ഐഎൽടി20-യിൽ കിരീടം ലക്ഷ്യമിടുന്ന ഡെസേർട്ട് വൈപ്പേഴ്‌സിന് വൻ തിരിച്ചടി. വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് ബാറ്റർ ഷിമ്രോൺ ഹെറ്റ്‌മെയർ പരിക്കിനെത്തുടർന്ന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായി. കഴിഞ്ഞ ദിവസം അബുദാബി നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെയേറ്റ പേശീവലിവാണ് (Hamstring injury) താരത്തിന് വിനയായത്.
ഈ സീസണിൽ കളിച്ച ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 111 റൺസ് മാത്രമാണ് ഹെറ്റ്‌മെയർ നേടിയതെങ്കിലും, 160.86 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റ് അദ്ദേഹത്തിന്റെ സാന്നിധ്യം എത്രത്തോളം നിർണ്ണായകമാണെന്ന് തെളിയിക്കുന്നതായിരുന്നു. ഏഴ് മത്സരങ്ങളിൽ ആറ് വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള വൈപ്പേഴ്‌സിന് ഹെറ്റ്‌മെയറുടെ അഭാവം വലിയ നഷ്ടമാണ്.
ഹെറ്റ്‌മെയർക്ക് പകരക്കാരനായി ഇംഗ്ലണ്ടിന്റെ മുൻ ഓപ്പണർ ജേസൺ റോയിയെ വൈപ്പേഴ്‌സ് ടീമിലെത്തിച്ചു. നേപ്പാൾ പ്രീമിയർ ലീഗിലും അബുദാബി ടി10 ലീഗിലും കളിച്ച ശേഷമാണ് റോയ് എത്തുന്നത്. ഐഎൽടി20-യിൽ മുൻപ് അബുദാബി നൈറ്റ് റൈഡേഴ്‌സിനും ഷാർജ വാരിയേഴ്‌സിനും വേണ്ടി കളിച്ച പരിചയസമ്പത്ത് റോയിക്കുണ്ട്.









