ഓൾഡ് ട്രാഫോർഡിൽ ഇന്നലെ പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനോട് തോറ്റെങ്കിലും, നിരാശയേക്കാൾ യുണൈറ്റഡ് ആരാധകർക്ക് പ്രതീക്ഷയാണ് ഈ പ്രകടനം നൽകിയത്. കഴിഞ്ഞ വർഷത്തെ മോശം പ്രകടനത്തിനും 15-ാം സ്ഥാനത്തിനും ശേഷം വലിയ മാറ്റങ്ങൾ സ്ക്വാഡിൽ വരുത്തിയാണ് യുണൈറ്റഡ് ഇറങ്ങിയത്. 1-0ന് തോറ്റെങ്കിലും കളിയിൽ പൂർണ്ണ ആധിപത്യം പുലർത്താൻ യുണൈറ്റഡിനായി.

ആഴ്സണലിന് ഒത്ത എതിരാളിയായി കളിക്കുകയും, കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടും യുണൈറ്റഡിന് ഗോൾ ഒന്നും ഇന്നലെ നേടാനായില്ല. 2011-ൽ 8-2ന് വിജയിച്ചതിന് ശേഷം ആഴ്സണലിനെതിരെ യുണൈറ്റഡ് ഏറ്റവും കൂടുതൽ ഷോട്ട് തൊടുത്ത മത്സരമായി ഇത്. 22 ഷോട്ടുകളാണ് അവർ ഉതിർത്തത്.
കുഞ്ഞ്യ, ബ്രയാൻ എംബ്യൂമോ, മേസൺ മൗണ്ട് എന്നിവരുടെ ഷോട്ടുകൾ ആഴ്സണൽ ഗോൾകീപ്പർ ഡേവിഡ് റായ സമർത്ഥമായി തടഞ്ഞു. 7 സേവുകളോളം ചെയ്ത റയ തന്നെ ആയിരുന്നു കളിയിലെ താരം.
ഈ ട്രാൻസ്ഫറിൽ ടീമിലെത്തിയ കുഞ്ഞ്യയുടെയും എംബ്യൂമോയുടെയും പ്രകടനങ്ങൾ മികവുറ്റതായിരുന്നു. ഇരുവരും ഓൾഡ് ട്രാഫോർഡിലെ ശ്രദ്ധാകേന്ദ്രമായി. ഒരൊറ്റ കളി കൊണ്ട് ആരാധകരുടെ സ്നേഹം ഇരുവരും സമ്പാദിച്ചു. ഇവരുടെ ഫിസിക്കാലിറ്റിയും വേഗതയും ഇവർക്ക് കരുത്തായി. ഇരുവരും നിരന്തരമായി ആഴ്സണൽ പ്രതിരോധത്തെ ബുദ്ധിമുട്ടിച്ചു. കഴിഞ്ഞ സീസണിൽ യുണൈറ്റഡിന് നഷ്ടപ്പെട്ട ഊർജ്ജം ഇവരുടെ പ്രകടനത്തിൽ കാണാൻ കഴിഞ്ഞു.
പ്രീമിയർ ലീഗിൽ പരിചയസമ്പന്നരായ താരങ്ങളെ ടീമിലെടുത്ത അമൊറിമിന്റെ തീരുമാനം ഫലം കാണും എന്ന പ്രതീക്ഷ ഈ പ്രകടനം നൽകി.

പോസിറ്റീവ് ആയി ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും ആശങ്കപ്പെടാനുള്ളതും ഇന്നലെ യുണൈറ്റഡിന്റെ പ്രകടനങ്ങളിൽ ഉണ്ടായിരുന്നു. ബയിന്ദിർ വഴങ്ങിയ ഗോൾ തന്നെ ഏറ്റവും വലിയ ആശങ്ക. ഗോൾ കീപ്പിംഗ് ഡിപാർട്മെന്റിൽ യുണൈറ്റഡിന് വിശ്വസിക്കാൻ ആകുന്ന ആരും ടീമിൽ ഇല്ല എന്ന് ഈ ഗോൾ ഒരിക്കൽ കൂടി വ്യക്തമാക്കി. ഒരു പുതിയ ഗോൾ കീപ്പർ വന്നില്ല എങ്കിൽ യുണൈറ്റഡ് ഒരുപാട് പോയിന്റുകൾ ഇങ്ങനെ നഷ്ടപ്പെടുത്തിയേക്കാം.
മറ്റൊരാശങ്ക മധ്യനിരയിൽ ആയിരുന്നു. കസെമിറോ-ബ്രൂണോ പിവറ്റ് ആദ്യ പകുതിയിൽ നന്നായി കളിച്ചു. രണ്ടാം പകുതിയിൽ കസെമിറോയുടെ വേഗത പ്രശ്നമായി തോന്നി അമോറിം ഉഗാർതയെ പകരക്കാരനായി എത്തിച്ചു. എന്നാൽ ഉഗാർതെയിൽ നിന്ന് തീർത്തും നിരാശയാർന്ന പ്രകടനമാണ് കാണാൻ ആയത്. ഉഗാർതെ മാത്രം കഴിഞ്ഞ സീസണിൽ നിൽക്കുന്നത് പോലെ തോന്നിപ്പിച്ചു. ഉഗാർതെ എന്ത് കൊണ്ട് ആദ്യ ഇലവനിൽ എത്തുന്നില്ല എന്നതിന്റെ ഉത്തരം കൂടിയായി ഈ പ്രകടനം.
ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ രണ്ടാഴ്ച കൂടെയിരിക്കെ ഒരു മിഡ്ഫീൽഡറെയും ഒരു ഗോൾ കീപ്പറെയും യുണൈറ്റഡിന് എത്തിക്കാൻ ആയാൽ യുണൈറ്റഡ് ആദ്യ 5ൽ എത്തുന്ന രീതിയിൽ മെച്ചപ്പെടാനുള്ള സാധ്യത കാണുന്നുണ്ട്. ഇനി അത്തരം സൈനിംഗുകൾ ഉണ്ടായില്ലെങ്കിൽ പോലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ടോപ് ഹാഫിൽ തന്നെ ഉണ്ടാകും എന്ന് ഇന്നലത്തെ പ്രകടനം സൂചന നൽകുന്നു.
Stat | Man United | Arsenal |
---|---|---|
Goals | 0 | 1 |
Shots | 22 | 7 |
Shots on Target | 7 | 3 |
Possession (%) | 55 | 45 |
Corners | 5 | 4 |
Fouls | 12 | 13 |
Yellow Cards | 2 | 3 |