ഗ്ലെൻ മക്ഗ്രാത്തിന്റെ അവസാന ടെസ്റ്റ് വിക്കറ്റ് ജെയിംസ് ആൻഡേഴ്സണിന്റെത് ആയിരുന്നു. മക്ഗ്രാത്തിന്റെ 563ആമത് ടെസ്റ്റ് വിക്കറ്റ്. അന്ന് ടെസ്റ്റ് കരിയറിൽ 50 വിക്കറ്റ് പോലും ആൻഡേഴ്സൺ നേടിയിട്ടുണ്ടായിരുന്നില്ല. വിരമിച്ചതിന് ശേഷം 11 വർഷങ്ങൾക്ക് മേൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ പേസറുടെ റെക്കോർഡ് കയ്യിൽ വെച്ചിരുന്നു മക്ഗ്രാത്ത്, ഇന്നലെ വരെ. ഇന്ന് ഇന്ത്യയുമായുള്ള അവസാന ടെസ്റ്റിന്റെ അവസാന സെഷനിൽ ഷാമിയുടെ വിക്കറ്റ് എടുക്കുമ്പോൾ ആൻഡേഴ്സൺ ഇത് വരെ ഒരു പേസ് ബൗളറും എത്തിപെടാത്ത മേഖലയിലേക്ക് കടന്നു.
പരമ്പര തുടങ്ങുന്നതിന് മുന്നേ തന്നെ പലരും ഉറ്റുനോക്കിയ ഒരു നേട്ടമാണ് ആൻഡേഴ്സണിന്റെത്. ബൗളിംഗ് ഇതിഹാസങ്ങൾ ആയ മക്ഗ്രാത്ത്, റിച്ചാർഡ് ഹാഡ്ലി, സ്‌റ്റെയ്ൻ, അക്രം, അംബ്രോസ് എന്നിവരോട് ഒക്കെ താരതമ്യം ചെയ്യാനുള്ള വിശേഷത ഒന്നും ആൻഡേഴ്സണിന്റെ ബൗളിംഗിന് ഇല്ലെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ് പറയാനാവില്ല. കാരണം ആൻഡേഴ്സസണ് ഇവരിൽ ചിലരെപ്പോലെ സ്ഥിരതയോ, മറ്റ് ചിലരെപ്പോലെ ബാറ്റ്സ്മാൻമാരെ ഭയചകിതരാക്കുന്ന വേഗതയോ ഇല്ലായിരുന്നു.
എന്നിരുന്നാലും വളരെ തന്ത്രശാലിയായ ഒരു ബൗളർ ആയിരുന്നു ആൻഡേഴ്സൺ. തന്റെ കുറവുകൾ മനസ്സിലാക്കി അതിനുള്ളിൽ നിന്ന് എറിയുന്ന ബൗളർ. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന ആൻഡേഴ്സൺ ലക്ഷ്യം വെച്ചതും ടെസ്റ്റിലെ ഇംഗ്ലീഷ് ആധിപത്യത്തിന് ചുക്കാൻ പിടിക്കാൻ ആയിരുന്നിരിക്കണം.
143 ടെസ്റ്റുകളിൽ നിന്നുമാണ് ആൻഡേഴ്സൺ ഈ നേട്ടം കൈവരിച്ചത്, ശരാശരി 26.84. പാകിസ്ഥാന് എതിരെയാണ് ആൻഡേഴ്സണിന്റെ ടെസ്റ്റിലെ ഏറ്റവും മികച്ച ബൗളിംഗ് ശരാശരി. 63 വിക്കറ്റുകൾ 18.58 ശരാശരിയിൽ. വെസ്റ്റ് ഇൻഡീസിനും, ശ്രീലങ്കയ്ക്കും, സിംബാബ്‌വെയ്ക്കും എതിരെ ശരാശരി 23ൽ താഴെയാണ്. ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് ഇന്ത്യയ്ക്ക് എതിരെ, 110. പിന്നെ ഓസ്ട്രേലിയക്ക് എതിരെ നേടിയ 104.
പക്ഷേ വിദേശ പിച്ചുകളിലെ പ്രകടനം അത്ര കണ്ട് മികച്ചതല്ലായിരുന്നു. സ്വന്ത നാട്ടിലും, യുഎഇലും, വെസ്റ്റ് ഇൻഡീസിലും ഒഴികെ വേറെ ഒരിടത്തും 30ൽ താഴെ ബൗളിംഗ് ശരാശരി ആൻഡേഴ്സണ് ഇല്ല. സൗത്ത് ആഫ്രിക്കയിലെ ശരാശരി 40ഉം, ഓസ്ട്രേലിയയിലേത് 35ഉമായിരുന്നു.
ഇംഗ്ലണ്ടിന്റെ അടുത്ത ടെസ്റ്റ് പരമ്പര ശ്രിലങ്കയോടാണ്, അത് കഴിഞ്ഞ് ലോകകപ്പിന് മുന്നേ ഉള്ള വെസ്റ്റിൻഡീസ് ടെസ്റ്റുകൾ. പിന്നെ ആഷസ് ആണ്. അത് തുടങ്ങുന്നത് അടുത്ത വർഷം ഒാഗസ്റ്റിലാണ്. ഇനിയൊരു ഇന്ത്യയുടെ പര്യടനത്തിന് ആൻഡേഴ്സൺ ഉണ്ടാവുമോ എന്ന് സംശയമാണ്. 36 വയസ് ആയിരിക്കുന്നു. ഒരു പക്ഷെ 600 ടെസ്റ്റ് വിക്കറ്റുകൾ അദ്ദേഹം നേടിയേക്കും. പക്ഷേ ചില നേട്ടങ്ങൾ കളിയിലെ ഏറ്റവും മികച്ചവന് കിട്ടില്ല എന്നത് പോലെ ടെസ്റ്റിലെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ കരസ്ഥമാക്കിയ പേസർ എന്ന നേട്ടവും ആൻഡേഴ്സണ് സ്വന്തം. കാരണം അദ്ദേഹത്തിന് സമകാലീനനായിരുന്ന സ്‌റ്റെയ്ൻ പോലും അദ്ദേഹത്തെക്കാൾ ബഹുദൂരം മുന്നിൽ ആയിരുന്നു. രണ്ടുപേരുടേയും സ്ട്രൈക്ക് റേറ്റ് മാത്രം നോക്കിയാലും മതി, സ്‌റ്റെയ്ൻ 42ഉം, ആൻഡേഴ്സൺ 55ഉം.