സൂപ്പർ ലീഗ് കേരള; കൊച്ചിയെ തകർത്ത് മലപ്പുറം സെമിയിൽ

Newsroom

Picsart 25 12 04 22 35 41 663
Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: അടിക്ക് തിരിച്ചടി! രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം നാല് ഗോളുകൾ തിരിച്ചടിച്ച് എഎഫ്സിയുടെ സൂപ്പർ കംബാക്ക്. സൂപ്പർ ലീഗ് കേരളയിൽ സെമിയിലെത്താൻ ഒരു സമനില മാത്രം മതിയെന്നിരിക്കെ തോൽവിയിലേക്ക് പോകുമെന്ന് തോന്നിച്ച നിമിഷം. പിന്നീടങ്ങോട്ട് ഒത്തൊരുമിച്ച് കളിച്ച മലപ്പുറം കെന്നഡിയുടെ എണ്ണം പറഞ്ഞ മൂന്ന് ഗോളുകളിൽ മൂന്നിലെത്തി. നാലാം ഗോൾ ഇഷാൻ പണ്ഡിതയും നേടി. കൊച്ചിക്ക് വേണ്ടി അബിത്ത്, റൊമാരിയോ എന്നിവരാണ് ഗോളുകൾ നേടിയത്. ഡിസംബർ 7ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സെമി-ഫൈനലിൽ തൃശ്ശൂർ മാജിക്കാണ് എംഎഫ്സിയുടെ എതിരാളികൾ.

1000364867

സ്റ്റാർട്ടിംഗ് ലൈനപിൽ കൊച്ചിക്കെതിരെ മുഴുവൻ മലയാളി താരങ്ങളാണ് പ്രതിരോധത്തിൽ അണിനിരന്നത്. ഗോൾകീപ്പറായി മുഹമ്മദ് ജെസീനും പ്രതിരോധ നിരയിൽ ഹക്കു,ഇർഷാദ്, സഞ്ജു,ടോണി എന്നിവരും മധ്യനിരയിൽ ഫസ്‌ലു, ബദ്ർ,ഐറ്റർ,റിഷാദ് മുന്നേറ്റത്തിൽ ഫോർസി, കെന്നഡി എന്നിവരെ അണിനിരത്തി 4-4-2 ഫോർമേഷനിലാണ് മലപ്പുറം കളത്തിലിറങ്ങിയത്.

സ്ട്രൈക്കർ ജോൺ കെന്നഡിയുടെ ഒറ്റയാൾ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. പോസ്റ്റിലേക്ക് ഷോട്ടുതിർത്തെങ്കിലും പന്ത് പുറത്തേക്കാണ് പോയത്. തൊട്ടടുത്ത നിമിഷം കൊച്ചി താരം അബിത്ത് എടുത്ത കിക്ക് ഡിഫൻഡർ ഇർഷാദിൻറെ കാലിൽ തട്ടി അപ്രതീക്ഷിതമായി ഗോളായി മാറി. പൊസിഷൻ മാറി നിന്നിരുന്ന കീപ്പർ ജെസീന് പന്ത് തടുക്കാൻ കഴിഞ്ഞില്ല. പിന്നീട് ഇർഷാദ് നൽകിയ ക്രോസിൽ കെന്നഡി തല വെച്ചെങ്കിലും പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി. 26ാം മിനിറ്റിൽ മലപ്പുറത്തിൻറെ പ്രതിരോധ പിഴവിൽ നിന്നും കൊച്ചി രണ്ടാം ഗോളും നേടി. തൊട്ടടുത്ത നിമിഷം തന്നെ ഫസ്ലുവിൻറെ അസിസ്റ്റിൽ കെന്നഡി ഒരു ഗോൾ മടക്കി. മലപ്പുറത്തിൻറെ തുടർച്ചയായ അക്രമണങ്ങൾ ലക്ഷ്യം കണ്ട നിമിഷമായിരുന്നു അത്. 38ാം മിനിറ്റിൽ പരിക്കിനെ തുടർന്ന് പുറത്ത് പോയ റിഷാദിന് പകരം അഭിജിത് കളത്തിലിറങ്ങി. ആദ്യ പകുതിയുടെ അധിക സമയത്ത് ജോൺ കെന്നഡിയിലൂടെ മലപ്പുറം രണ്ടാം ഗോളും നേടി മത്സരം സമനിലയിലേക്കെത്തിച്ചു.

കെന്നഡിയുടെ മനോഹരമായ ഹാട്രിക്ക് ഗോളോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. മത്സരത്തിൽ മലപ്പുറം മുന്നിലെത്തിയ നിമിഷം. 3-2,തുടർന്നും അക്രമണ ഫുട്ബോൾ കാഴ്ചവെച്ച മലപ്പുറം പല തവണ കൊച്ചിയുടെ ബോക്സിൽ അപകടാവസ്ഥ ഉണ്ടാക്കിയിരുന്നു. അറുപതിയേഴാം മിനിറ്റിൽ കെന്നഡിക്ക് പകരം റോയ് കൃഷ്‌ണയും എൽഫോർസിക്ക് പകരം ഫകുണ്ടോയും മൈതാനത്തിറങ്ങി. 88ാം മിനിറ്റിൽ ഇഷാൻ പണ്ഡിതയിലൂടെ നാലാം ഗോളും നേടി മലപ്പുറം തിരിച്ചുവരവ് പൂർണ്ണമാക്കി,4-2.