ബംഗ്ളാ ഗർജനം 

അട്ടിമറികൾ ഒരുപാട് കണ്ടിട്ടുള്ള ടൂർണമെന്റാണ് വേൾഡ് കപ്പ്‌. കുഞ്ഞൻ ടീമുകൾ വലിയ സ്രാവുകളുടെ അന്നം മുടക്കുന്ന കാഴ്ച തോറ്റ ടീമിന്റെ ആരാധകരെയൊഴികെ എല്ലാവരെയും ത്രസിപ്പിക്കുന്നതാണ്. 2007 ലോകകപ്പിൽ ഇന്ത്യയെ ബംഗ്ലാദേശ് മുട്ടുകുത്തിച്ചപ്പോൾ ഇന്ത്യൻ ആരാധകരൊഴികെ എല്ലാവരും കയ്യടിച്ചു. 2011 ലോകകപ്പിൽ  അയർലണ്ടുകാരൻ കെവിൻ ഒബ്രയൻ 50 പന്തിൽ സെഞ്ച്വറി തികച്ചു  ഇംഗ്ലണ്ടിന്റെ നെഞ്ചിൽ വെന്നിക്കൊടി പാറിച്ചപ്പോൾ വിജയിച്ചത് അയർലണ്ട് മാത്രമല്ല ക്രിക്കറ്റിൽ എന്തും സംഭവിക്കാം എന്ന പഴകി തെളിഞ്ഞ തത്വം കൂടെയാണ്.

അത്തരം അട്ടിമറികൾ ശീലമാക്കിയ രാജ്യമാണ് ബംഗ്ലാദേശ്. ലോകകപ്പിലും അല്ലാതെയും വമ്പന്മാരെ പലരെയും പല തവണ മുട്ടുകുത്തിച്ചിട്ടുള്ള ചരിത്രമുണ്ട് അവർക്ക്. പല തവണ അത്തരം അട്ടിമറികളിൽ നിന്ന് ഇന്ത്യ ഉൾപ്പെടെ ഉള്ള വമ്പൻമാർ തലനാരിഴക്ക് രക്ഷപെട്ടിട്ടുമുണ്ട്. 2016 ട്വന്റി 20 ലോകകപ്പിൽ എളുപ്പത്തിൽ ജയിക്കാവുന്ന കളി പരിചയക്കുറവിന്റെയും അമിതാത്മവിശ്വാസത്തിന്ടെയും ഫലമായി കൈ വിട്ടപ്പോൾ നിദാഹാസ് ട്രോഫിക്ക് വേണ്ടിയുള്ള കളിയുടെ കലാശപ്പോരാട്ടത്തിൽ ദിനേശ് കാർത്തിക്കിന്റെ അമാനുഷിക പ്രകടനത്തിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപെടേണ്ടി വന്നു ബംഗ്ലാ കടുവകൾക്ക്. ഇത്തരം കടുത്ത മത്സരങ്ങൾ മിക്കപ്പോഴും എതിരാളികൾക്ക് സമ്മാനിക്കുന്ന ബംഗ്ലാദേശിന്റെ വിജയങ്ങൾ ഇനി തൊട്ട് അട്ടിമറി എന്ന പേരിൽ വിശേഷിപ്പിക്കേണ്ടവയല്ല. കാരണം ഇടക്കെപ്പോഴെങ്കിലും സംഭവിക്കുന്ന ഒന്നാണ് അട്ടിമറി.

ഇവർ അതു നിരന്തരമായി സംഭവിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ അതിനെ അട്ടിമറി എന്നു വിശേഷിപ്പിച്ചു ചെറുതാക്കാനാകില്ല. കാരണം ബംഗ്ലാദേശ് ഇന്ത്യയെയോ ഓസ്‌ട്രേലിയയെയോ തോൽപ്പിച്ചു എന്നത് ഭാവിയിൽ ഒരു വാർത്തയേ ആകില്ല.അതു ഇന്ത്യയോ ഓസ്‌ട്രേലിയയോ ബംഗ്ലാദേശിനോളം ചെറുതായതുകൊണ്ടല്ല, മറിച്ചു ബംഗ്ലാദേശ് ഇന്ത്യയുടെ തലത്തിലേക്ക് ഉയർന്നു എന്നേ ആൾക്കാർ മനസിലാക്കുകയുള്ളൂ.

അവരുടെ വീരോചിത പ്രകടനങ്ങളിൽ ഏറ്റവും പുതിയതായിരുന്നു ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ കണ്ടത്. ഡിവില്ലിയേഴ്സ് അടക്കമുള്ള പ്രമുഖരുടെ വിരമിക്കലിനെ തുടർന്ന് പഴയ പ്രതാപം നഷ്ടപെട്ടവരാണ് ആഫ്രിക്കക്കാർ എങ്കിലും ഇന്നലെ ബംഗ്ലാദേശ് നേടിയ വിജയം അധികമാരും പ്രതീക്ഷിച്ചതല്ല. കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയ ഇന്ത്യയുടെ അയൽരാജ്യക്കാർ പ്രോടീസിനെ അക്ഷരാർഥത്തിൽ നിഷ്പ്രഭരാക്കുകയായിരുന്നു. ഇമ്രാൻ താഹിർ നയിച്ച ബൗളിംഗ് നിരക്കെതിരെ 330 എന്ന വലിയ ടോട്ടൽ പടുത്തുയർത്തിയപ്പോഴേ അവർ പാതി ജയിച്ചു കഴിഞ്ഞിരുന്നു. ബൗളിങ്ങും ഫീൽഡിങ്ങും കൂടി ഉഷാറായപ്പോൾ വിജയത്തോടെ തുടങ്ങാൻ അവർക്കായി.

സൗത്ത് ആഫ്രിക്ക പോലെയുള്ള ഒരു ടീമിനോട് ആദ്യ മത്സരത്തിൽ തന്നെ നേടിയ വിജയം അവർക്ക് കൊടുക്കാൻ പോകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. അതു അമിതാവേശത്തിൽ കലാശിക്കാതിരുന്നാൽ ഈ ഇത്തരം വിജയങ്ങൾ ആവർത്തിച്ചു ഈ ലോകകപ്പിലെ കറുത്ത കുതിരകളാകാൻ ബംഗ്ലാദേശിന് സാധിക്കും.

പോച്ചട്ടീനോ, നിങ്ങൾ ഒരു പോരാളിയാണ്

ഒരുപാട് പണം വാരി എറിഞ്ഞിട്ടും പ്രതീക്ഷിച്ച ഫലം കിട്ടാതിരുന്നവരും കിട്ടിയവരും കഴിഞ്ഞ സീസണിൽ അനവധിയാണ്. റെക്കോർഡ് തുകയ്ക്ക് അലിസണിനെയും വാൻ ഡേയ്ക്കിനെയും സ്വന്തമാക്കി ചാമ്പ്യൻസ് ലീഗ് കിരീടവും ഇ പി എല്ലിലെ ചാമ്പ്യന്മാരോളം വില മതിക്കുന്ന രണ്ടാം സ്ഥാനവും സ്വന്തമാക്കിയ ലിവർപൂളും കൂട്ടീന്യോയും വിദാലും ആർതറും ഉൾപ്പെടെ വൻ സന്നാഹം കെട്ടിപ്പടുത്തു വലിയ പ്രതീക്ഷകളുമായി വന്നു അവസാനം ലാലിഗ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ബാഴ്സയും ക്ലബ്‌ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിങ്‌ ആയി റൊണാൾഡോയെ കൊണ്ട് വന്നിട്ടും ചാമ്പ്യൻസ് ലീഗ് സ്വപ്നം ഇനിയും ബാക്കിയായ യുവന്റസും റൊണാൾഡോ പോയാലും ഞങ്ങൾക്കൊന്നുമില്ല എന്ന അമിതാത്മവിശ്വാസത്തിൽ ട്രാൻസ്ഫർ രംഗത്ത് വലിയ ചലനം ഉണ്ടാക്കാതെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പു കുത്തിയ റയൽ മാഡ്രിഡും എല്ലാം ഫുട്ബോൾ രംഗത്ത് ചർച്ചാവിഷയമായപ്പോഴും അവരിൽ നിന്നെല്ലാം വ്യത്യസ്തരായി നിന്നവരാണ് പോച്ചട്ടീനോയുടെ ടോട്ടൻഹാം.

ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് പുതുക്കിപ്പണിഞ്ഞ വര്ഷമായതിനാൽ ട്രാൻസ്ഫർ മാർക്കറ്റിൽ ഒരു പെന്നി പോലും നിക്ഷേപിക്കാൻ പോച്ചട്ടീനോക്ക് അധികാരം ഉണ്ടായിരുന്നില്ല ഈ സീസണിൽ. എന്നിട്ടും കോടികൾ എറിഞ്ഞ ബാഴ്സയ്ക്കും യുവന്റസിനും എന്തിന് ഇ പി എൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് പോലും സാധിക്കാതിരുന്ന യൂ സി എൽ ഫൈനൽ പ്രവേശം അവിശ്വസനീയമാം വിധം നേടിയെടുത്തു അദ്ദേഹം. അദ്ദേഹത്തിന്റെ വജ്രായുധമായ ഹാരി കെയ്ൻ ഈ സീസണിൽ ഉടനീളം പരിക്കിന്റെ പിടിയിലായിരുന്നു എന്ന് കൂടെ ചേർത്തു വായിക്കുമ്പോൾ മനസിലാക്കാം അദ്ദേഹം എത്ര മനോഹരമായാണ് ടോട്ടൻഹാമിനെ മുന്നോട്ട് കൊണ്ടു പോയതെന്ന്. നെയ്മറുടെ വരവോടെ പി എസ് ജി പുറംതള്ളിയ പ്ലെയറായിരുന്നു ലൂക്കാസ് മൗറ. അദ്ദേഹമായിരുന്നു സെമി ഫൈനലിൽ അയാക്സിനെതിരെ രണ്ടാം പാദത്തിൽ നടത്തിയ അദ്‌ഭുതാവഹമായ തിരിച്ചു വരവിലെ ഹീറോ. സൂപ്പർ താരങ്ങളെ വാങ്ങിച്ചു കൂട്ടി അവരെ വേണ്ട വിധത്തിൽ ഉപയോഗിക്കാതെ തോൽവി പിണയുന്ന വാൽവെർദെമാരുള്ള ഈ ലോകത്ത് അദ്ദേഹം വ്യത്യസ്തനായി നിലകൊള്ളുന്നത് അതു കൊണ്ടാണ്. താൻ ക്ലബ്ബിൽ എത്തുന്ന സമയത്ത് ഒന്നുമില്ലാതിരുന്ന ഒരു ടീമിനെ അഞ്ച് വർഷത്തിനുള്ളിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിലും തുടർച്ചയായി ഇ പി എല്ലിൽ ആദ്യ 4 സ്ഥാനങ്ങളിൽ ഇടം പിടിച്ചു ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പ് വരുത്തുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമായി മാറിയിരിക്കുകയാണ് മൗറിസിയോ പോച്ചട്ടീനോ എന്ന ഈ 46കാരൻ.

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കാലിടറി എങ്കിലും തല ഉയർത്തി തന്നെ മടങ്ങാം അദ്ദേഹത്തിന് മാഡ്രിഡിൽ നിന്ന്. കാരണം ആക്രമണ ഫുട്ബോൾ കൊണ്ട് എല്ലാവരെയും മുട്ടു കുത്തിക്കാൻ പ്രാപ്തരായ ലിവര്പൂളിനെതിരെ അറ്റാക്ക് ചെയ്തു കളിക്കാനുള്ള ധൈര്യം കാണിച്ച ടോട്ടൻഹാമിന്റെ തന്ത്രങ്ങൾ അതിജീവിക്കാൻ ലിവർപൂൾ ഡിഫെൻസിനു ഏറെ വിയർപ്പൊഴുക്കേണ്ടതായി വന്നു. കളി തോറ്റിട്ടും തന്റെ കുട്ടികൾ നന്നായി തന്നെ കളിച്ചു, അവരുടെ വിഷമം താനൊന്ന് അര മണിക്കൂർ സംസാരിച്ചാൽ മാറുമെന്ന് ശുഭാപ്തി വിശ്വാസത്തോടെ പറയുന്ന പോച്ചട്ടീനോ ഇന്ന് ലോകത്തെ മികവുറ്റ കോച്ചുമാരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നു. കളി തൊട്ടാൽ കളിക്കാരുടെ മേൽ പഴി ചാരി രക്ഷപ്പെടുന്ന സാരിയെ പോലുള്ളവർ കളിക്കുന്ന അതേ ഇ പി എല്ലിൽ തന്നെയാണ് ഇങ്ങനെയൊരു വ്യക്തിത്വം നിലകൊള്ളുന്നത്. അതു കൊണ്ട് തന്നെ കിരീടമൊന്നും ഈ സീസണിൽ നേടാനായില്ലെങ്കിലും കോച്ചുമാർക്കിടയിൽ ഒരൊറ്റയാനായി ഒരൊന്നൊന്നര താലപ്പൊക്കത്തോടെ തന്നെയാണ് ഇന്ന് ലോകഫുട്ബോളിൽ പോച്ചട്ടീനോ നിലകൊള്ളുന്നത്.

ബോറടിപ്പിച്ച ചാമ്പ്യൻസ് ലീഗ് ഫൈനൽ

ചാമ്പ്യൻസ് ലീഗ് എന്ന് കേൾക്കുമ്പോഴേ തീ പാറും പോരാട്ടങ്ങളുടെ വേദി എന്നാണ് ഓരോരുത്തരുടെയും മനസിലേക്ക് വരിക. അതു കിരീടത്തിനായുള്ള കലാശപ്പോരാട്ടം കൂടി ആകുമ്പോൾ ആവേശം വാനോളം ഉയരും. അതു കളിക്കാർക്കിടയിലായാലും കാണികൾക്കിടയിലായാലും. അതിന്റെ ഫലമാണ് ഫൈനലുകൾ സംഭവബഹുലമാകുന്നത്. കഴിഞ്ഞ വർഷത്തെ യൂ സി എൽ ഫൈനൽ എടുത്ത് നോക്കിയാൽ തന്നെ അതു മനസ്സിലാക്കാനാകും.

ആദ്യ പകുതിയിൽ തന്നെ ലിവർപൂളിന്റെ കുന്തമുന സാലയെ റാമോസ് ഫൗൾ ചെയ്തതും അതു വഴി ക്ളോപ്പിനു സാലയെ പിൻവലിക്കേണ്ട അവസ്ഥ വന്നതും റാമോസിനെതിരെ ഈജിപ്ത് -ലിവർപൂൾ ആരാധകർ തിരിഞ്ഞതും രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങി നല്ലൊരു ഓവർ ഹെഡ് കിക്ക് അടക്കം 2 ഗോളുകളുമായി റയലിനെ തുടർച്ചയായി മൂന്നാമതും കിരീടമണിയിച്ച ബെയ്‌ലിന്റെ വീരോചിത പ്രകടനത്തിനും എല്ലാം കീവിലെ മൈതാനം സാക്ഷിയായി.

ഇത്തവണ അത്ലറ്റികോ മാഡ്രിഡിന്റെ സ്വന്തം മൈതാനമായ വാൻഡ മെട്രോപ്പോളിറ്റാനോയിൽ വച്ചു നടന്ന ഫൈനലിലും പൊടി പാറുമെന്ന് തന്നെയുള്ള പ്രതീതി ഉളവാക്കി കൊണ്ട് രണ്ടാം മിനുട്ടിൽ തന്നെ ടോട്ടൻഹാം താരം സിസോകോയുടെ ഹാൻഡ്ബാളിൽ റഫറി പെനാൽറ്റി അനുവദിക്കുന്നു, പിഴവൊന്നും കൂടാതെ സല അതു വലയിലെത്തിക്കുന്നു. സ്വാഭാവികമായും ടോട്ടൻഹാം തിരിച്ചടിക്കാൻ കിണഞ്ഞു ശ്രമിക്കുമെന്നെല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ അവരുടെ ആക്രമണങ്ങൾക്കൊന്നും പതിവ് മൂർച്ചയുണ്ടായിരുന്നില്ല. പരിക്ക് മാറി തിരിച്ചെത്തിയ കെയ്‌നും സോണും അലിയുമെല്ലാം നയിച്ച സ്പർസിന്റെ മുന്നേറ്റം വാൻ ഡേക്ക് നയിച്ച പ്രതിരോധത്തിൽ തട്ടി തകർന്നുകൊണ്ടേയിരുന്നു.

ബാർസിലോനയെ പോലെ അതിമനോഹരമായി പൊസഷൻ ഫുട്ബോൾ കളിക്കുന്ന ടീമിനെതിരെ വരെ രണ്ടു പാദങ്ങളിലും ഉയർന്ന പൊസഷൻ കൈ വരിച്ച ലിവര്പൂളിനെയായിരുന്നില്ല ഫൈനലിൽ കണ്ടത്. ഗീഗൻ പ്രെസ്സിങ് എന്ന ക്ളോപ്പ് രീതിയിലൂടെ മികച്ച ആക്രമണ ഫുട്ബോൾ കാഴ്ചവക്കാറുള്ള ലിവർപൂൾ പക്ഷെ ഇന്നലെ തുടക്കത്തിൽ വീണു കിട്ടിയ ആ പെനാൽറ്റിക്ക് ശേഷം എതിരാളികളെ കളിക്കാൻ വിട്ടു അവരെ പ്രതിരോധിച്ചു നിർത്തുക, തക്കം കിട്ടിയാൽ പ്രത്യാക്രമണം നടത്തുക എന്ന മൗറീന്യോ രീതി കൈക്കൊണ്ടതോടെ ഫൈനൽ വിരസമായി. രണ്ടു ഗോളിന് ജയിച്ച ഒരു ടീമിന്റെ പന്ത് കൈവശം വച്ചത് കണക്കിൽ കേവലം 34.6% ആയിരുന്നു എന്നത് തന്നെ മുകളിൽ പറഞ്ഞതിനെ അടിവരയിടുന്നു. ഉറക്കമിളച്ചിരുന്ന് കളി കണ്ട ഏഷ്യൻ ഭൂഖണ്ഡത്തിലെ കളിപ്രേമികളെയെല്ലാം ഉറക്കം തൂങ്ങിക്കും വിധമായിരുന്നു ആദ്യപകുതി കടന്നു പോയത്. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ കുറച്ചൊക്കെ മാറി മറഞ്ഞു. പോച്ചട്ടിനോ തന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടാനായി അജാക്സിനെതിരെയുള്ള സെമി ഫൈനൽ ഹീറോ ലൂക്കാസ് മൗറയെ കളത്തിലിറക്കിയതോടെ ടോട്ടൻഹാം നിരന്തരം ആക്രമണങ്ങൾ നടത്തി. അതോടെ ലിവർപൂൾ പ്രതിരോധത്തിനും ഗോൾ കീപ്പർ അലിസണിനും പിടിപ്പത് പണിയായി. വാസ്തവം പറഞ്ഞാൽ ടോട്ടൻഹാം മുന്നേറ്റനിരയും ലിവർപൂൾ പ്രതിരോധ നിരയും തമ്മിലായി പിന്നീട് മത്സരം.

ലിവർപൂൾ പ്രതിരോധത്തിന്റെ ശക്തി വെളിപ്പെടുത്തിയ മത്സരം കൂടെയായിരുന്നു ഇത്. ലോകത്തെ മികച്ച സ്‌ട്രൈക്കർമാരിലൊരാളായ കെയ്‌നും സോണുമെല്ലാം ആക്രമിച്ചു കയറിയപ്പോഴും മനസ്സാന്നിധ്യം കൈവിടാതെ വാൻ ഡേയ്ക്കിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം പിടിച്ചു നിന്നു. അവരെ കടന്നു പോയ ഏതാനും ഷോട്ടുകൾ മിന്നും സേവുകൾ അലിസൺ മിന്നും സേവുകളിലൂടെ രക്ഷപ്പെടുത്തുകയും ചെയ്തു. അതിനിടയിൽ വീണു കിട്ടിയ ഒരു കൗണ്ടർ അറ്റാക്കിൽ ഒറീജി ഒരു ഗോൾ കൂടെ ലിവർപൂളിന് നേടിക്കൊടുത്തപ്പോൾ ആറാം ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടാൻ ലിവര്പൂളിനായി. എങ്ങനെ കളിച്ചാലെന്താ ജയിച്ചല്ലോ എന്നു പറയാമെങ്കിലും കളി കാണുന്നവർക്ക് ആത്യന്തികമായ ലക്ഷ്യം ആസ്വാദനമാണ്.അതിന്നലെ വേണ്ട രീതിയിൽ ഉണ്ടായില്ല എന്ന് തന്നെ വേണം പറയാൻ.

സംഭവബഹുലമായിരുന്നില്ല കളി എന്നതിന്റെ തെളിവാണ് റെഫറിക്ക് ഇന്നലെ ഒരു കാർഡ് പോലും പുറത്തെടുക്കേണ്ടി വന്നില്ല എന്ന വസ്തുത. ഇതിനു മുൻപ് ഇങ്ങനെ ഒരു ഫൈനൽ ഉണ്ടായിട്ടേ ഇല്ല ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ. 1999 ലെ ഫൈനലിലും കഴിഞ്ഞ വർഷത്തെ ഫൈനലിലും ഒരു മഞ്ഞ കാർഡ് മാത്രം പുറത്തെടുക്കേണ്ടി വന്നതാണ് ഇതിനു മുൻപത്തെ റെക്കോർഡ്. 99 ൽ എഫൻബേർഗിനും കഴിഞ്ഞ വർഷം മാനെക്കുമാണ് കാർഡ് കണ്ടത്.

രസം കെടുത്തുന്ന ഏകപക്ഷീയ മത്സരങ്ങൾ 

ഫുട്ബോൾ ലോകകപ്പിനോളം ഇല്ലെങ്കിലും ലോകത്താകമാനമുള്ള ക്രിക്കറ്റ്‌ പ്രേമികളെ ഒന്നടങ്കം ത്രസിപ്പിക്കുന്ന ഒരു മാസത്തേക്കാണ് നമ്മൾ ചുവടെടുത്ത് വച്ചിരിക്കുന്നത്. നാല് വർഷത്തിലൊരിക്കൽ വരുന്ന ലോകകപ്പ് പോരാട്ടങ്ങൾ നടക്കുന്ന വേളയിൽ മാത്രമാണ് കടുത്ത ക്രിക്കറ്റ്‌ പ്രേമികളല്ലാത്തവർ ഇപ്പോൾ ക്രിക്കറ്റിനെ കുറിച്ച് ശ്രദ്ധിക്കുന്നത് പോലും. എന്നും തീ പാറുന്ന പോരാട്ടങ്ങൾക്ക് വേദിയായ പാരമ്പര്യമുണ്ട് ലോകകപ്പിന്.

83 ലോകകപ്പിൽ ആദ്യം ബാറ്റ് ചെയ്തു ചെറിയ സ്‌കോറിൽ ഒതുങ്ങിയിട്ടും വെസ്റ്റ് ഇൻഡീസിനെ ചുരുട്ടി കെട്ടി കിരീടവുമായി ലോർഡ്‌സിൽ നിന്നു പോന്ന കപിലിന്റെ ചെകുത്താന്മാരും 99 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ ജയിക്കാവുന്ന കളി കൈ വിട്ടു റൺ ഔട്ടായ അലൻ ഡൊണാൾഡും ക്ലൂസ്നറും 2011ൽ അത്ര കാലം ടീമിനെ മുന്നോട്ട് നയിച്ച ഓപ്പണർമാരായ സച്ചിന്റെയും സെവാഗിന്റെയും പെട്ടെന്നുള്ള പുറത്താകലിൽ പതറാതെ ഇന്ത്യയെ വിജയത്തിലെത്തിച്ച ഗംഭീറും ധോണിയുമൊക്കെ തെല്ലൊന്നുമല്ല നമ്മെ ത്രസിപ്പിച്ചിട്ടുള്ളത്.

എന്നാൽ ഇത്തവണത്തെ ലോകകപ്പിൽ അത്തരം വീരോചിത പ്രകടനങ്ങൾ കുറവാകുന്നു എന്നത് ക്രിക്കറ്റിന്റെ നിലവാരത്തെ തന്നെ ബാധിക്കുന്നുണ്ടോ എന്ന ഭയം ജനിപ്പിക്കുന്നു. ലോകകപ്പ് അതിന്റെ പ്രാഥമികഘട്ടത്തിലേ എത്തിയിട്ടുള്ളൂ, ഇന്ത്യ അടക്കം പലരും ആദ്യ മത്സരം പോലും കളിച്ചിട്ടില്ല എന്ന ന്യായം പറയാമെങ്കിലും ഏകപക്ഷീയമായി പോകുന്ന മത്സരങ്ങളാണ് ഇത് വരെ കടന്നു പോയത്. പൊടി പാറുമെന്ന് പ്രതീക്ഷിച്ച ഉദ്‌ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ട് അനായാസം ജയിച്ചു കയറിയപ്പോൾ അപ്രവചനീയമായ മത്സരം എന്ന പ്രതീതിയിൽ ലോകം ഉറ്റു നോക്കിയ വെസ്റ്റ് ഇൻഡീസ് പാക്കിസ്ഥാൻ മത്സരത്തിൽ പാക്കിസ്ഥാൻ ദയനീയമായി തോറ്റു.

ശ്രീലങ്കക്കെതിരെ ഒട്ടും വിയർപ്പൊഴുക്കാതെ കിവികൾ ജയിച്ചു കയറിയപ്പോൾ ഓസ്‌ട്രേലിയക്ക് വെല്ലുവിളി ഉയർത്താൻ അഫ്ഗാനിസ്ഥാനുമായില്ല. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിൻ രീതി ആണ് ഇത്തവണ ലോകകപ്പിൽ അവലംബിച്ചിട്ടുള്ളത് എന്നത് കൊണ്ട് തന്നെ വരും മത്സരങ്ങളെങ്കിലും തീ പാറുമെന്ന് പ്രതീക്ഷിക്കാം.

പാകിസ്താന് ഇതെന്ത് പറ്റി!

പ്രവചനാതീതമാണ് പാക്കിസ്ഥാൻ ടീം. അന്നും ഇന്നും എന്നും. ഏത് വലിയവനെയും തോൽപ്പിക്കും, എത്ര ചെറിയവനോടും തോൽക്കും. 2016 ലെ ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇംഗ്ലണ്ടിലേക്ക് പാക്ക് ടീം പ്ലെയിൻ കേറുമ്പോൾ കടുത്ത പാക്കിസ്ഥാൻ ആരാധകർ പോലും ചിന്തിച്ചു കാണില്ല അവർ കപ്പിൽ മുത്തമിടുമെന്ന്. പ്രാഥമിക ഘട്ടത്തിൽ ഇന്ത്യയോടേറ്റ ദയനീയ തോൽവി കൂടി ആയപ്പോൾ എല്ലാവരും അവരെ എഴുതി തള്ളി.  എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചു അവർ ഫൈനൽ വരെയെത്തി. ഇന്ത്യക്ക് എളുപ്പം ജയിക്കാൻ കഴിയുമെന്ന് പ്രമുഖരൊക്കെ പ്രവചിച്ച മത്സരത്തിൽ ഇന്ത്യയെ നിലംപരിശാക്കി അവർ കിരീടമുയർത്തി. ആ തലപൊക്കത്തിലാണ് അവർ ഇത്തവണയും ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയത്. 1992 ന് ശേഷം ലോക ചാമ്പ്യന്മാർ ആകുക എന്ന ലക്ഷ്യത്തോടെ.


എന്നാൽ കാര്യങ്ങളൊട്ടും ശുഭകരമായല്ല മുന്നോട്ട് പോകുന്നത്. തുടർച്ചയായ പതിനൊന്നാമത്തെ പരാജയമാണ് ഇന്ന് വെസ്റ്റ് ഇൻഡീസുകാരോട് ഏറ്റു വാങ്ങിയത്. അതും നാണം കെട്ട തോൽവി. ഈ ഫോം വച്ചു അവർ എവിടെയും എത്തുമെന്ന് വിശ്വസിക്കാനാകില്ല.

എന്താണ് പാകിസ്ഥാന്റെ പ്രശ്നം? ബാറ്റ്‌സ്മാന്മാർക്കിടയിൽ പ്രതിഭാധാരാളിത്തമാണ്. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ ഫൈനലിൽ തകർക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഫഖർ സമനും പാകിസ്ഥാന്റെ വിരാട് കോഹ്ലി എന്ന് ലോകം വാഴ്ത്തുന്ന ബാബർ അസമും പരിചയസമ്പന്നരായ ഹഫീസും ഇന്ത്യയുടെ മരുമകൻ ഷൊഹൈബ് മാലിക്കും എല്ലാമുണ്ട്. മുന്നിൽ നിന്ന് നയിക്കാൻ സർഫറാസും. ഇന്ത്യയിൽ ഇപ്പോൾ മഷി ഇട്ട് നോക്കിയാൽ കാണാത്ത കഴിവുറ്റ ഇടം കയ്യൻ ഫാസ്റ്റ് ബൗളർമാരുടെ ഒരു പട തന്നെ പാകിസ്ഥാനുണ്ട്. ഇംഗ്ലണ്ടിൽ ഏറ്റവും ഫലം കൊയ്യാൻ സാധിക്കുന്നതും അവർക്കാണ്. ആമിറും വഹാബ് റിയാസുമെല്ലാം മികവിലേക്കുയർന്നാൽ പിടിച്ചു കെട്ടുക എളുപ്പമല്ല, അതിനി എത്ര മികച്ച ബാറ്റ്‌സ്മാനായാലും.

 

ഇത്രയൊക്കെ ഉണ്ടായിട്ടും അവർ ദയനീയമായി പരാജയപ്പെടുന്നു
ടീമിന്റെ ഒത്തിണക്കമില്ലായ്മ തന്നെയാണ് അതിന്റെ മുഖ്യകാരണം. ഒരു ടീമെന്ന നിലയിൽ ഒരുമിച്ചു കൊണ്ട് പോകാൻ സർഫറാസിനെ കൊണ്ട് സാധിക്കുന്നില്ല. ഇത് വരെയുള്ള കളികൾ ബാറ്റ്‌സ്മാന്മാർ നന്നായി കളിച്ചപ്പോൾ ബൗളർമാരാണ് നിരാശപെടുത്തിയത്. എന്നാൽ ഇന്ന് സ്ഥിതി നേരെ തിരിച്ചായിരുന്നു. കേവലം 100 റൺസ് മാത്രമേ പ്രതിരോധിക്കാൻ ഉണ്ടായിട്ടുള്ളൂ എങ്കിൽ പോലും അവർ അവരുടെ കഴിവിന്റെ പരമാവധി മികച്ചു തന്നെ പന്തെറിഞ്ഞു. കളി കൈ വിട്ടത് ബാറ്റ്‌സ്മാന്മാരാണ്. ബാറ്റിങ്ങിന്റെ പറുദീസയായ ഇംഗ്ലണ്ടിലെ പിച്ചുകളിൽ ഇത്ര കുറച്ചു റൺ പ്രതിരോധിക്കാൻ ബുമ്രയും റാഷിദ്‌ ഖാനും ഉൾപ്പെടെ ലോകത്തെ മികച്ച ബൗളർമാരെല്ലാം ഒരു ടീമിൽ വന്നു പന്തെറിഞ്ഞാലും ഏറെ കുറേ അസാധ്യമായ കാര്യമാണ്. അതു കൊണ്ട് ഇന്നത്തെ തോൽവി ബാറ്റ്‌സ്മാന്മാർ നേടി കൊടുത്തതാണ്.

ബദ്ധവൈരികളാണെങ്കിലും പാകിസ്ഥാന്റെ കളികൾ ആസ്വദിക്കുന്നവർ തന്നെയാണ് ഇന്ത്യക്കാർ. അതു കൊണ്ട് തന്നെ പാകിസ്ഥാന്റെ ഈ ദയനീയ പ്രകടനത്തിൽ യഥാർത്ഥ ക്രിക്കറ്റ്‌ പ്രേമികളെല്ലാം സങ്കടപെടുന്നുണ്ടാകും. കളിയിൽ ജയവും തോൽവിയും സാധാരണയാണ്. നല്ല കളി കളിക്കുക എന്നതാണ് പ്രധാനം. ഇനിയുള്ള കളികളെങ്കിലും പാകിസ്താന് അതിനു സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം. അപ്രവചനീയത മുഖമുദ്രയാക്കിയ അവരിൽ നിന്നു അതു പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല.

ബാലൻ ഡി ഓർ പ്രതീക്ഷകൾ

ലോകത്തെ മികച്ച ഫുട്ബോളർക്കുള്ള പുരസ്‌കാരമായ ബാലൻ ഡി ഓർ ഇത്തവണ ആർക്ക് ലഭിക്കും എന്ന ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള കാൽപ്പന്ത് കളി പ്രേമികൾ. 10 കൊല്ലം റൊണാൾഡോയും മെസ്സിയും അവാർഡ് കുത്തകയാക്കി വച്ചതിനു അവസാനം കുറിച്ചു കൊണ്ട് കഴിഞ്ഞ വർഷം ക്രോയേഷ്യയുടെയും റയൽ മാഡ്രിഡിന്റെയും താരമായ മോഡ്രിച്ച് ബാലൻ ഡി ഓർ നേടി. റൊണാള്ഡോയുമായി കടുത്ത പോരാട്ടത്തിനൊടുവിലാണ് മോഡ്രിച്ച് ലോകത്തിന്റെ നെറുകയിലെത്തിയത്‌.

ഇക്കുറിയും മത്സരം കടുക്കും എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മെസ്സി തന്നെയാണ് ഇത്തവണ അവാർഡിനർഹനാകാൻ മുൻപന്തിയിലുള്ളത്. യൂ. സി. എൽ രണ്ടാം പാദ സെമി ഫൈനൽ തീരുന്നത് വരെ മെസ്സിയോട് ഈ പുരസ്ക്കാരം നേടാൻ മത്സരിക്കാൻ പോലും ഒരാളില്ലാത്ത അവസ്ഥയായിരുന്നു. എന്നാൽ കേവലം രണ്ടാഴ്ച കൊണ്ട് കാര്യങ്ങൾ മാറി മറിഞ്ഞു.

ചാമ്പ്യൻസ് ലീഗിലും കോപ്പ ഡെൽ റെയിലും ബാർസിലോണ നാണം കെട്ട തോൽവി ഏറ്റു വാങ്ങിയതോടെ മെസ്സിയുടെ അവാർഡ് പ്രതീക്ഷകൾക്ക് അത് മങ്ങലേൽപ്പിച്ചു. വ്യക്തിഗത പ്രകടനത്തിൽ ഇത്തവണ മെസ്സിക്ക് ഒപ്പം വക്കാൻ മറ്റൊരു താരമില്ലെങ്കിലും ടീമിന്റെ കിരീടം നേട്ടങ്ങൾ കൂടെ പരിഗണിച്ചാണ് പുരസ്‌ക്കാര നിർണയം എന്നതാണ് മെസ്സിക്ക് തിരിച്ചടിയാകുക. 4 വർഷക്കാലം കൈപ്പിടിയിലൊതുക്കിയിരുന്ന കോപ്പ ഡെൽ റേ വിട്ടു കളഞ്ഞതോടെ ബാഴ്സക്ക് ഈ സീസണിൽ ലാലിഗ കിരീടം മാത്രമേ സ്വന്തമാക്കാനായുള്ളൂ. ഇനി കോപ്പ അമേരിക്ക കിരീടം അര്ജന്റീന നേടുകയോ അതിൽ മികച്ച പ്രകടനം മെസ്സിക്ക് പുറത്തെടുക്കാൻ കഴിയുകയോ ചെയ്താൽ മെസ്സി തന്നെ ആയിരിക്കും പുരസ്‌ക്കാര ജേതാവ്.

Photo:Twitter

എന്നാൽ മെസ്സിക്ക് പുറകെ അവാർഡിലേക്കെത്തിക്കൊണ്ടിരിക്കുന്ന ഒരു പറ്റം കളിക്കാർ കൂടെയുണ്ട്.  നെതെര്ലാന്ഡ്സിന്റെയും ലിവര്പൂളിന്റെയും താരമായ വിർജിൽ വാൻ ഡൈക്ക് ആണ് അതിൽ പ്രധാനി. റെക്കോർഡ് തുകക്ക് ലിവർപൂളിൽ എത്തിയ അദ്ദേഹം വിപ്ലവകരമായ മാറ്റമാണ് പ്രതിരോധത്തിലെ നെടുംതൂണായി ലിവർപൂളിന് ഉണ്ടാക്കി കൊടുത്തത്. ഇത് വരെ ഈ സീസണിൽ ഒരു കളിക്കാരന് പോലും അദ്ദേഹത്തെ ഡ്രിബ്ബിൾ ചെയ്തു കടന്ന് പോകാൻ കഴിഞ്ഞിട്ടില്ല എന്നറിയുമ്പോൾ തന്നെ മനസിലാക്കാം എത്രത്തോളം മനോഹരമായാണ് അദ്ദേഹം ഈ സീസണിൽ കളിക്കുന്നതെന്ന്. ലിവർപൂളിന്റെ അലിസൺ ഈ സീസണിൽ 21 ക്ലീൻ ഷീറ്റ് നേടിയിട്ടുണ്ടെങ്കിൽ അതിലും നിർണായക പങ്ക് വാൻ ഡൈക്കിനുള്ളതാണ്. യൂറോപ്പ് നേഷൻസ് ലീഗിന്റെ സെമിയിലേക്ക് യോഗ്യത നേടിയ ടീമാണ് നെതർലൻഡ്‌സ്‌.

അവർക്ക് ആ കിരീടം ഉയർത്താൻ കഴിയുകയും യൂ സി എൽ ലിവർപൂളിന്റെ സ്വന്തമാക്കുകയും ചെയ്താൽ ഇത്തവണത്തെ മികച്ച താരമായി അദ്ദേഹത്തെ തിരഞ്ഞെടുക്കാനുള്ള സാധ്യതകളേറെ. മുൻനിര താരങ്ങളിൽ നിന്ന് മധ്യനിരയിലേക്കും പ്രതിരോധനിരയിലേക്കും ഒക്കെ മികച്ച താരങ്ങളെ തിരഞ്ഞെടുക്കുന്നവരുടെ ദൃഷ്ടി പതിയുന്നുണ്ടെന്ന് കഴിഞ്ഞ വർഷം നമുക്ക് മനസിലായതാണ്. അത് കൊണ്ട് തന്നെ ഈ വർഷം വാൻ ഡൈക്ക് നേടിയാലും അദ്‌ഭുതപ്പെടാനില്ല.

മറ്റൊരു താരം ലിവർപൂളിന്റെ തന്നെ അലിസൺ ആണ്. പ്രീമിയർ ലീഗിൽ 21 ക്ലീൻ ഷീറ്റ് സ്വന്തമാക്കിയിട്ടുള്ള അലിസണിനു ബ്രസീലിനു കോപ്പ അമേരിക്കയും ലിവർപൂളിന് ചാമ്പ്യൻസ് ലീഗും നേടി കൊടുക്കാനായാൽ പുരസ്‌ക്കാരത്തിൽ കണ്ണു വയ്ക്കാവുന്നതാണ്.  ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഇ പി എൽ കിരീടമുൾപ്പെടെ മൂന്നു കിരീടങ്ങൾ സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സ്റ്റെർലിങ് ആണ് മറ്റൊരു മത്സരാർത്ഥി. യൂറോപ്പ് നേഷൻസ് ലീഗിൽ സെമിയിലേക്ക് ഇതിനോടകം യോഗ്യത നേടിയിട്ടുള്ള ഇംഗ്ലണ്ടിന് ആ കിരീടം കൂടെ നേടി കൊടുക്കാനായാൽ സ്റ്റെർലിങ് ലോകം കീഴടക്കും.

സിറ്റിയുടെ തന്നെ താരമായ അഗ്യുറോക്കും ചെറിയ സാധ്യതകളുണ്ടെങ്കിലും കോപ്പയിൽ മെസ്സിയുടെ ടീമിൽ തന്നെ കളിക്കുന്നു എന്നതിനാൽ അര്ജന്റീന കിരീടത്തിലേക്ക് മുന്നേറിയാൽ മെസ്സിയെ കീഴ്പെടുത്തുക ഏറെ കുറേ അസാധ്യമാണ്.  നേഷൻസ് ലീഗ് പോർച്ചുഗലിന് നേടി കൊടുക്കാനായാൽ റൊണാൾഡോക്കും ചെറിയ സാധ്യതയുണ്ടെങ്കിലും ഇറ്റാലിയൻ ലീഗിൽ ടോപ് സ്‌കോറർ അല്ല എന്നതും നേഷൻസ് ലീഗിന്റെ ആദ്യ ഘട്ടങ്ങളിൽ കളിക്കാത്തതും തിരിച്ചടിയാകുമെന്നതിനാൽ ആദ്യ 5 സ്ഥാനങ്ങളിൽ ഇടം പിടിക്കുക എന്നത് തന്നെ റൊണാൾഡോക്ക് ശ്രമകരമാണ്.

ബയേണിന്റെ ലെവൻഡോസ്‌കിയും യൂറോപ്പിൽ ഗോൾ വേട്ടയിൽ മെസ്സിക്ക് തൊട്ട് പുറകിൽ നിൽക്കുന്ന എംബാപ്പക്കും ലിവർപൂളിന്റെ മാനെക്കും സാലഹ്ക്കും വിദൂര സാദ്ധ്യതകൾ മാത്രമാണ് ഉള്ളത്. മുകളിൽ പറഞ്ഞവരുടെ അത്ര മികവ് പുറത്തെടുക്കാനായില്ല എന്നതും കിരീട നേട്ടങ്ങൾ കുറവാണ് എന്നതുമാണ് അതിനുള്ള കാരണങ്ങൾ. ആരു നേടിയാലും ഇത്തവണ പോരാട്ടം കടുക്കുമെന്നുറപ്പായതിനാൽ അതിന്റെ പ്രഖ്യാപന ദിനത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണ്.

കരീബീയൻ കരുത്തിന്റെ രഹസ്യം 

ലോക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഓളം ഉണ്ടാക്കിയിട്ടുള്ളവർ ആരെന്നു ചോദിച്ചാൽ ഒരു സംശയവുമില്ലാതെ പറയാനാകും അത് വെസ്റ്റ് ഇൻഡീസുകാരാണെന്ന്. പണ്ട് ഇംഗ്ലണ്ടിനൊപ്പം ക്രിക്കറ്റിന്റെ തല തൊട്ടപ്പന്മാരായി ലോകം അടക്കി ഭരിച്ചപ്പോൾ ഗാരി സോബേഴ്‌സും ലോയ്ഡും റിച്ചാർഡ്സും വാൽഷും എല്ലാം അവരുടെ സൈന്യാധിപരായിരുന്നു. പക്ഷെ പിന്നീട് കണ്ടത് അവരുടെ പതനമായിരുന്നു. അത് പക്ഷെ പ്രതിഭാ സമ്പത്തിന്റെ ദൗർലഭ്യം കൊണ്ടല്ല മറിച്ചു മറ്റു ക്രിക്കറ്റ്‌ ബോർഡുകൾ അവരുടെ കളിക്കാർക്ക് കൊടുക്കുന്ന പരിഗണനയും വേതനവും വെസ്റ്റ് ഇന്ത്യൻ കളിക്കാർക്ക് നൽകാതായപ്പോൾ അവർ പ്രതികരിച്ചു തുടങ്ങി. ആത്മാർത്ഥതയുടെ ഉറവ അവരിൽ വറ്റി തുടങ്ങി.

പലരും തന്റെ 100% ദേശീയ ടീമിന് വേണ്ടി കൊടുക്കാൻ തയ്യാറാവാതെ സ്വന്തം ശരീരത്തിന് കേടുപാട് പറ്റാത്ത രീതിയിൽ ഉഴപ്പി കളിച്ചു. ചിലർ പൂർണമായും ഫിറ്റല്ല എന്ന മുടന്തൻ ന്യായം പറഞ്ഞു ടീമിൽ നിന്ന് ഒഴിഞ്ഞു നിന്നു. മറ്റു ചിലർ ബോർഡുമായി ഉടക്കി പിരിഞ്ഞു.  ലോകത്തെ ഏതൊരു ആഭ്യന്തര ലീഗ് എടുത്തു നോക്കിയാലും അവിടെയെല്ലാം തിളങ്ങുന്നവർ കരീബീയൻ ദ്വീപിൽ നിന്നുള്ളവരായിരിക്കും. ഇന്ത്യയിലെ ഐ. പി.എല്ലിലായാലും പാകിസ്താനിലെ പി.എസ്.എല്ലിലായാലും അവരുടെ തന്നെ നാട്ടിലെ കരീബിയൻ ലീഗിലായാലും എല്ലാം മികച്ചു നിൽക്കുന്നത് അവർ തന്നെയായിരിക്കും.

ഐ. പി. എല്ലിലെ ഉദാഹരണം എടുത്ത് നോക്കിയാൽ ഇവിടെ പ്രതിഭ തെളിയിച്ചിട്ടുള്ളവർ ഒട്ടനവധിയാണ്. എങ്കിലും അവരിൽ വെസ്റ്റ് ഇൻഡീസുകാർ വ്യത്യസ്തരായി നിലകൊള്ളുന്നു. മിക്ക ടീമുകളുടെയും ശക്തി ‘കാടൻ ‘ അടിക്ക് പേരു കേട്ട അവർ തന്നെയാണ്. ഈ വർഷത്തെ ഐ.പി.എല്ലിൽ ഏതൊരു ടീമിന്റെയും ഉറക്കം കെടുത്തുന്ന വ്യക്തിയാണ് റസ്സൽ. നേരിടുന്ന ആദ്യ പന്ത് തൊട്ട് ഗാലറി ലക്ഷ്യമാക്കിയുള്ള ഷോട്ടുകൾ, മിസ് ഹിറ്റ്‌സ് പോലും ബൗണ്ടറി കടത്താനുള്ള ശക്തി എന്നിവയൊക്കെയാണ് റസ്സലിനെ അപകടകാരിയാക്കുന്നത്. പല തവണ ടീം തോറ്റു എന്ന നിലയിൽ നിന്ന് ടീമിനെ ഐതിഹാസിക വിജയത്തിലേക്ക് നയിക്കാൻ ഈ സീസണിൽ തന്നെ റസ്സലിനായിട്ടുണ്ട്.

Photo:IPL

ഗെയ്ൽ ആണ് മറ്റൊരു പടക്കുതിര. ആദ്യ സീസണിൽ കൊൽക്കത്തക്ക് ഒപ്പമായിരുന്നു അദ്ദേഹത്തെ പിന്നീട് ബാംഗ്ലൂർ അവരുടെ തട്ടകത്തിൽ എത്തിച്ചതിനു ശേഷമാണു ഗെയ്ൽ വിശ്വരൂപം പുറത്തെടുത്തത്. ടി20 ചരിത്രത്തിലെ ഉയർന്ന സ്കോർ സ്വന്തം പേരിലാക്കിയ കളി ഒക്കെ ഗെയ്‌ലാട്ടത്തിന്റെ ഉദാഹരണങ്ങളാണ്.
ഒരുപാട് ഡോട്ട് ബോളുകളിലൂടെ ആദ്യ കാലങ്ങളിൽ ക്രിക്കറ്റിലേക്ക് ചുവടെടുത്ത് വച്ച നരെയ്ൻ ആണ് മറ്റൊരു പ്രതിഭാസം. ഒരു നല്ല ബാറ്റ്സ്മാൻ കൂടെയാണ് നരെയ്ൻ എന്ന് മനസിലാക്കിയത് ഗംഭീർ ആണ്. അത് വഴി അദ്ദേഹത്തെ ഓപ്പണറായി ഉയർത്തിയപ്പോൾ ലോകത്തെ മുഴുവൻ ഞെട്ടിച്ചു 17 പന്തിൽ അർധശതകം നേടി നരെയ്ൻ തന്റെ പ്രതിഭ വെളിപ്പെടുത്തി. ബ്രാവോ എന്ന സ്പെഷ്യലിസ്റ്റ് ഡെത്ത് ബൗളർ കൂടെയായ ഓൾ റൗണ്ടറെയും ഓപ്പണിങ്ങിൽ മിന്നൽപ്പിണർ തീർത്തിരുന്ന സ്മിത്തിനെയും ഒന്നും ആരും മറക്കാനിടയില്ല.

ഇവർക്കെല്ലാം അവരുടെ കളി രീതികളിൽ ചില വ്യത്യാസങ്ങൾ കാണാമെങ്കിലും ഇവരുടെ വിജയത്തിന്റെ രഹസ്യം അവരുടെ കായിക ശക്തി തന്നെയാണ്. സച്ചിനെ പോലെ ടെക്‌നിക്‌ വച്ചു പന്തിനെ തഴുകി ടൈമിംഗ് ഒന്നു കൊണ്ട് മാത്രം ബൗണ്ടറിയെ തേടി പോകാനൊന്നും ഇവർക്ക് കഴിയണം എന്നില്ല. മറിച്ചു മറ്റു രാജ്യത്തുള്ളവരേക്കാൾ ജന്മനാ ലഭിക്കുന്ന ആരോഗ്യം പരമാവധി ഉപയോഗിച്ച് തന്നിലേക്കെത്തുന്ന പന്തുകളെ സർവ്വശക്തിയുമെടുത്തു അടിച്ചു പറത്തുന്ന കളി രീതിയാണ് അവരുടേത്. എന്നാൽ കളി രീതി ഏതെന്നു ക്രിക്കറ്റിൽ ചോദ്യമില്ല. ടീമിന് ജയിക്കാൻ കഴിയുന്നുണ്ടോ എന്നത് മാത്രമാണ് അവിടെ ഉയരുന്ന ചോദ്യം. അത് അവരെക്കാൾ നന്നായി നിർവഹിക്കാൻ കഴിയുന്നവർ ഇല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
ഇന്ത്യയുടെ കളിക്കാരെ എടുത്ത് നോക്കിയാൽ ഈ തലമുറയിൽ ഹർദിക് പാണ്ട്യയും പന്തും മാത്രമാണ് ഇത്തരത്തിൽ കൈക്കരുത്ത് കൊണ്ട് ബൗണ്ടറികൾ നേടുന്നത്. കഴിഞ്ഞ തലമുറയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റ്‌ കെട്ടി പടുക്കുന്നത് യഥാർത്ഥ ക്രിക്കറ്റിങ് ഷോട്ടുകൾ കൊണ്ടാണെങ്കിൽ എതിരെ വരുന്ന പന്തിനെ പൊതിരെ തല്ലി പായിക്കുക എന്ന കേവലം ലളിതമായ എന്നാൽ നടപ്പിലാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള തന്ത്രമാണ് വെസ്റ്റ് ഇൻഡീസുകാർ പയറ്റി കൊണ്ടിരിക്കുന്നത്.

Photo:IPL

ഒരു കാര്യം ഉറപ്പാണ്, ഒരു നല്ല ക്രിക്കറ്റ്‌ ബോർഡ്‌ അവർക്കുണ്ടായാൽ… അവരുടെ ആവശ്യങ്ങളെ മാനിച്ചു അവർ അർഹിക്കുന്ന വേതനം നൽകാൻ ബോർഡ്‌ തയ്യാറായാൽ ലോക ക്രിക്കറ്റിൽ അവരെ വെല്ലാൻ ഒരു ശക്തിക്കും സാധിക്കില്ല. പ്രത്യേകിച്ചും പരിമിത ഓവർ മത്സരങ്ങളിൽ രാജാക്കന്മാർ അവരായി മാറും എന്നതിൽ തർക്കമില്ല.

സോറി കോഹ്ലി, നിങ്ങൾ നല്ലൊരു ക്യാപ്റ്റനല്ല

കോഹ്ലി എന്ന കളിക്കാരന്റെ നിശ്ചയദാർഢ്യത്തെ പറ്റിയോ കഴിവിനെ പറ്റിയോ കഠിനാധ്വാനത്തെ പറ്റിയോ ഈ ലോകത്ത് ആർക്കും എതിരഭിപ്രായം കാണില്ല. ഒരു ബാറ്റ്‌സ്മാന് നേടിയെടുക്കാൻ കഴിയുന്ന റെക്കോർഡുകൾ എല്ലാം ഓരോന്നോരാന്നായി വേട്ടയാടി കൊണ്ടിരിക്കുകയാണ് അദ്ദേഹം. ആരും അടുത്ത് പോലും എത്തില്ല എന്ന് ചിന്തിച്ചിരുന്ന സച്ചിന്റെ 49 ഏകദിന സെഞ്ചുറികളുടെ സിംഹാസനത്തിൽ അമർന്നിരിക്കാൻ കോഹ്ലി അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ ഫോം വച്ചു ഈ വർഷമല്ലെങ്കിൽ അടുത്ത വർഷം പകുതി ആവുമ്പോഴെക്കെങ്കിലും ക്രിക്കറ്റ്‌ ദൈവത്തെ വിരാട് മറികടന്നിരിക്കും.

എന്നാൽ കോഹ്‌ലിയുടെ ക്യാപ്റ്റൻസി എന്നും വിമർശനത്തിനിരയായി കൊണ്ടിരിക്കുന്നു. അണ്ടർ 19 ലോകകപ്പ് ഇന്ത്യക്ക് നേടി തന്നു എന്നതല്ലാതെ കോഹ്ലി എന്ന നായകന് കീഴിൽ ഒരു ടീമും ഒരു കിരീടവും നേടിയിട്ടില്ല. 2016 ൽ ബാംഗ്ലൂർ ഐ പി എൽ ഫൈനലിൽ എത്തിയതും 2017 ലെ ചാമ്പ്യൻസ് ട്രോഫി കലാശപോരാട്ടത്തിനു ഇന്ത്യക്ക് യോഗ്യത നേടി കൊടുത്തതും ആണ് മറ്റു പ്രധാന നേട്ടങ്ങൾ.
ധോണി ടെസ്റ്റിൽ നിന്ന് വിരമിക്കുമ്പോൾ ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യയെ ഒന്നാം നമ്പറിലെത്തിച്ചതും എസ്.ഇ. എൻ. എ രാജ്യങ്ങളിൽ പോയി മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു ഒന്നാം നമ്പർ സ്ഥാനം ഇപ്പോഴും നിലനിർത്തുന്നു എന്നതും ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളാണ്.

അവിടെയെല്ലാം ടീമിനെ എല്ലാ രീതിയിലും മുന്നിൽ നിന്ന് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
എന്നാൽ അത് പോലെയല്ല പരിമിത ഓവർ മത്സരങ്ങളുടെ സ്ഥിതി. അഞ്ച് ദിവസം നീണ്ടു നിൽക്കുന്നതായത് കൊണ്ട് ടെസ്റ്റിൽ ചടുലമായ തീരുമാനങ്ങൾ സാഹചര്യത്തിനനുസരിച്ച് കൈക്കൊള്ളേണ്ട അവസ്ഥകൾ കുറവാണ്. വലിയ പരീക്ഷണങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയും ഇല്ല. എന്നാൽ അതല്ല പരിമിത ഓവർ മത്സരങ്ങളുടെ അവസ്ഥ. ഓരോ ഓവറും എന്തിന്, ഓരോ പന്തും വരെ കളിയുടെ ഗതിയെ തന്നെ മാറ്റിമറിക്കുമെന്നിരിക്കെ ഫീൽഡിൽ പൊടുന്നനെ തീരുമാനങ്ങൾ എടുക്കുക, അതെല്ലാം ടീമിന് ഗുണം നൽകുന്ന രീതിക്കാകുക എന്നത് ഒരു ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ്.
കോഹ്‌ലിയുടെ ന്യൂനതകളും അവിടെ തന്നെയാണ്. കളി വായിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. അപ്പോൾ ടീമിന് മുന്നിൽ രൂപം കൊള്ളുന്ന സമസ്യയെ എങ്ങനെ മറികടക്കാം എന്നത് കോഹ്ലിക്ക് മുന്നിൽ എപ്പോഴും ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു.

ടീമിനെ മുന്നിൽ നിന്ന് നയിക്കുകയെന്നാൽ ബാറ്റ് കൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കുക എന്ന് മാത്രമല്ല അർത്ഥം. മറിച്ച് ഫീൽഡിൽ അദ്ദേഹം കൈക്കൊള്ളുന്ന തീരുമാനങ്ങൾ കൂടെയാണ് ഒരു നല്ല നായകന് രൂപം നൽകുന്നത്. സമ്മർദ്ദഘട്ടങ്ങളിൽ ബൗളർക്കൊപ്പം നിന്ന് ആത്മവിശ്വാസമേകി തന്റെ അനുഭവസമ്പത്തിലൂടെ അടുത്ത പന്ത് ഏത് രീതിയിൽ എറിയണം എന്ന് ഉപദേശിക്കാനും എതിരെ നിൽക്കുന്ന കളിക്കാരന്റെ ശക്‌തിയെന്താണെന്നും ദൗര്ബല്യമെന്താണെന്നും തിരിച്ചറിഞ്ഞു അതിനനുസരിച്ചു ഫീൽഡിൽ മാറ്റങ്ങൾ കൊണ്ട് വരാനും കഴിയുന്നിടത്താണ് ഒരു നായകൻ ഉദയം ചെയ്യുന്നത്.

എന്നാൽ കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം ഫീൽഡിലെ സമ്മർദ്ദഘട്ടങ്ങളിൽ മറ്റാരേക്കാളും വേഗത്തിൽ വീണു പോകുന്നത് അദ്ദേഹം തന്നെയാണ്. ഇന്നലെ നടന്ന കളി തന്നെയാണ് അതിനുദാഹരണം. 17 ആം ഓവറിൽ രണ്ടാം ബീമർ എറിഞ്ഞ സിറാജിനെ പിൻവലിക്കാൻ നിര്ബന്ധിതനായ അദ്ദേഹം പിന്നീട് ആശയറ്റവനെ പോലെയാണ് കാണപ്പെട്ടത്. അതിന്റെ ബാക്കിപത്രമായിരുന്നു റസ്സലിന്റെ വിസ്ഫോടനം.
ക്യാപ്റ്റനായി ആദ്യ സീസണിൽ എളുപ്പം ജയിക്കാവുന്ന കളിയെ അമിതാത്മവിശ്വാസം കാണിച്ചു സ്വയം പന്തെറിഞ്ഞു ടീമിനെ തോൽവിയിലേക്ക് തള്ളിയിട്ട ക്യാപ്റ്റനിൽ നിന്ന് ഇന്നലെ വരെ ഉള്ള ക്യാപ്റ്റൻ കോഹ്ലി ഒന്നും തന്നെ പഠിച്ചിട്ടില്ല എന്ന് വേണം മനസിലാക്കാൻ. ബാറ്റിങ്ങിൽ പിഴവുകൾ വരുത്തുമ്പോൾ അതിവേഗം അത് തിരുത്താൻ അദ്ദേഹം കാണിക്കുന്ന മനഃസാന്നിധ്യം ഇവിടെ കാണാനാകുന്നില്ല.

പേസർമാരെ അപേക്ഷിച്ചു സ്പിന്നർമാർക്ക് കൂടുതൽ ആനുകൂല്യം ലഭിച്ച പിച്ചിൽ, നേഗിയെ പോലെ ഒരു പാർട്ട്‌ ടൈം ബൗളർക്ക്‌ പോലും 4 ഡിഗ്രിക്ക് മുകളിൽ പന്തിനെ ടേൺ ചെയ്യിക്കാൻ സാധിച്ച പിച്ചിൽ ഇംഗ്ലണ്ടിന്റെ സ്റ്റാർ സ്പിന്നറായ മുഈൻ അലിക്ക് ഒരു ഓവർ പോലും കൊടുക്കാൻ അദ്ദേഹം തയ്യാറായില്ല എന്നത് ആരെയും അദ്‌ഭുതപ്പെടുത്തുന്നതായിരുന്നു. ഇംഗ്ലണ്ടിലെ പേസ് പിച്ചുകളിൽ പോലും ബാറ്റ്സ്മാന് ഭീഷണി ഉയർത്തുന്ന അലിയെ പോലൊരാളുടെ ഒന്നോ രണ്ടോ ഓവറുകൾ പോലും ഒരു പക്ഷെ ഇന്നലത്തെ കളിയുടെ ഫലത്തെ മാറ്റിമറിച്ചേനെ.മറ്റുള്ളവരെല്ലാം ഭേദപ്പെട്ടെറിഞ്ഞിട്ടും ആദ്യ ഓവറിൽ തന്നെ കണക്കിന് തല്ലു വാങ്ങിയ സിറാജിനെ വീണ്ടും ഒരു ഓവർ എറിയാൻ വിളിച്ച നേരത്ത് അലിക്ക് ഒരു ഓവർ കൊടുത്തു നോക്കാമെന്നു ഏതൊരു നായകനും ചിന്തിക്കുന്ന പോലെ, എന്തിന് കളി കണ്ടുകൊണ്ടിരിക്കുന്നവർക്ക് വരെ തോന്നിയിരിക്കാവുന്ന ഒരു കാര്യം പക്ഷെ അദ്ദേഹത്തിന് മാത്രം തോന്നിയില്ല. നേഗിയെയും ചാഹലിനെയും നേരിടാൻ കൊൽക്കത്ത പണിപ്പെടുന്നത് കണ്ടാലെങ്കിലും അലിയെ പന്ത് ഏൽപ്പിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. തന്റെ രണ്ടാം ഓവറിൽ സിറാജ് കൊടുത്ത റൺ ഇല്ലായിരുന്നെങ്കിൽ റസ്സലാട്ടത്തിലും പിടിച്ച് നിൽക്കാൻ ബാംഗ്ലൂരിന് കഴിയുമായിരുന്നു. അത്തരത്തിൽ നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനും മുകളിലുള്ള തെറ്റുകളാണ് അദ്ദേഹത്തിൽ നിന്ന് സംഭവിക്കുന്നത്.

ലോകഫുട്ബോളിൽ അർജന്റീന പോലെ, ഐ. എസ്. എല്ലിൽ ബ്ലാസ്റ്റേഴ്‌സ് പോലെ ഐ. പി. എല്ലിലെ ഏറ്റവും ഭാഗ്യമില്ലാത്ത ടീമായി ബാംഗ്ലൂർ മാറിയിട്ടുണ്ടെങ്കിൽ സന്തുലിതമായ ടീമിനെ വാർത്തെടുക്കാൻ ശ്രമിക്കാത്ത ടീം മാനേജ്മെന്റിനൊപ്പം തന്നെ കുറ്റക്കാരനാണ് കോഹ്‌ലിയും. ഒരു വർഷവും ഒരു വിന്നിങ് കോമ്പിനേഷൻ കണ്ടെത്താൻ കോഹ്ലി പാടുപെട്ടുകൊണ്ടേയിരിക്കുന്നു. എല്ലാ കളികളിലും പലരെയും മാറ്റി പരീക്ഷിക്കുന്നത് തന്നെ ടീമിന് ദോഷം ചെയ്യുന്നുണ്ട്. ഈ വർഷവും ഒരു വിജയം നേടാനാകാതെ കിതക്കുകയാണ് ആർ. സി. ബി. ജയിക്കാവുന്ന കളികളിൽ പലതും കണ്മുന്നിൽ നിന്ന് എതിരാളികൾ റാഞ്ചി കൊണ്ട് പോകുമ്പോൾ വെറും കാഴ്ചക്കാരനായി നോക്കി നിൽക്കുന്ന കോഹ്ലി ഒരിക്കലും ഒരു നല്ല നായകനല്ല. ഇന്ത്യൻ ടീമിൽ ധോനിയെ പോലുള്ള ഒരാളുടെ ഉപദേശങ്ങൾ കൊണ്ട് വിജയങ്ങൾ നേടാകുന്നുണ്ടെങ്കിലും ക്ലബ്ബിൽ അത് പോലെ ഉപദേശങ്ങൾ നൽകാൻ ആരുമില്ല എന്നത് കോഹ്‌ലിയെ അസ്ത്രപ്രജ്ഞനാക്കുന്നു.

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്റെ പിൻഗാമി എന്നാണ് വിരാടിന്റെ കളി കണ്ട പലരും പുകഴ്ത്തുന്നത്. ക്യാപ്റ്റൻ സ്ഥാനം തനിക്ക് ചേരില്ല എന്ന് മുൻപേ തെളിയിച്ചിട്ടുള്ള സച്ചിനെ ആ കാര്യത്തിലും പിന്തുടരുക തന്നെയാണ് കോഹ്ലി ചെയ്യുന്നത്. തോൽവിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണ് കോഹ്ലി ഇപ്പോൾ ചെയ്യേണ്ടത്. കാരണം ഇനിയും തോൽവികൾ തുടർന്നാൽ, അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുക എന്ന തീരുമാനത്തിലേക്ക് ബാംഗ്ലൂർ മാനേജ്മെന്റിനെ അത് കൊണ്ടെത്തിക്കും. ഇന്ത്യക്ക് ലോകകപ്പ് തിരികെ സമ്മാനിക്കാൻ പോകുന്ന നായകനെന്ന് 130 കോടി ജനത വിശ്വസിക്കുന്ന ഒരാൾക്ക് ലോകകപ്പ് ആസന്നമായിരിക്കുന്ന ഈ വേളയിൽ അങ്ങനെ ഒരു തിരിച്ചടി നേരിട്ടാൽ അത് ഹൃദയഭേദകമായിരിക്കും.

മിസ്സ്‌ യൂ രവി ശാസ്ത്രി…

നമ്മൾ ഓർത്തിരിക്കുന്ന ഒരുപാട് കളി മുഹൂർത്തങ്ങൾ ഉണ്ട് ഇന്ത്യൻ ക്രിക്കറ്റിന്. അവിടെയെല്ലാം നമ്മൾ ഓർക്കുന്നത് അതിൽ ഭാഗവാക്കായ കളിക്കാരെയും കൂടി വന്നാൽ പരിശീലകരെയും മാത്രമാണ്. എന്നാൽ ടി വി യിലൂടെ മാത്രം കളി കണ്ട് നിർവൃതി അടയുന്ന ഭൂരിഭാഗം വരുന്ന ഇന്ത്യക്കാരും മനഃപൂർവം മറന്നു കളയുന്ന ഒരു വിഭാഗമുണ്ട്. കളി തത്സമയം വാക്കുകളിലൂടെ കൂടെയും നമ്മിലേക്കെത്തിക്കുന്ന കമന്റേറ്റർസ്. അവരുടെ കളി വിവരണം കൂടെയുണ്ടെങ്കിൽ മാത്രമേ അതിന്റെ ആവേശം പൂർണമാകൂ. ഒരു യഥാർത്ഥ ക്രിക്കറ്റ്‌ ആരാധകന് തന്റെ ആവേശത്തിന്റെ പാരമ്യത്തിലെത്തണമെങ്കിൽ അത് കളി മ്യൂട്ട് ചെയ്തു കണ്ടാൽ സാധിക്കില്ല. കമന്ററിയുടെ അകമ്പടിയോടെ തന്നെ കാണണം.

സ്വന്തം ടീമിന്റെ അല്ലെങ്കിൽ ഇഷ്ടപെട്ട കളിക്കാരന്റെ പ്രകടനത്തെ മികച്ച വാക്കുകൾ കൊണ്ട് വർണ്ണിക്കുന്നത് കേൾക്കുന്ന അത്ര സുഖം ആ കളി നേരിട്ട് കണ്ടാൽ പോലും ലഭിക്കില്ല. അത് കൊണ്ടാണ് ഈ ജനത കളി മുഴുവൻ കണ്ടതാണെങ്കിലും നമുക്ക് അനുകൂലമായ ഫലമാണെങ്കിൽ അടുത്ത ദിവസത്തെ പത്രത്തിനായി കാത്തിരിക്കുന്നതും അതിലെ കളിയെ പറ്റിയുള്ള ഓരോന്നും അരിച്ചു പെറുക്കി വായിക്കുന്നതും.
ഇന്ത്യൻ പരിശീലകനായി രവി ശാസ്ത്രി എത്തുന്നു എന്ന വാർത്ത കേട്ട് യഥാർത്ഥ ക്രിക്കറ്റ്‌ പ്രേമികളെല്ലാവരും സങ്കടപ്പെട്ടു. അത് പക്ഷെ അദ്ദേഹമൊരു മോശം കോച്ച് ആവുമെന്നുള്ള ഭയം കൊണ്ടായിരുന്നില്ല. മറിച്ച് കമന്ററി ബോക്സിൽ അദ്ദേഹത്തെ അത്ര മാത്രം മിസ്സ്‌ ചെയ്യും എന്നുള്ളത് കൊണ്ടായിരുന്നു. മഞ്ജരേക്കറും ഗവാസ്കറും എല്ലാം മികച്ച കമന്റേറ്റർമാരാണെങ്കിലും ശാസ്ത്രി ഒരു വികാരമാണ് ഇന്ത്യക്കാർക്ക്. അദ്ദേഹത്തിന്റെ സ്ഫോടനാത്മകവും നൈമിഷികവുമായ കളി പറച്ചിലുകൾ അത്ര മേൽ സ്വാധീനം ചെലുത്തിയവയാണ്.
ഇന്ത്യൻ ക്രിക്കറ്റും ക്രിക്കറ്റ്‌ താരങ്ങളും പല നാഴികക്കല്ലുകളും താണ്ടിയപ്പോൾ അത് വർണിച്ചു മനോഹരമാക്കാൻ ആ ഘനഗംഭീര ശബ്ദം കൂട്ടിനുണ്ടായിരുന്നു.

Photo:Twitter

2007 ൽ ട്വന്റി 20 ലോകകപ്പിൽ ബ്രോഡിനെതിരെ യുവരാജ് നേടിയ 6 സിക്സറുകൾക്ക് പൊലിമ ചാർത്താൻ അദ്ദേഹത്തിന്റെ ശബ്ദം കൂടി കൂട്ടിനെത്തിയതുകൊണ്ടാണ് ഇന്നും പലരുടെയും ഫോൺ ഗാലറികളിലും യൂട്യൂബ് ഓഫ്‌ലൈൻ വീഡിയോ വിഭാഗത്തിലും എല്ലാം ഒഴിവാക്കാനാവാത്ത ഒന്നായി അത് നിറഞ്ഞോടിക്കൊണ്ടിരിക്കുന്നത്. മനസ്സല്പം ഉലഞ്ഞാൽ അതിൽ നിന്ന് മുക്തി നേടാൻ ഒരു പ്രചോദനമെന്ന രീതിയിൽ ഇന്നും ആ വീഡിയോ കാണുന്നവരുണ്ട് എന്നറിയുമ്പോഴാണ് വെറുമൊരു കളിയല്ലേ, കളി പറച്ചിലല്ലേ എന്ന ചോദ്യം അപ്രസക്‌തമാകുന്നത്. പിന്നീട് അതേ ടൂർണമെന്റ് കലാശ പോരാട്ടത്തിൽ ചിരവൈരികളായ പാകിസ്താനെ ഇഞ്ചോടിഞ്ച് പോരാടി പരാജയപ്പെടുത്തി കുട്ടി ക്രിക്കറ്റിന്റെ പ്രഥമ കിരീടത്തിനാവകാശികളായി ഇന്ത്യ മാറിയപ്പോഴും ഓരോ ഭാരതീയന്റെയും എല്ലാ വികാരവിക്ഷോഭങ്ങൾക്കും അനുസൃതമായി അതേ ആവേശത്തിൽ കളി വിവരിക്കാൻ അവസാനം വരെ അദ്ദേഹം ഉണ്ടായി എന്നത് തന്നെയാണ് ആ വ്യക്തി എത്രത്തോളം പ്രാധാന്യം അർഹിക്കുന്നു എന്നതിന്റെ അടയാളം.

Photo: Twitter

ക്രിക്കറ്റ്‌ ദൈവം സൗത്ത് ആഫ്രിക്കക്കെതിരെ ഏകദിനത്തിലെ ലോകത്തെ തന്നെ ആദ്യ ഇരട്ട ശതകം നേടി മറ്റൊരു ചരിത്രം കുറിച്ചപ്പോൾ “first man on the planet to reach 200 and it’s the superman from India” എന്ന ശാസ്ത്രിയുടെ വാക്കുകൾ കുറച്ചൊന്നുമല്ല നമ്മെ പുളകം കൊള്ളിച്ചത്.
2011 ൽ ഇത് പോലൊരു ഏപ്രിൽ 2 ന് നുവാൻ കുലശേഖരയെ ലോങ്ങ്‌ ഓണിന് മുകളിലേക്ക് പായിച്ചു വാൻഖടെയുടെ തിരുമുറ്റത്ത് വച്ചു 28 വർഷത്തെ കിരീടകാത്തിരിപ്പിനു ധോണി അവസാനം കുറിച്ചപ്പോൾ “dhoni finishes it off in style… ” എന്ന് തുടങ്ങി രവി ശാസ്ത്രിയിൽ നിന്ന് പുറപ്പെട്ട നെടുനീളൻ ഇംഗ്ലീഷ് ഡയലോഗ് ഇന്നും ഓരോ ഭാരതീയനും കാണാപ്പാഠമാണ്. പാഠഭാഗങ്ങൾ മറന്നാലും കുട്ടികളാരും ഇത് മറക്കില്ല. എന്നാൽ പലർക്കും അതാരാണ് പറഞ്ഞതെന്ന് പേര് പോലും അറിയില്ലായിരിക്കും. എന്നാലും അവരാരും അറിയാതെ അവരുടെ മനസിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയുന്ന ഒരു മായിക ശക്തി ഈ മുൻ ഇന്ത്യൻ ഓൾ റൗണ്ടറുടെ വാക്കുകൾക്ക് ഉണ്ട്. 2015 ൽ കങ്കാരുക്കൾക്ക് അടിയറ വെക്കേണ്ടി വന്ന ആ പൊന്നുംകിരീടം ഈ വർഷം ഇന്ത്യ നേടുകയാണെങ്കിലും ആ നിമിഷത്തെ തന്റെ വാക്കുകൾ കൊണ്ട് അവിസ്മരണീയമാക്കാൻ രവി ശാസ്ത്രി ഇല്ലല്ലോ എന്ന ദുഃഖം ബാക്കിയാകും. വി മിസ്സ്‌ യൂ ശാസ്ത്രി…

സിദാന് റയലിനെ തിരിച്ചു കൊണ്ട് വരാനാകുമോ…?

2017-18 സീസണിന്റെ അന്ത്യത്തിൽ റയലിനെ വിട്ടു സിദാൻ പോകുമ്പോൾ ആരെയും പേടിപ്പെടുത്തുന്ന ഒരു ടീമായിരുന്നു റയൽ മാഡ്രിഡ്, ബെനിറ്റസ് നശിപ്പിച്ചിട്ട് പോയ റയലിന്റെ പഴയ കാല പ്രതാപം റയൽ വീണ്ടെടുത്തിരുന്നു. തുടർച്ചയായ മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഒരു ലാലിഗയും എല്ലാം അവരിലേക്ക് എത്തി ചേർന്നു.

എന്നാൽ പെട്ടെന്നുണ്ടായ സിദാന്റെ വിടവാങ്ങൽ അവർക്കുണ്ടാക്കിയത് വലിയൊരു ശൂന്യതയായിരുന്നു. ഇനി ആര് എന്ന ചോദ്യം അവസാനിച്ചത് സ്പെയിൻ ദേശീയ ടീമിനെ മനോഹരമായി കളി പഠിപ്പിച്ചു ലോകകപ്പിന് സന്നദ്ധനാക്കിയ ലോപെറ്റുഗിയെ ആയിരുന്നു. ലോകകപ്പ് പടിവാതിലിൽ എത്തിയ സമയമായിരുന്നെങ്കിലും റയലിൽ നിന്ന് ലഭിച്ച അവസരം സ്വീകരിക്കാതിരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാൽ സ്പെയിനിലെ മികവ് റയലിൽ ആവർത്തിക്കാൻ അദ്ദേഹത്തിന് കഴിയാതെ വന്നതോടെ റയലിന്റെ പതനം അവിടെ തുടങ്ങി.

കാര്യങ്ങൾ അത്രക്ക് പന്തിയല്ല എന്ന് മനസിലായ റയൽ പ്രസിഡന്റ്‌ ഫ്ലോരെന്റിനോ പെരെസ് ലോപെറ്റുഗിക്കു പകരം റയലിന്റെ ബി ടീം കാസില്ലയുടെ പരിശീലകനായിരുന്ന അര്ജന്റീനക്കാരൻ സാന്റിയാഗോ സോളാരിയെ ഇടക്കാല പരിശീലകനാക്കി. കയറ്റിറക്കങ്ങളാൽ സമ്മിശ്രമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ കീഴിൽ റയൽ മാഡ്രിഡ്‌. ആയാസപ്പെടാതെ ക്ലബ്‌ ലോകകപ്പ് നിലനിർത്താൻ റയലിന് സാധിച്ചു. ചാമ്പ്യൻസ് ലീഗിലും ആദ്യ പാദ പ്രീക്വാർട്ടർ വരെ മികച്ച പ്രകടനം പുറത്തെടുത്തു. കോപ്പ ഡെൽ റേ യിലും സെമി ഫൈനൽ വരെയെത്തി. എന്നാൽ പിന്നീടുള്ള ഒരാഴ്ച കൊണ്ട് റയലിന്റെ കണ്ടകശനി ഉച്ചസ്ഥായിലായപ്പോൾ ആ കണ്ടകശനി കൊണ്ട് പോയത് റയലിന്റെ ഈ സീസണിലെ എല്ലാ പ്രതീക്ഷകളെയും ഒപ്പം സോളാരിയുടെ കസേരയും കൂടെയാണ്.

ഒരാഴ്ചയിൽ പുകൾപെറ്റ റയലിന്റെ സ്വന്തം സാന്റിയാഗോ ബെർണബ്യൂവിൽ 3 തുടർതോൽവികൾ. അതും രണ്ടെണ്ണം തുല്യശക്‌തികളും ചിരവൈരികളുമായിട്ടുള്ള ബാഴ്സയോട്. അതോടെ ലാലിഗ പ്രതീക്ഷയും കോപ്പ ഡെൽ റേയും കൈ വിട്ട റയലിന് പിന്നെ ബാക്കിയുണ്ടായിരുന്നത് ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ മാത്രമായിരുന്നു. ആദ്യ പാദത്തിൽ അയാക്സിന്റെ ഹോമിൽ ജയിച്ച ആത്മവിശ്വാസവുമായി ഇറങ്ങിയ റയലിനെ ഒരട്ടിമറിയിലൂടെ അയുക്സ് തരിപ്പണമാക്കി.

ഈ ദയനീയാവസ്ഥയിലേക്കാണ് സിദാൻ വരുന്നത്. അത് കൊണ്ട് തന്നെ സിദാന് ഈ സീസണിൽ സമ്മര്ദങ്ങളേതുമില്ല. കാരണം അമിതപ്രതീക്ഷകളൊന്നും ഇപ്പോൾ ഈ ടീമിനില്ല. നഷ്ടപ്പെടാനും ഒന്നുമില്ല. ലാലിഗയിൽ റയലിനെ ആദ്യ നാല് സ്ഥാനങ്ങളിൽ നിലനിർത്തി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുക എന്ന താരതമ്യേന എളുപ്പമുള്ള ലക്ഷ്യം മാത്രമാണ് സിദാന് മുന്നിലുള്ളത്.

എന്നാൽ ഭാവിയിലേക്ക് ചിന്തിക്കുമ്പോൾ സിദാന് പിടിപ്പത് പണിയുണ്ട്. ആദ്യം സിദാൻ ചെയ്യേണ്ടത് ഡ്രസിങ് റൂമിൽ കളിക്കാർക്കിടയിൽ നഷ്ടപെട്ട മാനസിക ഐക്യം തിരികെ കൊണ്ട് വരിക എന്നതാണ്.സിദാന്റെ കാലത്ത് വളരെ ചുരുക്കം മാത്രമേ റയലിന്റെ കളിക്കാർക്കിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുള്ളു. എന്നാലിപ്പോൾ അതല്ല അവസ്ഥ. താരതമ്യേന ഈഗോ യുടെ കാര്യത്തിൽ റയൽ താരങ്ങൾക്ക് അപ്പുറത്ത് ആരുമില്ലാത്തത് കൊണ്ട് തന്നെ അവരെല്ലാം ഒത്തൊരുമയോടെ കൊണ്ട് പോകുക എന്നത് എളുപ്പമല്ല.

തുടർപരാജയങ്ങളുടെ ഫലമായി കളിക്കാർക്കിടയിലും അസ്വാരസ്യങ്ങൾ രൂപപ്പെട്ടു. ജൂനിയർ താരമായ റെഗിലോണിന്റെ ദേഹത്തേക്ക് റാമോസ് പരിശീലനത്തിനിടെ മനഃപൂർവം പന്തടിച്ചതും ബെയ്‌ലിനെ പറ്റി മോഡ്രിച് അടക്കമുള്ളവരുടെ വിമർശനങ്ങളും പരിശീലനത്തിനിടെ റാമോസും മാഴ്‌സെലോയും ഏറ്റുമുട്ടിയതും എല്ലാം മേൽ പറഞ്ഞതിന്റെ ഉദാഹരണങ്ങളാണ്. മാഡ്രിഡ്‌ കുടുംബത്തിന് പഴയ ഒത്തൊരുമ വീണ്ടെടുക്കുക എന്നതാണ് സിദാന്റെ പ്രഥമദൗത്യം.  കഴിഞ്ഞ വർഷങ്ങളിലെ സമ്മർ, വിന്റർ വിപണിയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാതെ പോയ റയലിന് ഇത്തവണ അതിനു കഴിയില്ല.

അത് കൊണ്ട് തന്നെ ട്രാൻസ്ഫർ വിപണിയിൽ ബുദ്ധിപരമായുള്ള നീക്കങ്ങൾ സിദാന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. പോർട്ടോയുടെ ബ്രസീലിയൻ പ്രതിരോധനിരക്കാരൻ മിലിറ്റയോയെ ഇപ്പോഴേ റയൽ പാളയത്തിലേക്കെത്തിച്ച് അതിന്റെ ആദ്യ സൂചനകൾ ഇതിനോടകം തന്നെ സിദാൻ നൽകി കഴിഞ്ഞു. എന്നാൽ റൊണാൾഡോയുടെ കൂടുമാറൽ ഉണ്ടാക്കിയ ശൂന്യത റയൽ മുന്നേറ്റത്തിൽ ഈ സീസൺ മുഴുവൻ പ്രകടമായിരുന്നു. ഹസാർഡിനെയോ എംബപ്പേയോ നെയ്മറോ പോലെയുള്ളവരെ സൈൻ ചെയ്യുക വഴി മുന്നേറ്റത്തിലെ പ്രശ്നങ്ങൾക്ക് അന്ത്യം കുറിക്കുന്നതിനോടൊപ്പം റയലിന് ഇപ്പോൾ ഇല്ലാത്ത ഒരു സൂപ്പർ താരത്തിന്റെ സാന്നിധ്യം റൊണാൾഡോയുടെ കൂടെ അപ്രത്യക്ഷമായ ആരാധകരെ തിരിച്ചു കൊണ്ട് വരാൻ കൂടെ സാധിക്കും. വലിയ വില കൊടുത്ത് വാങ്ങി നിരന്തരമായ പരിക്കുകൾ കൊണ്ട് ടീമിന് ബാധ്യതയായി മാറിയ ബെയ്‌ലിനെ പോലെയുള്ളവരെ ഒഴിവാക്കുകയും റയലിന്റെ ഭാവിയിലേക്കുള്ള മുതൽകൂട്ടുകളായ വിനീഷ്യസിനെയും ബ്രഹിം ഡയസിനെയും റോഡ്‌റിഗോയെയും പോലെയുള്ളവരെ വളർത്തി കൊണ്ട് വരികയും ചെയ്താൽ റയൽ പഴയ റയൽ ആകും.

സോളാരിക്ക് കീഴിൽ കളിച്ച റയലിന്റെ പ്രധാനപ്രശ്നം സ്ഥിരതയില്ലായ്മയായിരുന്നു. ഏത് കളി ജയിക്കുമെന്നോ തോൽക്കുമെന്നോ പറയാൻ ആർക്കും കഴിഞ്ഞിരുന്നില്ല. എവിടെയോ നഷ്ടപ്പെട്ടുപോയ ആ സ്ഥിരത പുനഃസ്ഥാപിക്കാൻ സിദാന് കഴിഞ്ഞാൽ എല്ലാവരും ഭയപ്പെട്ടിരുന്ന റയലിന്റെ പുനർജ്ജന്മം ആകുമത്. കളിക്കളത്തിൽ മായാജാലം തീർത്ത, കുമ്മായവരക്കപ്പുറം ചാണക്യതന്ത്രങ്ങൾ മെനഞ്ഞ സിദാന്റെ മടങ്ങി വരവ് റയലിന് കുരിശുമരണത്തിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പാക്കണമേ എന്ന് മാത്രമാണ് ഓരോ ഫുട്ബോൾ ആരാധകനും ആഗ്രഹിക്കുന്നത്. കാരണം ആ പഴയ റയലിനെ അത്ര മാത്രം മിസ്സ്‌ ചെയ്യുന്നുണ്ട് ഈ ലോകം.

അങ്ങനെയൊന്നും പുറത്താക്കാനാവില്ല ചാമ്പ്യൻസ് ലീഗിന്റെ മാനസപുത്രനെ

യുവേഫ ചാമ്പ്യൻസ് ലീഗ് എന്നതിനെ യുവേഫ ക്രിസ്റ്റ്യാനോ ലീഗ് എന്നാക്കി മാറ്റണം എന്ന് ആരാധകരെല്ലാവരും തെല്ലൊരു കുസൃതിയോടെയും അതിലുമധികം അഭിമാനത്തോടെയും പറയുന്നത് വെറുതെയല്ല എന്ന് കണക്കുകൾ പരിശോധിച്ചാൽ മനസിലാക്കാം.. ഫൈനൽ വരെ എത്തിയാലും വെറും 13 കളികൾ മാത്രമുള്ള ചാമ്പ്യൻസ് ലീഗിൽ ഒരു സീസണിൽ 17 ഗോളുകൾ നേടി. തീർന്നില്ല, ആ റെക്കോർഡിന് തൊട്ട് പിന്നിൽ 16 ഉം 15 ഉം ഗോളുകൾ നേടി വേറെ രണ്ട് സീസണുകൾ കൂടെ അവസാനിപ്പിച്ച റൊണാൾഡോ ഒരു സീസണിലെ വ്യക്തിഗത ഗോൾ അടിച്ചവരുടെ പട്ടികയിൽ ആദ്യ 3 ൽ തന്റേതല്ലാത്ത ഒരു പേരും ഉൾക്കൊള്ളിക്കാൻ ഇട നൽകുന്നില്ല. 12 ഗോളുകൾ നേടിയ മെസ്സി ആണ് നാലാമൻ എന്ന് പറയുമ്പോൾ തന്നെ മനസിലാക്കാം എത്രത്തോളം റൊണാൾഡോ ആധിപത്യം അതിൽ പ്രകടമാണെന്ന്.

റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് റെക്കോർഡുകൾ എഴുതി തീർക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ റയലിന് നാല് കിരീടങ്ങൾ നേടി കൊടുത്ത രീതി ഇറ്റലിയിലും ആവർത്തിച്ചു യുവന്റസിനെ ജേതാക്കളാക്കാൻ സ്പെയിനിൽ നിന്ന് ചേക്കേറിയ റൊണാൾഡോക്ക് തുടക്കം അത്ര ശുഭകരമല്ലായിരുന്നു. ആദ്യ കളിയിൽ തന്നെ അർഹിക്കാത്ത ഒരു ചുവപ്പ് കാർഡിനെ തുടർന്ന് പുറത്തു പോകേണ്ടി വന്നു.

തുടർനടപടിയായി വന്ന സസ്പെന്ഷനെ തുടർന്ന് അടുത്ത കളി ഗാലറിയിൽ ഇരുന്നു കാണേണ്ടതായും വന്നു. പിന്നീട് തന്നെ താനാക്കിയ യൂണൈറ്റഡിനെതിരെ തിരിച്ചു വന്ന് ഒരു ഗോൾ അടിച്ചെങ്കിലും റയലിന്റെ മിഡ്‌ഫീൽഡ് ഇല്ലാതെ റൊണാൾഡോക്ക് ഗോൾ അടിക്കാൻ കഴിയില്ല എന്നും റൊണാൾഡോയെ ചാമ്പ്യൻസ് ലീഗിലെ താരമാക്കുന്നതിൽ റയലിന്റെ പങ്ക് വലുതാണെന്നും വിമർശനങ്ങൾ വന്നു തുടങ്ങി. കൂടാതെ അദ്ദേഹത്തോടൊപ്പം എന്നും ചേർത്ത് താരതമ്യപ്പെടുത്തുന്ന മറ്റൊരു ഇതിഹാസ താരം മെസ്സി 6 ഗോളുകളുമായി കുതിച്ചതും സ്വന്തം ടീമിലെ തന്നെ യുവതാരം ഡിബാല 5 ഗോളുകളുമായി തിളങ്ങിയപ്പോഴും പഴി റൊണാൾഡോക്കായിരുന്നു. റൗണ്ട് ഓഫ് 16 ൽ അത്ലറ്റികോ മാഡ്രിഡിന്റെ സ്വന്തം തട്ടകത്തിൽ 2 ഗോളിന്റെ കമ്മിയുമായി യുവന്റസിനു മടങ്ങേണ്ടി വന്നതോടെ എല്ലാവരും റൊണാൾഡോയെ തള്ളി പറയാൻ തുടങ്ങി. ഇനി ഒരു തിരിച്ചു വരവ് താരതമ്യേന ശക്‌തമായ പ്രതിരോധ നിരയുള്ള അത്ലറ്റികോക്കെതിരെ യുവന്റസിനു അസാധ്യമാണെന്ന് കാൽപന്ത് വിദഗ്ധർ വരെ വിധിയെഴുതി.

എന്നാൽ അവരെല്ലാം കാർലോസ് ആഞ്ചെലോട്ടി തന്റെ പഴയ ശിഷ്യനെ പറ്റി പറഞ്ഞ വാക്കുകൾ മറന്നു. “റൊണാൾഡോ അപകടകാരിയായ ഒരു കളിക്കാരനാണ്. അതിലും അപകടകാരിയായ ഒരു കളിക്കാരനേയുള്ളു, കഴിഞ്ഞ കളിയിൽ ഗോൾ നേടാനാകാതെ പോയ റൊണാൾഡോ ” എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.. അതിനെ അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്ന പ്രകടനമാണ് ഇന്നലെ കണ്ടത്. വാണ്ട മെട്രോപ്പോളിറ്റാനോയിൽ തന്നെ കൂകി വിളിച്ച അത്ലറ്റികോ ആരാധകർക്കും ടീമിന്റെ വിജയത്തിൽ മതി മറന്നാഘോഷിച്ച അത്ലറ്റികോ പരിശീലകൻ സിമിയോണേക്കും മറുപടി റൊണാൾഡോ ഇന്നലെ ട്യൂറിനിൽ കൊടുത്തു. കഴിഞ്ഞ വർഷം കണ്ണഞ്ചിപ്പിക്കുന്ന ഒരു ഓവർഹെഡ് കിക്കിലൂടെ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ തച്ചുടച്ച അതേ റൊണാൾഡോ അതേ ട്യൂറിനിൽ വച്ചു രണ്ട് ഹെഡർ ഗോളുകളുടെയും ഒരു പെനാൽറ്റിയുടെയും അകമ്പടിയോടെ അത്ലറ്റികോയെ കശാപ്പ് ചെയ്തപ്പോൾ എതിർ ടീമിലായിരുന്നിട്ട് കൂടെ കഴിഞ്ഞ വർഷം തന്റെ മിന്നും ഗോളിനെ അഭിനന്ദിച്ച ട്യൂറിനിലെ കാൽപന്ത് ആരാധകരെ ആനന്ദ കണ്ണീരിലാറാടിച്ച റൊണാൾഡോ തന്റെ ചുവടുമാറ്റം വെറുതെയാകില്ല എന്ന സൂചന തരുന്നു. റൊണാൾഡോ കളം മാറ്റി ചവിട്ടിയപ്പോൾ തകർന്ന് പോയ റയൽ 10 വർഷങ്ങൾക്കിപ്പുറം ആദ്യമായി ക്വാർട്ടർ പോലും കാണാതെ പുറത്തായെങ്കിലും റൊണാൾഡോയെ അത്ര പെട്ടെന്നൊന്നും പുറത്താക്കാൻ ചാമ്പ്യൻസ് ലീഗിന് കഴിയില്ല.

കാരണം ഏത് ടീമിലും ആയിക്കൊള്ളട്ടെ, റൊണാൾഡോ എന്നും ചാമ്പ്യൻസ് ലീഗിന്റെ പ്രിയ പുത്രൻ തന്നെ ആയിരിക്കും.. തന്റെ റെക്കോർഡുകൾ വീണ്ടും വീണ്ടും സ്വയം തിരുത്തിക്കുറിക്കാൻ അയാൾ കച്ച കെട്ടി ഇറങ്ങിയാൽ പിന്നെ 1996 നു ശേഷം ഒരു ചാമ്പ്യൻസ് ലീഗ് കിരീടം എന്ന യുവന്റസിന്റെ ചിരകാലാഭിലാഷം ഈ വർഷം സാർത്ഥകമാകുമെന്ന പ്രതീതി ഉളവാക്കുന്നു. ക്വാർട്ടർ ഫൈനലിലും അവിടെ ജയിച്ചാൽ അവിടുന്നങ്ങോട്ടും അയാൾ ഉണ്ടാകും യുവന്റസിന്റെ മുൻനിരയിൽ തന്നെ. എതിരാളികൾ ആരുമായിക്കൊള്ളട്ടെ, അവരുടെ വല തുളച്ചു യുവന്റസിനൊരു കിരീടം നെയ്തെടുക്കാൻ മികവുറ്റ ഒരു കലാകാരനെ പോലെ 7ആം നമ്പർ ജേർസിയുമണിഞ്ഞ്..

ലോക കിരീടത്തിൽ കണ്ണും നട്ട് ഇന്ത്യ

കഴിഞ്ഞ വർഷത്തെ ജൂൺ ജൂലൈ മാസങ്ങൾ കാൽപന്ത് കളിയുടെ ലോക മാമാങ്കത്തിനാണ് നമ്മൾ സാക്ഷ്യം വഹിച്ചതെങ്കിൽ ഇനി അവരുടെ ഊഴമാണ്. തെങ്ങിൻ പട്ട വെട്ടി അതിൽ എം. ആർ. എഫ്. എന്നും റീബോക് എന്നും എഴുതി വച്ചു പാടത്തു കളിക്കാനിറങ്ങാൻ ഒരു ജനതയെ പ്രേരിപ്പിച്ചവരുടെ പിന്ഗാമികളുടെ.
ലോകത്തിൽ ഫുട്ബോൾ കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള കായികയിനമായ ക്രിക്കറ്റിലെ അതികായർ കൊമ്പ് കോർക്കുന്ന മഹാമേള.

ആധുനിക ഇതിഹാസം എന്ന നിലയിലേക്ക് ദിനം പ്രതി ഉയർന്നു കൊണ്ടിരിക്കുന്ന കോഹ്‌ലിയും തന്റേതായ ദിവസം ഏത് ബൗളിംഗ് നിരയെയും അതിർത്തി വരക്കപ്പുറത്തേക്ക് എത്ര തവണ വേണമെങ്കിലും നിഷ്കരുണം പറഞ്ഞു വിടുന്ന രോഹിതും ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ്‌ പൈതൃകത്തെ തന്റെ ക്ലാസ്സിക്‌ ശൈലിയിലൂടെ നിലനിർത്തി കൊണ്ട് പോകുന്ന റൂട്ടും തന്ത്രങ്ങളിലൂടെ എതിരാളികളെ മുട്ട് കുത്തിക്കാൻ പോന്ന ന്യൂസിലാൻഡ് നായകൻ വില്യംസണും നാട്ടിലുണ്ടായിട്ടുള്ള തീവ്രവാദ പ്രവർത്തനങ്ങളുടെ പ്രതിപ്രവർത്തനം എന്ന നിലയിൽ ക്രിക്കറ്റിങ് ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമായി കൊണ്ടിരുന്ന പാകിസ്താനെ പിടിച്ചു നിർത്തുന്ന ബാബറും എല്ലാം വിശ്വരൂപം പുറത്തെടുക്കാൻ പോകുന്ന ആ ഒരു മാസക്കാലം… 4 വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ലോകം പിടിച്ചടക്കുന്നതിനായുള്ള പോരാട്ടം…

ഒരുപാട് പ്രതീക്ഷകളുമായാണ് ഇന്ത്യ ഈ തവണയും ലോക വേദിയിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്… 2011 ൽ നേടി 2015 ൽ കങ്കാരുക്കൾക്ക് അടിയറ വെക്കേണ്ടി വന്ന ആ പൊൻകിരീടം തിരിച്ചു ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിക്കാൻ വെമ്പൽ കൊള്ളുകയാണ് ക്രിക്കറ്റ് ആസ്വാദകരായ ഓരോ ഭാരതീയനും… അവരുടെ പ്രതീക്ഷകൾ സഫലമാക്കുക എന്ന വലിയ ദൗത്യവുമായാണ് കോഹ്‌ലിയും സംഘവും ഇംഗ്ലണ്ടിലേക്ക് ഫ്ലൈറ്റ് കയറുക…

ആ അവസരത്തിൽ ഇന്ത്യയുടെ ആവനാഴിയിലെ അസ്ത്രങ്ങൾ വിലയിരുത്തപ്പെടുകയാണ് ഇവിടെ… മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഒരു സംതുലിതമായ സംഘത്തിനെയാണ് ഇന്ത്യ അയക്കാനൊരുങ്ങുന്നത്…അന്തിമ സംഘത്തെ തിരഞ്ഞെടുത്തിട്ടില്ലെങ്കിലും ആരൊക്കെ ടീമിലുണ്ടാകുമെന്നു ഒരു വിധം ധാരണ ഉണ്ടാക്കും വിധമാണ് ഇപ്പോൾ നടക്കുന്ന മത്സരങ്ങൾ മുന്നോട്ട് പോകുന്നത്… പീജിയൻ ഹോൾ തിയറി പോലെ ഓരോ ഹോളിലും നിയോഗിക്കാവുന്നവർ ഇന്നത്തെ ടീമിലുണ്ടെന്നതാണ് നേരത്തെ പറഞ്ഞ സന്തുലിതാവസ്ഥയുടെ മുഖ്യ ഘടകം… ഗാംഗുലിയും സച്ചിനും, സച്ചിനും സെവാഗും, സെവാഗും ഗംഭീറുമെല്ലാം തുടർന്ന് പോന്ന ഓപ്പണിങ് പാരമ്പര്യത്തിന്റെ പുതിയ വക്‌താക്കളായ രോഹിതും ധവാനും തന്നെയായിരിക്കും ഇന്ത്യയുടെ ഓപ്പണിങ് ജോടികൾ… ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്നതിൽ ഏറ്റവും മികച്ച ഓപ്പണിങ് ജോഡി എന്ന് കണക്കുകൾ തെളിയിക്കുന്ന ഇരുവരും…

ഓപ്പണിങ്

രോഹിത്

വെസ്റ്റ് ഇൻഡീസിലെയും ന്യൂസിലന്റിലെയും ഓരോ ബാറ്റ്സ്മാൻമാർക്കും ഇന്ത്യയിലെ മൂന്ന് ബാറ്റ്സ്മാൻമാർക്കും മാത്രം കൈ പിടിയിലൊതുക്കാൻ കഴിഞ്ഞിട്ടുള്ള ഏകദിന ഇരട്ടശതകം എന്ന മാന്ത്രിക സംഖ്യാ ലോകത്തേക്ക് മൂന്ന് വട്ടം നിർഭയം കയറി ചെന്നിട്ടുള്ള,സാധാരണ ഒരു ഏകദിനത്തിൽ ഒരു ടീം എടുക്കുന്ന ശരാശരി റൺസ് ആയ 264 ഒറ്റക്കെടുത്ത് ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹത്തിന് നല്ലൊരു തുടക്കം ലഭിച്ചാൽ ഇന്ത്യയുടെ ബാറ്സ്മാന്മാർക്ക് പണി എളുപ്പമായി… ഇന്നിങ്‌സിന്റെ തുടക്കത്തിൽ കാണിക്കുന്ന കുറച്ചു അലസത മാറ്റി വച്ച് തന്റെ പതിവ് ശൈലി രോഹിത് അവലംബിച്ചു കഴിഞ്ഞാൽ പിന്നെ പൂരം അദ്ദേഹം ഒറ്റക്ക് നടത്തിക്കോളും.. സഹകളിക്കാർക്കുൾപ്പെടെ അദ്ദേഹത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക എന്ന ഒരു ദൗത്യമേ ഉണ്ടാകൂ… സച്ചിന് ശേഷം മികച്ച ടെക്‌നിക്കിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടി ആയ അദ്ദേഹം മികച്ചൊരു ഫീൽഡറും ആവശ്യ സമയങ്ങളിൽ ബൗളർമാർക്ക് ഉപദേശങ്ങൾ നൽകി ബ്രേക്ക്‌ ത്രൂ കണ്ടെത്താനും മിടുക്കനാണ് എന്ന് പല കുറി തെളിയിച്ചതാണ്…

ധവാൻ

രോഹിത് ഇന്നിങ്‌സിന്റെ ആദ്യ ഓവറുകളിൽ സെറ്റ് ആവാൻ എടുക്കുന്ന സമയത്ത് സ്കോർ ബോർഡ്‌ ചലിപ്പിക്കാൻ കഴിയുന്ന അദ്ദേഹവും തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഫീൽഡിൽ പിഴവുകൾ കണ്ടെത്തി തന്റെ സ്ട്രോക്ക് പ്ലേയിലൂടെ അതിർത്തി വരയെ തേടി പിടിക്കാൻ തുടങ്ങിയാൽ അത് ഒരു കളിയാസ്വാദകനെ ഹരം കൊള്ളിക്കും… ഇന്നിങ്‌സിന്റെ തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിക്കാൻ ധൈര്യം കാണിക്കുന്ന ഈ ഇടം കയ്യൻ ഫീൽഡിലും വിശ്വസ്തനാണ്… ചോരാത്ത ആ കൈകളിലേക്ക് ഓരോ തവണ ക്യാച്ചുകൾ പറന്നിറങ്ങുമ്പോഴും അദ്ദേഹത്തിന്റെ പ്രശസ്തമായ “ഗബ്ബാർ സെലിബ്രേഷന് “(തുടയിലടിച്ച് ശക്തി കാണിക്കുന്ന ഗുസ്തിക്കാരുടേതിന് സമാനമായത് ) ഓരോ ആരാധകനും കാത്തിരിക്കുന്നു…

വൺ ഡൗൺ

വിരാട്

ഇന്ത്യയുടെ നട്ടെല്ല് എന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന വ്യക്തി… ക്രിക്കറ്റിനെ ഒരു യുദ്ധമായി കണ്ടാൽ എതിർസൈന്യം ഇന്ത്യൻ നിരയിൽ ഉന്നം വയ്ക്കുന്ന ഏറ്റവും ആദ്യത്തെ തല അദ്ദേഹത്തിന്റെയായിരിക്കും… ഇന്നിങ്‌സിന്റെ തുടക്കത്തിൽ ഫോർത്ത് സ്റ്റമ്പിന് നേരെ വരുന്ന പന്തുകളോടുള്ള ഒരു ദൗർബല്യം മാറ്റി നിർത്തിയാൽ,ക്രിക്കറ്റിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ മാർജിൻ ഓഫ് എറർ തീരെ കുറഞ്ഞ കളിക്കാരൻ… സ്ഥിരതയാണ് ഇദ്ദേഹത്തിന്റെ മുഖമുദ്ര… ഈ ചെറിയ പ്രായത്തിൽ തന്നെ 39 ശതകങ്ങൾ കുറിച്ച് സെഞ്ചുറിയുടെ വില കളഞ്ഞവൻ എന്ന വിശേഷണത്തിനുടമ.. ആരും കയറി ചെല്ലാൻ മടിക്കുന്ന സച്ചിന്റെ ശതകസിംഹാസന പടവുകൾ ഓരോന്നായി കയറിക്കൊണ്ടിരിക്കുന്ന “അഹങ്കാരി “…ധോനിയെ പോലെ കൂൾ ആയി നിൽക്കാനറിയില്ലെങ്കിലും തന്റെ ടീമിനെ മൊത്തത്തിൽ ഉത്തേജിപ്പിച്ച് കളി ജയിച്ചേ തീരൂ എന്ന ത്വര ഉണ്ടാക്കി എടുക്കുന്നവൻ… മികച്ച ഒരു ഫീൽഡർ കൂടെയായ ഈ ചെയ്‌സിങ് മാസ്റ്ററിൽ ഭദ്രമാണ് ഇന്ത്യയുടെ ബാറ്റിംഗിലെ മൂന്നാം സ്ഥാനം…

നമ്പർ 4

ഇന്ത്യക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ടെങ്കിൽ അത് ഈ സ്ഥാനത്തെ ചൊല്ലിയാണ്… പലരെയും ഈ സ്ഥാനത്ത് മാറി മാറി പരീക്ഷിച്ച ഇന്ത്യ ഇപ്പോൾ എത്തി നിൽക്കുന്നത് റായുഡു വിൽ ആണ്…
ഒരു കാലത്ത് ഇന്ത്യയുടെ ഭാവി വാഗ്ദാനം എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് പക്ഷെ ഈ അവസാന കാലത്താണ് ഇന്ത്യൻ ടീമിൽ അവസരങ്ങൾ കിട്ടുന്നത്… കഴിഞ്ഞ ഐ.പി. എൽ സീസണിൽ പുറത്തെടുത്ത അസാമാന്യ പ്രകടനത്തിന്റെ ബലത്തിലാണ് അദ്ദേഹം ടീമിലെത്തിയത്… മധ്യനിരയിൽ മികച്ചൊരു സാന്നിധ്യമാണെങ്കിലും റൺ നിരക്ക് ഉയർത്താൻ ശ്രമിക്കുമ്പോൾ പരാജയപ്പെടുന്നത് ഇപ്പോഴും പതിവ് കാഴ്ചയാകുന്നു.. പ്രത്യേകിച്ചും വിദേശ മണ്ണിൽ വേണ്ടത്ര മത്സര പരിചയമോ അവിടുത്തെ സ്ഥിതിക്കനുസരിച്ച് തന്റെ ശൈലിയിൽ മാറ്റം വരുത്താനോ ശ്രമിക്കുന്നില്ല എന്നതും ഒരു ന്യൂനതയാണ്…

ധോണി

ധോനിയെ നാലാം നമ്പറിൽ പരീക്ഷിക്കണം എന്ന രോഹിതിന്റെ അഭിപ്രായം തികച്ചും ശരിയാണ്… പ്രായം തളർത്തിയെങ്കിലും വിക്കറ്റിനിടയിൽ ഒരു ചീറ്റപ്പുലിയെ പോലെ കുതിച്ചു പാഞ്ഞു ഇല്ലാത്ത റൺസ് പോലും ഓടി എടുക്കുന്ന അദ്ദേഹത്തിന് ആ സ്ഥാനത്തിറങ്ങിയാൽ കൊടുക്കാൻ കഴിയുന്ന സംഭാവനകൾ ഏറെയാണ്… ഒരു ഫിനിഷർ എന്ന നിലക്ക് പഴയ നിലവാരത്തിലേക്ക് എത്താൻ ഇനി കഴിയില്ല എന്നുറപ്പുള്ള അദ്ദേഹത്തെ ഉപയോഗിക്കാൻ ഇന്ത്യക്ക് ഇതിലും നല്ലൊരു സ്ഥാനമില്ല… വിക്കറ്റിന് പിന്നിൽ മാസ്മരികത തുളുമ്പുന്ന ക്യാച്ചുകൾ എടുത്തും കണ്ണഞ്ചിപ്പിക്കുന്ന സ്റ്റമ്പിങ് മികവിലൂടെയും ബൗളർമാർക്ക് ഓതി കൊടുക്കുന്ന ചാണക്യതന്ത്രങ്ങളിലൂടെയും മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത ഒരു എക്സ് ഫാക്ടർ ആയി അദ്ദേഹം നിലകൊള്ളുന്നു…

അഞ്ചാം സ്ഥാനം

ജാദവ്

സുനിൽ ഗവാസ്കറുടെ ഭാഷയിൽ പറഞ്ഞാൽ “സ്ട്രീറ്റ് സ്മാർട്ട്‌ ക്രിക്കറ്റെർ”…രോഹിത്തിനെയോ കൊഹ്‍ലിയെയോ പോലെ മികച്ച ടെക്‌നിക്കൊന്നും അവകാശപ്പെടാനില്ലെങ്കിലും,പൊക്കമില്ലായ്മ അടക്കമുള്ള തന്റെ ദൗർബല്യങ്ങളെ സധൈര്യം മറികടന്നു ആരും പ്രതീക്ഷിക്കാത്ത സ്ഥലത്തേക്ക് ഷോട്ടുകൾ കളിക്കാൻ കഴിയും എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത… ഇന്നിങ്സിന്റെ അവസാനത്തിൽ അദ്ദേഹത്തിന്റെ ഈ കഴിവ് ഇന്ത്യക്ക് ഉപയോഗപ്പെടുത്താവുന്നതാണ്… ആവശ്യമെങ്കിൽ ബൗളിങ്ങിലും ഒരു കൈ നോക്കാം എന്ന് തെളിയിച്ച അദ്ദേഹം ഇന്ത്യയുടെ മുൻനിര ബൗളെർമാർ വിക്കറ്റ് എടുക്കാൻ ബുദ്ധിമുട്ടിയപ്പോൾ രക്ഷകനായി അവതരിച്ചിട്ടുണ്ട്…ഒരു ശരാശരി ഫീൽഡർ മാത്രമാണ് എന്നതും ഏത് നിമിഷവും പരിക്കിനടിമപ്പെടാൻ സാധ്യതയുണ്ട് എന്നതുമാണ് അദ്ദേഹത്തെ പിന്നോട്ടടിക്കുന്നത്…
ആറാം സ്ഥാനം

കാർത്തിക്

ധോണി എന്ന മഹാമേരുവിനു മുന്നിൽ വഴി മാറേണ്ടി വന്നു ടീമിലെ സ്ഥിരക്കാരനാവാൻ ഇത്ര വർഷം കാത്തിരിക്കേണ്ടി വന്ന നിര്ഭാഗ്യൻ… കുട്ടിക്രിക്കറ്റിന്റെ വരവോടു കൂടെയാണ് അദ്ദേഹത്തിന്റെ ഭാഗ്യം തെളിഞ്ഞത്… തന്റെ കേളീശൈലി തന്നെ മാറ്റി നൂതനമായ ഷോട്ടുകൾ കളിക്കുന്ന ഡിവില്ലിയേഴ്‌സിനെ പല കുറി അനുസ്മരിപ്പിക്കുന്ന വ്യക്തിയിലേക്കുള്ള ചുവടുമാറ്റമാണ് ഇന്നദ്ദേഹത്തെ ടീമിൽ പിടിച്ചു നിർത്തുന്നത്… ധോണിക്ക് പകരം ഫിനിഷിങ് റോൾ കൈകാര്യം ചെയ്യാൻ താൻ എന്ത് കൊണ്ടും യോഗ്യൻ എന്ന് നിദാഹാസ് ട്രോഫി ഫൈനലിൽ ബംഗ്ലാ കടുവകൾക്കെതിരെ തെളിയിച്ച അദ്ദേഹം ധോണിക്ക് പറ്റിയ ബാക്ക് അപ്പ്‌ കീപ്പർ കൂടെയാണ്…

ഏഴാം സ്ഥാനം

ഹർദിക്

കോഫീ വിത്ത്‌ കരൺ എന്ന പരിപാടിയിലൂടെ പുലിവാല് പിടിച്ച അദ്ദേഹത്തെ ബി. സി. സി. ഐ. വിലക്കിയപ്പോഴാണ് അദ്ദേഹം ടീമിന് നൽകിയിരുന്ന ബാലൻസ് എത്രയായിരുന്നു എന്ന് നമുക്ക് മനസിലാവുന്നത്.. കപിൽ ദേവിന് ശേഷം ഇന്ത്യക്ക് ലഭിച്ച ഫാസ്റ്റ് ബൗളിംഗ് ഓൾ റൗണ്ടർ ആയ അദ്ദേഹം ബോളിങ്ങിലൂടെ നിർണായക ഓവറുകൾ തീർക്കാനും ബാറ്റിങ്ങിൽ ഒരു വമ്പനടിക്കാരന്റെ റോളിലും തിളങ്ങുന്ന വ്യക്തി ആണ്… അഭ്യാസിയായ ഒരു ഫീൽഡർ കൂടെയായ അദ്ദേഹം ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ചിരവൈരികളായ പാകിസ്താനെതിരെ മുൻനിര തകർന്നടിഞ്ഞിട്ടും നടത്തിയ ഒറ്റയാൾ പോരാട്ടം മാത്രം മതി അദ്ദേഹം ആരാണെന്നും എന്താണെന്നും മനസിലാക്കാൻ…

എട്ടാം സ്ഥാനം

ഭുവനേശ്വർ

വിക്കറ്റിന് ഇരു വശത്തേക്കും ബോൾ സ്വിങ് ചെയ്യിപ്പിച്ച് പവർപ്ലേ ഓവറുകളിൽ വിക്കറ്റെടുക്കാനും റൺ ഒഴുക്ക് തടയാനും കളിയുടെ അന്തിമഘട്ടത്തിൽ കണിശതയാർന്ന യോർക്കറുകളും നക്കിൾ ബോളുകളും കൊണ്ട് ബാറ്സ്മാനെ വലക്കാനും മധ്യ ഓവറുകളിൽ ഒന്നോ രണ്ടോ ഓവറുകളിലൂടെ ടീമിനാവശ്യമായ ബ്രേക്ക് ത്രൂ നൽകാനും അത്യാവശ്യം ബാറ്റ് ചെയ്യാനും അറിയുന്ന അദ്ദേഹത്തെ പരിക്കുകളൊന്നും ഇല്ലാതെ ലോകകപ്പ് കളിപ്പിക്കുക എന്നത് ഇന്ത്യയുടെ ബാധ്യതയാണ്…

9,10 സ്ഥാനങ്ങൾ

കുൽദീപ്,ചാഹൽ

ചാമ്പ്യൻസ് ട്രോഫിയിലെ ഫൈനൽ പരാജയത്തിന് പരാജയത്തിന് ശേഷം ഇന്ത്യ നടത്തിയ ധീരമായ മാറ്റങ്ങളിലൊന്ന്… അത്ര കാലം ഇന്ത്യയുടെ സ്പിൻ നെടും തൂണുകൾ ആയിരുന്ന, ഫിംഗർ സ്പിന്നേഴ്‌സായ അശ്വിനും ജഡേജയിൽ നിന്നും റിസ്റ്റ് സ്പിന്നേഴ്‌സായ കുൽദീപിലേക്കും ചാഹലിലേക്കുമുള്ള മാറ്റം…ഏത് പ്രതലത്തിലും ബോൾ തിരിക്കാൻ കഴിയും എന്നതാണ് അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നത്…”സ്പിൻ ട്വിൻസ് ” എന്ന് വിളിപ്പേരുള്ള അവർ സമീപകാലത്തു ഇംഗ്ലണ്ടിലും മറ്റു വിദേശ രാജ്യങ്ങളിലും ഇന്ത്യയിലുമടക്കം ഇന്ത്യക്ക് ഉണ്ടാക്കി കൊടുത്ത നേട്ടങ്ങൾ വലുതാണ്… കൈക്കുഴ തിരിച്ചു വോണിനെ അനുസ്മരിപ്പിച്ചു ഒരോവറിൽ ആറു പന്തും ആറു തരത്തിൽ എറിയാൻ കഴിയുന്ന കുൽദീപും കുൽദീപിനോളം വേരിയേഷനുകൾ കയ്യിലില്ലെങ്കിലും മികച്ച ലൈനിലും ലെങ്ങ്തിലും പന്തെറിഞ്ഞു റൺസ് വിട്ട് കൊടുക്കുന്നതിൽ പിശുക്ക് കാണിക്കുന്ന ചാഹലും ഇന്ത്യൻ ക്രിക്കറ്റിന്റെ ലൈല മജ്നുമാരാണ്… രണ്ട് പേരും ചേർന്നാൽ അവരെ മറികടക്കുക എളുപ്പമല്ല ഒരു എതിരാളിക്കും…

പതിനൊന്നാം സ്ഥാനം

ബുംറ

ബൗളിങ്ങിൽ ഇന്ത്യയുടെ കോഹ്ലിയാണ് ബുംറ… കോഹ്ലി കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മൂല്യമേറിയ താരം… ഐ.പി.എല്ലിലൂടെ ഉയർന്നു വന്ന താരം… പന്തിന്റെ ദിശ മനസിലാക്കാൻ ബാറ്റ്സ്മാന് അവസരം കൊടുക്കാത്ത പ്രത്യേകത നിറഞ്ഞ ആക്ഷനും സ്ലോ ബോളുകളും മലിംഗയിൽ നിന്ന് സ്വായത്തമാക്കിയ യോർക്കറുകളും കൊണ്ട് ബുംറ കളം നിറയുമ്പോൾ ഇന്ത്യയുടെ ലോകോത്തര ബൗളിംഗ് നിര പൂർണമാകുന്നു…

ഇവരെല്ലാവർക്കും പകരം വക്കാൻ പോന്നവർ പിൻനിരയിൽ അവരുടെ ഊഴത്തിനായി കാത്ത് നിൽക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത… ഫോമിലില്ലായ്മയും കോഫി വിത്ത്‌ കരൺ വിവാദവും എല്ലാം അലട്ടുന്നുണ്ടെങ്കിലും ഫോമും ആത്മവിശ്വാസവും വീണ്ടെടുത്താൽ കെ. എൽ. രാഹുൽ തന്നെയാകും ഇന്ത്യയുടെ ടോപ് 3ക്കുള്ള പകരക്കാരൻ… കൂടാതെ ജൂനിയർ കോഹ്ലി എന്ന് വിശേഷിപ്പിക്കാവുന്ന അണ്ടർ 19 ലോകകപ്പിലുടെ ഇന്ത്യക്ക് കിട്ടിയ ശുഭ്മാൻ ഗില്ലും ആ സ്ഥാനങ്ങളിൽ പരീക്ഷിക്കാൻ തക്ക ശേഷിയുള്ള ആളാണ്… മനീഷ് പാണ്ഡെയെയും ശ്രേയസ് അയ്യരെയും പോലുള്ളവർ നാലാം സ്ഥാനത്തിനായി വ്യക്‌തമായ വാദം ഉന്നയിക്കുന്നു… ധോണിക്ക് പകരക്കാരനായി ഋഷഭ് പന്തും അവസരം കാത്തിരിക്കുന്നു…  ഓൾ റൗണ്ടർമാരായി ജഡേജയും വിജയ് ശങ്കറും പാണ്ട്യക്ക് ബാക്ക് അപ്പ്‌ ആകുമ്പോൾ അക്സർ പട്ടേലിനെയും മാർകണ്ഡേയും പോലുള്ളവർ സ്പിന്നിങ് ഊഴത്തിനായി കാത്ത് നിൽക്കുന്നു…

സമീപകാലത്തെ മികച്ച പ്രകടനത്തിലൂടെ ഷമി മൂന്നാം പേസർ എന്ന സ്ഥാനം അവകാശപ്പെടുമ്പോൾ ഒരു ഇടം കയ്യൻ സീമെർ എന്ന രീതിയിൽ ഖലീൽ അഹമ്മദും ഉമേഷ്‌ യാദവും പിൻനിരയിൽ ഊഴം കാത്ത് നിൽക്കുന്നു…
എന്നാൽ ഇന്ത്യയുടെ അന്തിമ ഇലവനിലുള്ള ആർക്കും പരിക്ക് പറ്റാതിരുന്നാൽ മാത്രമാണ് ലോക കപ്പ് പ്രതീക്ഷ നിലനിർത്താൻ സാധിക്കൂ എന്നത് കൊണ്ട് തന്നെ പ്രമുഖ താരങ്ങൾക്കെല്ലാം വേണ്ട വിധത്തിൽ വിശ്രമം അനുവദിച്ചു ഒരേ സമയം റിസേർവ് താരങ്ങൾക്ക് അവസരം കൊടുക്കാനും മുഖ്യ താരങ്ങളെ പരിക്ക് പറ്റാതെയും സംരക്ഷിക്കുന്ന ബി. സി.സി. ഐ യുടെ നയം ശ്ലാഘനീയമാണ്…

ഇനിയും 3 മാസത്തോളം ശേഷിക്കെ ഈ വിലയിരുത്തൽ വളരെ നേരത്തെ ആണ് എന്നറിയാമെങ്കിലും
2011ൽ ധാക്ക -മുംബൈ ഡ്രീം എക്സ്പ്രസ്സ്‌ എന്ന സങ്കല്പം യാഥാർഥ്യമായത് പോലെ ഇത്തവണ റോസ് ബൗൾ -ലോർഡ്‌സ് എക്സ്പ്രസ്സ്‌ പാളം തെറ്റാതെ ലക്ഷ്യ സ്ഥാനത്തെത്തും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം… ധോണിക്ക് ഒരു ലോകകപ്പോടെ വിരമിക്കാൻ അവസരം ഉണ്ടാക്കി കൊടുത്ത് അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് പൂർണത നൽകുക എന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ടീമിന്, കോഹ്ലി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത് പോലെ ക്രിക്കറ്റിലെ സൂപ്പർ പവർ ആയി മാറുന്നത് കാണാൻ കാത്തിരിക്കുന്ന ഒരു ജനതക്ക് സ്വപ്നസാക്ഷാൽക്കാരത്തിലെത്തി ചേരാൻ സാധിക്കട്ടെ എന്ന് നമുക്ക് ആശിക്കാം… കാത്തിരിക്കുന്നു ജൂലൈ 14 നു കോഹ്ലി ആ സുവർണകിരീടം ഉയർത്തുന്ന നിമിഷത്തിനായി….

Exit mobile version