മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 15 വയസ്സുകാരനായ യുവതാരം ഗബ്രിയേലിനെ സ്വന്തമാക്കാൻ ബാഴ്സലോണ ശക്തമായി രംഗത്ത്. ഈ സീസണിൽ അണ്ടർ-18 മത്സരങ്ങളിൽ 10 കളികളിൽ നിന്ന് 10 ഗോളുകൾ നേടിയ ഗബ്രിയേൽ യുണൈറ്റഡ് ഭാവി വാഗ്ദാനമായാണ് കാണുന്നത്. ഇംഗ്ലണ്ട് അണ്ടർ-16 താരമായ ഗബ്രിയേൽ, യുണൈറ്റഡ് ലിവർപൂളിനെ 7-0 ന് തകർത്ത മത്സരത്തിൽ ഹാട്രിക് നേടി യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച യുവപ്രതിഭകളിൽ ഒരാളായി സ്വയം അടയാളപ്പെടുത്തിയിരുന്നു.
ഗബ്രിയേലിനെ ക്ലബ്ബിൽ നിലനിർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശക്തമായി ശ്രമിക്കുന്നുണ്ട്. ഫുട്ബോൾ ഡയറക്ടർ ജേസൺ വിൽകോക്സ്, ഈ സീസണിലും അടുത്ത സീസണിലും ക്ലബ്ബിൽ തുടരാൻ ഗബ്രിയേലിനെയും കുടുംബത്തെയും സമ്മതിപ്പിച്ചതായാണ് വിവരങ്ങൾ.
പരിശീലകൻ റൂബൻ അമോറിം ഗബ്രിയേലുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ ഫസ്റ്റ് ടീം പരിശീലനത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. അമോറിമിന്റെ കീഴിൽ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്ലബ്ബിന്റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്.
ബാഴ്സലോണയുടെ ‘ലാ മാസിയ’ അക്കാദമി ഒരു ആകർഷണമാണെങ്കിലും, സീനിയർ ടീമിലേക്ക് പെട്ടെന്ന് എത്താമെന്ന യുണൈറ്റഡിന്റെ ഓഫർ താരത്തെ ക്ലബ്ബിൽ നിലനിർത്താൻ സഹായിച്ചേക്കാം.