ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ട്രാൻസ്ഫറുകളിലൊന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഗർനാച്ചോയെ ചെൽസി സ്വന്തമാക്കി. 40 മില്യൺ പൗണ്ട് നിശ്ചിത തുകയും 10 ശതമാനം സെൽ-ഓൺ ക്ലോസും ഉൾപ്പെടുന്നതാണ് ഈ കരാർ. 21-കാരനായ ഈ വിംഗർ 2032 വരെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തുടരും.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച അക്കാദമി താരങ്ങളിൽ ഒരാളായ ഗാർനാച്ചോയുടെ മെഡിക്കൽ പരിശോധനകൾ വെള്ളിയാഴ്ച നടക്കും. ഇരു ക്ലബ്ബുകളും തമ്മിൽ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഈ നീക്കം.
2020-ൽ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഗാർനാച്ചോ തന്റെ മികച്ച പ്രകടനങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറിയിരുന്നു. യൂറോപ്പ ലീഗ് ഫൈനലിലെ തോൽവിക്ക് ശേഷം പുതിയൊരു ക്ലബ്ബ് കണ്ടെത്താൻ മാനേജർ റൂബൻ അമോറിം ഗാർനാച്ചോയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. മാസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങൾക്കും മാനേജരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കും ഒടുവിലാണ് ഗാർനാച്ചോയുടെ ഈ കൂടുമാറ്റം.