കഴിഞ്ഞ സീസൺ എസ്.എൽ.കെയിൽ കണ്ണൂർ വാരിയേർസിന് വേണ്ടി കളത്തിലിറങ്ങിയ യുവ മുന്നേറ്റ താരം അക്ബർ സിദ്ധീഖിനെ ടീമിലെത്തിച്ച് മലപ്പുറം എഫ്.സി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ഈ 25 കാരൻ. 5 കളികളിൽ കണ്ണൂരിനായി താരം ബൂട്ട് കെട്ടിയിട്ടുണ്ട്.

2023-24 വർഷത്തെ സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി 2 ഗോളും 4 അസിസ്റ്റും അക്ബർ നേടിയിരുന്നു.53മത് നാഷണൽ ഗെയിംസിൽ വെങ്കല മെഡൽ നേടിയ കേരള ടീമിലും അക്ബർ അംഗമായിരുന്നു, 3 അസിസ്റ്റുകൾ നേടി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്
2016- 17 സീസണിൽ പ്രോഡിഗി ഫുട്ബോൾ അക്കാദമിയുടെ അണ്ടർ 15 താരമായാണ് കളി തുടങ്ങിയത്. ആ സീസണിലെ ഹീറോ അണ്ടർ 16 ലീഗിലെ പ്രകടനത്തിലൂടെ അണ്ടർ 17 ദേശീയ ടീം ക്യാംപിലെത്തി. 2017 മുതൽ 2020 വരെ ഗോകുലം കേരള എഫ്സിയുടെ യൂത്ത് ടീമിന്റെ ഭാഗമായി. 2017 മുതൽ 2019 വരെ ഹീറോ എലൈറ്റ് ലീഗിൽ അണ്ടർ 18 വിഭാഗത്തിൽ കളിക്കാനിറങ്ങി. തുടർന്ന് ഗോകുലം റിസർവ് ടീമിലെത്തി. 2020-21 സീസണിൽ ബെംഗളൂരു എംഇജിക്കുവേണ്ടി ബിഡിഎഫ്എ സൂപ്പർ ഡിവിഷനിൽ കളിക്കാനിറങ്ങിയ സിദ്ദിഖ് 9 കളികളിൽനിന്നായി 6 ഗോളുകൾ നേടിയിരുന്നു. കേരള പ്രീമിയർ ലീഗിൽ 2021-22 സീസണിൽ വയനാട് യൂണൈറ്റഡ് എഫ്സിക്കുവേണ്ടി കളിക്കാനിറങ്ങി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിൽ കളിച്ച അക്ബർ സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2023-ൽ ഇംഗ്ലീഷ് ക്ലബ് മൊർക്കാംബെ എഫ്.സി കേരളത്തിൽ നടത്തിയ ട്രയലിൽ വിജയിച്ച് ഇംഗ്ലണ്ടിൽ 3 മാസത്തോളം പരിശീലനത്തിന് യോഗ്യത നേടിയ ഏക മലയാളി താരം കൂടിയായിരുന്നു അക്ബർ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ സ്‌കൗട്ടിംഗ് ഡയറക്ടറായ ഡേവിഡ് ഹോപ്സൺൻറെ മേൽനോട്ടത്തിലായിരുന്നു പരിശീലനം.