ദുബായിൽ നടന്ന എസിസി അണ്ടർ-19 ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയെ 191 റൺസിന് തകർത്ത് പാകിസ്താൻ കിരീടം ചൂടി. പാകിസ്താൻ ഉയർത്തിയ 348 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 26.2 ഓവറിൽ 156 റൺസിന് പുറത്തായി. സമീർ മിൻഹാസിന്റെ തകർപ്പൻ സെഞ്ച്വറിയും (172) അലി റാസയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് പാകിസ്താന്റെ വിജയം അനായാസമാക്കിയത്.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ തീരുമാനം പിഴയ്ക്കുന്നതാണ് മൈതാനത്ത് കണ്ടത്. പാകിസ്താൻ ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടികൾ നേരിട്ടു. വൈഭവ് സൂര്യവംശി (10 പന്തിൽ 26), മലയാളി താരം ആരോൺ ജോർജ് (9 പന്തിൽ 16) എന്നിവർ വേഗത്തിൽ റൺസ് ഉയർത്താൻ ശ്രമിച്ചെങ്കിലും അലി റാസയുടെയും മുഹമ്മദ് സയ്യാമിന്റെയും ബൗളിംഗിന് മുന്നിൽ ഇന്ത്യൻ മുൻനിര തകർന്നു. 4.1 ഓവറിൽ 49 റൺസിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ പതറി.
മധ്യനിരയിൽ വിഹാൻ മൽഹോത്ര (7), അഭിഗ്യാൻ കുണ്ടു (13) എന്നിവർക്കും തിളങ്ങാനായില്ല. ഒരു ഘട്ടത്തിൽ 120 റൺസിന് 9 വിക്കറ്റ് എന്ന നിലയിലായിരുന്ന ഇന്ത്യയെ അവസാന വിക്കറ്റിൽ ദീപേഷ് ദേവേന്ദ്രന്റെ (16 പന്തിൽ 36) വെടിക്കെട്ട് ബാറ്റിംഗാണ് 150 കടത്തിയത്. പാകിസ്താനായി അലി റാസ 42 റൺസിന് 4 വിക്കറ്റുകൾ വീഴ്ത്തി.
- പാകിസ്താൻ: 347/8 (50 ഓവർ) – സമീർ മിൻഹാസ് (172)
- ഇന്ത്യ: 156 (26.2 ഓവർ) – ദീപേഷ് ദേവേന്ദ്രൻ (36), അലി റാസ (4/42)









