ഷ വിടാതെ ആരാധകർ

റൊണാൾഡോയുടെ ട്രാൻസ്ഫർ വാർത്തകളിൽ വീണ്ടും ട്വിസ്റ്റ്. മാഞ്ചസ്റ്റർ സിറ്റിയിലേക്ക് താരം മാറിയേക്കും എന്ന വാർത്തകൾക്കിടെ ഇന്ന് യുണൈറ്റഡ് താരത്തെ സ്വന്തമാക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഇന്നലെ രാത്രി മുതൽ തന്നെ റൊണാൾഡോയുടെ ഏജന്റ് ജോർ മെന്ടസുമായി യുണൈറ്റഡ് വൃത്തങ്ങൾ ചർച്ചകൾ ആരംഭിച്ചു എന്നാണ് ഇറ്റലിയിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ.

ഇതിനിടെ റൊണാൾഡോ യുവന്റസ് വിടുകയാണ് എങ്കിൽ യൂണിറ്റഡിലേക്ക് സ്വാഗതം ചെയ്ത് പരിശീലകൻ സോൽഷ്യർ രംഗത്ത് എത്തി. ഇതോടെ സൂപ്പർ താരത്തിനായി മാഞ്ചസ്റ്റർ ക്ലബ്ബ്കളുടെ വൻ ട്രാൻസ്ഫർ പോരാട്ടമാകും വരും മണിക്കൂറുകളിൽ അരങ്ങേറുക. എന്തായാലും ഒരിക്കൽ കൂടെ താരം പ്രീമിയർ ലീഗിൽ പന്ത് തട്ടും എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇരു മാഞ്ചസ്റ്റർ ക്ലബ്ബ്കളും വാഗ്ദാനം ചെയ്യുന്ന കരാറിന് അനുസരിച്ചാകും റൊണാൾഡോയുടെ തീരുമാനം എത്തുക.

Exit mobile version