മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ഗോൾകീപ്പർക്കായി സജീവമായി രംഗത്ത് ഉണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ബെൽജിയൻ ഗോൾകീപ്പറായ സെൻ ലാമൻസിനെ ടീമിലെത്തിക്കാനാണ് യുണൈറ്റഡ് ശ്രമിക്കുന്നത്. റോയൽ ആൻറ്വെർപ്പ് താരമായ ലാമൻസുമായി വ്യക്തിപരമായ കരാർ ധാരണയിൽ യുണൈറ്റഡ് ഉടൻ എത്തും എന്നാണ് റിപ്പോർട്ടുകൾ. 23-കാരനായ ഈ യുവതാരത്തെ ഒരു മികച്ച ദീർഘകാല ഓപ്ഷനായിട്ടാണ് യുണൈറ്റഡ് മാനേജ്മെന്റ് കാണുന്നത്.

ആഴ്സണലിനെതിരായ സീസണിലെ ആദ്യ മത്സരത്തിൽ ഗോൾകീപ്പർ അൽതായ് ബായിന്ദിറിനുണ്ടായ പിഴവുകളും, കൂടാതെ ആന്ദ്രേ ഒനാനയുടെ ഫോം സംബന്ധിച്ച ആശങ്കകളും ലാമൻസിനോടുള്ള യുണൈറ്റഡിന്റെ താൽപര്യം വർധിപ്പിച്ചു. യൂറോപ്പിലെ മറ്റ് ക്ലബ്ബുകൾ, പ്രത്യേകിച്ച് ഫ്രാൻസിലെയും ഇറ്റലിയിലെയും ക്ലബ്ബുകളിൽ നിന്ന് മത്സരമുണ്ടാകാൻ സാധ്യതയുള്ളതിനാൽ, ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുൻപ് തന്നെ ലാമൻസിനെ സ്വന്തമാക്കാൻ യുണൈറ്റഡ് ശ്രമിക്കുകയാണ്.
കഴിഞ്ഞ സീസണിൽ റോയൽ ആൻറ്വെർപ്പിനായി 44 മത്സരങ്ങളിൽ നിന്ന് 10 ക്ലീൻ ഷീറ്റുകൾ നേടിയ ലാമൻസ്, തന്റെ ഏരിയൽ സ്ട്രെങ്തും റിഫ്ലെക്സുകളും കൊണ്ട് ശ്രദ്ധേയനാണ്.