അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ ഗോൾ കീപ്പർ ആയിരുന്ന ധീരജ് സിങ്ങിന് കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ സ്ഥാനം ഉറപ്പില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ധീരജ് മികച്ച ഗോൾ കീപ്പറാണെന്നും എന്നാൽ മറ്റുള്ളവരെ പോലെ മികച്ച പ്രകടനം കാഴ്ചവെച്ചാൽ മാത്രമേ താരത്തിന് ടീമിൽ അവസരം നേടാനാവു എന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. ധീരജ് സിങ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കനെ മാതൃകയാക്കണമെന്നും ജെയിംസ് പറഞ്ഞു.
ഈ സീസണിൽ ആണ് ധീരജിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ധീരജിനെ കൂടാതെ മലയാളിയായ സുജിത്തിനെയും നവീൻ കുമാറിനെയും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. നാളെ എ.ടി.കെക്കെതിരെ ധീരജ് സിങ് തന്നെയാവും വല കാക്കുകയെന്നാണ് കരുതപ്പെടുന്നത്. അതെ സമയം മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ നവീൻ കുമാറിന് അവസരം നൽകുമെന്നാണ് ഡേവിഡ് ജെയിംസ് സൂചിപ്പിച്ചത്.