ഫാസ്റ്റ് ബൗളറായ വിൽ ഒ’റൂർക്കിന് മൂന്ന് മാസത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് വാർത്ത. താരത്തിന്റെ നടുവിനുണ്ടായ സ്ട്രെസ് ഫ്രാക്ചറാണ് ഇതിന് കാരണം. 24-കാരനായ ഈ യുവതാരത്തിന് സിംബാബ്‌വെയ്ക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ് പരിക്കേറ്റത്. ശസ്ത്രക്രിയയുടെ ആവശ്യമില്ലെങ്കിലും, ഒ’റൂർക്ക് ഊർജ്ജിതമായ പുനരധിവാസ പരിപാടികളിലൂടെ കടന്നുപോകും.
ഈ പരിക്ക് കാരണം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര, ഒക്ടോബറിൽ ഇംഗ്ലണ്ടിനെതിരായ പരിമിത ഓവർ മത്സരങ്ങൾ, നവംബറിൽ വെസ്റ്റിൻഡീസിനെതിരായ വൈറ്റ് ബോൾ പരമ്പര എന്നിവ ഒ’റൂർക്കിന് നഷ്ടമാകും. എങ്കിലും ഡിസംബറിൽ വെസ്റ്റിൻഡീസിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ ഹോം സീരീസിൽ താരം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലൻഡ് ക്രിക്കറ്റ്.
കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ചതിന് ശേഷം 11 ടെസ്റ്റുകളിൽ നിന്ന് 39 വിക്കറ്റുകൾ വീഴ്ത്തി ബ്ലാക്ക് ക്യാപ്‌സിന് വേണ്ടി തിളങ്ങിയ താരമാണ് ഈ യുവവലങ്കയ്യൻ ഫാസ്റ്റ് ബൗളർ.