എഐഎഫ്എഫ് സൂപ്പർ കപ്പ് 2025-26 സെമി ഫൈനലിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ 2-1 ന്റെ ആവേശകരമായ വിജയം നേടി എഫ്‌സി ഗോവ ഫൈനലിൽ പ്രവേശിച്ചു. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന ഫൈനലിൽ ഈസ്റ്റ് ബംഗാളിനെയാകും ഗോവ നേരിടുക.
20-ാം മിനിറ്റിൽ ബ്രിസൺ ഫെർണാണ്ടസും മൂന്ന് മിനിറ്റിന് ശേഷം ഡേവിഡ് ടിമോറും നേടിയ ഗോളുകൾ ഗോവയെ മുന്നിലെത്തിച്ചു. മുംബൈയുടെ പ്രതിരോധ പിഴവുകൾ മുതലെടുത്താണ് ഗോവ ഗോളുകൾ നേടിയത്.
രണ്ടാം പകുതിയിൽ മുംബൈ സിറ്റി ശക്തമായി തിരിച്ചുവന്നു. ലാലിയൻസുവാല ചാങ്‌തെ ഒരു പെനാൽറ്റി പാഴാക്കിയെങ്കിലും 59-ാം മിനിറ്റിൽ ബ്രണ്ടൻ ഫെർണാണ്ടസിലൂടെ അവർ ഒരു ഗോൾ മടക്കി. എന്നാൽ ഗോൾകീപ്പർ ഹൃതിക് തിവാരി നിർണായകമായ സേവുകൾ നടത്തി ഗോവയുടെ ലീഡ് നിലനിർത്തി. ഇത് എഫ്‌സി ഗോവയുടെ തുടർച്ചയായ മൂന്നാമത്തെ സൂപ്പർ കപ്പ് ഫൈനൽ പ്രവേശനമാണ്.
ഡിസംബർ 7-ന് ആകും ഫൈനൽ നടക്കുക. പഞ്ചാബ് എഫ്‌സിയെ 3-1ന് തോൽപ്പിച്ചാണ് ഈസ്റ്റ് ബംഗാൾ ഫൈനലിലെത്തിയത്.