ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് ബ്രിസ്ബെയ്നിലെ ഗാബയിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനം ചരിത്രം കുറിച്ചു. ഹാരി ബ്രൂക്കിനെ പുറത്താക്കിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇടംകൈയ്യൻ ഫാസ്റ്റ് ബൗളർ നേടുന്ന ഏറ്റവും കൂടുതൽ വിക്കറ്റുകൾ എന്ന റെക്കോർഡ് സ്റ്റാർക്കിന് സ്വന്തമായി. പാകിസ്ഥാൻ ഇതിഹാസം വസീം അക്രത്തിന്റെ 414 വിക്കറ്റുകളുടെ റെക്കോർഡാണ് താരം മറികടന്നത്. സ്റ്റാർക്കിന്റെ ടെസ്റ്റ് വിക്കറ്റുകളുടെ എണ്ണം ഇതോടെ 415 ആയി.
പിങ്ക് ബോൾ മത്സരത്തിൽ, ബെൻ ഡക്കറ്റ്, ഓലി പോപ്പ് എന്നിവരെ പൂജ്യത്തിന് പുറത്താക്കി സ്റ്റാർക്ക് അക്രത്തിന്റെ റെക്കോർഡിനൊപ്പമെത്തിയിരുന്നു. തുടർന്ന് ഹാരി ബ്രൂക്കിനെ വീഴ്ത്തി റെക്കോർഡ് തകർത്തു. തുടർച്ചയായ നാലാമത്തെ ടെസ്റ്റിലാണ് സ്റ്റാർക്ക് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടുന്നത്. ഡേ-നൈറ്റ് ടെസ്റ്റുകളിൽ 18-ൽ താഴെ ശരാശരിയിൽ 80-ൽ അധികം വിക്കറ്റുകൾ നേടിയ സ്റ്റാർക്ക് ‘പിങ്ക് ബോൾ മാസ്ട്രോ’ എന്ന തന്റെ സ്ഥാനം ഉറപ്പിച്ചു.
104 മത്സരങ്ങൾ വേണ്ടിവന്ന വസീം അക്രത്തിനെക്കാൾ വേഗത്തിൽ 102 ടെസ്റ്റുകളിൽ നിന്നാണ് സ്റ്റാർക്ക് ഈ നേട്ടം കൈവരിച്ചത്.