ബാഴ്സലോണയെ ക്യാമ്പ്നൗവിൽ സമനിലയിൽ കുരുക്കി ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറിയ ടോട്ടൻഹാം ഹോട്സ്പറിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി സ്പർസിന്റെ മാനേജർ പോചെട്ടിനോ. “മിഷൻ ഇമ്പോസിബിൾ” ആയ ഒരു കാര്യമാണ് ടീം സാധിച്ചത് എന്നാണ് പോചെട്ടിനോ പറഞ്ഞത്.
ഡെമ്പലെയുടെ ഗോളിലൂടെ ഏഴാം മിനിറ്റിൽ മുന്നിൽ എത്തിയ ബാഴ്സലോണയെ കളി തീരാൻ അഞ്ചു മിനിറ്റ് ശേഷിക്കെ ലൂകാസ് മൗറയുടെ ഗോളിലൂടെ സ്പർസ് സമനിലയിൽ കുരുക്കുകയായിരുന്നു. സമനില നേടിയതോടെ ഇന്ററിനെ മറികടന്ന് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് സ്പർസ് അവസാന പതിനാറിലേക്ക് പ്രവേശിച്ചത്.
ഗ്രൂപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ടു പരാജയങ്ങളും ഒരു സമനിലയുമടക്കം വെറും ഒരു പോയിന്റ് ആയിരുന്നു സ്പർസിന് സ്വന്തമായുണ്ടായിരുന്നത്. “ഞങ്ങളെ ആർക്കും വിശ്വാസം ഉണ്ടായിരുന്നില്ല, ഞങ്ങൾക്ക് ഇതൊരു വലിയ നേട്ടമാണ്, പുതിയ സ്റ്റേഡിയത്തിൽ ആയിരിക്കും ഞങ്ങൾ ഇനി കളിക്കുക. ഇത് വലിയൊരു മോട്ടിവേഷൻ ആണ്, മിഷൻ ഇമ്പോസിബിൾ ആയത് ഞങ്ങൾ ചെയ്ത് കാണിച്ചിരിക്കുന്നു” പോചെട്ടിനോ പറഞ്ഞു.