ഈ സീസണിൽ പരിക്കുകൾ വിടാതെ പിന്തുടരുന്ന ആഴ്സണൽ കഷ്ടകാലം അവസാനിക്കുന്നില്ല. നേരത്തെ സീസൺ തുടക്കത്തിൽ മുന്നേറ്റത്തിൽ വലിയ പരിക്കുകൾ വേട്ടയാടിയ അവരെ ഇപ്പോൾ പ്രതിരോധത്തിലെ പരിക്കുകൾ ആണ് വേട്ടയാടുന്നത്. ഇതിനകം തന്നെ ഗബ്രിയേൽ, സലിബ എന്നിവരെ പരിക്ക് കാരണം നഷ്ടമായ ആഴ്സണലിന് ഇത്തവണ 21 കാരനായ സ്പാനിഷ് താരം ക്രിസ്റ്റിയൻ മൊസ്ക്വെരയെയും പരിക്ക് കാരണം നഷ്ടമായി. ബ്രന്റ്ഫോർഡിനു എതിരെയുള്ള മത്സരത്തിൽ ആദ്യ പകുതിയിൽ ആണ് താരത്തിന് കാലിന്റെ ആങ്കിളിനു പരിക്കേറ്റത്.
തുടർന്ന് നടത്തിയ ടെസ്റ്റുകൾ നല്ല സൂചനയല്ല നൽകുന്നത്. ഇനിയും ടെസ്റ്റുകൾ ബാക്കിയുണ്ടെങ്കിലും താരത്തിന് 6 മുതൽ 8 ആഴ്ച വരെ പുറത്ത് ഇരിക്കേണ്ടി വരും എന്നാണ് ആഴ്സണൽ ഭയക്കുന്നത്. ഇതോടെ ഡിസംബറിലെ വിശ്രമം ഇല്ലാത്ത കടുത്ത മത്സരങ്ങൾക്ക് മുമ്പ് ആഴ്സണലിന് ഇത് കനത്ത തിരിച്ചടി ആവും. ഗബ്രിയേൽ പരിക്കിൽ നിന്ന് തിരിച്ചു വരാൻ ഇനിയും സമയം എടുക്കും എങ്കിലും വില്യം സലിബ ഉടൻ മടങ്ങിയെത്തും എന്നാണ് ആഴ്സണൽ പ്രതീക്ഷിക്കുന്നത്. ഇന്ന് ആസ്റ്റൺ വില്ലക്ക് എതിരെയാണ് ആഴ്സണലിന്റെ അടുത്ത മത്സരം.