കളിക്കാരിൽ മലയാളികളുടെ സജീവ സാന്നിദ്ധ്യം എന്ന പോലെ പരിശീലക സംഘത്തിലും ഗോകുലത്തിൽ മലയാളി സാന്നിദ്ധ്യമാണ് കൂടുതൽ. പുതുതായി ഗോകുലം കോച്ചിംഗ് ടീമിനൊപ്പം ചേർന്നിരിക്കുന്നത് ചെറിയ പരിശീലകനല്ല. കേരളത്തിന്റെ നീണ്ട കാത്തിരിപ്പിന് അവസാനം കുറിച്ച് സന്തോഷ ട്രോഫി ചാമ്പ്യന്മാരാക്കിയ പരിശീലകൻ സതീവൻ ബാലനാണ് ഇപ്പോൾ ഗോകുലത്തിൽ എത്തിയിരിക്കുന്നത്.
ഗോകുലത്തിന്റെ അസിസ്റ്റന്റ് കോച്ചായാണ് സതീവൻ ബാലന്റെ നിയമനം. കേരള ഫുട്ബോളിലെ യുവതലമുറയെ നന്നായി അറിയുന്ന സതീവൻ ബാലന്റെ സാന്നിദ്ധ്യം ഗോകുലത്തെ കൂടുതൽ ശക്തമാക്കും. ഒരുപാട് യുവതാരങ്ങളെ ഗോകുലം വളർത്തി കൊണ്ടുവരുന്നതിനും സതീവൻ ബാലന്റെ വരവ് സഹായിക്കും. ഇപ്പോൾ തന്നെ യുവ ടാലന്റുകൾക്ക് നിറയെ അവസരം കൊടുക്കുന്ന ടീമാണ് ഗോകുലം എഫ് സി.
കാലികറ്റ് യൂണിവേഴ്സിറ്റിയെ ദേശീയ മൂന്ന് വട്ടം അഖിലേന്ത്യാ ചാമ്പ്യന്മാരാക്കിയ കോച്ച് കൂടിയാണ് ഇദ്ദേഹം. മുമ്പ് ദേശീയ ടീമിലെ പരിശീലക സംഘത്തിന്റെ ഭാഗവുമായിട്ടുണ്ട് സതീവൻ ബാലൻ. കേരള ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ട് പരിശീലകരുടെ സംഗമമായി ഗോകുലം മാറുന്നത് കേരള ഫുട്ബോളിന്റെ മുന്നോട്ടേക്കുള്ള യാത്രയ്ക്കും സഹായകരമാകും എന്നാണ് കരുതപ്പെടുന്നത്.