തന്റെ 27-ാം ജന്മദിനം റെക്കോർഡ് നേട്ടത്തോടെ ആഘോഷമാക്കി ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. ലാ ലിഗയിൽ സെവിയ്യക്കെതിരെ നടന്ന മത്സരത്തിൽ ഗോൾ നേടിയതോടെ, ഒരു കലണ്ടർ വർഷം റയൽ മാഡ്രിഡിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമാണ് എംബാപ്പെ എത്തിയത്.

2013-ൽ റൊണാൾഡോ നേടിയ 59 ഗോളുകൾ എന്ന നാഴികക്കല്ലാണ് 2025-ലെ തന്റെ 59-ാം മത്സരത്തിൽ എംബാപ്പെ മറികടന്നത്. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ സെവിയ്യയെ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 86-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് എംബാപ്പെ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഗോൾ നേട്ടത്തിന് ശേഷം തന്റെ ആരാധ്യപുരുഷനായ റൊണാൾഡോയുടെ ഐതിഹാസികമായ ‘സി യു’ (Siu) സെലിബ്രേഷൻ അനുകരിച്ചാണ് താരം ഈ നേട്ടം ആഘോഷിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ജൂഡ് ബെല്ലിംഗ്ഹാമാണ് റയലിന്റെ ആദ്യ ഗോൾ നേടിയത്.
കളിയിലുടനീളം ആധിപത്യം പുലർത്തിയ റയലിന് മുന്നിൽ 68-ാം മിനിറ്റിൽ മാർക്കാവോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് സെവിയ്യയ്ക്ക് തിരിച്ചടിയായി. ഈ വിജയത്തോടെ 42 പോയിന്റുമായി റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് തൊട്ടുപിന്നിലെത്തി.









