വാർണർ ഇനി തലസ്ഥാനത്ത്, താരം ഡൽഹിക്ക് സ്വന്തം

ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ ഇനി ടീം ഡൽഹിയിൽ. IPL ലേലത്തിൽ 6.25 കൊടിക്കാണ് താരത്തെ ഡൽഹി സ്വന്തമാക്കിയത്.

IPL ൽ വേണ്ടുവോളം അനുഭവസമ്പത്തുള്ള താരം 150 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർകിങ്‌സ്, ടീം ഡൽഹി, മുബൈ ടീമുകൾക് താരത്തിനായി രംഗത്ത് വന്നിരുന്നു. അവസാനം 6.25 കോടിക്ക് താരത്തെ ഡൽഹിക്ക് സ്വന്തമാക്കാൻ സാധിച്ചു.

ഗുജറാത്ത് പേസ് ആക്രമണം നയിക്കാൻ ഷമി എത്തും

ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഗുജറാത്ത് ടൈറ്റൻസിൽ . റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ലക്‌നൗ ടീമുകളെ മറികടന്നാണ് ഇന്ത്യൻ ടീമിലും, ഐ പി എൽ ലും ഏറെ അനുഭവ സമ്പത്തുള്ള പേസർ ഗുജറാത്തിൽ എത്തിയത്.

2 അടിസ്ഥാന വിലയിൽ ആരംഭിച്ച ലേലത്തിൽ താരത്തിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 3.60 കോടിയാണ് വാഗ്ദാനം ചെയ്തത്. പക്ഷെ ലക്‌നൗ ടീം 4.20 കോടി വാഗ്ദാനം ചെയ്തു. വീണ്ടും ഇരു ടീമുകളും തുക ഉയർത്തിയതോടെ ലേലം 5 കോടി കടന്നു. ഇതോടെ താരത്തിന് 6 കോടിക്ക് മുകളിൽ നൽകാൻ ഗുജറാത്ത് തയ്യാറായതോടെ 6.25 കോടിക്ക് താരം ഗുജറാത്ത് ടീമിന് സ്വന്തമായി.

സൂമയെ മാറ്റി നിർത്തില്ല, മോയസ് നയം വ്യക്തമാക്കുന്നു

സ്വന്തം വളർത്തു പൂച്ചയെ ആക്രമിച്ച വീഡിയോ പുറത്തായതോടെ വ്യാപക പ്രതിഷേധം നേരിടുന്ന വെസ്റ്റ് ഹാം ഡിഫൻഡർ കുർട്ട് സൂമയെ ടീമിൽ നിന്ന് മാറ്റി നിർത്തില്ല എന്ന് പരിശീലകൻ ഡേവിഡ് മോയസ്. വീഡിയോ പുറത്ത് വന്ന ശേഷം സൂമയെ കളിപ്പിച്ച വെസ്റ്റ് ഹാം നടപടിക്ക് എതിരെയുള്ള വ്യാപക പ്രതിഷേധം നിലനിൽക്കെയാണ് മോയസ് തന്റെ തീരുമാനം വ്യക്തമാക്കിയത്.

സൂമക്ക് പരമാവധി പിഴ ടീം ഈടാക്കിയത് ആണെന്നും ഇനിയും ശിക്ഷ നടപടികളുടെ ആവശ്യം ഇല്ല എന്നുമാണ് മോയസിന്റെ വിശദീകരണം. നേരത്തെ തരവുമായുള്ള കരാർ അഡിഡസ് റദ്ദാക്കിയിരുന്നു. കൂടാതെ താരത്തെ കളിപ്പിച്ചതോടെ വെസ്റ്റ് ഹാമുമായുള്ള കരാർ വൈറ്റാലിറ്റിയും സപ്‌സ്‌പെൻഡ് ചെയ്തിരുന്നു.

റെക്കോർഡ് ട്രാൻസ്ഫറിനെ സ്പർസ് ഫ്രാൻസിലേക്ക് തന്നെ മടക്കി, ഇനി ലിയോണിൽ

സ്പർസിന്റെ റെക്കോർഡ് സൈനിംഗ് എൻഡോമ്പലെ ലോണിൽ ഫ്രഞ്ച് ക്ലബ്ബ് ലിയോണിൽ ചേർന്നു. താരത്തെ പെർമനന്റ് ട്രാൻസ്ഫറിൽ സ്വന്തമാക്കാനുള്ള ഓപ്‌ഷനും നൽകിയാണ് സ്പർസ് മധ്യനിര താരത്തെ തിരികെ ഫ്രാൻസിലേക്ക് അയക്കുന്നത്. നേരത്തെ 2019 ലാണ് താരം ലിയോണിൽ നിന്ന് സ്പർസിൽ എത്തിയത്.

പ്രീമിയർ ലീഗിൽ ഒരിക്കൽ പോലും താളം കണ്ടെത്താൻ വന്നതോടെയാണ് താരത്തെ തിരികെ അയക്കാൻ സ്പർസ് നിർബന്ധിതമായത്. അടുത്ത സമ്മറിൽ 54 മില്യൺ യൂറോ നൽകിയാൽ ലിയോണിന് താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ സാധിക്കും. ഫ്രഞ്ച് ദേശീയ ടീമിലും താരം അംഗമാണ്.

എവർട്ടനിൽ ട്രാൻസ്ഫർ മാജിക് തുടങ്ങി ലംപാർഡ്, അലി ടീമിലെത്തും

സ്പർസ് താരം ഡലെ അലി എവർട്ടനിൽ എത്തുമെന്ന് ഉറപ്പായി. താരത്തിന്റെ കൈമാറ്റത്തിനായി ഇരു ടീമുകളും കരാറിൽ എത്തി. പ്രഖ്യാപനം ഉടൻ വന്നേക്കും. ലംപാർഡ് പരിശീലകനായ ശേഷം എവർട്ടൻ നടത്തുന്ന ആദ്യ സൈനിംഗ് ആണ് താരത്തിന്റേത്. പെർമനന്റ് ട്രാൻസ്ഫറിൽ തന്നെയാകും താരം ടീമിൽ എത്തുക.

25 വയസ്സുകാരനായ അലി 2015 മുതൽ സ്പർസ് താരമാണ്. കരിയറിൽ ഏറെ പുരോഗതി ആദ്യ വർഷങ്ങളിൽ ഉണ്ടാക്കിയ താരം പക്ഷെ കഴിഞ്ഞ ഏതാനും സീസനുകൾ ആയി മോശം ഫോമിലാണ്. പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായ ലംപാർഡിന് കീഴിൽ കളിച്ചു തന്റെ പ്രതാപ കാലത്തിലേക്ക് മടങ്ങിയെത്താനാകും എന്ന് തന്നെയാകും അലിയുടെ പ്രതീക്ഷ. ഇംഗ്ലണ്ട് ദേശീയ ടീമിലും താരം കളിച്ചിട്ടുണ്ട്.

എവർട്ടൻ തന്ത്രങ്ങൾ ഇനി ലംപാർഡ് ഒരുക്കും, ഔദ്യോഗിക പ്രഖ്യാപനമായി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് എവർട്ടനെ ഇനി ഫ്രാങ്ക് ലംപാർഡ് പരിശീലിപ്പിക്കും. അദേഹത്തെ നിയമിച്ച വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ടര വർഷത്തെ കരാറാണ് മേഴ്സിസൈഡ് ക്ലബ്ബ് ലംപാർഡിന് നൽകിയിരിക്കുന്നത്. നേരത്തെ റാഫ ബെനീറ്റസിനെ പുറത്താക്കിയതോടെയാണ് ക്ലബ്ബ് പുതിയ പരിശീലകനായി തിരച്ചിൽ ആരംഭിച്ചത്.

നിലവിൽ 16 ആം സ്ഥാനത്തുള്ള ക്ലബ്ബിനെ ടോപ്പ് 10 ൽ എങ്കിലും ഫിനിഷ് ചെയിപ്പിക്കുക എന്നത് തന്നെയാകും ലംപാർഡിന് മുൻപിലുള്ള പെട്ടെന്നുള്ള ലക്ഷ്യം. നേരത്തെ ചെൽസിയിൽ നിന്ന് പുറത്താക്കപ്പെട്ട് ഒരു വർഷത്തിന് ശേഷമാണ് ലംപാർഡ് ലീഗിൽ പരിശീലക സ്ഥാനത്ത് എത്തുന്നത്. മുൻപ് ഡർബി കൗണ്ടിയേയും പരിശീലിപിച്ചിട്ടുണ്ട്.

സൂപ്പറാകുമോ എവർട്ടൻ ?, പരിശീലകനായി ഫ്രാങ്ക് ലംപാർഡ് എത്തിയേക്കും

എവർട്ടൻ പരിശീലക സ്ഥാനം ചെൽസി ഇതിഹാസം ഫ്രാങ്ക് ലംപാർഡിന് ലഭിച്ചേക്കും. ലംപർഡുമായി നടത്തിയ ചർച്ചകൾ വിജയകരമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഒരു വർഷം മുൻപ് ചെൽസിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ലംപാർഡ് ഏറ്റെടുക്കുന്ന ആദ്യ പരിശീലക റോൾ ആകും എവർട്ടനിലേത്.

വിക്ടർ പെരേര, ടാങ്കൻ ഫെർഗൂസൻ എന്നിവരെ മറികടന്നാണ് ലംപാർഡ് എവർട്ടൻ ജോലി ഉറപ്പിച്ചത്. നേരത്തെ ഡർബി കൗണ്ടിയെയും ലംപാർഡ് പരിശീലിപിച്ചിട്ടുണ്ട്. ചെൽസിക്ക് ട്രാൻസ്ഫർ ബാൻ ഉള്ള സീസണിൽ അവരെ ടോപ്പ് 4 നേടിയതും, എഫ് എ കപ്പ് ഫൈനൽ കളിച്ചതും നേട്ടമായുള്ള ലംപാർഡ് താരതമ്യേന പരിശീലക റോളിൽ ചെറുപ്പം ആണെങ്കിലും ടീമിനെ ഉയരങ്ങളിൽ എത്തിക്കാൻ ലംപാർഡിന് സാധിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. നേരത്തെ റാഫ ബെനീറ്റസിനെ എവർട്ടൻ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.

ബ്രൂണോ ലാജെ, വോൾവ്സിന് തീപിടിപ്പിച്ച മിന്നൽ വിപ്ലവം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ സിറ്റിയുടെ കുതിപ്പും, ലിവർപൂളിന്റെ ചേസിങ്ങും, ചെൽസിയിലെ വിവാദങ്ങളും വെസ്റ്റ് ഹാമിന്റെ അട്ടിമറി ജയങ്ങളും വാർത്തയാകുമ്പോൾ ഫുട്‌ബോൾ കോളങ്ങളിൽ ഇടം കിട്ടാതെ പോയൊരു നിശബ്ദ വിപ്ലവം അരങ്ങേറുന്നുണ്ട്. വോൾവ്സിന്റെ ഈ സീസണിലെ പ്രകടനം ഏറെ വൈകിയാണ് ഫുട്‌ബോൾ പ്രേമികൾ ശ്രദ്ധിച്ചു തുടങ്ങുന്നത്.

കിതച്ചു തുടങ്ങി പതുക്കെ ശ്വാസം വീണ്ടെടുത്ത് കുതിക്കുന്ന ശൈലിയിലാണ് ഇത്തവണ അവർ. നുനോ എസ്പിരിറ്റോ സാന്റോ പടിയിറങ്ങുമ്പോൾ ഇനി എന്ത് എന്ന ചോദ്യത്തിന് മറ്റൊരു പോർച്ചുഗീസുകാരനെ ഇംഗ്ലണ്ടിൽ വിമാനം ഇറാക്കിയാണ് ക്ലബ്ബ് മാനേജ്മെന്റ് ഉത്തരം നൽകിയത്. പോർച്ചുഗീസുകാരുടെ സ്വകാര്യ അഹങ്കാരവും ഫുട്‌ബോൾ പരിശീലനത്തിലെ എക്കാലത്തെയും ഇതിഹാസങ്ങളിൽ ഒരാളുമായ സാക്ഷാൽ ജോസേ മൗറീഞ്ഞോയുടെ ജന്മ നഗരമായ സെടുബാളിൽ നിന്ന് തന്നെയാണ് ലാജെയുടെ വരവും. നുനോ പണിത ടീമിൽ മൃഗീയ ഭൂരിപക്ഷം കളിക്കാരും പോർച്ചുഗീസുകാർ ആണ് എന്നതും മാനേജ്‌മെന്റിനെ അത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാകും.

പ്രതിരോധത്തിൽ ഊന്നിയുള്ള ലാഗേയുടെ ശൈലി പക്ഷെ ആദ്യ ഘട്ടങ്ങളിൽ ഫലം കണ്ടില്ല. പക്ഷെ ടീമിൽ തന്റെ മുദ്ര പതിപ്പിച്ച അദ്ദേഹം പിന്നീട് ഉയർത്തിയ പ്രതിരോധ കോട്ട തകർക്കാൻ പ്രീമിയർ ലീഗിലെ പലർക്കും സാധിച്ചിട്ടില്ല. ഈ സീസണിൽ ഇതുവരെ കേവലം 16 ഗോളുകൾ മാത്രമാണ് അവർ വഴങ്ങിയത്. മുൻപിൽ സാക്ഷാൽ പെപ് ഗാര്ഡിയോളയുടെ 150 മില്യൺ എങ്കിലും വിലയുള്ള പ്രതിരോധം മാത്രം. ആക്രമണത്തിൽ പക്ഷെ അവർ ഒട്ടും പിന്നിൽ അല്ല. അതിമനോഹര നീക്കങ്ങളും സിൽവർ ലൈൻ വേഗതയിലുള്ള പ്രത്യാക്രമണങ്ങളും നിറഞ്ഞ ശൈലിക്ക് മുൻപിൽ വീണവരിൽ യുണൈറ്റഡ് പരിശീലകൻ സാക്ഷാൽ റാൾഫ് രാഗ്നിക്കും പെടും. ടോപ്പ് 4 പോരാട്ടം കനക്കുമ്പോൾ വമ്പന്മാരുടെ കണക്ക് കൂട്ടലുകൾ തെറ്റിക്കാൻ ലാഗേയുടെ ടീം ഉണ്ടാകും എന്നത് ഉറപ്പാണ്.

മുൻനിര ടീമുകൾക്ക് എതിരെ ഈ സീസണിൽ കളിച്ച കളികളിലെ മോശം റെക്കോർഡ് സീസണിലെ രണ്ടാം പകുതിയിൽ അവർ തിരുത്തിയാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത അവർക്ക് അപ്രാപ്യം ഒന്നുമല്ല. ഇത് തന്നെയാണ് ലാജെയുടെ ടീമിന്റെ ഊർജം. വരും ദിവസങ്ങളിൽ ആഴ്സണൽ, യുണൈറ്റഡ്, വെസ്റ്റ്ഹാം, ചെൽസി തുടങ്ങിയ ടീമുകളുടെ പരിശീലകരുടെ തലയിൽ ഒരു മിന്നലായി ബ്രൂണോ ലാഗേ കാണും എന്ന് ഉറപ്പാണ്.

മൂന്നര മാസത്തിൽ തീർന്നു, റനിയേരി വാട്ട്ഫോഡിന് പുറത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് വാട്ട്ഫോഡ് പരിശീലകൻ ക്ലാഡിയോ റനിയേരിയെ പുറത്താക്കി. ലീഗിൽ ടീം പത്തൊൻപതാം സ്ഥാനത്ത് ആയതോടെയാണ് കേവലം മൂന്നര മാസം മുൻപ് മാത്രം നിയമിച്ച അദ്ദേഹത്തെ പുറത്താക്കാൻ ക്ലബ്ബ് തീരുമാനിച്ചത്. സീസണിന്റെ തുടക്കത്തിൽ പരിശീലകൻ മുനോസിനെ പുറത്താക്കിയാണ് അവർ മുൻ ലീഗ് ചാംപ്യനായ റനിയേരിയെ നിയമിച്ചത്.

ടീമിൽ കാര്യമായ ഒരു പുരോഗതിയും വരുത്താൻ മുൻ ലെസ്റ്റർ പരിശീലകന് സാധിച്ചിരുന്നില്ല. ടീമിനെ പരിശീലിപ്പിച്ച 14 മത്സരങ്ങളിൽ കേവലം 2 ജയം മാത്രമാണ് ടീം നേടിയത്. ശനിയാഴ്ച നോർവിച്ചിനോട് എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽവി വഴങ്ങിയതോടെയാണ് ഇറ്റലികാരനെ പുറത്താക്കാൻ ക്ലബ്ബ് തീരുമാനിച്ചത്.

ഉന്നം പിഴച്ചു, ആഴ്സണലിന് സമനില മാത്രം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയിക്കാൻ ഇറങ്ങിയ ആഴ്സണലിന് നിരാശ. ലീഗിൽ ഏറെ പിന്നിലുള്ള ബേൺലിയോട് അവർക്ക് കേവലം സമനില മാത്രമാണ് നേടാനായത്. സുവർണ്ണാവസരങ്ങൾ കളഞ്ഞു കുളിച്ചതാണ് ആർടേറ്റയുടെ ടീമിന് വിനയായത്. ഇതോടെ ടോപ്പ് 4 ലേക്ക് കടക്കാനുള്ള അവസരമാണ് ഗണ്ണേഴ്‌സ് തുലച്ചത്.

ആദ്യ പകുതിയിൽ ലഭിച്ച 2 മികച്ച അവസരങ്ങൾ ആഴ്സണലിന് മുതലക്കാനായില്ല. എതിർ ടീം ഗോളിയുടെ മികച്ച സേവുകൾ അവരെ തടയുകയായിരുന്നു. പിന്നീട് രണ്ടാം പകുതിയിൽ എമിൽ സ്മിത്ത് റോവ് നൽകിയ മികച്ച അവസരം ക്യാപ്റ്റൻ ലകസറ്റ് തുലച്ചത് അവിശ്വാസനീയമായിരുന്നു. പോസ്റ്റിൽ ബേൺലി ഗോളി പോലും ഇല്ലാതെയിരിക്കെയാണ് ക്യാപ്റ്റൻ തന്റെ ഷോട്ട് പോസ്റ്റിന് ഏറെ വെളിയിലേക്ക് പായിച്ചത്. നിലവിൽ 36 പോയിന്റുമായി ആറാം സ്ഥാനത്താണ് ആഴ്സണൽ.

 

എറിക്സൻ മടങ്ങിയെത്തുന്നു, പ്രീമിയർ ലീഗ് ക്ലബ്ബ്മായി കരാറിലേക്ക്

യൂറോ കപ്പിനിടെ ആരോഗ്യപ്രശ്നങ്ങളാൽ കളം വിട്ട ഡെന്മാർഡ് താരം ക്രിസ്ത്യൻ എറിക്സൻ ഫുട്‌ബോളിലേക്ക് തിരികെ എത്തുന്നു. പ്രീമിയർ ലീഗ് ക്ലബ്ബ് ബ്രെന്റ്ഫോടുമായി താരം കരാറിൽ എത്തിയേക്കും. 6 മാസത്തെ കരാറാകും ക്ലബ്ബ് താരത്തിന് നൽകുക.

യൂറോ കപ്പിനിടയിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കാരണം കളിക്കളത്തിൽ ബോധ രഹിതനായി വീണ താരം ഇനി കളിക്കളത്തിലേക് മടങ്ങിയെത്തുമോ എന്ന് പോലും സംശയങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ജീവിതത്തിലേക്ക് തിരികെ എത്തിയ താരം വൈകാതെ കളത്തിലും എത്തും എന്നത് ഫുട്‌ബോൾ പ്രേമികൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ്. ഇന്റർ മിലാന് വേണ്ടി കളിച്ചിരുന്ന താരം കരിയറിലെ അനിശ്ചിതാവസ്ഥ കാരണം ആ കരാർ റദ്ദാക്കിയതോടെ ഫ്രീ ഏജന്റ് എന്ന നിലയിലാകും താരം ഇംഗ്ലണ്ടിൽ മടങ്ങി എത്തുക. മുൻപ് ടോട്ടൻഹാം, അയാക്‌സ് ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

റയലിൽ ഇടമില്ല, ഹസാർഡ് ഈ മാസം തന്നെ മാഡ്രിഡ് വിട്ടേക്കും

റയൽ മാഡ്രിഡും ഈഡൻ ഹസാർഡും ഈ മാസം തന്നെ വഴി പിരിഞ്ഞേക്കും എന്ന് റിപ്പോർട്ടുകൾ. താരത്തെ വിൽക്കാൻ ക്ലബ്ബ് തയ്യാറാണ് എന്നാണ് സ്‌പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ. പ്രീമിയർ ലീഗ് ക്ലബ്ബ്കളായ ന്യൂകാസിൽ, എവർട്ടൻ എന്നിവർക്ക് പുറമെ താരത്തിന്റെ മുൻ ക്ലബ്ബായ ചെൽസിയും താരത്തെ വാങ്ങിയേക്കും എന്ന സാധ്യതകൾ ഉണ്ട്.

2019 ൽ റെക്കോഡ് തുക നൽകിയാണ് മാഡ്രിഡ് ബെൽജിയൻ സൂപ്പർ താരമായ ഹസാർഡിനെ വാങ്ങുന്നത്. എന്നാൽ ഫോമില്ലാഴ്മയും തുടർച്ചയായ പരിക്കുകളും കാരണം ഒരിക്കൽ പോലും തന്റെ പ്രതിഭ പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. ഇതുവരെ ക്ലബ്ബിനായി കേവലം 5 ഗോളുകൾ മാത്രമാണ് ഹസാർഡ് നേടിയത്. ഇതോടെ കേവലം 28 മില്യൺ യൂറോ ലഭിച്ചാൽ തന്നെ റയൽ ഹസാർഡിനെ വിൽക്കാൻ തയ്യാറായേക്കും.

Exit mobile version