2019 ഐപിഎല്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്തുവാനുള്ള സാധ്യത ആരാഞ്ഞ് ബിസിസിഐ. 2019ല്‍ ഐപിഎല്‍ തീയ്യതികളും പൊതു തിരഞ്ഞെടുപ്പ് തീയ്യതികളും കൂട്ടിമുട്ടുവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ബിസിസിഐ ഇന്ത്യയ്ക്ക് പുറത്ത് മത്സരങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. മുമ്പ് 2009ല്‍ സമാനമായ സ്ഥിതി വന്നപ്പോള്‍ ഐപിഎല്‍ ദക്ഷിണാഫ്രിക്കയിലാണ് നടത്തിയത്. 2014ല്‍ ആദ്യം കുറച്ച് മത്സരങ്ങള്‍ യുഎഇ യില്‍ നടത്തിയ ശേഷം പിന്നീട് ഇന്ത്യയിലേക്ക് മത്സരങ്ങള്‍ തിരികെ കൊണ്ടുവരികയായിരുന്നു.
ഔദ്യോഗികമായി അറിയിപ്പൊന്നുമില്ലെങ്കിലും യുഎഇയും ദക്ഷിണാഫ്രിക്കയും തന്നെയാണ് ഐപിഎല്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുവാന്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങള്‍. തിരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ഷനുകളുടെ തീയ്യതി പ്രഖ്യാപനം നടത്തിയ ശേഷം മാത്രമാവും ബിസിസിഐ ഇതിന്മേല് നടപടികള്‍ ആരംഭിക്കുക. 2019ല്‍ ദക്ഷിണാഫ്രിക്കയിലും പൊതു തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതും യുഎഇയ്ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ് വിലയിരുത്തല്‍.
പതിവിനു വിപരീതമായി മാര്‍ച്ച് മധ്യത്തോടെ ടൂര്‍ണ്ണമെന്റ് ആരംഭിക്കുവാനും സാധ്യത ഏറെയാണ്. ലോധ കമ്മീഷന് നിര്‍ദ്ദേശ പ്രകാരമാണിത്. 2019ല്‍ ഐപിഎലിനും ലോകകപ്പിനും തമ്മില്‍ 15 ദിവസത്തെ ഇടവേള ഉണ്ടായിരിക്കണമെന്നാണ് ലോധ കമ്മീഷന് നിര്‍ദ്ദേശം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial