അഡ്‌ലെയ്ഡിൽ ആഷസ് കിരീടം നിലനിർത്തിയതിന്റെ ആവേശത്തിനിടയിലും മെൽബണിൽ നടക്കാനിരിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിന് മുൻപ് ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടി. പരിക്കും ജോലിഭാരവും പരിഗണിച്ച് പ്രമുഖ താരങ്ങളായ നഥാൻ ലിയോണും ക്യാപ്റ്റൻ പാറ്റ് കമ്മിൻസും അടുത്ത മത്സരത്തിൽ കളിക്കില്ലെന്ന് ഏകദേശം ഉറപ്പായി.
അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ അവസാന ദിനം ഹാംസ്ട്രിംഗിന് പരിക്കേറ്റ ലിയോൺ നിലവിൽ ക്രച്ചസിന്റെ സഹായത്തോടെയാണ് നടക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ താരം സുഖം പ്രാപിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. പരിക്കിൽ നിന്ന് മോചിതനായി വരികയായിരുന്ന പാറ്റ് കമ്മിൻസ്, സിഡ്‌നിയിലെ അവസാന മത്സരത്തിന് മുന്നോടിയായി വിശ്രമം അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇരുവരുടെയും അഭാവത്തിൽ, അസുഖം കാരണം കഴിഞ്ഞ മത്സരം നഷ്ടമായ സ്റ്റീവ് സ്മിത്ത് ടീമിലേക്ക് തിരിച്ചെത്തുകയും നായകസ്ഥാനം ഏറ്റെടുക്കുകയും ചെയ്യും. പരമ്പരയിൽ ഇതിനോടകം 3-0 ന് മുന്നിലുള്ള ഓസീസിന് സ്മിത്തിന്റെ നേതൃത്വത്തിൽ മെൽബണിലും ആധിപത്യം തുടരാനാകുമെന്നാണ് വിലയിരുത്തൽ.









