സി കെ വിനീത് എന്ന കേരളത്തിൽ ഇപ്പോൾ ഏറ്റവും ആഘോഷിക്കപ്പെടുന്ന താരത്തിന്റെ ഇന്ത്യക്കായുള്ള അരങ്ങേറ്റത്തിന് ഇന്ന് അഞ്ചു വയസ്സ്. 2013 ഫെബ്രുവരി 6ന് ഫലസ്തീനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു സി കെ വിനീത് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. അന്ന് കൊച്ചിയിൽ വെച്ച നടന്ന മത്സരത്തിൽ 85ആം മിനുട്ടിൽ ക്ലിഫോർഡ് മിറാൻഡയ്ക്ക് പകരക്കാരനായാണ് സി കെ എത്തിയത്.
വിം കോവർമെൻ കോച്ചായിരുന്ന അന്ന് ഇന്ത്യ ഫലസ്തീനോട് 2-1ന് മുന്നിട്ടു നിന്ന ശേഷം 4-2ന് പരാജയപ്പെടുക ആയിരുന്നു. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുന്ന അറാറ്റ ഇസുമിയും അന്നായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. സി കെ വിനീതിന്റെ അരങ്ങേറ്റത്തിന് അഞ്ച് വയസ്സായെങ്കിൽ സി കെയ്ക്ക് ഇന്ത്യ ടീമിൽ ഇപ്പോഴും വിരലിൽ എണ്ണാവുന്ന മത്സരങ്ങളിലേ അവസരങ്ങൾ കിട്ടിയിട്ടുള്ളൂ.
കഴിഞ്ഞ സീസണിൽ ഐ ലീഗിലും ഐ എസ് എല്ലിലും ഇന്ത്യൻ ടോപ്പ് സ്കോറർ ആയിട്ടും നിലവിലെ ഇന്ത്യൻ കോച്ച് കോൺസ്റ്റന്റൈൻ വിനീതിനെ തഴയുക ആയിരുന്നു. ഈ സീസണിലും മികച്ച പ്രകടനം വിനീത് തുടരുന്നുണ്ട് എങ്കിലും മഞ്ഞ ജേഴ്സിയിൽ കാണിക്കുന്ന മാന്ത്രിക സ്പർശം ഇന്ത്യയുടെ നീല ജേഴ്സിയിൽ ആവർത്തിക്കാൻ കോൺസ്റ്റന്റൈൻ കോച്ചായി തുടരുന്ന കാലത്തോളം സി കെ വിനീതിന് ആകുമോ എന്ന സംശയം ഫുട്ബോൾ ആരാധകർക്ക് വിനീതിനെ സ്നേഹിക്കുന്നവർക്കും ഉണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial