പ്രീമിയർ ലീഗിലേക്കുള്ള തങ്ങളുടെ തിരിച്ചുവരവിൽ എവർട്ടണിനെതിരെ ലീഡ്സ് യുണൈറ്റഡിന് 1-0 ന്റെ വിജയം. മത്സരത്തിന്റെ 84-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച സ്ട്രൈക്കർ ലൂക്കാസ് എൻമെച്ചയാണ് ലീഡ്‌സിന് ആവേശോജ്ജ്വലമായ വിജയം സമ്മാനിച്ചത്.
സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ എൻമെച്ച തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ടീമിന്റെ വിജയശിൽപിയായി. എൻമെച്ചയുടെ പെനാൽറ്റി കിക്ക് എവർട്ടൺ ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡിനെ മറികടന്ന് വലയിലെത്തുകയായിരുന്നു. മികച്ച പ്രതിരോധം തീർത്ത ഇരു ടീമുകൾക്കും കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ ഇന്ന് സാധിച്ചില്ല. മത്സരത്തിന്റെ നിർണായക നിമിഷത്തിൽ, ലീഡ്‌സ് താരം സ്റ്റാചിന്റെ ഷോട്ട് എവർട്ടൺ താരം മൈക്കൽ ടാർക്കോവ്സ്കിയുടെ കയ്യിൽ തട്ടിയതിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു.
എവർട്ടൺ താരങ്ങളായ ജാക്ക് ഗ്രീലിഷ്, ടോം ബാരി എന്നിവർ സബ്ബായി കളത്തിലിറങ്ങിയെങ്കിലും ലീഡ്‌സ് പ്രതിരോധം ഭേദിക്കാൻ അവർക്ക് കഴിഞ്ഞില്ല.