ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തിൽ നമീബിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യ നേടിയത് 209 റൺസ്. ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. ഇന്ത്യയ്ക്ക് ലഭിച്ച തുടക്കം പരിഗണിക്കുമ്പോള്‍ നമീബിയി മികച്ച ബൗളിംഗ് പ്രകടനം മത്സരത്തിൽ നടത്തി തിരികെ വരികയായിരുന്നു. ഹാര്‍ദ്ദിക്കിന്റെ ബാറ്റിംഗാണ് പിന്നീട് ടീമിനെ 200 കടക്കുവാന്‍ സഹായിച്ചത്.
സഞ്ജു മികച്ച തുടക്കമാണ് നേടിയതെങ്കിലും അത് വലിയ സ്കോറിലേക്ക് മാറ്റുവാന്‍ താരത്തിനായില്ല. 8 പന്തിൽ 22 റൺസാണ് സഞ്ജു സാംസൺ നേടിയത്. ഒന്നാം വിക്കറ്റിൽ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 25 റൺസ് നേടിയപ്പോള്‍ അതിൽ 22 റൺസും സഞ്ജുവിന്റെ സംഭാവന ആയിരുന്നു.
ഇഷാന്‍ കിഷന്‍ 24 പന്തിൽ നിന്ന് 61 റൺസ് നേടി പുറത്താകുമ്പോള്‍ ഇന്ത്യ നൂറ് കടന്നിരുന്നു. അവിടെ നിന്ന് തിലക് വര്‍മ്മയെയും (25), സൂര്യകുമാര്‍ യാദവിനെയും നഷ്ടമായ ഇന്ത്യ 124/4 എന്ന നിലയിലേക്ക് വീണു.
പിന്നീട് ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബേയും ചേര്‍ന്ന് ഇന്ത്യയെ അഞ്ചാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ടിലൂടെ 209 റൺസിലേക്ക് എത്തിച്ചു. 81 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ഹാര്‍ദ്ദിക് 28 പന്തിൽ 52 റൺസാണ് അതിവേഗത്തിൽ നേടിയത്. ഹാര്‍ദ്ദിക് പുറത്താകുമ്പോള്‍ ഇന്ത്യ 205/5 എന്ന നിലയിലായിരുന്നു. അടുത്ത നാല് റൺസ് നേടുന്നതിനിടെ ഇന്ത്യയ്ക്ക് 4 വിക്കറ്റാണ് നഷ്ടമായത്.
ശിവം ദുബേ 26 റൺസ് നേടി പുറത്തായി. നമീബിയയ്ക്ക് വേണ്ടി ഗെര്‍ഹാര്‍ഡ് എറാസ്മസ് 4 വിക്കറ്റ് നേടി.









![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)