74 പന്തില്‍ 140 റണ്‍സ്, 13 സിക്സും 8 ബൗണ്ടറിയും, ഇതായിരുന്നു തിസാര പെരേര ബേ ഓവലില്‍ പുറത്തെടുത്ത സ്ഫോടനാത്മകമായ ഇന്നിംഗ്സിന്റെ രത്നചുരുക്കം. എന്നാല്‍ ഈ ഒരു പ്രകടനത്തിനു ലങ്കയെ വിജയത്തിലേക്ക് നയിക്കാനായില്ലെന്നത് ശ്രീങ്കന് ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു നൊമ്പരമായി അവശേഷിക്കും. 320 റണ്‍സ് വിജയ ലക്ഷ്യം തേടി രണ്ടാം ഏകദിനത്തില്‍ ഇറങ്ങിയ ലങ്കയ്ക്ക് 21 റണ്‍സ് അകലെ വരെ എത്തുവാനെ സാധിച്ചുള്ളു.
46.2 ഓവറില്‍ ഇന്നിംഗ്സ് 298 റണ്‍സില്‍ അവസാനിക്കുമ്പോള്‍ തിസാര പെരേരയാണ് അവസാന വിക്കറ്റായി വീണത്. 71 റണ്‍സ് നേടിയ ധനുഷ്ക ഗുണതിലയാണ് ലങ്കയ്ക്കായി തിളങ്ങിയ മറ്റൊരു താരം. വിക്കറ്റുകള്‍ അവശേഷിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ പരമ്പരയില്‍ ഒപ്പമെത്തുവാനുള്ള അവസരമായിരുന്നു ലങ്കയ്ക്ക് മുന്നിലുണ്ടായിരുന്നത്. വിജയത്തോടെ 2-0നു ന്യൂസിലാണ്ട് പരമ്പര സ്വന്തമാക്കി. ന്യൂസിലാണ്ടിനു വേണ്ടി ഇഷ് സോധി 3 വിക്കറ്റും ജെയിംസ് നീഷം, മാറ്റ് ഹെന്റി എന്നിവര്‍ രണ്ടും ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഒരു ഘട്ടത്തില്‍ 128/7 എന്ന നിലയില്‍ നാണംകെട്ട് കീഴടങ്ങേണ്ടിയിരുന്ന ശ്രീലങ്കയെ മാന്യത പകരുന്ന സ്കോറിലേക്ക് നയിച്ചത് തിസാര പെരേരയുടെ വെടിക്കെട്ടായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനു വേണ്ടി റോസ് ടെയിലര്‍ 90 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ കോളിന് മണ്‍റോ(87), ജെയിംസ് നീഷം(64) എന്നിവരും ശ്രദ്ധേയമായ സംഭാവന നല്കി. മൂന്ന് ന്യൂസിലാണ്ട് താരങ്ങള്‍ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്. ലങ്കയ്ക്കായി നായകന് ലസിത് മലിംഗ രണ്ട് വിക്കറ്റ് നേടി. 50 ഓവറില്‍ നിന്ന് ആതിഥേയര്‍ 319/7 എന്ന സ്കോറാണ് നേടിയത്. ഹെന്റി നിക്കോളസ്(32), ടിം സീഫെര്‍ട്(22) എന്നിവരും നിര്‍ണ്ണായകമായ റണ്ണുകള്‍ ടീമിനായി നേടി.