പ്രീമിയർ ലീഗിലെ ആവേശകരമായ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ആസ്റ്റൺ വില്ല തകർപ്പൻ വിജയം സ്വന്തമാക്കി. വില്ല പാർക്കിൽ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ മോർഗൻ റോജേഴ്സാണ് വില്ലയുടെ വിജയശിൽപ്പി. തുടർച്ചയായ ഏഴാം ജയത്തോടെ 36 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനം ഉറപ്പിക്കാൻ ഉനായ് എമറിയുടെ ടീമിന് സാധിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി മത്തേവൂസ് കുഞ്ഞ്യ ഒരു ഗോൾ മടക്കിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല.
ആദ്യ പകുതിയുടെ അവസാന നിമിഷം ജോൺ മക്ഗിന്നിന്റെ പാസിൽ നിന്ന് റോജേഴ്സാണ് വില്ലയെ മുന്നിലെത്തിച്ചത്. എന്നാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ മത്തേവൂസ് കുഞ്ഞ്യയിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ 57-ാം മിനിറ്റിൽ ഒല്ലി വാട്ട്കിൻസിന്റെ അസിസ്റ്റിൽ നിന്ന് റോജേഴ്സ് തന്റെ രണ്ടാം ഗോൾ നേടി വില്ലയ്ക്ക് വീണ്ടും ലീഡ് നൽകി.
തിരിച്ചടിക്കാൻ യുണൈറ്റഡ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും എമിലിയാനോ മാർട്ടിനെസിന്റെ മികച്ച സേവുകളും വില്ലയുടെ കരുത്തുറ്റ പ്രതിരോധവും അവർക്ക് തടസ്സമായി. തോൽവിയോടെ റൂബൻ അമോറിമിന് കീഴിലിറങ്ങിയ യുണൈറ്റഡ് 26 പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ്.









