ജൂനിയർ ഫുട്ബോൾ, തൃശ്ശൂരിന്റെ വലിയ വിജയത്തോടെ ടൂർണമെന്റിന് തുടക്കം

46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിന് തൃക്കരിപ്പൂരിൽ തൂടക്കമായി. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ തൃശ്ശൂർ വലിയ വിജയം നേടി. അവർ കൊല്ലത്തെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഷിജാസ് ടി പി തൃശ്ശൂരിനായി ഹാട്രിക്ക് നേടി. 41, 57, 77 മിനുട്ടുകളിൽ ആയിരുന്നു ഷിജാസിന്റെ ഗോളുകൾ. 53ആം മിനുട്ടിൽ അനന്ദുവും കൂടെ ഗോൾ നേടിയതോടെ തൃശ്ശൂരിന്റെ വിജയം പൂർത്തിയായി. തൃശ്ശൂർ ഇനി മറ്റന്നാൾ മലപ്പുറത്തെ നേരിടും.Img 20220522 Wa0002

ഗോകുലം കേരളക്ക് പത്തിൽ പത്ത്, ഇനി കിരീടം നേടാൻ ഒരു സമനിലയുടെ മാത്രം ദൂരം

 

തുടർച്ചയായ പത്താം മത്സരവും ജയിച്ച് ഗോകുലം കേരള.

……………….
സ്കോർ 7 -1
എല്‍ഷദായ് അചെങ്‌പോ (5 ,23 ,78 ,87 )
മനീഷ കല്യാണ്‍ (45)
സൗമ്യ ഗുകുലോത് (63,68)
……………….
സ്‌പോട്‌സ് ഒഡിഷ
പ്യാരി സാസ (24)
……………….

ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗിലെ പത്താം മത്സരവും ജയിച്ച് ഗോകുലം കേരള. ഇന്ന്  നടന്ന മത്സരത്തില്‍ 7-1 എന്ന സ്‌കോറിന് സ്‌പോട്‌സ് ഒഡിഷയെ പരാജയപ്പെടുത്തിയാണ് മലബാറിയന്‍സ് ലീഗിലെ പത്താം മത്സരവും അവിസ്മരണീയമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ സമ്പൂര്‍ണ ആധിപത്യം നേടിയ ഗോകുലം കേരള ആധികാരിക ജയമായിരുന്നു സ്വന്തമാക്കിയത്. 63 ശതമാനം പന്ത് കൈവശം വെച്ച് കളിച്ച മലബാറിയന്‍സ് 32 ഷോട്ടുകളാണ് എതിര്‍ പോസ്റ്റിലേക്ക് തൊടുത്തത്. ഇതില്‍ 18 എണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റാവുകയും ചെയ്തു. നാലു ഗോളുമായി മിന്നും പ്രകടനം പുറത്തെടുത്ത ഘാന താരം എല്‍ഷദായ് അചെങ്‌പോയാണ് ഗോകുലത്തിന് അനായാസ ജയം സമ്മാനിച്ചത്. 5, 23, 78, 87 മിനുട്ടുകളിലായിരുന്നു എല്‍ഷദായിയുടെ ഗോളുകള്‍ പിറന്നത്.

45ാം മിനുട്ടില്‍ മനീഷ കല്യാണ്‍, 63,68 മിനുട്ടുകളില്‍ സൗമ്യ എന്നിവരും ഗോകുലത്തിനായി വലകുലുക്കി. 24ാം മിനുട്ടില്‍ പ്യാരി കാകയുടെ വക ഒഡിഷ സ്‌പോട്‌സിന്റെ ആശ്വാസ ഗോള്‍ പിറന്നു. ലീഗില്‍ ഗോകുലം വഴങ്ങുന്ന മൂന്നാമത്തെ ഗോളായിരുന്നു ഇത്. ആദ്യ പകുതി അവസാനിച്ചപ്പോള്‍ 3-1ന് മുന്നിലായിരുന്നഗോകുലം രണ്ടാം പകുതിയിലാണ് നാലു ഗോളുകളും സ്വന്തമാക്കി മികച്ച ജയം സ്വന്തമാക്കിയത്.

10 മത്സരത്തില്‍ നിന്ന് 30 പോയിന്റുമായി ഗോകുലം തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. വ്യാഴാഴ്ച രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ സേതു എഫ്.സിയക്ക് എതിരെ ഒരു സമനില എങ്കിലും നേടിയാൽ ഗോകുലത്തിന് വനിതാ ലീഗ് കിരീടം നിലനിര്‍ത്താന്‍ കഴിയും. 10 മത്സരങ്ങളിൽ നിന്ന് 63 ഗോളുകൾ അടിച്ച ഗോകുലം 3 ഗോൾ മാത്രമാണ് വഴങ്ങിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയും പോഗ്ബയും ഇന്ന് കളിക്കില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ അവസാന മത്സരത്തിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുമ്പോൾ അവർക്ക് ഒപ്പം പോഗ്ബയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉണ്ടാകില്ല. പരിക്ക് കാരണം ആണ് ക്രിസ്റ്റ്യാനോ കളിക്കാത്തത്. പോഗ്ബ ക്ലബ് വിട്ടു പോകുന്നതിനാൽ പരിക്ക് പറ്റാതിരിക്കാൻ വേണ്ടി കളിയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഇന്ന് ക്രിസ്റ്റൽ പാലസിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. എവേ മത്സരം കാണാൻ സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ പരിശീലകൻ ടെൻ ഹാഗും ഉണ്ടാകും.

റാൾഫ് റാഗ്ഗ്നിക്ക് ഇന്ന് തന്റെ അവസനാ മത്സരത്തിൽ യുവതാരങ്ങൾക്ക് അവസരം നൽകാൻ ആണ് സാധ്യത. മാറ്റ, മാറ്റിച് തുടങ്ങിയ യുണൈറ്റഡ് വിട്ടു പോകും എന്ന് അറിയിച്ച താരങ്ങളും കളത്തിൽ ഇറങ്ങിയേക്കും. ഇന്ന് രാത്രി 8.30നാണ് മത്സരം നടക്കുന്നത്

പ്രീമിയർ ലീഗിൽ തുടരാൻ ആകുമെന്ന പ്രതീക്ഷയിൽ ലീഡ്സും ബേർൺലിയും

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ റിലഗേഷൻ പോരാട്ടം അവസാന ദിവസമായ ഇന്ന് തീരുമാനമാകും.ബേർൺലിയും ലീഡ്സുമാണ് നിലനിൽപ്പിനായി പോരാടുന്നത്. ബേർൺലി 37 മത്സരത്തിൽ 35 പോയിന്റുമായി 17ആം സ്ഥാനത്ത് ആണ്‌. ലീഡ്സ് യുണൈറ്റഡിനും 35 പോയിന്റ് ആണുള്ളത്. അവർ 18ആം സ്ഥാനത്ത് റിലഗേഷൻ സോണിലും നിൽക്കുന്നു. ലീഡ്സിന് ഗോൾ ഡിഫറൻസ് വളരെ കുറവാണ്. അതു കൊണ്ട് തന്നെ അവർക്ക് ഇന്നത്തെ മത്സരത്തിൽ ബേർൺലി പോയിന്റ് നഷ്ടപ്പെടുത്തിയാലെ പ്രതീക്ഷയുള്ളൂ.

ലീഡ്സ് അവസാന മത്സരത്തിൽ എവേ മാച്ചിൽ ബ്രെന്റ്ഫോർഡിനെയും ബേർൺലി ഹോം മത്സരത്തിൽ ന്യൂകാസിലിനെയും ആണ് നേരിടേണ്ടത്. ബേർൺലി പോയിന്റ് നഷ്ടപ്പെടുത്തുകയും ലീഡ്സ് വിജയിക്കുകയും ആകും ലീഡ്സിന് റിലഗേഷൻ ഒഴിവാക്കാനുള്ള മാർഗം. ബേർൺലിക്ക് ഇന്ന് വിജയിക്കുക എന്നതാകും പ്രീമിയർ ലീഗിലേക്ക് തുടരാനുള്ള വഴി. അവർ പോയിന്റ് നഷ്ടപ്പെടുത്തുക ആണെങ്കിൽ ലീഡ്സും അവരെ പോലെ പോയിന്റ് നഷ്ടപ്പെടുത്തേണ്ടി വരുൻ ബേർൺലിയെ അടുത്ത സീസണിലും കാണാൻ. നോർവിചും വാറ്റ്ഫോർഡും നേരത്തെ തന്നെ റിലഗേറ്റഡ് ആയിരുന്നു.

പ്രീമിയർ ലീഗ് ചാമ്പ്യന്മാരാകാൻ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും, ഇന്ന് അന്തിമനാൾ!

  • സിറ്റി ഒരു പോയിന്റ് മാത്രം പിറകിൽ ലിവർപൂൾ,
  • സിറ്റി ആസ്റ്റൺ വില്ലയെയും ലിവർപൂൾ വോൾവ്സിനെയും നേരിടും
  • രണ്ട് മത്സരങ്ങളും രാത്രി 8.30ന്
  • ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട പോരാട്ടം ഇന്ന് തീരുമാനം ആകും. മാഞ്ചസ്റ്റർ സിറ്റിയോ അതോ ലിവർപൂളോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇന്ന് ലഭിക്കും. ലിവർപൂളിൾ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിറകിൽ സിറ്റിയുടെ വീഴ്ച് കാത്തിരിക്കുകയാണ്. ലിവർപൂളിന് 37 മത്സരങ്ങളിൽ നിന്ന് 89 പോയിന്റും സിറ്റി 37 മത്സരങ്ങളിൽ നിന്ന് 90 പോയിന്റുമാണുള്ളത്.

    ഇന്ന് അവസാന മത്സരത്തിൽ ലിവർപൂൾ ആൻഫീൽഡിൽ വെച്ച് വോൾവ്സിനെയും മാഞ്ചസ്റ്റർ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് ആസ്റ്റൺ വില്ലയെയും നേരിടും. വിജയം സിറ്റിക്ക് കിരീടം ഉറപ്പ് നൽകും. ലിവർപൂളിന് അവർ വിജയിക്കുകയും സിറ്റി വിജയിക്കാതിരിക്കുകയും വേണം കിരീടം നേടാൻ. സിറ്റിക്ക് ലിവർപൂളിനെക്കാൾ ഏറെ മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് ഉള്ളതിനാൾ ഒരേ പോയിന്റിൽ ഇരു ടീമിലും എത്തുക ആണെങ്കിൽ കിരീടം സിറ്റി കൊണ്ട് പോകും.

    മുൻ ലിവർപൂൾ താരമായ ജെറാഡ് നയിക്കുന്ന ആസ്റ്റൺ വില്ല മാഞ്ചസ്റ്റർ സിറ്റിയെ തടയും എന്നും ലിവർപൂളിന് ഇരുപതാം ലീഗ് കിരീടം ഉറപ്പിക്കാൻ ആകും എന്നുമാണ് ലിവർപൂൾ ആരാധകർ വിശ്വസിക്കുന്നത്. ഇന്ന് കിരീടം സ്വന്തമാക്കാൻ ആയില്ല എങ്കിൽ ലിവർപൂളിന്റെ ക്വാഡ്രപിൾ സ്വപ്നത്തിനും വലിയ തിരിച്ചടിയാകും അത്.

    ഔദ്യോഗിക പ്രഖ്യാപനവും എത്തി, എമ്പപ്പെ പി എസ് ജിയുടേത് മാത്രം

    എമ്പപ്പെ ക്ലബ് വിടില്ല എന്ന് ഉറപ്പായിരിക്കുകയാണ്. ഇപ്പോൾ പി എസ് ജിയും ഔദ്യോഗികമായി എമ്പപ്പെ ട്രാൻസ്ഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. 3 വർഷത്തെ പുതിയ കരാർ ആണ് എമ്പപ്പെ പി എസ് ജിയിൽ ഒപ്പുവെച്ചത്. 300 മില്യൺ യൂറോ എമ്പപ്പെക്ക് സൈനിംഗ് ബോണസ് ആയി ലഭിക്കും. അതായത് 2500 കോടിയോളം രൂപ. ഫുട്ബോൾ ലോകത്ത് എന്നല്ല കായിക ലോകത്ത് തന്നെ സമാനതകൾ ഇല്ലാത്ത ഡീലാണിത്.

    ഇന്ന് എമ്പപ്പെ റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസിനെ വിളിച്ച് താൻ പി എസ് ജിയിൽ തുടരുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു. ഏറെ ചർച്ചയായ ഒരു ട്രാൻസ്ഫർ സാഗക്ക് ആണ് ഈ ഔദ്യോഗിക പ്രഖ്യാപനത്തോടെ അവസാനമാകുന്നത്.

    പി എസ് ജി വർഷം 50മില്യൺ യൂറോ വേതനമായി നൽകാൻ ആണ് തയ്യാറായിരിക്കുന്നത്. ഏകദേശം 400 കോടിക്ക് മുകളിൽ വരും ഇത്. എമ്പപ്പെയ്ക്ക് റയൽ നൽകാം എന്ന് പറഞ്ഞതിനെക്കാൾ ഇരട്ടിയോളം ആണ് ഈ തുക. എമ്പപ്പെയുടെ കരാറിൽ അടുത്ത പി എസ് ജി പരിശീലകനെ നിയമിക്കുന്നതിൽ വരെ എമ്പപ്പെക്ക് സ്വാധീനം നൽകുന്ന വ്യവസ്ഥകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. പോചടീനോ അടുത്ത് തന്നെ ക്ലബ് വിടും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

    ബാഴ്സലോണ ഇനിയും വളരാനുണ്ട്, വനിതാ ഫുട്ബോളിലെ ഞങ്ങളെക്കാൾ വലുതാരുമില്ല എന്ന് പ്രഖ്യാപിച്ച് ലിയോൺ!! എട്ടാം ചാമ്പ്യൻസ് ലീഗ് കിരീടം

    ലിയോണെ തടയാൻ ആരുമില്ല!! തുടർച്ചയായ ഏഴ് വർഷത്തിനിടയിൽ അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം

    വനിതാ ഫുട്ബോൾ ലോകത്ത് ലിയോണ് എതിരാളികളായി ആരുമില്ല എന്ന് ഒരിക്കൽ കൂടെ തെളിഞ്ഞിരിക്കുന്നു. വനിതാ ഫുട്ബോളിൽ ഏവരുടെയും ഫേവറിറ്റ്സ് ആയി വളർന്നു വന്ന ബാഴ്സലോണയെ തകർത്തെറിഞ്ഞ് കൊണ്ടാണ് ലിയോൺ ഒരിക്കൽ കൂടെ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിയോൺ ഇന്ന് വിജയിച്ചത്. 2019 ഫൈനലിലും ലിയോൺ ബാഴ്സലോണയെ തോൽപ്പിച്ചിരുന്നു‌.

    ആദ്യ 33 മിനുട്ടിൽ തന്നെ ലിയോൺ ഇന്ന് മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. മത്സരത്തിൽ ആറാം മിനുട്ടിൽ ഒരു ലോങ് റേഞ്ചറിലൂടെ അമന്ദിനെ ഹെൻറി ഇന്ന് ലിയോണ് ലീഡ് നൽകി. ടൂറിനിൽ ലിയോൺ 1-0ന് മുന്നിൽ. കളിയിലേക്ക് ബാഴ്സലോണ തിരികെ വരാൻ ശ്രമിക്കുന്നതിനിടയിൽ 23ആം മിനുട്ടിൽ അദ ഹെഗബെർഗിന്റെ ഹെഡർ. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ടോപ് സ്കോറർക്ക് സ്വന്തം പേരിൽ ഒരു ഗോൾ കൂടെ. സ്കോർ 2-0.

    33ആം മിനുട്ടിൽ മസാരിയോയിലൂടെ ലിയോൺ ലീഡ് 3 ആക്കി. ഇത്തവണ ഗോൾ ഒരുക്കിയ അദ ആയിരുന്നു. ബാഴ്സലോണ 41ആം മിനുട്ടിൽ പുടെയസിലൂടെ ഒരു ഗോൾ മടക്കി എങ്കിലും അതിനപ്പുറം ബാഴ്സലോണ കളിയിൽ വളർന്നില്ല. ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടുത്തിയതും ബാഴ്സക്ക് തിരിച്ചടി ആയി.

    25ആം മിനുട്ടിൽ ലെ സൊമ്മറിന്റെ വകയായിരുന്നു ലിയോണിന്റെ ആദ്യ ഗോൾ. ഫ്രഞ്ച് താരത്തിന്റെ ചാമ്പ്യൻസ് ലീഗിലെ 47ആമത്തെ ഗോളായിരുന്നു ഇത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് സാകു കുമാഗിയുടെ മനോഹര സ്ട്രൈക്ക് ലിയോണിന്റെ ലീഡ് ഇരട്ടിയാക്കി.

    ലിയോണ് ഈ കിരീടത്തോടെ എട്ട് ചാമ്പ്യൻസ് ലീഗ് കിരീടമായി. വനിതാ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീമാണ് ലിയോൺ.

    ഒന്നും ഹിറ്റ് ആകാത്ത മാൻ!! ഒരു 50 പോലും നേടാതെ രോഹിത് ശർമ്മയുടെ ഐ പി എൽ

    ഹിറ്റ്മാൻ എന്ന് അറിയപ്പെടുന്ന രോഹിത് ശർമ്മക്ക് ഈ സീസൺ ഐ പി എല്ലിൽ തൊട്ടതല്ലം പിഴക്കുന്നതാണ് കണ്ടത്. ക്യാപ്റ്റൻ എന്ന നിലയിലും ഒരു താരമെന്ന നിലയിലും രോഹിത് മറക്കാൻ ആഗ്രഹിക്കുന്ന ടൂർണമെന്റ് ആകും ഇത്. ഇന്ന് 2 റൺസ് എടുത്ത് അവസാന മത്സരത്തിൽ പുറത്തായതോടെ ഒരു 50 പോലും എടുക്കാതെ രോഹിത് ടൂർണമെന്റ് അവസാനിപ്പിച്ചു. ഇതാദ്യമായാണ് ഐ പി എല്ലിൽ ഒരു സീസണിൽ 50 പോലും നേടാൻ ആകാതെ രോഹിത് ടൂർണമെന്റ് അവസാനിപ്പിക്കുന്നത്.

    14 മത്സരങ്ങളിൽ നിന്ന് 268 റൺസ് മാത്രമാണ് രോഹിതിന് ഈ സീസണിൽ നേടാൻ ആയത്. ഇരുപത് മാത്രം ശരാശരി. 121 മാത്രം സ്ട്രേക്ക് റേറ്റും. രോഹിതിന്റെ ഏറ്റവും മോശം ബാറ്റിങ് റെക്കോർഡ് ആണിത്. 2018ൽ നേടിയ 286 റൺസ് ആയിരുന്നു രോഹിതിന്റെ ഇതിനു മുമ്പത്തെ ഏറ്റവും ചെറിയ സ്കോർ. ഐ പി എൽ ചരിത്രത്തിൽ മുംബൈ സിറ്റി ഏറ്റവും അവസാനം ഫിനിഷ് ചെയ്ത ഒരേയൊരു സീസണായും ഈ ഐ പി എൽ മാറി.

    ഗോകുലം കേരളക്ക് നിരാശ, എ എഫ് സി കപ്പിൽ ഒരു പരാജയം

    എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ മാസിയയെ നേരിട്ട ഗോകുലത്തിന് പരാജയം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് മാസിയ ഇന്ന് വിജയിച്ചത്. എ ടി കെ മോഹൻ ബഗാനെതിരെ കണ്ട വേഗതയാർന്ന നീക്കങ്ങൾ ഇന്ന് ഗോകുലത്തിന്റെ ഭാഗത്ത് നിന്ന് ഇന്ന് വന്നില്ല.

    ലൂകയെയും ഫ്ലച്ചറെയും ആദ്യ പകുതയിൽ നിശ്ബ്ദരാക്കി നിർത്താൻ മാസിയക്ക് ആയി. മാസിയ സെറ്റ് പീസിലൂടെയും മറ്റും ആക്രമിക്കാൻ ശ്രമിച്ചു എങ്കിലും അതു തടയാൻ ഗോകുലത്തിനായി. രണ്ടാം പകുതിയിൽ ഗോകുലം കൂടതൽ പ്രശ്നങ്ങളിലേക്ക് ചെന്നു. 50ആം മിനുട്ടിൽ മാസിയ ലീഡ് എടുത്തു. സ്റ്റുവർടിലൂടെ ആണ് മാസിയ ലീഡ് എടുത്തത്. ഈ ഗോക്ക് വന്നിട്ടും ഗോകുലത്തിന്റെ അറ്റാക്കിന് മൂർച്ച കൂട്ടാനായില്ല. മാസിയ ആണെങ്കിൽ വീണ്ടും വീണ്ടും ഗോളിനോട് അടുത്ത് വരികയും ചെയ്തു.

    ഈ പരാജയം ഗോകുലത്തിന് വലിയ തിരിച്ചടിയാകും. രണ്ട് മത്സരങ്ങളിൽ നിന്ന് 3 പോയിന്റാണ് ഗോകുലത്തിന് ഉള്ളത്. ഗ്രൂപ്പിലെ എല്ലാ ടീമുകൾക്കും ഇപ്പോൾ 3 പോയിന്റാണ് ഉള്ളത്. ഇനി മെയ് 24ന് അവസാന മത്സരത്തിൽ ഗോകുലം ബസുന്ധര കിങ്സിനെ നേരിടും.

    “പി എസ് ജി ഫുട്ബോളിന് തന്നെ അപമാനം, സൂപ്പർ ലീഗ് പോലെ അപകടമാണ് ഈ ക്ലബ്” – ലാലിഗ പ്രസിഡന്റ്

    എമ്പപ്പെയെ നിലനിർത്താനുള്ള പി എസ് ജിയുടെ തീരുമാനം ലാലിഗ പ്രസിഡന്റിനെ രോഷാകുലനാക്കിയിരിക്കുകയാണ്. ലാലിഗ പ്രസിഡന്റായ ഹാവിയർ തെബസ് പി എസ് ജി എന്ന ക്ലബ് ഫുട്ബോളിന് തന്നെ അപമാനം ആണെന്ന് ഇന്ന് ട്വിറ്ററിൽ കുറിച്ചു. എമ്പപ്പെയ്ക്ക് പി എസ് ജി എങ്ങനെയാണ് ഇത്രയും പണം നൽകുന്നത് എന്ന് തനിക്ക് അറിയില്ല എന്ന് തെബാസ് പറഞ്ഞു.

    കഴിഞ്ഞ വർഷം 700 മില്യൺ യൂറോ നഷ്ടം റിപ്പോർട്ട് ചെയ്ത ക്ലബാണ് പി എസ് ജി. അവർക്ക് 600 മില്യണോളം വേതന ബില്ലും ഉണ്ട്. എന്നിട്ടും ഇങ്ങനെ പണം ചിലവഴിക്കുന്നത് എങ്ങനെ എന്ന് തെബാസ് ചോദിക്കുന്നു. ഫുട്ബോളിന് അപമാനമാണ് പി എസ് ജി എന്ന് പറഞ്ഞ തെബാസ്. അൽ ഖലാഫിയും പി എസ് ജിയും സൂപ്പർ ലീഗ് പോലെ തന്നെ ഫുട്ബോളിന് ഭീഷണി ആണെന്നും പറഞ്ഞു.

    എ എഫ് സി കപ്പ്, മാസിയക്ക് എതിരെ ആദ്യ പകുതിയിൽ ഗോകുലം സമനിലയിൽ

    എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ മാസിയയെ നേരിടുന്ന ഗോകുലം കേരള ആദ്യ പകുതിക്ക് പിരിയുമ്പോ ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു. ഇന്ന് ആദ്യ പകുതിയിൽ അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ഗോകുലത്തിനോ മാസിയക്കോ ആയില്ല. എ ടി കെ മോഹൻ ബഗാനെതിരെ കണ്ട വേഗതയാർന്ന നീക്കങ്ങൾ ഇന്ന് ഗോകുലത്തിന്റെ ഭാഗത്ത് നിന്ന് ആദ്യ പകുതിയിൽ വന്നില്ല.

    ലൂകയെയും ഫ്ലച്ചറെയും ആദ്യ പകുതയിൽ നിശ്ബ്ദരാക്കി നിർത്താൻ മാസിയക്ക് ആയി. മാസിയ സെറ്റ് പീസിലൂടെയും മറ്റും ആക്രമിക്കാൻ ശ്രമിച്ചു എങ്കിലും അതും ഫലം ഉണ്ടായില്ല. രണ്ടാം പകുതിയിൽ ഗോകുലം കൂടതൽ അറ്റാക്ക് നടത്തി രണ്ടാം വിജയം സ്വന്തമാക്കും എന്ന് പ്രതീക്ഷിക്കാം.

    എമ്പപ്പെ നോക്കിയിരുന്ന് ഹാളണ്ടിനെയും നഷ്ടപ്പെടുത്തിയ റയൽ മാഡ്രിഡ്

    എമ്പപ്പെ പി എസ് ജിയിൽ കരാർ പുതുക്കാൻ തീരുമാനിച്ചത് റയൽ മാഡ്രിഡിന് ചെറിയ സങ്കടമല്ല നൽകുന്നത്. അവർക്ക് എമ്പപ്പെയെ മാത്രമല്ല ഹാളണ്ടിനെയും കൂടെയാണ് എമ്പപ്പെയെ വിശ്വസിച്ച് ഇരുന്നത് കൊണ്ട് നഷ്ടമാകുന്നത്. എമ്പപ്പെ റയൽ മാഡ്രിഡിലേക്ക് വരും എന്ന് പെരസും റയൽ മാഡ്രിഡ് മാനേജ്മെന്റും വിശ്വസിച്ചിരുന്നത് കൊണ്ട് തന്നെ അവർ ഒരിക്കലും ഹാളണ്ടിനായി ശ്രമിച്ചിരുന്നില്ല. എമ്പപ്പെയെ അപേക്ഷിച്ച് വളരെ ചെറിയ തുകയ്ക്ക് റയൽ മാഡ്രിഡിന് വേണമെങ്കിൽ ഹാളണ്ടിനെ സ്വന്തമാക്കാമായിരുന്നു.

    റയൽ മാഡ്രിഡ് ഒരിക്കൽ പോലും ഹാളണ്ടിനായി ശ്രമിച്ചില്ല. അതിന്റെ ഫലമായി റിലീസ് ക്ലോസ് നൽകി കൊണ്ട് ഹാളണ്ടിനെ ഡോർട്മുണ്ടിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി വലിയ കോമ്പറ്റീഷൻ ഇല്ലാതെ സ്വന്തമാക്കുകയും ചെയ്തു. റയൽ മാഡ്രിഡ് ഇപ്പോൾ ലോകത്തെ രണ്ട് മികച്ച യുവ അറ്റാക്കേഴ്സിനെയും നഷ്ടപ്പെടുത്തി ഇനി ആരെ സൈൻ ചെയ്യും എന്നുള്ള ചിന്തയിലാണ്. ഈ രണ്ട് താരങ്ങൾക്കും തുല്യമായ യുവ താരങ്ങൾ ഇപ്പോൾ ലോക ഫുട്ബോളിൽ ഇല്ല എന്നത് റയലിന് തലവേദന നൽകുന്നു.

    Exit mobile version