ക്രൊയേഷ്യക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി സമ്മാനിച്ച് സ്പെയിൻ

Newsroom

ജൂലൈയിൽ നടന്ന ലോകകപ്പിൽ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ അല്ല ഇന്ന് കണ്ടത്. സ്പെയിന് മുന്നിൽ മുട്ടുവിറച്ച ക്രൊയേഷ്യ ഇന്ന് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. യുവേഫ നാഷൺസ് ലീഗിൽ സ്പെയിന്റെ ഹോം മത്സരത്തിൽ ആറു ഗോളുകളാണ് ക്രൊയേഷ്യൻ വലയിൽ കയറിയത്. എതിരായി ഒന്ന് പോലും സ്പെയിൻ വലയിൽ കയറ്റാൻ ക്രൊയേഷ്യക്ക് ആയില്ല.

മോഡ്രിചും റാകിറ്റിചും പെരിസിചും ഒക്കെ അടങ്ങിയ ക്രൊയേഷ്യയെ തന്നെയാണ് സ്പെയിൻ ഇന്ന് ഇത്ര വലിയ സ്കോറിന് തകർത്തത്. 24ആം മിനുട്ടിൽ സോൾ ആണ് സ്പാനിഷ് ഗോൾ വേട്ട ആരംഭിച്ചത്. ആദ്യ പകുതിയിൽ അസൻസിയോവും ഒപ്പം ഒരു സെൽഫ് ഗോളുകൾ കൂടി ആയപ്പോൾ സ്കോർ 3-0 എന്നായി.

രണ്ടാം പകുതിയിൽ റോഡ്രിഗോ, ക്യാപ്റ്റൻ റാമോസ്, ഇസ്കോ എന്നിവരും സ്പെയിനിനായി ഗോളുകൾ കണ്ടെത്തി. സ്പെയിനിന്റെ കോമ്പറ്റിറ്റീവ് മത്സരങ്ങളിലെ ഹോം റെക്കോർഡ് തുടരുന്നത് കൂടിയാണ് ഇന്ന് കണ്ടത്. കോമ്പറ്റിറ്റീവ് മത്സരത്തിൽ അവസാനമായി സ്പെയിൻ ഹോം ഗൗണ്ടിൽ പരാജയപ്പെട്ടത് 2003ൽ ആയിരുന്നു. അവസാന 38 ഹോം മത്സരങ്ങളിലും സ്പെയിൻ പരാജയം അറിഞ്ഞിട്ടില്ല.

പുതിയ പരിശീലകൻ ലൂയിസ് എൻറികെയുടെ മികച്ച തുടക്കം കൂടിയായി ഇത്. എൻറികെയുടെ ആദ്യ മത്സരത്തിൽ സ്പെയിൻ ഇംഗ്ലണ്ടിനെയും തോൽപ്പിച്ചിരുന്നു.