സെയിന്റ് ലൂസിയ സ്റ്റാര്‍സിനെ 21 റണ്‍സിനു പരാജയപ്പെടുത്തി ജമൈക്ക തല്ലാവാസ്. ടൂര്‍ണ്ണമെന്റിലെ 17ാം മത്സരത്തില്‍ റോവ്മന്‍ പവലിനൊപ്പം മറ്റു ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരും ഡേവിഡ് മില്ലറും റണ്‍സുമായി രംഗത്തെത്തിയപ്പോള്‍ ജമൈക്ക തല്ലാവാസിനു മികച്ച സ്കോര്‍ നേടാനാകുകയായിരുന്നു. 20 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് തല്ലാവാസ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സ്റ്റാര്‍സിനു 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 183 റണ്‍സ് മാത്രമേ നേടാനായുള്ളു. 64 റണ്‍സ് നേടിയ റോവ്മന്‍ പവല്‍ ആണ് കളിയിലെ താരം.
37 പന്തില്‍ നിന്ന് 5 സിക്സ് ഉള്‍പ്പെടെയായിരുന്നു പവലിന്റെ കരുത്താര്‍ന്ന ഇന്നിംഗ്സ്. ഡേവിഡ് മില്ലര്‍ 13 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയതോടെ തല്ലാവാസ് സ്കോര്‍ 200 കടക്കുകയായിരുന്നു. പുറത്താകാതെ നിന്ന മില്ലര്‍ 3 സിക്സ് നേടിയപ്പോള്‍ ജോണ്സണ് ചാള്‍സ്(34), കെന്നാര് ലൂയിസ്(33) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്കി. കെസ്രിക് വില്യംസ് മൂന്ന് വിക്കറ്റ് നേടി സ്റ്റാര്‍സിനു വേണ്ടി തിളങ്ങി.
ഡേവിഡ് വാര്‍ണര്‍(42), കീറണ്‍ പൊള്ളാര്‍ഡ്(46), ലെന്‍ഡല്‍ സിമ്മണ്‍(45) എന്നിവര്‍ കുറഞ്ഞ പന്തുകളില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ സ്റ്റാര്‍സ് ക്യാമ്പില്‍ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും തുടരെ വിക്കറ്റുകള്‍ വീണതാണ് ടീമിനു തിരിച്ചടിയായത്. മധ്യനിര തിളങ്ങിയെങ്കിലും ടോപ് ഓര്‍ഡറില്‍ നിന്ന് മികച്ച പ്രകടനം വരാത്തതും ടീമിനു തിരിച്ചടിയായി. ഒഷെയന്‍ തോമസ്, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി തല്ലാവാസിനു വേണ്ടി തിളങ്ങി.