ഖുല്‍ന ടൈറ്റന്‍സിനെതിരെ മികച്ച വിജയം നേടി രംഗ്പൂര് റൈഡേഴ്സ്. ഇന്നലെ നടന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഖുല്‍ന 181/6 എന്ന മികച്ച സ്കോര്‍ നേടിയെങ്കിലും മൂന്ന് പന്ത് അവശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് രംഗ്പൂര് മത്സരം സ്വന്തമാക്കുകയായിരുന്നു.
4 വിക്കറ്റ് നേടിയ ഫര്‍ഹദ് റീസയാണ് ഖുല്‍നയെ 181 റണ്‍സില്‍ ഒതുക്കുവാന്‍ റൈഡേഴ്സിനെ സഹായിച്ചത്. 48 റണ്‍സ് നേടിയ നസ്മുള്‍ ഹൊസൈന്‍ ഷാന്റോ ടോപ് സ്കോറര്‍ ആയപ്പോള്‍ ബ്രണ്ടന്‍ ടെയിലര്‍(32), ഡേവിഡ് വീസെ(35) എന്നിവരും ടീമിനായി ബാറ്റിംഗില്‍ തിളങ്ങി. മഹമ്മദുള്ള 20 റണ്‍സ് നേടി.
ക്രിസ് ഗെയിലും അലക്സ് ഹെയില്‍സും 55 റണ്‍സ് വീതം നേടി ടോപ് ഓര്‍ഡറില്‍ തിളങ്ങിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ 78 റണ്‍സാണ് രംഗ്പൂര് റൈഡേഴ്സ് നേടിയത്. വെറും 29 പന്തില്‍ നിന്നാണ് ഹെയില്‍സ് തന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. ഹെയില്‍സ് വിടവാങ്ങിയ ശേഷം ഗെയിലിനു കൂട്ടായി എബി ഡി വില്ലിയേഴ്സ് എത്തുകയായിരുന്നു. 25 പന്തില്‍ നിന്ന് 41 റണ്‍സ് നേടി ഡി വില്ലിയേഴ്സ് പുറത്താകുമ്പോള്‍ രംഗ്പൂര് 121 റണ്‍സായിരുന്നു നേടിയത്. മൂന്നാം വിക്കറ്റായി ക്രിസ് ഗെയില്‍ മടങ്ങിയപ്പോള്‍ ലക്ഷ്യം 11 റണ്‍സ് മാത്രം അകലെയായിരുന്നു. മുഹമ്മദ് മിഥുനെ(15) കൂടി നഷ്ടമായെങ്കിലും വിജയം ഉറപ്പാക്കാന്‍ രംഗ്പൂരിനു സാധിച്ചു. ഫര്‍ഹദ് റീസയാണ് കളിയിലെ താരം.