ക്രിസ്മസ് ഇടവേളയ്ക്ക് മുൻപുള്ള നിർണ്ണായക ലാലിഗ പോരാട്ടത്തിൽ ബാഴ്‌സലോണ ഇന്ന് (ഡിസംബർ 21) മൂന്നാം സ്ഥാനത്തുള്ള വിയ്യാറയലിനെ നേരിടും. പരിക്കിനെത്തുടർന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് മാറിനിന്ന സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ടീമിലേക്ക് തിരിച്ചെത്തുന്നത് ബാഴ്‌സയ്ക്ക് വലിയ ആശ്വാസമാണ്. എന്നാൽ, മധ്യനിരയിലെ കരുത്തനായ പെഡ്രിക്ക് പേശീവലിവ് (Hamstring injury) അനുഭവപ്പെട്ടതിനെത്തുടർന്ന് ഈ മത്സരത്തിൽ കളിക്കാനാവില്ല.
പെഡ്രിയുടെ അഭാവത്തിൽ കോച്ച് ഹാൻസി ഫ്ലിക്ക് നിരാശ പ്രകടിപ്പിച്ചു. വിയ്യാറയലിനെതിരെ പെഡ്രിയെ കളിപ്പിക്കുന്നത് വലിയ റിസ്ക് ആയിരിക്കുമെന്നും അങ്ങനെ ചെയ്താൽ താരം രണ്ട് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നും ഫ്ലിക്ക് പറഞ്ഞു. ജനുവരിയിൽ നടക്കാനിരിക്കുന്ന എസ്‌പാന്യോളിനെതിരായ ഡെർബി മത്സരത്തിലും സ്പാനിഷ് സൂപ്പർ കപ്പിലും പെഡ്രിയുടെ സേവനം ഉറപ്പാക്കാനാണ് താരം ഇപ്പോൾ വിശ്രമിക്കുന്നത്.
2025-ൽ ലാലിഗ, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവ നേടിയ ബാഴ്‌സലോണ, ഈ വർഷം തുടർച്ചയായ ഏഴാം വിജയത്തോടെ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.









