കേരളത്തിന്റെ പുതിയ രഞ്ജി സീസണിന്റെ ആരംഭം നാളെ. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ ഇന്ത്യയും വിന്‍ഡീസും അഞ്ചാം ഏകദിനത്തിനായി ഏറ്റുമുട്ടുമ്പോള്‍ കേരള രഞ്ജി ട്രോഫി താരങ്ങള്‍ക്കാര്‍ക്കും മത്സരം കാണാനെത്താനാകില്ല. സ്പോര്‍ട്സ് ഹബ്ബില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ ദൂരെയുള്ള സെയിന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടില്‍ ഹൈദ്രാബാദിനെ നേരിടുന്ന തിരക്കിലാവും കേരളത്തിന്റെ താരങ്ങള്‍.
തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങള്‍ ഹോം ആണെന്നുള്ളതിന്റെ ആനുകൂല്യത്തിലാവും കേരളം. ആദ്യ മത്സരത്തില്‍ നവം 1നു ഹൈദ്രാബാദിനെയും രണ്ടാം മത്സരത്തില്‍ നവം 12നു ആന്ധ്രയെയുമാണ് കേരളം നേരിടുക. നവംബര്‍ 20നു കേരളം കൊല്‍ക്കത്തയില്‍ വെച്ച് ബംഗാളിനെ മൂന്നാം മത്സരത്തില്‍ നേരിടും.
വീണ്ടും അടുത്ത മത്സരത്തിനായി കേരളം നാട്ടിലെത്തും. സെയിന്റ് സേവിയേഴ്സില്‍ മധ്യപ്രദേശുമായാണ് എലൈറ്റ് ഗ്രൂപ്പില്‍ കേരളത്തിന്റെ നാലാം മത്സരം. നവംബര്‍ 28നാണ് മത്സരം. ഡിസംബര്‍ ആറിനു കേരളം തമിഴ്നാടിനെ നേരിടും. എന്നാല്‍ മത്സരത്തിന്റെ വേദി നിശ്ചയിച്ചിട്ടില്ല. കേരളത്തിന്റെ എവേ മത്സരമാണിത്.
ഗ്രൂപ്പിലെ അവസാന മൂന്ന് മത്സരങ്ങളില്‍ കേരളം ഡല്‍ഹിയെ തിരുവനന്തപുരത്ത് ഡിസംബര്‍ 16നും ഡിസംബര്‍ 30നു പഞ്ചാബിനെ മൊഹാലിയിലും നേരിടും. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കേരളം ഹിമാച്ചലിനെ ജനുവരി 7നു നേരിടും.