ഹൈദരാബാദ്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ ഹൈദരാബാദിനെതിരെ ഉജ്ജ്വല പ്രകടനം കാഴ്ച വച്ച് കേരളത്തിൻ്റെ യുവതാരങ്ങൾ. 351 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ഒൻപത് വിക്കറ്റിന് 245 റൺസെടുത്ത് നില്ക്കെ വെളിച്ചക്കുറവിനെ തുടർന്ന് മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 114 റൺസിൻ്റെ ലീഡ് വഴങ്ങിയ ശേഷമാണ് കേരളം ശക്തമായി തിരിച്ചു വന്നത്. തുടർന്ന് ഏഴ് വിക്കറ്റിന് 464 റൺസെന്ന നിലയിൽ കേരളം രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
സെഞ്ച്വറിക്കൊപ്പം അഞ്ച് വിക്കറ്റ് നേട്ടവുമായി ജോബിൻ ജോബി. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറിയെന്ന അപൂർവ്വ നേട്ടവുമായി ക്യാപ്റ്റൻ മാനവ് കൃഷ്ണയും. അവസാന ദിവസം കേരളത്തിൻ്റെ സമ്പൂർണ്ണ ആധിപത്യത്തിലായിരുന്നു മത്സരം. അർഹിച്ച വിജയം തന്നെയാണ് വെളിച്ചക്കുറവിനെ തുടർന്ന് കേരളത്തിന് നഷ്ടമായത്. നാല് വിക്കറ്റിന് 322 റൺസെന്ന നിലയിലായിരുന്നു അവസാന ദിവസം കേരളം ബാറ്റിങ് തുടങ്ങിയത്. മികച്ച രീതിയിൽ ബാറ്റു വീശിയ ജോബിനും മാനവും ചേർന്ന് അനായാസം സ്കോർ മുന്നോട്ട് നീക്കി. സ്കോർ 412ൽ നില്ക്കെ 163 റൺസെടുത്ത ജോബിൻ പുറത്തായി. 315 പന്തുകളിൽ നിന്ന് 16 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ജോബിൻ്റെ ഇന്നിങ്സ്. മാനവിനൊപ്പം 213 റൺസാണ് അഞ്ചാം വിക്കറ്റിൽ ജോബിൻ കൂട്ടിച്ചേർത്തത്. മറുവശത്ത് തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ മാനവ് കൃഷ്ണ 173 പന്തുകളിൽ നിന്ന് 12 ബൗണ്ടറിയും മൂന്ന് സിക്സുമടക്കം 144 റൺസെടുത്തു. മാധവ് കൃഷ്ണ 19 റൺസുമായി പുറത്താകാതെ നിന്നു. കേരളം ഏഴ് വിക്കറ്റിന് 464 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഹൈദരാബാദിന് വേണ്ടി രാഹുൽ കാർത്തികേയ, വാഫി കച്ഛി, യഷ് വീർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
351 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്കിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ആരോൺ ജോർജും വാഫി കച്ഛിയും ചേർന്ന് 134 പന്തുകളിൽ 135 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 81 റൺസെടുത്ത ആരോണിനെ പുറത്താക്കി ഹൃഷികേശ് കേരളത്തിന് വഴിത്തിരിവ് സമ്മാനിച്ചു. തുടർന്ന് കേരള ബൗളർമാർ പിടിമുറുക്കിയതോടെ ഹൈദരാബാദിൻ്റെ വിക്കറ്റുകൾ തുടരെ വീണു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജോബിൻ ജോബിയുടെ പ്രകടനമാണ് ഹൈദരാബാദിൻ്റെ മധ്യനിരയെ തകർത്തത്. ഹൃഷികേശ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഒടുവിൽ ഒരറ്റത്ത് ഉറച്ച് നിന്ന വാഫി കച്ഛിയെയും പുറത്താക്കി കേരളം വിജയത്തിലേക്ക് മുന്നേറുമ്പോഴാണ് വെളിച്ചക്കുറവ് ഹൈദരാബാദിൻ്റെ രക്ഷകനായി എത്തിയത്. 130 റൺസെടുത്താണ് വാഫി കച്ഛി പുറത്തായത്.