പ്രീമിയർ ലീഗിൽ ഈ സീസണിലെ ഏറ്റവും വലിയ അട്ടിമറി. എത്തിഹാദിൽ നടന്ന മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ ക്രിസ്റ്റൽ പാലസ് അട്ടിമറിക്കുകയായിരുന്നു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മൂന്നുഗോളുകൾ സിറ്റിയുടെ വലയിൽ നിറച്ചാണ് പാലസ് വിജയം കണ്ടത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു പാലസിന്റെ വിജയം. സിറ്റി പരാജയപ്പെട്ടതോടെ ലിവർപൂളിന് നാലു പോയിന്റിന്റെ ലീഡ് ആയി.
27ആം മിനിറ്റിൽ ഗുണ്ടോഗനിലൂടെ സിറ്റി ലീഡ് എടുത്തു. എന്നാൽ ജെഫറിയിലൂടെ പാലസ് സമനില പിടിച്ചു. തുടർന്ന് 35ആം മിനിറ്റിൽ സീസണിലെ തന്നെ ഏറ്റവും മികച്ച ഒരു ഗോളിലൂടെ ടൗൻസെന്റ് പാലസിന് ലീഡ് നേടി കൊടുത്തു. ഒന്നാന്തരം ഒരു വോളി പോസ്റ്റിലേക്ക് കയറുകയായിരുന്നു. ആദ്യ പകുതിയിൽ 1-2 എന്നായിരുന്നു സ്‌കോർ നില.
രണ്ടാം പകുതിയിൽ കെയ്ൽ വാക്കർ ബോക്‌സിൽ നടത്തിയ ഫൗളിന് റഫറി പെനാൽറ്റി വിധിച്ചതോടെ കാര്യങ്ങൾ സിറ്റിയുടെ കൈവിട്ടു. 51ആം മിനിറ്റിൽ മിലിവോഹോവിച് പെനാൽറ്റി ഗോളാക്കി ലീഡ് രണ്ടാക്കി ഉയർത്തി. 85ആം മിനിറ്റിൽ കെഡിബി ഒരു ഗോൾ മടക്കി എങ്കിലും പാലസിന്റെ വിജയത്തെ തടുക്കാൻ അത് മതിയാവുമായിരുന്നില്ല.
കഴിഞ്ഞ സീസണിൽ ഡർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയപ്പെട്ട ശേഷം ആദ്യമായാണ് സിറ്റി ഹോം ഗ്രൗണ്ടിൽ പരാജയപ്പെടുന്നത്.