രഞ്ജിയില്‍ 15ലധികം ഓവറുകള്‍ ഒരിന്നിംഗ്സില്‍ എറിയരുതെന്ന ബിസിസിഐയുടെ നിര്‍ദ്ദേശം അവഗണിച്ച് 26 ഓവറുകള്‍ കേരളത്തിനെതിരെ എറിഞ്ഞ വിഷയത്തില്‍ വിശദീകരണവുമായി ബംഗാള്‍ കോച്ച്. മുഹമ്മദ് ഷമി 15ലധികം ഓവറുകള്‍ എറിയുവാന്‍ തയ്യാറായാണ് വന്നതെന്നും ബംഗാള്‍ കോച്ച് അറിയിക്കുകയായിരുന്നു. ആദ്യ ദിവസം 147 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം കേരളത്തെ 114/5 എന്ന നിലയില്‍ പ്രതിരോധത്തിലാക്കിയതില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത് ഷമിയായിരുന്നു.
എന്നാല്‍ ജലജ് സക്സേനയുടെ മികവില്‍ കേരളം മുന്നോട്ട് കുതിച്ചപ്പോള്‍ വിക്കറ്റിനായി ഷമിയെ കൂടുതല്‍ ഓവറുകള്‍ ബംഗാള്‍ എറിയിപ്പിക്കുകയായിരുന്നുവെങ്കിലും താരത്തിനു തന്റെ മൂന്ന് വിക്കറ്റ് നേട്ടത്തോട് കൂട്ടിചേര്‍ക്കുവാന്‍ ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. താനും ടീം മാനേജ്മെന്റും താരത്തിനോട് വിശ്രമം എടുക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും മികച്ച രീതിയില്‍ പന്തെറിയുകയായിരുന്ന ഷമി കൂടുതല്‍ ഓവറുകള്‍ എറിയുവാന്‍ സന്നദ്ധനായിരുന്നുവെന്ന് ബംഗാള്‍ കോച്ച് സായിരാജ് ബഹുതുലേ അറിയിച്ചു.
ഷമി തയ്യാറാണെങ്കില്‍ രണ്ടാം ഇന്നിംഗ്സിലും താരം കൂടുതല്‍ ഓവറുകള്‍ എറിയുമെന്ന് ബഹുതുലെ അറിയിക്കുകയായിരുന്നു. ഇതില്‍ തങ്ങള്‍ക്ക് താരത്തെ തടയാനാകില്ലെന്നും അദ്ദേഹം തന്നെ എടുക്കേണ്ട തീരുമാനമാണിതെന്നുമാണ് ബഹുതുലെയുടെ അഭിപ്രായം. അശ്വിനോടും ഇഷാന്തിനോടും രഞ്ജിയില്‍ നിന്ന് വിട്ട് നില്ക്കുവാന് ആവശ്യപ്പെട്ട ബിസിസിഐ ഷമിയോട് ഉപാധികളോടെ മത്സരിക്കുവാന്‍ അനുവാദം നല്‍കുകയായിരുന്നു.
ഓരോ ദിവസത്തിനു ശേഷവും താരത്തിന്റെ ഫിറ്റ്നെസ് റിപ്പോര്‍ട്ട് ബിസിസിഐ ഫിസിയോയ്ക്ക് നല്കുവാനും ബംഗാളിനോട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു.