കണ്ണൂര്‍: സൂപ്പർ ലീഗ് കേരളയിൽ ചരിത്രം കുറിച്ച് കണ്ണൂര്‍ വാരിയേഴ്സ് എഫ്സി മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ്. സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായി രണ്ട് തവണ സെമി ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യപരിശീലകനായി മാനുവല്‍ സാഞ്ചസ്. സൂപ്പര്‍ ലീഗിന്റെ ആദ്യ സീസിണില്‍ കണ്ണൂര്‍ വാരിയേഴ്സിനെ പരിശീലിപ്പിച്ച മാനുവല്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും സെമിയില്‍ ഫോഴ്സ കൊച്ചിയോട് പരാജയപ്പെട്ടു. ടീം മൂന്നാം സ്ഥാനം സ്വന്തമാക്കി. രണ്ടാം സീസണിലും ടീമിനെ സെമി ഫൈനലിലേക്ക് എത്തിക്കാന്‍ മാനുവലിന് സാധിച്ചു. ഡിസംബര്‍ 10 ന് നടക്കുന്ന രണ്ടാം സെമിയില്‍ കാലിക്കറ്റ് എഫ്സിയാണ് കണ്ണൂരിന്റെ എതിരാളി.
സൂപ്പര്‍ ലീഗ് കേരളത്തില്‍ തുടര്‍ച്ചയായി സെമിഫൈനലില്‍ എത്തുന്ന ആദ്യ പരിശീലകന് ആയതില്‍ സന്തോഷമുണ്ട്്, പക്ഷേ യഥാര്‍ത്ഥ ക്രെഡിറ്റ് എന്റെ കളിക്കാര്‍ക്കും സപ്പോര്ട്ടിംങ് സ്റ്റാഫിനും ഉള്ളതാണ്. ഈ യാത്ര മുഴുവന്‍ കണ്ണൂര്‍ വാരിയേഴ്സ് കുടുംബത്തിനും അവകാശപ്പെട്ടതാണ് എന്ന് കണ്ണൂര്‍ വാരിയേഴ്സ് എഫ്സി മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് പറഞ്ഞു.
സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണില്‍ നിലനിര്‍ത്തിയ ഏക വിദേശ പരിശീലകനും മാനുവല്‍ സാഞ്ചസായിരുന്നു. റേസിംഗ് ഫെറോള്‍ എന്ന് സ്പെയിനിലെ മൂന്നാം ഡിവിഷന് ക്ലബില്‍ നിന്ന് കളി ആരംഭിച്ച മാനുവല്‍ ലാലീഗ ക്ലബ് സെല്‍റ്റ ഡെ വിഗോ, ഒസാസുന എന്നീ പ്രമുഖ ക്ലബുകള്‍ക്കായി ബൂട്ടുകെട്ടി. 2009 ലാണ് സാഞ്ചസ് പരിശീലകനാകുന്നത്. സ്പോര്‍ട്ടിംഗ് ഗിജോണ്‍, സ്പോര്‍ട്ടിംഗ് ഗിജോണ്‍ ബി, കൂടാതെ രണ്ടാം ഡിവിഷന് ക്ലബ്ബായ റിയല്‍ അവില എന്നീ ടീമുകളെ പരിശീലിപ്പികുകയും ചെയ്തു.