വിഎ ജഗദീഷും സച്ചിന് ബേബിയും ശതകങ്ങള്‍ നേടിയപ്പോള്‍ കൂറ്റന്‍ സ്കോര്‍ നേടി കേരളം. രണ്ടാം ദിവസം കളി പല തവണ വെളിച്ചക്കുറവ് മൂലം തടസ്സപ്പെട്ടുവെങ്കിലും കേരളം 6 വിക്കറ്റ് നഷ്ടത്തില്‍ 495 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 231/4 എന്ന നിലയില്‍ ഒന്നാം ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച കേരളംം അഞ്ചാം വിക്കറ്റില്‍ 182 റണ്‍സാണ് നേടിയത്.
147 റണ്‍സ് നേടിയ സച്ചിന് ബേബിയെ വിക്കറ്റിനു മുന്നില്‍ കുടുക്കി സാകേത് ആണ് ഹൈദ്രാബാദിനു ഒരു ബ്രേക്ക് നല്‍കിയത്. സല്മാന് നിസാറിനെയും പുറത്താക്കിയപ്പോള്‍ മത്സരത്തില്‍ സാകേത് നേടുന്ന മൂന്നാമത്തെ വിക്കറ്റായിരുന്നു അത്. 404/6 എന്ന നിലയില്‍ അക്ഷയ് ചന്ദ്രനെ കൂട്ടുപിടിച്ച് വിഎ ജഗദീഷ് തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.
113 റണ്‍സ് നേടി ജഗദീഷും 48 റണ്‍സ് നേടി അക്ഷയ് ചന്ദ്രനും ക്രീസില്‍ നില്‍ക്കവെയാണ് കേരളം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുന്നത്. അതേ സമയം ഹൈദ്രാബാദ് ഇന്നിംഗ്സിന്റെ ഒരോവര്‍ പിന്നിട്ടപ്പോള്‍ വെളിച്ചക്കുറവ് മൂലം കളി വീണ്ടും തടസ്സപ്പെടുകയും മത്സരത്തിന്റെ രണ്ടാം ദിവസം നേരത്തെ അവസാനിപ്പിക്കുകയും ആയിരുന്നു. ഹൈദ്രാബാദ് ഒരു റണ്‍സാണ് നേടിയിട്ടുള്ളത്.