ഏഷ്യ കപ്പില്‍ കുഞ്ഞന്മാരായ ഹോങ്കംഗിനെതിരെ മികച്ച സ്കോര്‍ നേടി ഇന്ത്യ. ശിഖര്‍ ധവാന്റെ ശതകത്തിന്റെയും റായിഡു എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെയും ബലത്തില്‍ ആദ്യം ബാറ്റ് ചെയ്യാനയയ്ക്കപ്പെട്ട ഇന്ത്യ 50 ഓവറില്‍ നിന്ന് 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 285 റണ്‍സ് നേടുകയായിരുന്നു. ധവാന് പുറത്തായ ശേഷം തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ ബാറ്റിംഗിനു കടിഞ്ഞാണിടുവാന്‍ ഹോങ്കോംഗ് ബൗളര്‍മാര്‍ക്ക് സാധിച്ചു.
23 റണ്‍സ് നേടിയ നായകന് രോഹിത് ശര്‍മ്മയെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ഇന്ത്യയെ ധവാനും അമ്പാട്ടി റായിഡുവും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 45 റണ്‍സും രണ്ടാം വിക്കറ്റില്‍ 116 റണ്‍സും നേടിയ ഇന്ത്യയ്ക്ക് അമ്പാട്ടി റായിഡുവിനെ(60) രണ്ടാം വിക്കറ്റായി നഷ്ടമായി. അതിനു ശേഷം ധവാനോടൊപ്പം ദിനേശ് കാര്‍ത്തിക്കാണ് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. 120 പന്തില്‍ നിന്ന് 127 റണ്‍സ് നേടിയ ശിഖര്‍ ധവാന് 15 ബൗണ്ടറിയും 2 സിക്സും നേടി പുറത്താകുമ്പോള്‍ ദിനേശ് കാര്‍ത്തിക്കുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 79 റണ്‍സ് കൂടി നേടുകയായിരുന്നു.
ധവാന് പുറത്തായ ശേഷം തുടരെ വിക്കറ്റുകളുമായി ഹോങ്കോംഗ് ഇന്ത്യയുടെ റണ്ണൊഴുക്കിനെ തടസ്സം സൃഷ്ടിക്കുകയായിരുന്നു. ധോണിയയും(0), ദിനേശ് കാര്‍ത്തിക്കിനെയും(33) അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി ഹോങ്കോംഗ് മത്സരത്തില്‍ തിരിച്ചുവരവ് നടത്തി. കേധാര്‍ ജാഥവ് 28 റണ്‍സുമായി പുറത്താകാതെ നിന്നുവെങ്കിലും ഇന്ത്യയ്ക്ക് അവസാന 10 ഓവറില്‍ നിന്ന് 48 റണ്‍സ് മാത്രമേ നേടാനായുള്ളു.
ഹോങ്കോംഗിനായി കിഞ്ചിത്ത് ഷാ മൂന്നും എഹ്സാന്‍ ഖാനും രണ്ട് വീതം വിക്കറ്റും എഹ്സാന്‍ നവാസും ഐസാസ് ഖാനും ഓരോ വിക്കറ്റും നേടി. വിക്കറ്റും നേടി.